Wednesday, 4 February 2026

സംഗീത സദസ്സില്‍ സമാധിപൂണ്ട സര്‍പ്പശ്രേഷ്ഠന്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

സംഗീതം സര്‍പ്പത്തെ ആകര്‍ഷിക്കുമോ? സംഗീതത്തില്‍ സര്‍പ്പം ലയിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് ഇല്ലെന്ന് ഉത്തരം പറവാന്‍ തയ്യാറുള്ള പല വിദ്വാന്മാരും ഇക്കാലത്ത് ധാരാളമുണ്ടാവും. ഉണ്ടെന്നു പറയുന്നവരുടെ സംഖ്യയും ഒട്ടും കുറവല്ല. സംഗീതം ജന്തുക്കളെ ആകര്‍ഷിക്കുമെന്ന് പക്ഷേ ആരും സമ്മതിക്കും. ആര്യന്മാരുടെ കാലത്ത് അവര്‍ താളമേളങ്ങളോടു കൂടി സംഗീതാലാപം ചെയ്ത് മാന്‍കൂട്ടത്തെ സമീപത്തേക്കു ആകര്‍ഷിച്ചു തഞ്ചത്തില്‍ അമ്പെയ്തു കൊന്നുപോന്നതായി പുരാണകഥകള്‍ ഘോഷിക്കുന്നു. "മണിവേട്ട" എന്നു പറയുന്ന ഈ വിചിത്ര വധസമ്പ്രദായം വടക്കെ ഇന്ത്യയിലെ ചില കാട്ടുജാതിക്കാരുടെ ഇടയില്‍ ഇന്നും നടപ്പിലിരിക്കുന്നതായി പറഞ്ഞുപോരുന്നു. ഗോകുലങ്ങള്‍ സംഗീതത്തില്‍ ലയിച്ചിരുന്ന കഥ കൃഷ്ണഗാഥ മുതലായ ഗ്രന്ഥങ്ങളില്‍ വായിക്കുക മാത്രമല്ല നാം കണ്ടുതന്നെയും ബോധിച്ചിട്ടുള്ളതാണ്. പശുക്കളെ കറക്കുന്ന സമയം സംഗീതം തുടരെ കേള്‍പ്പിച്ചാല്‍ പാല്‍ കണക്കിലധികം ചുരത്തുന്നതാണെന്നു പരീക്ഷിച്ചറിഞ്ഞതിന്‍റെ ഫലമായി പാശ്ചാത്യരാജ്യങ്ങളിലെ ക്ഷീരവ്യവസായ കേന്ദ്രങ്ങളില്‍ സംഗീതയന്ത്രങ്ങള്‍ മുറയ്ക്കു പ്രയോഗിച്ചു പോരുന്നു. ചൂണ്ടയിട്ടും അമ്പെയ്തും മത്സ്യവേട്ട നടത്തുന്നവര്‍ ചൂളമിട്ട് മത്സ്യങ്ങളെ നിര്‍ഭയരാക്കി ആകര്‍ഷിച്ചടുപ്പിക്കുന്നത് പലരും കണ്ടിട്ടുള്ളതാണല്ലോ. വിവേകബുദ്ധിയില്ലാത്ത ചെറിയ കൈപ്പിള്ളകള്‍ കൂടെയും സംഗീത ശ്രവണ മാത്രയില്‍ കരച്ചിലടക്കി നിഷ്പന്ദശരീരികളായിത്തീരുന്നതും നാം നിത്യേന കണ്ടുവരുന്നതാണ്. ചെവികളില്ലാതെ കേവലം കണ്ണുകള്‍ മാത്രമുള്ള സര്‍പ്പങ്ങളെ സംഗീതം ആകര്‍ഷിക്കുമെന്നു പറയുന്നത് ശരി തന്നെയാണോ? പാമ്പുകളുടെ നേത്രഗോളപാളികള്‍ ഒരു ഗ്രാമഫോണിന്‍റെ ശബ്ദഗ്രാഹി പേടക (സൗണ്ട് ബോക്സ്) ത്തിന് ശബ്ദത്തെ അഥവാ ചലനതരംഗങ്ങളെ ക്ഷിപ്രവേഗത്തില്‍ ഉള്‍ക്കൊള്ളത്തക്ക ഒരു പ്രത്യേക സൃഷ്ടിവിശേഷമായതിനാല്‍ ദര്‍ശനത്തോടൊപ്പം തന്നെ അവയ്ക്ക് ശ്രവണവും അനുഭവഗോചരമായിത്തീരുന്നു. ഇങ്ങനെ കേവലമായ ചലനംകൊണ്ടു മുന്‍കൂട്ടി വിഷയഗ്രഹണം സാധിക്കുന്നതുകൊണ്ടാണ് "നിങ്ങള്‍ പാമ്പുകളെപ്പോലെ ബുദ്ധിയുള്ളവരായിരിക്കണ"മെന്ന് ശ്രീയേശുക്രിസ്തു ശിഷ്യവര്‍ഗത്തെ ഉപദേശിച്ചത്. പക്ഷേ എല്ലാ രാഗവും സര്‍പ്പവര്‍ഗത്തിന് പ്രീതികരമാണെന്നോ എല്ലാ രാഗങ്ങളിലും സര്‍പ്പം ലയം പ്രാപിക്കുമെന്നോ പറവാന്‍ നിവൃത്തിയില്ല. സര്‍പ്പങ്ങള്‍ക്ക് അത്യാനന്ദകരമായ ചില അപൂര്‍വ രാഗങ്ങളുണ്ട്. അവയില്‍ പ്രഥമസ്ഥാനം വഹിക്കുന്നതാണ് നാഗവരാളിരാഗം. വരാളിരാഗഗണത്തില്‍ ശുദ്ധവരാളി, നാഗവരാളി, അഥവാ നാഗസ്വരവരാളി, പുന്നാഗവരാളി, പന്തുവരാളി, ശുഭപന്തുവരാളി, പ്രതാപവരാളി എന്നിങ്ങനെ പല രാഗങ്ങളുണ്ടെങ്കിലും സര്‍പ്പങ്ങളെ ആകര്‍ഷിച്ച് ആര്‍ദ്രചേതസ്സുകളാക്കിത്തീര്‍ക്കുന്ന വിഷയത്തില്‍ നാഗവരാളി രാഗത്തിനുള്ള ശക്തിവിശേഷം അത്യന്തം അദ്ഭുതകരമായിട്ടുള്ളതാണ്. 

ഇടക്കാലരീതി അനുസരിച്ച് അത്യധികം ശില്പലതാവലയങ്ങള്‍ ചേര്‍ത്തു കമനീയമാംവണ്ണം പണികഴിപ്പിച്ചിട്ടുള്ള മാവേലിക്കര കൊച്ചുകൊട്ടാരത്തില്‍ വച്ച് കൊല്ലവര്‍ഷം 1068-ല്‍ നടത്തപ്പെട്ട ഒരു സംഗീത വിദ്വല്‍ സദസ്സില്‍ ഒരു ഉഗ്രസര്‍പ്പം ഇഴഞ്ഞണഞ്ഞ് സമാധിസ്ഥനായിത്തീര്‍ന്ന ഒരു യഥാര്‍ത്ഥ കഥയാണ് ഇവിടെ പറവാന്‍ തുടങ്ങുന്നത്. ഈ സംഗീത സദസ്സില്‍ സംബന്ധിച്ചിരുന്നവരും, ഈ സംഭവത്തിന് ദൃക്സാക്ഷ്യം വഹിക്കുന്നവരുമായ ചില യോഗ്യന്മാര്‍ ഇക്കാലത്തും ജീവിച്ചിരിപ്പുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ തുടക്കത്തില്‍ത്തന്നെ പ്രസ്താവിക്കുന്നത് ഉചിതമായിരിക്കും. 

സംഗീതകലാവല്ലഭനായ സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ കാലശേഷം കേരളീയ സംഗീത കലാലോകത്തില്‍ സുദീര്‍ഘ യശഃ പ്രതിഷ്ഠാപനം ചെയ്ത ഗാന്ധര്‍വ മഹാഗായകനായിരുന്നു മാവേലിക്കര രാജകുടുംബത്തിനു മകുടാലങ്കാരമായി പരിലസിച്ചിരുന്ന അതിപ്രസിദ്ധനായ കുഞ്ഞാരുരാജാ അവര്‍കള്‍. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സിലെ ജ്യേഷ്ഠഭ്രാതാവും, അഭിനവ ബാഹടാചാര്യരെന്നു സുപ്രസിദ്ധനുമായ കാര്‍ത്തികപ്പള്ളി അനന്തപുരത്തു മൂത്ത കോയിത്തമ്പുരാന്‍ തിരുമനസ്സിലെ പുത്രനും, പഴയ ഭാഷാപോഷിണി പ്രവര്‍ത്തകക്കമ്മിറ്റിയിലെ ഒരു പ്രമുഖാംഗവും, സാഹിത്യകാരനും, കവിയും, ഗ്രന്ഥകര്‍ത്താവുമായിരുന്ന മാവേലിക്കര എം. ഉദയവര്‍മ്മ തമ്പുരാന്‍ ബി.എ. അവര്‍കളുടെ മാതുലനായിരുന്നു കുഞ്ഞാരുരാജാ. അദ്ദേഹത്തോടൊപ്പം സൗന്ദര്യപ്രഭാവ സമ്പന്നനും ഗംഭീരനുമായിരുന്ന ഒരു ശ്രേഷ്ഠ പുരുഷന്‍ മാവേലിക്കര രാജകുടുംബത്തില്‍ ഇതേവരെയ്ക്കുണ്ടായിട്ടില്ലെന്നു തന്നെ പറയാം. കേരള കാളിദാസനായ വലിയകോയിത്തമ്പുരാന്‍റെ പ്രിയതമയും വഞ്ചിരാജ്യരാജേശ്വരിയുമായിരുന്ന മഹാറാണി സേതുലക്ഷ്മിബായി തിരുമേനി, കുഞ്ഞാരു രാജാവിന്‍റെ ഭാഗിനേയിയായിരുന്നു. 

സംഗീത വിഹാരം ഒഴിച്ചാല്‍ സ്വന്തം കുതിരയെ മിന്നല്‍വേഗത്തില്‍ പറപ്പിക്കയെന്നുള്ളതു കുഞ്ഞാരു രാജാവിന് അത്യന്തം പ്രിയംകരമായ ഒരു വിനോദമായിരുന്നു. സംഗീത കലാസ്വാദനത്തിനും കുതിരസ്സവാരിക്കും വേണ്ടി അദ്ദേഹം ജീവിതകാലം മുഴുവന്‍ വ്യയം ചെയ്തെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി സ്പര്‍ശമുണ്ടായിരിക്കയില്ല. സംഗീതകലയുടെ സര്‍വ്വമേഖലകളിലും പ്രത്യേകിച്ചു വീണാവാദനത്തിലും അദ്ദേഹം ഒന്നുപോലെ നിഷ്ണാതനായിരുന്നു. മനോരമാരമണനായ കണ്ടത്തില്‍ വറുഗീസ് മാപ്പിളയാല്‍ പ്രോത്സാഹിതനായ മാവേലിക്കര മറ്റം കൊച്ചുകുഞ്ഞു ഭാഗവതര്‍ കുഞ്ഞാരു രാജാവിന്‍റെ ശിഷ്യപ്രമുഖനായിരുന്നു. തഞ്ചാവൂര്‍, മധുര തുടങ്ങിയ ദക്ഷിണേന്ത്യയിലെ പല പ്രധാന സ്ഥലങ്ങളില്‍ നിന്നും പലപല സംഗീത കലാകോവിദന്മാര്‍ കുഞ്ഞാരു രാജാവിന്‍റെ അതിഥികളായി താമസിച്ചുകൊണ്ടു സംഗീതസുധാ പ്രളയത്തില്‍ കുഞ്ഞാരു രാജാവോടൊരുമിച്ച് ആറാടി രസിക്കയും, അദ്ദേഹത്തിന്‍റെ അഭിനന്ദനങ്ങള്‍ക്കും സമ്മാനദാനങ്ങള്‍ക്കും അര്‍ഹരായിത്തിരിച്ചു പോകയും ചെയ്ക സാധാരണമായിരുന്നു. 

കുഞ്ഞാരു രാജാവോടൊപ്പമോ, പക്ഷെ അതിലും അല്പം കൂടി മികച്ച നിലയിലോ പ്രഖ്യാതനായ ഒരു സര്‍വ്വകലാവല്ലഭന്‍ കൂടി അക്കാലത്തു മാവേലിക്കര രാജകുടുംബത്തെ ധന്യമാക്കിയിരുന്നു. 1090-ാമാണ്ടായിരുന്നു അദ്ദേഹം കാലധര്‍മ്മം പ്രാപിച്ചത്. കൊച്ചുപിള്ള മഠത്തില്‍ ഉദയവര്‍മ്മ തമ്പുരാന്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന ആ കലാകുബേരന്‍, സംഗീതം, ചിത്രമെഴുത്ത്, പ്രതിമാനിര്‍മ്മാണം, ദന്തശില്പം, സ്വര്‍ണ്ണപ്പണി, കൊല്ലപ്പണി, മൃദംഗനിര്‍മ്മാണം, വീണാനിര്‍മ്മാണം, നാദസ്വരവായന, ഫിഡില്‍ വായന, വീണവായന, തകില്‍വായന, പുല്ലാംകുഴല്‍ വായന, ചെണ്ടകൊട്ട്, നൃത്തം, ചെപ്പടിവിദ്യ എന്നീ കലകളിലെല്ലാം ഒന്നുപോലെ പ്രാവീണ്യം സമ്പാദിച്ചിരുന്നു. കഥകളിയില്‍ വേഷം കെട്ടുക എന്നുള്ളതൊഴിച്ച് ഇതര ചടങ്ങുകളിലെല്ലാം തന്നെ അദ്ദേഹം സമര്‍ത്ഥനായിരുന്നു. ഈ കലാസമ്പന്നന്‍റെ ഏകപുത്രനത്രേ എന്‍റെ അഭിവന്ദ്യ ഗുരുദേവനായ ശ്രീ ചിത്രമെഴുത്തു പി. മുകുന്ദന്‍ തമ്പി. 

അക്കൊല്ലത്തെ വൃശ്ചികമണ്ഡലം ആഘോഷപൂര്‍വ്വം ആയിരിക്കണമെന്നു കുഞ്ഞാരു തമ്പുരാന്‍ നിശ്ചയിച്ചു. തഞ്ചാവൂര്‍ നിന്ന് ആയിടയ്ക്കു തമ്പുരാന്‍റെ അതിഥിയായി കൊച്ചുകൊട്ടാരത്തില്‍ എത്തി താമസിച്ചിരുന്ന സുന്ദരം ശാസ്ത്രി എന്ന സുപ്രസിദ്ധ സംഗീത കലാചതുരന്‍റെ വീണവായന രാജകുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടവിധം ആസ്വദിക്കുന്നതിന് ഒരു അവസരം നല്‍കണമെന്നു കൂടി തമ്പുരാന് ഉദ്ദേശ്യമുണ്ടായിരുന്നു. രണ്ടുപേരുടെയും സംഗീതകലാ വൈദഗ്ദ്ധ്യം പരസ്പരം പരീക്ഷിക്കുന്നതിനും അതു പറ്റിയ ഒരു അവസരമാണല്ലോ. മണ്ഡലം കാലം കൂടുന്ന ദിവസം സ്ഥലത്തെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, കരപ്രധാനന്മാര്‍, മറ്റു ബഹുമാന്യന്മാര്‍ തുടങ്ങിയ ഒരു വലിയ ജനസമൂഹം കൊച്ചുകൊട്ടാരത്തിന്‍റെ താഴത്തേനിലയില്‍ പടിഞ്ഞാറുവശത്തുള്ള അതിവിശാലമായ പൂമുഖത്തളത്തില്‍ രത്നക്കംബളങ്ങളിലും പരവതാനികളിലുമായി ഇരിപ്പു പിടിച്ചു. തളത്തിന്‍റെ കിഴക്കേ ഭിത്തിയോടു ചേര്‍ത്തു കൃത്രിമമായി നിര്‍മ്മിച്ചിരുന്ന ഒരു ഉപവനികയുടെ മദ്ധ്യത്തിലായി മുമ്പില്‍ കത്തിജ്വലിക്കുന്ന വെള്ളി വിളക്കുകളേയും, സ്വര്‍ണ്ണവര്‍ണ്ണം തിളങ്ങുന്ന നിലവിളക്കുകളെയും അഭിമുഖീകരിച്ചു നിലകൊള്ളുന്ന മൃഗഗണപരിസേവിതനായ ശബരിമല ശാസ്താവിഗ്രഹത്തിന്‍റെ സന്നിധിയില്‍ തളത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്തായിരുന്നു ഗായകസംഘം സ്ഥാനം പിടിച്ചിരുന്നത്. വിവിധ വര്‍ണ്ണ സങ്കീര്‍ണ്ണമായ സ്ഫടികത്തൊങ്ങലുകളോടു കൂടി മേല്‍ത്തട്ടില്‍ അങ്ങിങ്ങായി തൂങ്ങുന്ന മനോഹരമായ ശരറാന്തലുകളില്‍ നിന്നു പുറപ്പെടുന്ന മധുരചന്ദ്രിക ആ രാജകീയ ഗായസദസ്സിന്‍റെ പ്രഭാവത്തെ അനുനിമിഷം പ്രവൃദ്ധമാക്കിയിരുന്നു. കളഭക്കൂട്ടുകളുടെയും സുഗന്ധധൂപത്തിന്‍റെയും ലളിതപരിമളം പരിസരങ്ങളില്‍ പരക്കെ പ്രസരിച്ചിരുന്നു. കുഞ്ഞാരുത്തമ്പുരാന്‍ തുംബുരു, സുന്ദരശാസ്ത്രി വീണ, അപ്പാത്തുരയ്യര്‍ ഭാഗവതര്‍ ഫിഡില്‍, ഉദയവര്‍മ്മ തമ്പുരാന്‍ മൃദംഗം എന്നിങ്ങനെയായിരുന്നു ഗായകസംഘത്തിന്‍റെ ക്രമീകരണം. 

സംഗീതം ആരംഭിച്ചു കഴിഞ്ഞതോടെ കുഞ്ഞാരുത്തമ്പുരാന്‍ ത്യാഗരാജന്‍റെ ചില അപൂര്‍വ കീര്‍ത്തനങ്ങള്‍ ആലപിച്ചു തുടങ്ങി. ശാരീരഗുണം തികഞ്ഞ മധുരകണ്ഠത്തില്‍ നിന്നു കോകിലനാദതുല്യമായി പുറപ്പെടുന്ന സ്വരമാധുര്യത്തോടും മധുരഗാംഭീര്യത്തില്‍ നിന്നു മധുരലാളിത്യത്തിലേക്കും മധുരമന്ദ്രനിനദത്തില്‍ നിന്നു മഹേന്ദ്രഗിരി പ്രഭാവാഡംബരതയിലേക്കും പരസ്പരം പരിവര്‍ത്തനം ചെയ്തു പ്രവഹിക്കുന്ന ആരോഹണാവരോഹണങ്ങളോടു കൂടിയ ആ സംഗീതസുധാനിര്‍ഝരി സുന്ദരശാസ്ത്രികളെ കോള്‍മയിര്‍ പ്രളയത്തില്‍ ആഴ്ത്തി. രാഗവിസ്താരം കൊണ്ടുപിടിച്ചു. സദസ്യര്‍ ആ സംഗിതമധുരിമയില്‍ നിര്‍ന്നിമേഷരായി നിഷ്പന്ദതയില്‍ ലയിച്ചു. തുടര്‍ന്നു സുന്ദരശാസ്ത്രികളുടെ വീണാവാദനവും ആരംഭിച്ചു. ശങ്കരാഭരണം, തോടി, കാമോദരി, ആനന്ദഭൈരവി എന്നീ രാഗങ്ങള്‍ വളരെ പാണ്ഡിത്യത്തോടും മനോധര്‍മ്മവായ്പോടും കൂടി അദ്ദേഹം വായിച്ചു. സദസ്യര്‍ ആനന്ദാതിശയ വിഭ്രാന്തിയോടു കൂടി ശാസ്ത്രികളെ ബലേ ശബ്ദത്തില്‍ അഭിനന്ദിച്ചു. ഗായകസംഘവും ശ്രോതാക്കളും അപ്പോഴേക്കു സ്വാത്മവിസ്മൃതരായിച്ചമഞ്ഞു. അതോടുകൂടി ശാസ്ത്രി നാഗവരാളി രാഗാലാപത്തിനായി മുതിര്‍ന്നു. രാഗമാദ്ധ്വീരസപ്രവാഹത്തില്‍ ഓരൊ തരംഗ പരമ്പരകളില്‍ ആ ജനസംഘത്തിന്‍റെ ഹൃദയമണ്ഡലം മുഴുവന്‍ ആന്ദോളനം ചെയ്വാന്‍ തുടങ്ങി. ഈ നിലയില്‍ കുറെ കഴിഞ്ഞപ്പോഴേക്ക് ഗായകസംഘവും ശ്രോതാക്കളും ഒന്നാകെ ആനന്ദസുഷുപ്തിയിലമര്‍ന്നു. പ്രാപഞ്ചിക വിമുക്തവും അനശ്വര പ്രമോദലഹരിയില്‍ ആര്‍ദ്രനിലീനവുമായ ഒരു നവീനലോകത്തില്‍ ഓരോ ഹൃദയവും പരമശാന്തി നുകര്‍ന്നു നുകര്‍ന്നമര്‍ന്നു. 

ഈ ഘട്ടത്തില്‍ സുന്ദരശാസ്ത്രിയുടെ മടിയില്‍ വീണത്തണ്ടിന്‍കീഴിലായി എന്തോ ഒരു അസാമാന്യഭാരം അമര്‍ന്നു നാഭിദേശത്തേക്കു മുറ്റിത്താഴുന്നതായി ശാസ്ത്രിക്കു തോന്നി. വീണാവാദനത്തിനിടയില്‍ ശാസ്ത്രി ആ ഭാഗത്തേക്കു അശ്രദ്ധമായിട്ടൊന്നു കുനിഞ്ഞു നോക്കി. മിഴിച്ചുപോയി ശാസ്ത്രികള്‍, യമപാശത്തിന്‍റെ കരാളദ്യുതിപോലെ എന്തോ ഒരു മാരകവര്‍ണ്ണ വൈദ്യുതി അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്കു പാഞ്ഞു. ഗംഭീരനായ ഒരു ഊക്കന്‍ കൃഷ്ണസര്‍പ്പം അദ്ദേഹത്തിന്‍റെ മടിത്തടത്തില്‍ തിറ കൂടി തല താഴ്ത്തി കിടക്കുന്ന ആ ഒരു ഭയങ്കര കാഴ്ച അദ്ദേഹം ഒന്നേ ഒന്നു നോക്കിയുള്ളു. വീണാനാദം നിന്നുപോയാലുടന്‍ ആ ഭയങ്കര സര്‍പ്പം തലയുയര്‍ത്തി ചാടുമെന്ന് ബുദ്ധിമാനായ ശാസ്ത്രിക്കറിയാമായിരുന്നു. അതിനാല്‍ വീണാലാപത്തോടുകൂടിത്തന്നെ ശാസ്ത്രികള്‍ നാഗവരാളി രാഗത്തില്‍ത്തന്നെ കീര്‍ത്തനം ചെയ്തു തമ്പുരാനെ കഥ മനസ്സിലാക്കുവാന്‍ ശ്രമിച്ചു. ഓരോ നിമിഷം കഴിയുന്തോറും വീണത്തണ്ടില്‍ അദ്ദേഹത്തിന്‍റെ അംഗുലീചലനം ദുര്‍ബലമായിച്ചമഞ്ഞു. സമീപത്തിരിക്കുന്ന കുഞ്ഞാരു രാജാവും ഉദയവര്‍മ്മതമ്പുരാനും സംഭീതിയോടുകൂടി ശാസ്ത്രിയുടെ മടിയിലേക്കു സൂക്ഷിച്ചുനോക്കി. ആരുമാരും അറിയാതെ ആ ആള്‍ക്കൂട്ടത്തിലൂടെ ആ ഭയങ്കരസര്‍പ്പം ശാസ്ത്രികളുടെ മടിയില്‍ ഏതുവിധം എത്തിക്കൂടിയെന്നു എല്ലാവരും ആശ്ചര്യപ്പെടുന്നതിനിടയില്‍

"നിര്‍ത്തരുത്. നിര്‍ത്തരുത്. നാഗവരാളി

തന്നെ വായിച്ചോളു. ഭയപ്പെടരുത്

മാര്‍ഗ്ഗമുണ്ടാക്കാം" എന്നു ഉദയവര്‍മ്മ തമ്പുരാന്‍ ശാസ്ത്രികള്‍ കേള്‍ക്കെ മന്ദസ്വരത്തില്‍ പറഞ്ഞു. 

പക്ഷെ മടിത്തട്ടില്‍ ഒരു മഹാസര്‍പ്പത്തെ - ഒരു യമകണ്ടകനെ - മയക്കിയിട്ടുകൊണ്ട് ജീവനില്‍ കൊതിയുള്ള ഏതൊരു മനുഷ്യജീവിക്കും എത്രസമയം സമാധാനമായി വര്‍ത്തിപ്പാന്‍ കഴിയും! സുന്ദരശാസ്ത്രികള്‍ക്ക് ക്ഷീണവും ഭീതിയും വര്‍ദ്ധിച്ചു. ആ ഘോരസര്‍പ്പത്തിന്‍റെ വിഷദംഷ്ട്രങ്ങള്‍ എപ്പോഴാണ് തന്‍റെ നേരെ ഉയരുന്നതെന്നുള്ള പരിഭ്രാന്തിയോടും എന്തെങ്കിലും ഒരു ഉപശാന്തി കണ്ടുപിടിക്കുന്നതുവരെ വല്ലപാടും ആ കൃഷ്ണസര്‍പ്പത്തെ മടിത്തട്ടില്‍ത്തന്നെ നാഗവരാളി രാഗാലാപംകൊണ്ടു ലയിപ്പിച്ചിടുന്നതിനുള്ള അതിശ്രദ്ധയോടും കൂടി ജീവിതത്തിന്‍റെയും മരണത്തിന്‍റെയും വടംവലികള്‍ക്കിടയില്‍ ശാസ്ത്രി തന്‍റെ സര്‍വശക്തിയുമുപയോഗിച്ച് രാഗാലാപം തുടര്‍ന്നു. പക്ഷേ ശാസ്ത്രികളുടെ അന്തഃശക്തി ക്ഷയിച്ചു കൈവിരലുകള്‍ പതറുന്നതായി തോന്നി. ഇത്രയുമായപ്പോഴേക്ക് കര്‍ണ്ണാകര്‍ണ്ണിയാ കഥ സമീപസ്ഥലത്ത് പരക്കയായി. ജനങ്ങള്‍ അക്ഷമതയോടും ഭീതിയോടും കൂടി എഴുന്നേല്പാന്‍ തുടങ്ങി. ആരും എഴുന്നേല്‍ക്കരുത്. അന്യ ശബ്ദം കേട്ടുപോയെങ്കില്‍ അപകടകരമാണ്. എല്ലാവരും ശാന്തമായിരിക്കണം എന്ന് ഉദയവര്‍മ്മതമ്പുരാന്‍ ആഗ്യംകൊണ്ട് ജനങ്ങളെ സ്വസ്ഥാനത്തിരുത്തുവാന്‍ ശ്രമിച്ചു. തല്‍ക്ഷണം അദ്ദേഹം തളത്തിന്‍റെ പിമ്പിലുള്ള സന്ദര്‍ശനമുറിയിലൂടെ അകത്തേക്കു പ്രവേശിച്ച് കുഞ്ഞാരു രാജാവിന്‍റെ ഭാര്യയോടു (കൊച്ചിക്കല്‍ മി. പി. ബാലകൃഷ്ണന്‍ തമ്പിയുടെ പിതാമഹി) വേഗം ഒരു പേനാക്കത്തിയും മണ്‍കലവും എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. പാട്ടുകച്ചേരിക്കിടയില്‍ കത്തിയും കലവും എന്തിനാണെന്ന് ആ സ്ത്രീരത്നം ജിജ്ഞാസപൂണ്ടുവെങ്കിലും തമ്പുരാന്‍റെ അക്ഷമതയും പരിഭ്രമവും തിടുക്കവും കണ്ട് എന്തോ തക്ക കാര്യമുണ്ടെന്നു കരുതി മഠപ്പള്ളിയില്‍ നിന്ന് ഒരു കലവും മേശപ്പുറത്തുനിന്ന് ഭര്‍ത്താവിന്‍റെ പേനാക്കത്തിയും എടുത്തുകൊടുത്തു. 

ശാസ്ത്രികളുടെ ശരീരം അപ്പോഴേക്കു തളര്‍ന്നുവശായി. എന്തോ ഒരു പൂര്‍വ പരിചയംകൊണ്ടോ പ്രാണപ്രചോദനംകൊണ്ടോ എന്നു തോന്നിക്കുമാറ് അദ്ദേഹത്തിന്‍റെ കൈവിരലുകള്‍ വീണത്തണ്ടില്‍ ഇഴയുക മാത്രമായിരുന്നു. ഈ നിലയില്‍ ഒരു നാലഞ്ചു നിമിഷം കൂടി കഴിഞ്ഞാല്‍ ശാസ്ത്രികള്‍ വീണയില്‍ നിന്ന് നിശ്ശേഷം പിടിവിടുമെന്ന് കുഞ്ഞാരു തമ്പുരാനുതോന്നി. അദ്ദേഹം ശാസ്ത്രികളെ സഹായിപ്പാനായി നാഗവരാളി രാഗത്തില്‍ ഒരു കീര്‍ത്തനം ഗാനം ചെയ്യാന്‍ തുടങ്ങി (സി.എം.എസ്. പ്രസ്സില്‍ അച്ചടിച്ച ക്രിസ്തീയ ഗീതങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ള "സേനയില്‍ യഹോവയെ നീ വാനസേനയോടെഴുന്നള്ളണമേ സാലേമിതില്‍ - സീനയെന്ന മാമലയില്‍" എന്ന കീര്‍ത്തനം നാഗവരാളി രാഗത്തില്‍ രചിച്ചിട്ടുള്ളതാണ്.) അല്പനിമിഷത്തിനുള്ളില്‍ സര്‍പ്പത്തിന് എന്തോ ഒരു ഭാവഭേദമുണ്ടായി. അതു ചലിച്ചു ചലനം തുടര്‍ന്നു. 

"അയ്യോ! സ്വാമി, സര്‍പ്പം ചലനം കൊണ്ടിരുക്കിറത്. അവന്‍ ഇളകിവിട്ടാന്‍. കാപ്പാറ്റ വഴിയെന്ന. സ്വാമി തന്നെ കാപ്പാറ്റുങ്കോ."

സുന്ദര ശാസ്ത്രികള്‍ വേപഥുവോടു കൂടി ഗല്‍ഗദശബ്ദം അമര്‍ത്തി സങ്കടപ്പെടുന്നതിനിടയില്‍ ധീരനായ ഉദയവര്‍മ്മ തമ്പുരാന്‍ കൈവശമുണ്ടായിരുന്ന പേനാക്കത്തി തിരിച്ചു പിടിച്ച് അതിന്‍റെ മാട്, ശാസ്ത്രികളുടെ പൃഷ്ഠഭാഗം നട്ടെല്ലില്‍ മുട്ടിച്ച് കീഴ്പോട്ട് താഴ്ത്തി അദ്ദേഹത്തിന്‍റെ പാളത്താറിന്‍റെ വിളുമ്പും പിന്‍കുത്തും അടിയോളം മുറിച്ച് രണ്ടു തുമ്പുകളും വീണയ്ക്കടിയിലൂടെ ഇരുവശത്തുകൂടി മുമ്പോട്ടു വലിച്ച്, ഉടുമുണ്ട്, ഉള്ളില്‍ വളഞ്ഞു പുളഞ്ഞു ചീറ്റുന്ന ആ ഘോര സര്‍പ്പത്തോടു കൂടി ഒരു സഞ്ചിയുടെ മാതിരിയില്‍ ഒന്നായി കൂട്ടിപ്പിടിച്ച് തൂക്കിയെടുത്ത് കലത്തിലിട്ട് വായി മൂടിക്കെട്ടിയതും, സുന്ദരശാസ്ത്രികള്‍ രണ്ടു കൈകളും ഇരുവശത്തേക്കും നീട്ടി മലര്‍ത്തി ബോധരഹിതനായി പിന്നാക്കം മലര്‍ന്നടിച്ചു വീണതും ഒപ്പം കഴിഞ്ഞു. കുഞ്ഞാരുത്തമ്പുരാന്‍ തല്‍ക്ഷണം തന്‍റെ കസവു കവണികൊണ്ടു ശാസ്ത്രികളുടെ നഗ്നത മറച്ചു. 

കൊട്ടാരം ഡോക്ടര്‍, ശാസ്ത്രികളെ അപ്പോള്‍ത്തന്നെ പരിശോധിച്ച് അപകടശങ്കയ്ക്ക് അവകാശമില്ലെന്ന് അഭിപ്രായപ്പെട്ടു. അല്പസമയത്തെ ശീതോപചാരത്തിനു ശേഷം സുന്ദരശാസ്ത്രികള്‍ കണ്ണുതുറന്നു ചുറ്റും നോക്കി എല്ലാവര്‍ക്കും സമാധാനമായി. 

കുഞ്ഞാരുത്തമ്പുരാന്‍ പറഞ്ഞു:- കാര്യം കുഴപ്പമായെന്നു കണ്ടപ്പോള്‍ ഗരുഢദ്ധ്വനി രാഗം ആലാപിച്ച് പാമ്പിനെ ഓടിച്ചാല്‍ എന്താണെന്നു വിചാരിച്ചു. പക്ഷെ എനിക്കതിന് ധൈര്യമുണ്ടായില്ല. 

"ഗരുഢദ്ധ്വനി രാഗം ആലാപിത്തിരുന്താല്‍, നാഗവരാളിയിലെ ലയിത്തുപോനസര്‍പ്പം പയപ്പെട്ട് മനിതര്‍ നടുവില്‍ പായത്ത് വിഴുന്ത് എന്ന വിധമാന എപ്പേര്‍പ്പെട്ട ആപത്തുകളെ ഉണ്ടു പണ്ണുമായിരുന്തത്. സ്വാമി അപ്പടി ചെയ്യാമല്‍ ഇരുന്തത് എന്തവിധം പാര്‍ത്താലും നന്‍റായിട്ട്. കടവളുടെ കടാക്ഷം താന്‍ മുഴുവതും." സുന്ദരശാസ്ത്രികള്‍ മറുപടി പറഞ്ഞു. 

മൂടിക്കെട്ടി വെച്ചിരുന്ന ആ മണ്‍കലം അപ്പോള്‍ത്തന്നെ കൊച്ചുകൊട്ടാരത്തിന്‍റെ തെക്കുവശത്തായി കിടന്നിരുന്ന വന്‍ കാട്ടിലേക്കു വലിച്ചെറിഞ്ഞു. 

അവിടെ കൂടിയിരുന്ന സര്‍വജനങ്ങളും സുന്ദരശാസ്ത്രികളുടെ വൈണിക പ്രവീണതയെ മുക്തകണ്ഠം പ്രശംസിച്ചുവെന്നു പറയേണ്ടതില്ലല്ലോ. 

(1952 ഡിസംബര്‍ 25-ാനു മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം)

No comments:

Post a Comment

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...