Friday, 17 April 2026

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I

മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പായും, ഡാക്ടര്‍ ഗുണ്ടര്‍ട്ട് പണ്ഡിതരുടെ പ്രസിദ്ധമായ 'മലയാള ഭാഷാ വ്യാകരണ'ത്തിനു മുമ്പായും, മലയാള ഭാഷയ്ക്ക്, മലയാള ഭാഷയില്‍ ഒരു മലയാളിയാല്‍ത്തന്നെ രചിക്കപ്പെട്ട ഒന്നാമത്തെ വ്യാകരണം, പത്തൊന്‍പതാം ശതാബ്ദത്തിലെ പണ്ഡിതാഗ്രേസരനെന്നു പുകള്‍പെറ്റ 'മല്ലപ്പള്ളിലച്ചന്‍' അഥവാ ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ തരകന്‍ വീട്ടില്‍ ഗീവറുഗീസു കത്തനാര്‍ അവര്‍കള്‍ (സായ്പന്മാരുടെ ഭാഷയില്‍ ഗീവറുഗീസു പാദ്രി) ക്രിസ്ത്വാബ്ദം 1852-നു (കൊല്ലം 1027-ാമാണ്ട്) - അതാവിതു - ഇന്നയ്ക്ക് എഴുപത്താറു വര്‍ഷം മുമ്പു നിര്‍മ്മിച്ചതായ 'മലയാഴ്മയുടെ വ്യാകരണ'മാണെന്നുള്ള വസ്തുത കേരളത്തിലെ പ്രചണ്ഡ പണ്ഡിത കേസരികളായ മെസ്സേഴ്സ് പി. കെ. നാരായണപിള്ള, ടി. കെ. ജോസഫ്, ആറ്റൂര്‍ കൃഷ്ണപിഷാരടി എന്നീ മൂവര്‍ ഒഴിച്ചു മ. രാ. രാ. ഏ. ആര്‍. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, എം. ശേഷഗിരിപ്രഭു തുടങ്ങിയുള്ള വൈയാകരണന്മാരും, ഉളളൂര്‍ എസ്. പരമേശ്വരയ്യര്‍, പ്രൊഫസര്‍ ശങ്കരന്‍നമ്പ്യാര്‍, ആര്‍. നാരായണപ്പണിക്കര്‍ തുടങ്ങിയുള്ള ഭാഷാചരിത്രകാരന്മാരും, മി. ഒ. എം. ചെറിയാന്‍, മി. കെ. എം. പണിക്കര്‍ തുടങ്ങിയുള്ള വിമര്‍ശകവീരന്മാരും മനഃപൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളതിനു മേല്പറഞ്ഞവരുടെ ഭാഷാപോഷിണി സഭായോഗങ്ങളിലെ പ്രസിദ്ധീകൃത പ്രസംഗങ്ങളും, ഭാഷാചരിത്രപരമായ ഉപന്യാസപരമ്പരകളും, ഗ്രന്ഥങ്ങളും അനിഷേധ്യലക്ഷ്യമല്ലോ. ദിവ്യശ്രീ ഗീവറുഗീസു കത്തനാര്‍ അവര്‍കളുടെ വ്യാകരണ ഗ്രന്ഥം മാത്രമല്ല, അദ്ദേഹത്തിന്‍റെ മലയാള സാഹിത്യ പരിപോഷണശ്രമങ്ങളെ ഒന്നടങ്കമായിത്തന്നെ കേരള സാഹിത്യലോകത്തില്‍ നിന്നു മായിച്ചുകളവാന്‍ മേല്പറഞ്ഞവര്‍ കൈനീട്ടുകയുണ്ടായിട്ടുണ്ടെന്നാണ് എന്‍റെ താഴ്മയായ ബോധം.

അത്യുജ്ജ്വലമായ ഇംഗ്ലീഷുഭാഷയില്‍ പന്ത്രണ്ടു പേജില്‍ നില്‍ക്കുന്ന ഒന്നാന്തരം ഒരു അവതാരികയോടും, എട്ടു പേജില്‍ ഉള്‍പ്പെട്ട വ്യാകരണ സംബന്ധമായ ഒരു ഇംഗ്ലീഷു മലയാള വ്യാകരണ പദാനുക്രമണികയോടും (ഏൃമാാമശേരമഹ ഠലൃാെ) കൂടി, ഇംഗ്ലീഷുബോഡി, സ്മാള്‍ പൈക്കാ എന്നീ ഇനം അച്ചില്‍ ഭംഗിയായി അച്ചടിപ്പിച്ചിട്ടുള്ള പ്രസ്തുത വ്യാകരണം, തല്‍ കര്‍ത്താവിന്‍റെ പാണ്ഡിത്യപരമതയ്ക്കും ഗ്രന്ഥപരിചയത്തിനും നിരീക്ഷണ ചാതുര്യത്തിനും ഒരു ഉത്തമ ലക്ഷ്യമായി കേരളത്തിലെ ചില പഴയ തറവാടുകളിലെ ഉള്ളറകളിലായി ഇരുട്ടടഞ്ഞു കിടക്കുന്നുവെന്നുള്ള കഥ, ഭാഷാപ്രമാണികളായ സര്‍വ മലയാളികളുടെയും സഹതാപപൂര്‍വമായ ഗാഢ ശ്രദ്ധയെ തികച്ചും അര്‍ഹിക്കേണ്ടവ തന്നെ. ആയിരത്തി ഇരുപത്തേഴില്‍ കൈയെഴുത്തുകോപ്പിയായി അവതരിച്ച പ്രസ്തുത വ്യാകരണഗ്രന്ഥം, ഗ്രന്ഥകര്‍ത്താവിന്‍റെ ധനദൗര്‍ല്ലഭ്യത്തിനു സാക്ഷിയായി പതിനൊന്നു കൊല്ലം കോട്ടയം ചര്‍ച്ച് മിഷന്‍ ആപ്പീസില്‍ കഴിച്ചുകൂട്ടിയശേഷം കത്തനാര്‍ അവര്‍കളുടെ ആത്മമിത്രമായിരുന്ന സര്‍ ടി. മാധവറാവു അവര്‍കളുടെ പ്രേരണയാല്‍ കൊല്ലം 1038-ാമാണ്ടു പുസ്തകരൂപത്തില്‍ കേവലം ഇരുനൂറു കോപ്പി മാത്രമായി വെളിക്കിറങ്ങി. ഇതില്‍ നൂറു പ്രതി തിരുവിതാംകൂര്‍ സര്‍ക്കാര്‍ വിലയ്ക്കെടുത്തതും ഏതാനും പ്രതികള്‍ ഗ്രന്ഥകര്‍ത്താവു തന്നെ ചിലര്‍ക്കെല്ലാം സംഭാവന നല്‍കിയതും കഴിച്ച് അറുപതിലധികം പ്രതികള്‍ ഗീവറുഗീസു കത്തനാര്‍ അവര്‍കളുടെ പൗത്രന്മാര്‍ ഇരട്ടവാലന്‍റെ പള്ളിവേട്ടയ്ക്കായി അദ്ദേഹത്തിന്‍റെ ഗ്രന്ഥസഞ്ചയത്തില്‍ ഇപ്പോള്‍ തള്ളിവച്ചിരിക്കയുമാണ്. കൊല്ലം 1020-ാമാണ്ടു കുംഭ മാസം 10-നു തിരുവവതാരം ചെയ്ത കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ട് 1027-ാമാണ്ട് ഏഴാമത്തെ തിരുവയസ്സില്‍ ഹരീ: ശ്രീ നിലത്തെഴുതി മലയാണ്മയുടെ അക്ഷരമാല പഠിക്കുമ്പോഴാണ് ഒരു നസ്രാണിമാപ്പിളയായ ഗീവറുഗീസു കത്തനാര്‍ അവര്‍കള്‍ ഇന്നത്തെ കേരളപാണിനീയത്തോളം വലുപ്പമുള്ള അതിഗംഭീരമായ തന്‍റെ 'മലയാഴ്മയുടെ വ്യാകരണം' എഴുതിത്തീര്‍ത്തതെന്നുള്ള പരമ സത്യം പുരോഭാഗികളായ ഭാഷാചരിത്രകാരന്മാര്‍ ആരെല്ലാംതന്നെ മറച്ചുവച്ചാല്‍ മറയുന്നതോ ഏതെല്ലാം വിമര്‍ശകന്മാര്‍ ആരുടെയെല്ലാം സംതൃപ്തിക്കുവേണ്ടി കുറച്ചുവച്ചാല്‍ കുറയുന്നതോ അല്ലെന്നുള്ളതു നിശ്ചയമത്രേ. മലയാള ഭാഷയെ 'സംസ്കൃത ഹിമഗിരി ഗളിതയാക്കിത്തീര്‍പ്പാന്‍ മുതിര്‍ന്ന കോവുണ്ണി നെടുങ്ങാടി അവര്‍കള്‍, 1050-ാമാണ്ടു മീന മാസത്തില്‍ എഴുതി മലയാള മനോരമ പ്രസ്സില്‍ ആദ്യമായി അച്ചടിപ്പിച്ച 'കേരളകൗമുദി വ്യാകരണ'ത്തില്‍ 

'ഗുണ്ടര്‍ട്ടെന്ന പ്രബലമതിമാനിട്ട നൂലൊട്ടുകൊള്ളാം 

ഗീവര്‍ഗ്ഗീസും പുനരൊരുതരം ചേര്‍ത്തതും നന്നു പാര്‍ത്താല്‍

ഗുണ്ടര്‍ട്ടിന്‍റെ നൂലു പരികലനം ചെയ്തിതാഗ്ഗാര്‍ത്തു വെറും

പൂര്‍വന്മാരിവരെയനുകൂലിപ്പനാവോളമെല്ലാം'

എന്നിങ്ങനെ ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ നാമധേയം കീര്‍ത്തിക്കുന്നുണ്ടെങ്കിലും കത്തനാര്‍ അവര്‍കള്‍ ശാസ്ത്രീയ രീതിയിലെഴുതിയ തന്‍റെ വ്യാകരണഗ്രന്ഥം മൂലം ഭാഷയിലേര്‍പ്പെടുത്തിയതായ പൂര്‍ണവിരാമം, അങ്കുശം, രോധിനി, അരയുകാരം മുതലായ ചിഹ്നങ്ങളുടെയും അഷ്ടമി വിഭക്തി മുതലായ ചില പുതിയ കല്പനകളുടെയും പിതൃത്വം കൂടി കേരള പാണിനിയുടെ ശിരസ്സില്‍ അര്‍പ്പിപ്പാന്‍ നമ്മുടെ ചില വിമര്‍ശകന്മാര്‍ക്കു ചുളിവോ പുളിയോ ഉണ്ടായില്ല. കേരളപാണിനീയം പുറത്തിറങ്ങുന്നതിനു 43 കൊല്ലം മുമ്പു പുസ്തകരൂപത്തില്‍ പുറപ്പെട്ടതായ 'മലയാഴ്മയുടെ വ്യാകരണ'ത്തിന്‍റെ ശേഷിച്ച പ്രതിയും പ്രചാരവും എത്ര മാത്രമെന്നു നമ്മുടെ നിരൂപകന്മാര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നുവെന്നേ ഇതിനു സമാധാനം പറയേണ്ടതായിട്ടുള്ളു.

ഒരു ശതാബ്ദത്തിനു മുമ്പു സുറിയാനി ക്രിസ്ത്യാനികള്‍ സംസ്കൃതസാഹിത്യാഭ്യസനത്തില്‍ അതിയായ ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നുള്ളതിനു വേണ്ടുവോളം ലക്ഷ്യമുണ്ട്. നസ്രാണികള്‍, നായര്‍ ആശാന്മാരുടെ അടുക്കല്‍ പഠിക്കയോ, കാവ്യങ്ങള്‍ അഭ്യസിക്കയോ ചെയ്തുകൂടെന്നു ക്രിസ്ത്വബ്ദം 1599-ല്‍ ഉദയമ്പേരൂര്‍ കൂടിയ മതമഹാസഭയില്‍ വച്ചു പോര്‍ട്ടുഗീസുകാര്‍ തീര്‍പ്പു ചെയ്കയുണ്ടായിട്ടുണ്ട്. ഇതിനെ സംബന്ധിച്ചു കേരള ചരിത്രകാരന്മാരില്‍ അഗ്രഗണ്യനായ കെ. പി. പത്മനാഭ മേനവന്‍ അവര്‍കള്‍ ഇപ്രകാരം പറയുന്നു: "ഉദയമ്പേരൂര്‍ വച്ചു ക്രി. അ. 1599-ാമാണ്ട് ആര്‍ച്ചുബിഷപ്പ് മെനേസിസ്സ് കൂട്ടിയ ക്രിസ്ത്യാനി മഹാസഭയില്‍ ക്രിസ്ത്യാനിക ളുടെ മേല്‍നടപടിയേ സംബന്ധിച്ചു പല നിശ്ചയങ്ങളും ചെയ്കയുണ്ടായി. പല സംഗതികളും നസ്രാണികള്‍ ഹിന്തുക്കളുടെ ആചാരങ്ങളെ അനുസരിച്ച് അതുവരെ നടന്നുപോന്നിരുന്നതു മേലാല്‍ പാടില്ലെന്നു വിരോധിക്കയും ചെയ്തിട്ടുണ്ട്" (കൊച്ചി രാജ്യചരിത്രം, ഒന്നാം ഭാഗം, പുറം 475). നായര്‍ ആശാന്മാരുടെ കീഴില്‍ നസ്രാണികള്‍ സംസ്കൃതം പഠിക്കരുതെന്നു പോര്‍ട്ടുഗീസുകാര്‍ കഠിനമായി വിരോധിച്ചിരുന്നു എങ്കിലും ഡച്ചുകാര്‍ അവരെ നിശ്ശേഷമായി തോല്പിച്ചതിനോടുകൂടി നസ്രാണികള്‍ ഈ വിഷയത്തിലുണ്ടായിരുന്ന അസ്വാതന്ത്ര്യത്തിന് ഏതാണ്ടൊരു പരിഹാരമുണ്ടാവുക തന്നെ ചെയ്തു. പില്‍ക്കാലത്തു സി.എം.എസ്. മിഷണറിമാര്‍ കേരളത്തില്‍ എത്തി ഇംഗ്ലീഷു വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടശേഷവും ഒരു ക്രിസ്ത്യന്‍ വിദ്യാഭ്യാസകേന്ദ്രമായ കോട്ടയം പഴയ സിമ്മനാരിയില്‍ സംസ്കൃതകാവ്യങ്ങള്‍ തന്നെ പാഠ്യഗ്രന്ഥമായി സ്വീകരിച്ചിരുന്നു. ഈയിടയ്ക്കു കോട്ടയം പഴയ സിമ്മനാരിയില്‍ നിന്നു കണ്ടുകിട്ടിയ കുറെ വെള്ളോല റിക്കാര്‍ട്ടുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കണക്കോല താഴെ ചേര്‍ക്കുന്നതില്‍ നിന്ന് ഈ വാസ്തവം വെളിപ്പെടുന്നതാണ്.

"സിമ്മനാരിയില്‍ പൈതങ്ങളെ പഠിപ്പിക്കുന്നതിനു ഗ്രന്ഥങ്ങള്‍ വിലെക്കു വാങ്ങിച്ചു കൊവിലാശാനെ ഏല്പിച്ച വകയ്ക്കു എഴുതിയ കണക്കു.

1002-ാമാണ്ടു കക്കടക മാസം 28-നു രാജശ്രീ ഡൊറന്‍ സായ്പ അവര്‍കള്‍ കല്പനപ്രകാരം വൈക്കത്തെ മാടപ്പെള്ളില്‍ കൃഷ്ണന്‍ കുഞ്ചുവി നൊടു (വിലെക്കു) വാങ്ങിച്ച ഗ്രന്ഥം - 2

യുധിഷ്ഠര വിജയം വ്യാഖ്യാനഗ്രന്ഥം - 1

ബാലഭാരതം വ്യാഖ്യാനഗ്രന്ഥം - 1

കൃഷ്ണവിലാസം ഗ്രന്ഥം - 1

മാഘം മൂലഗ്രന്ഥം - 1

യുധീഷ്ഠര വിജയം മൂലഗ്രന്ഥം - 1

കുമാരസംഭവം മൂലഗ്രന്ഥം - 1

കൃഷ്ണവിലാസം മൂലഗ്രന്ഥം - 1

സിദ്ധരൂപം ഗ്രന്ഥം - 1

ആകെ ഗ്രന്ഥം എണ്ണം - 3

(ഇവിടെ ആകെ എണ്ണം മൂന്നെന്നു പറയുന്നത് ഏടായി കോര്‍ത്തിട്ടുള്ള മൂന്ന് ഏടുകെട്ടുകളെ ഉദ്ദേശിച്ചായിരിക്കുമെന്നു തോന്നുന്നു)

ദിവ്യശ്രീ ഗീവറുഗീസു കത്തനാരവര്‍കള്‍ ഒരു മലയാളി എന്ന നിലയില്‍ മലയാള ഭാഷയ്ക്ക് പ്രഥമമായി ശാസ്ത്രീയരീത്യാ ഒരു വ്യാകരണഗ്രന്ഥം ചമയ്ക്ക മാത്രമല്ല ചെയ്തിട്ടുള്ളത്. 'ഇപ്പോള്‍ മലയാള ഭാഷാ വിഷയമായി ഓരോരുത്തര്‍ ഉത്സാഹിച്ചു കാണുന്നത് എനിക്ക് വലിയ സന്തോഷമാണ്. ഒരു കാലത്തു എനിക്കും എന്‍റെ പ്രിയ ഭാഗിനേയ ശിഷ്യനായ രാജരാജവര്‍മ്മ കോയിത്തമ്പുരാനും കൂടി മലയാള ഭാഷയോട് അത്ര പ്രതിപത്തി ഉണ്ടായിരുന്നുവോ എന്നു സംശയമാണ്' (1082-ാമാണ്ടു തിരുവനന്തപുരം കോളജ് വാര്‍ഷികയോഗത്തില്‍ വായിച്ച ഉപസംഹാര പ്രസംഗം നോക്കുക) എന്നിങ്ങനെ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടു മലയാള ഭാഷാ സാഹിത്യത്തില്‍ കാല്‍വയ്ക്കുന്നതിനു വളരെ മുമ്പ്, ആധുനിക മലയാളഗദ്യത്തിന്‍റെ ആദ്യ മാതൃകകളെന്നു നിസ്സംശയം അഭിപ്രായപ്പെടത്തക്കവണ്ണം ഊക്കും ഒഴുക്കും ഓജസ്സുമുള്ള ഒന്നാന്തരം ഗദ്യത്തില്‍ കത്തനാരവര്‍കള്‍ പല ഗ്രന്ഥങ്ങളും ഉപന്യാസ പരമ്പരകളും കൈരളീദേവിക്കു സമ്മാനിക്കയുണ്ടായിട്ടുണ്ട്. പക്ഷേ അവ അക്കാലത്തെ മലയാള ഭാഷാ വിദ്യാഭ്യാസത്തിന്‍റെ ശൈശവസ്ഥിതിക്കു വിദ്യാലയങ്ങളില്‍ പാഠപുസ്തകമായി സ്വീകരിക്കുന്നതിനു നിവൃത്തിയില്ലാത്തവണ്ണം അതിപ്രൌഢങ്ങളാകയാല്‍ ബഹുജനങ്ങള്‍ക്ക് അവയ്ക്കുമായി എടപെടുന്നതിനോ, അവ ശരിക്കു വായിച്ചു ഗ്രഹിക്കുന്നതിനൊ, സൗകര്യം ലഭിച്ചിരുന്നില്ല. എന്നല്ല പില്‍ക്കാലത്തുണ്ടായ ബുക്കു കമ്മട്ടി വഴി സര്‍ക്കാര്‍ മലയാളം പള്ളിക്കൂടങ്ങളില്‍ പ്രവേശനം ലഭിക്കാതിരുന്ന ഗ്രന്ഥങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അറിവോ അന്വേഷണമോ ഉണ്ടായിരുന്നില്ല. അതിനാല്‍ വിദ്യാഭ്യാസ വിഷയത്തില്‍ അക്കാലത്തില്‍ ഏതാണ്ടൊരുണര്‍വ് പ്രാപിച്ചിരുന്ന കോട്ടയം, തിരുവനന്തപുരം, തലശ്ശേരി എന്നീ പ്രധാന പട്ടണങ്ങളിലെ ചുരുക്കം ചില വിദ്വാന്മാര്‍ക്കു മാത്രമേ കത്തനാര്‍ അവര്‍കളുടെ ഗ്രന്ഥങ്ങളുമായി പരിചയപ്പെടുന്നതിനും, അദ്ദേഹത്തിന്‍റെ പാണ്ഡിത്യത്തേയും ചിന്തനാശക്തിയേയും രാജ്യക്ഷേമകാംക്ഷയേയുംപറ്റി ശരിക്കു മനസ്സിലാക്കുന്നതിനും കഴിഞ്ഞിരുന്നുള്ളു.

ഗീവറുഗീസ് കത്തനാരവര്‍കളുടെ ബുദ്ധിശക്തിയേപ്പറ്റിയും വിജ്ഞാന സമ്പത്തിനേപ്പറ്റിയും വിവിധ ഭാഷാപാണ്ഡിത്യത്തേക്കുറിച്ചും നല്ല നിശ്ചയമുണ്ടായിരുന്ന തിരുവിതാംകൂര്‍ ദിവാന്‍ സര്‍ ടി മാധവറാവു അവര്‍കള്‍ തിരുവിതാംകൂര്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അദ്ധ്യക്ഷസ്ഥാനം കത്തനാരവര്‍കള്‍ ഭരമേല്‍ക്കുന്നപക്ഷം അത് ഇന്നാട്ടിനും നാട്ടാര്‍ക്കും പലപ്രകാരേണ ഗുണകരമായിരിക്കുമെന്നു കരുതി ആ വൈദികശ്രേഷ്ഠനെ തിരുവനന്തപുരത്തേക്കു പല പ്രാവശ്യവും ക്ഷണിക്കയുണ്ടായി. എന്നാല്‍ ഒരു വൈദികനായ തനിക്കു സര്‍ക്കാര്‍ ജീവനത്തില്‍ പ്രവേശിക്കുന്നതിനു നിവൃത്തിയില്ലെന്നു പറഞ്ഞു കത്തനാരവര്‍കള്‍ മാധവറാവുവിന്‍റെ അപേക്ഷയെ നന്ദിപൂര്‍വം ഉപേക്ഷിക്കുകയാണു ചെയ്തത്. കത്തനാര്‍ അവര്‍കളുടെ പൗത്രന്മാര്‍ ഇന്നും ഭദ്രമായി സൂക്ഷിച്ചിട്ടുള്ളതും സര്‍ ടി. മാധവറാവു അവര്‍കള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിട്ടുള്ളതുമായ രണ്ടു കത്തുകളില്‍ നിന്നും ഈ വാസ്തവം വെളിപ്പെടുന്നതാണ്.

തിരുവിതാംകോട്ടു രാജ്യത്തു മലയാളം ബുക്കു കമ്മട്ടി ഏര്‍പ്പെടുത്തുന്ന തിനും കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അതിന്‍റെ അദ്ധ്യക്ഷപദം കൈയേല്‍ക്കുന്നതിന്നും മുമ്പ് ഉത്തമമായ ഒരു ഗദ്യരീതി ഇവിടെ ഉണ്ടാ യിരുന്നുവോ? ശാസ്ത്രീയ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രൗഢ ഗദ്യരീതി ഇന്നാട്ടുകാര്‍ക്ക് വശമായിരുന്നുവോ? ഇക്കാലത്തെ ഭാഷാപ്രണയികള്‍ ഇത് അവധാനപൂര്‍വം ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഒരു മിഥ്യാബോധത്താല്‍ നാം വഞ്ചിതരാവുക എന്നുള്ളതു നമ്മെ സംബന്ധിച്ചിടത്തോളം ഒരിക്കലും സ്പൃഹണീയമായിട്ടുള്ളതല്ല. പഴയകാലത്തെ നീട്ടുകളുടെയും തിട്ടൂരങ്ങളുടേയും മട്ടില്‍ ഒരു നിലയും നിറുത്തുമില്ലാതെ കേവലം നൂലാമാലപോലെ ഗദ്യമെഴുതുന്ന രീതിക്കു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സിലെ ജനനത്തിനു വളരെ മുമ്പുതന്നേ മാറ്റം സംഭവിച്ചിരുന്നു. വാചകങ്ങള്‍ പിരിച്ചും, അവയുടെ ദൈര്‍ഘ്യത്തെ ആവശ്യോചിതമാംവണ്ണം നിയന്ത്രിച്ചും, ഗദ്യനിര്‍മ്മാണം ചെയ്യുന്ന സമ്പ്രദായം ആയിരാമാണ്ടേക്കു മുമ്പുതന്നെ ഇവിടെ നടപ്പില്‍ വന്നിരുന്നുവെന്നുള്ളതിനു മതിയായ ലക്ഷ്യമുണ്ട്. താഴെ ചേര്‍ത്തിരിക്കുന്ന ഒരു പാരാ, പണ്ടത്തെ നൂലാമാലരീതിക്ക് ഒരൊറ്റ വാചകത്തില്‍ കുത്തിച്ചെലുത്തേണ്ടതായിരിക്കെ, ആ വിധം ചെയ്യാതെ ആധുനിക ഗദ്യരീതി അനുസരിച്ച് വാചകം പിരിച്ചും, ചെറിയ വാചകങ്ങളായിട്ടും എഴുതിക്കാണുന്ന സ്ഥിതിക്കു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍റെ ജനനത്തിനു വളരെ മുമ്പുതന്നെ ഈ പുതിയ രീതി ഇന്നാട്ടുകാര്‍ക്കു പരിചയപ്പെട്ടിരുന്നുവെന്നു സംശയലേശം കൂടാതെ വിശ്വസിക്കാവുന്നതാണ്.

'സുറിയാനിക്കാര്‍ എന്നു വിളിക്കപ്പെടുന്നവരും, മലയാള രാജ്യത്തു പാര്‍ക്കുന്നവരുമായ ഞങ്ങള്‍ തോമ്മാ ശ്ശീഹായുടെ കാലം മുതല്‍ കൊച്ചിയില്‍ പറുങ്കി വരുന്നതു (1500) വരെ സത്യവിശ്വാസത്തില്‍ ഉറപ്പുള്ളവരായി കക്ഷികളും കലഹങ്ങളും കൂടാതെ സമാധാനത്തോടെ വസിച്ചു വന്നു. എന്നാല്‍ പ്രങ്കായക്കാ (പോര്‍ട്ടുഗീസുകാരായ പറങ്കികള്‍) രുടെ കൗശലത്താല്‍ സുറിയാനിയില്‍ നിന്നുള്ള ഞങ്ങളുടെ പിതാക്കന്മാ (വൈദികാദ്ധ്യക്ഷന്മാരുടെ) രുടെ വരവിനെ മുടക്കിക്കളഞ്ഞു. അങ്ങനെ ഞങ്ങള്‍ ആത്മാവില്‍ വ്യാകുലപ്പെട്ടു തുണയും സഹായവുമില്ലാത്ത അനാഥന്മാരെയും വിധവമാരേയും പോലെ ആയിത്തീര്‍ന്നു. പ്രാങ്കായക്കാരുടെ ശക്തിയും രാജത്വവും ധനത്തിന്‍റെ പെരുപ്പവും കൊണ്ടു മലയാളത്തുള്ള സുറിയാനിപ്പള്ളികള്‍ ഒക്കേയും റോമ്മാ മേലധികാരത്തിന്‍കീഴായിത്തീര്‍ന്നു' (മലങ്കര മെത്രാ പ്പോലീത്തായായിരുന്ന പുന്നത്തറ മാര്‍ ദീവന്നാസ്യോസ് കൊല്ലം 996-ാമാണ്ടു എഴുതിയ ഒരു കത്തില്‍ നിന്നു). 

1023-ാമാണ്ടു അതാവിതു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സിലേക്കു മൂന്നു തിരുവയസ്സു പ്രായമുള്ളപ്പോള്‍ യുവാവായ നാണുപിള്ള ദിവാന്‍ജിക്ക് അദ്ദേഹത്തിന്‍റെ അച്ഛന്‍ അയച്ച ഒരു കത്തില്‍ നിന്നും ഈ വാസ്തവം വെളിപ്പെടുന്നതാണ്. കത്തില്‍ നിന്നും ഒരു ഭാഗം താഴെ ചേര്‍ക്കുന്നു:

".... ഇവിടെ മഴ പെയ്തു. കുളങ്ങള്‍ പെരുകി. നിലങ്ങള്‍ കൃഷി കൂടി. പയറു വിതയ്ക്കുന്നതിനു മഴയില്ല. പലരും വിതച്ച പയറു പടുന്നു. എല്ലാ പേര്‍ക്കും സൗഖ്യം. കൂടിക്കൂടി എഴുത്തു കൊടുത്തയയ്ക്കണം. ജീവനസംഗതി എഴുതി അയച്ചതിനു മറുപടി ഒന്നും കണ്ടില്ല. അതിനു നല്ലവണ്ണം ശ്രമിക്കണം. നിങ്ങള്‍ ഇതിനു മുമ്പു വര്‍ക്കലെ വന്നിരിക്കുമെന്നു വിചാ രിക്കുന്നു. പൂര്‍വചരിതം അല്പം എഴുതുന്നു. 33-ാമാണ്ടു സ്വര്‍ഗ്ഗാരൂഢം ചെയ്ത തമ്പുരാന്‍ നരസിംഹമൂര്‍ത്തിയെപ്പോലെ പരാക്രമിയായി എഴുന്നെള്ളിയിരുന്നു. ആറുമുഖന്‍ ദളവായും രാമയ്യന്‍ ദളവായും പ്രധാനമന്ത്രി ..."

II

ആധുനിക മലയാള ഗദ്യത്തിന്‍റെ ജനയിതാവെന്നു നാമൊക്കെ വിശ്വ സിച്ചിട്ടുള്ള കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സിലേക്കു പത്തൊന്‍പതു തിരുവയസ്സു പ്രായമുള്ള കാലത്ത്, അതാവിതു - കൊല്ലം 1039-ാമാണ്ടു കോട്ടയം കോളജില്‍ നിന്നു പുറപ്പെട്ടിരുന്ന 'വിദ്യാസംഗ്രഹം' എന്ന ഇംഗ്ലീഷു മലയാള മാസികയില്‍ മലയാളം വകുപ്പിന്‍റെ പത്രാധിപര്‍ എന്ന നിലയില്‍ കത്തനാര്‍ അവര്‍കള്‍, ശാസ്ത്രം, മതം, രസതന്ത്രം, ചരിത്രം, രാജ്യഭരണം എന്നിവയെ ആസ്പദമാക്കി അദ്വൈതം, ആകാശ ത്തുള്ള ഗോളങ്ങള്‍, സാധാരണ ചികിത്സാശാല, കൊഴുമുതലാണ്‍മ (ജന്മി കുടിയാന്‍ വിഷയം) 'മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍', 'ഭൂമി ഉരുണ്ട താകുന്നു' എന്നിങ്ങനെ പല ഉപന്യാസങ്ങള്‍ എഴുതി പ്രസിദ്ധപ്പെടുത്തീട്ടുണ്ട്. അവയൊക്കെയും അക്കാലത്തെ വിദ്വാന്മാരുടെയും, സര്‍ ടി. മാധവ റാവു, ആയില്യം തിരുനാള്‍ തിരുമേനി തുടങ്ങിയുള്ള ഭരണകുശലന്മാരു ടെയും സവിശേഷമായ ശ്രദ്ധയേയും ബഹുമാനത്തേയും അര്‍ഹിച്ചിരുന്നവയത്രെ.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലേക്ക് ഏഴു തിരുവയസ്സു പ്രായമുള്ള കാലത്തു കത്തനാര്‍ അവര്‍കളുടെ മലയാള ഗദ്യത്തിന്‍റെ രീതി എപ്രകാരമായിരുന്നുവെന്നു കാണിപ്പാന്‍ അദ്ദേഹത്തിന്‍റെ വ്യാകരണ ഗ്രന്ഥം 4-ാം വശത്തു നിന്നും ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു: 'ശബ്ദത്തിനു ഒച്ചയെന്നും ഉച്ചമെന്നും രണ്ടുതരം വ്യത്യാസങ്ങള്‍ ഉണ്ട്. ഒച്ച, തൊണ്ടയില്‍ക്കൂടെ കടക്കുന്ന വായുവിന്‍റെ അളവില്‍ നിന്നും ഉണ്ടാവുന്നു. തൊണ്ടയില്‍ക്കൂടെ കുറെ വായു മാത്രമെ കടന്നുവരുന്നുള്ളു എങ്കില്‍ പതിഞ്ഞ സ്വരമായി അരികത്തു മാത്രം കേള്‍ക്കപ്പെടുന്നു. അധികം കടക്കുമ്പോള്‍ ഉറച്ച സ്വരമായി ദൂരത്തിലും കേള്‍ക്കപ്പെടുന്നു. ... ശബ്ദം രുതശബ്ദമെന്നും ഗദശബ്ദമെന്നും ഇങ്ങനെ രണ്ടു വകയായിരിക്കുന്നു. പക്ഷികള്‍ മുതലായവയുടെ ശബ്ദം രുതശബ്ദമാകുന്നു. അതിന് ഒച്ചയും പതുക്കവും, ഉച്ചവും മന്ദവും ഹൃസ്വവും ദീര്‍ഘവും എന്നുള്ള വ്യത്യാസങ്ങള്‍ അല്ലാതെ ഖരം, മൃദു, അനുനാസികം എന്നും, കണ്ഠ്യം, താലവ്യം, മൂര്‍ദ്ധന്യം എന്നും ഇങ്ങനെയുള്ള തരഭേദങ്ങള്‍ ഇല്ല. ആകയാല്‍ 'രാവണന്‍ പക്ഷി' ചിലയ്ക്കുന്നതു 'ശിരസ്സ എപ്പോള്‍ പോയ്' 'അച്ഛന്‍ കൊമ്പത്തു അമ്മ വരമ്പത്ത്' എന്നിങ്ങനെ കേള്‍വിക്കാരന്‍ മനോഭാവപ്രകാരം ഒക്കുന്നതുപോലെ ഇപ്രകാരമുള്ള ശബ്ദത്തിനു പ്രാസമല്ലാതെ ഗദശബ്ദ ലക്ഷണമാകുന്ന വ്യക്തതയില്ല. എന്നാല്‍ വ്യക്തതയുള്ള ശബ്ദം മൊഴിക്കു കൊള്ളുന്നതാകയാല്‍ രുതശബ്ദങ്ങള്‍ക്ക് അക്ഷരങ്ങള്‍ ആകുവാന്‍ കഴിയുന്നതല്ല. ഗദശബ്ദങ്ങള്‍ തന്നെയും എല്ലാം അക്ഷരങ്ങളായി എണ്ണപ്പെടുന്നില്ല. മനുഷ്യര്‍ക്കു പല തരത്തില്‍ വ്യക്തമായിട്ടു ശബ്ദിപ്പാന്‍ കഴിയുന്നതാകകൊണ്ട്, അങ്ങനെയുള്ള ശബ്ദങ്ങള്‍ ഒക്കെയും അക്ഷരങ്ങളായിട്ടു പ്രമാണിക്കപ്പെട്ടാല്‍ അക്ഷരങ്ങളുടെ സംഖ്യ അനവധിയായിത്തീരും. ആകയാല്‍ മൊഴിയില്‍ വരുന്ന ഗദശബ്ദങ്ങള്‍ മാത്രമേ അക്ഷരങ്ങളായി വിചാരിക്കപ്പെടുന്നുള്ളു. ശബ്ദം രുതം വിട്ടു ഗദയായിത്തീരുന്നതു ശ്വാസനാഡികള്‍കൊണ്ടെങ്കിലും കുരല്‍വള്ളികള്‍കൊണ്ടെങ്കിലുമല്ല; തൊണ്ടയിലും അണ്ണാക്കിലും പല്ലുകളിലും മോണമേലും, നാക്കു തടയുന്നതിനാലും ചിറികള്‍ തമ്മില്‍ കൂടുന്നതിനാലും ആകുന്നു. എന്തെന്നാല്‍ ശബ്ദം ശ്വാസനാഡിയും കുരല്‍വള്ളിയും കടന്നുകഴിഞ്ഞതിന്‍റെ ശേഷമേ ഗദോച്ചാരം തുടങ്ങുന്നുള്ളു.' 

പദമെന്നതു ഗദശബ്ദങ്ങളാല്‍ ഉണ്ടാവുന്നതും പുറമേ കാണുന്ന വസ്തുക്കളേക്കുറിച്ചു നമ്മുടെ ഉള്ളില്‍ തോന്നുന്ന രൂപങ്ങളുടെ അടയാളങ്ങളും ആകുന്നു. വാക്കിന്‍റെ സാദ്ധ്യം, വിചാരങ്ങളെയും ആഗ്രഹങ്ങളെയും തമ്മില്‍ തമ്മില്‍ അറിയിക്കുന്നതുമാവുന്നു. എന്നാല്‍ മനസ്സിലെ രൂപവും പുറമേ യുള്ള ശബ്ദവും തമ്മില്‍ സ്വഭാവേന യാതൊരു സംബന്ധവുമില്ല. പൊന്ന് എന്ന വസ്തുവും പൊന്ന് എന്ന പദവുമായിട്ടു യാതൊരു സാദൃശ്യവുമില്ല. വെള്ളം എന്നു നാം പറയുന്ന വസ്തുവിനെ തീ എന്നു പറയുകയും മറിച്ചു തീ എന്നതിനു വെള്ളം എന്ന് അത്ഥം വരികയും ആകാം. വെള്ളം എന്ന ശബ്ദത്തിനു, വെള്ളം എന്ന വസ്തുവിന്‍റെ രൂപം വരുത്താന്‍ കഴിയുന്നത് ആഗന്തുകസംബന്ധം കൊണ്ടാകുന്നു ആ മൊഴിയെ ഈ വസ്തുവിനും അടയാളമായിട്ടു നാം നിശ്ചയിച്ചു അങ്ങനെ പ്രയോഗിക്കയും പ്രയോഗിച്ചു കേള്‍ക്കുകയും ചെയ്തു നമുക്കു പരിചയമുള്ളതുകൊണ്ടുതന്നെ, മനുഷ്യരുടെ പ്രധാനമായുള്ള മനോവികാരങ്ങള്‍ മറ്റു ജീവജന്തുക്കളുടെ എന്നപോലെ ശുദ്ധരുത ശബ്ദങ്ങള്‍കൊണ്ട് അറിയിക്കപ്പെടുകയും ആയവയ്ക്കും മനോവികാരങ്ങള്‍ക്കും തമ്മില്‍ സ്വഭാവസംബന്ധമുള്ളതുകൊണ്ട് എല്ലാവരിലും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുണ്ട്.'

ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ വ്യാകരണവും, അദ്ദേഹം എഴുതി യിട്ടുള്ള ഉപന്യാസങ്ങളും ഒഴിച്ചാല്‍ അച്ചന്‍ അവര്‍കളുടെ പ്രസിദ്ധമായ പ്രധാന കൃതികള്‍ നാലെണ്ണം മാത്രമാണ്. ഒന്നാമത്തേതായ 'സത്യവാദ ഖേടം' തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ ഒരു വിരുതു പരസ്യം അനുസരിച്ച് എഴുതി സമ്മാനാര്‍ഹമായിത്തീര്‍ന്ന ഒരു സാന്മാര്‍ഗ്ഗിക ഗ്രന്ഥമാണ്. രണ്ടാമത്തേതായ 'ഒരു സംവാദം' ഡോക്ടര്‍ ചലന്‍ സായ്പിന്‍റെ  'അ ഇീി്ലൃമെശേീി' എന്ന ഇംഗ്ലീഷു കൃതിയുടെ തര്‍ജമയായ ഒരു ശാസ്ത്രീയ വേദാന്ത വ്യവഹാരമാകുന്നു. 'സംയുക്തി' എന്ന മൂന്നാമത്തെ കൃതി, ഇക്കാലത്തെ ഇംഗ്ലീഷു ഭാഷാപണ്ഡിതന്മാര്‍ക്കുപോലും സുഗ്രഹമല്ലാത്തതായ 'ബട്ടളേഴ്സ് അനാളജി' എന്ന വേദാന്തപരമായ ന്യായതത്വശാസ്ത്രത്തിന്‍റെ ഒരു സ്വതന്ത്ര തര്‍ജ്ജമയാണ്. മറുജന്മം എന്ന കൃതി, ആ വിഷയത്തെ ആസ്പദമാക്കി എഴുതിട്ടുള്ള ഒരു പ്രകരണവുമാണ്. ഇതില്‍ 'സത്യവാദഖേടം' കൊല്ലം 1036-ാമാണ്ടു അതാവിതു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലേക്കു 16 തിരുവയസ്സും, വിശാഖം തിരുനാള്‍ തിരുമനസ്സിലേക്ക് 24 തിരുവയസ്സും പ്രായമുള്ള കാലത്തും, രണ്ടാമത്തെ കൃതിയായ 'ഒരു സംവാദം' കൊല്ലം 1039-ാമാണ്ട് അതാവിതു വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലേക്കു 19 തിരുവയസ്സു പ്രായമുള്ളപ്പോഴും, സംയുക്തി, 1037-ാമാണ്ടു അതായതു വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലേക്കു 17 തിരുവയസ്സു പ്രായമുള്ള കാലത്തും, അഥവാ ആ തിരുമനസ്സുകൊണ്ടു തിരുവിതാംകൂര്‍ ബുക്കു കമ്മറ്റി പ്രസിഡണ്ട് ഉദ്യോഗം കൈയേല്‍ക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പും മറുജന്മം 1040-ാമാണ്ടിടയ്ക്കുമാണ് എഴുതപ്പെട്ടിട്ടുള്ളതെന്നു പറയുമ്പോള്‍ ആണും തൂണുമില്ലാതെ അനാഥയായി കിടന്നിരുന്ന കൈരളീദേവിക്കു കത്തനാര്‍ അവര്‍കളോടുള്ള കടപ്പാടു എത്ര കണ്ടു വമ്പിച്ചതും ജൃംഭിച്ചതുമാണെന്നു ഞാന്‍ ഇവിടെ വിശേഷിച്ചു പറഞ്ഞേ തീരൂ എന്നില്ല.

ഇന്നേക്ക് എഴുപത്താറ് വര്‍ഷം മുമ്പു മലയാള ഭാഷയില്‍ ആദ്യമായിട്ടൊരു മലയാള വ്യാകരണവും, 67 വര്‍ഷം മുമ്പ് ഒരു സാന്മാഗ്ഗിക ഗദ്യ ഗ്രന്ഥവും, 66 വര്‍ഷം മുമ്പ് ഒരു ന്യായതത്വശാസ്ത്രവും 64 വര്‍ഷം മുമ്പ് താര്‍ക്കികരീതിയില്‍ എഴുതീട്ടുള്ളതായ ഒരു വേദാന്തതത്വവ്യവഹാരവും, 63 വര്‍ഷം മുമ്പ് അനേകം വിശിഷ്ടോപന്യാസങ്ങളും എഴുതി ഗദ്യപോഷണ കൃത്യം സാധിപ്പാന്‍ പുറപ്പെട്ട ഒരു കേരളീയനായ സുറിയാനി ക്രിസ്ത്യാനിയുടെ പേര് കേരള ഭാഷാഗദ്യസാഹിത്യലോകത്തില്‍ നിന്നു 'കൈക്കില കൂടാതെ വാങ്ങി'ക്കളവാന്‍ നമ്മുടെ ചില വിദ്വാന്മാര്‍ അന്നും ഇന്നും ഭഗീരഥപ്രയത്നം ചെയ്തിട്ടുണ്ടെങ്കിലും ആധുനിക മലയാള ഗദ്യത്തിന്‍റെ സാക്ഷാല്‍ മാഗ്ഗദര്‍ശിയായിരുന്ന ആ സ്വതന്ത്ര ഗദ്യകൃത്തിനെ കൂടാതെ ഒരു മലയാള ഭാഷാഗദ്യസാഹിത്യചരിത്രം കേരളഭാഷാലോകത്തില്‍ തലകാട്ടുകയെന്നത് ഉണ്ടാവുകയില്ലെന്നു ഞാന്‍ അതിമാത്രമായ അഭിമാനത്തോടു കൂടി പ്രസ്താവിച്ചുകൊള്ളുന്നു. ഇക്കഴിഞ്ഞ ധനു മാസത്തില്‍ തൃശൂര്‍ നടത്തിയ 'സമസ്ത കേരള സാഹിത്യപരിഷത്തോട് അനുബന്ധിച്ചതായ സാഹിത്യ കലാപ്രദര്‍ശനത്തില്‍ ആറാം മാത്തോമ്മാ എന്നു കൂടി സ്ഥാനപ്പേരുള്ള പകലോമറ്റം വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ 982-ാമാണ്ടിടയ്ക്ക് എഴുതിച്ചിട്ടുള്ളതായ ഒരു സുറിയാനി സഭാചരിത്രവും (ഗദ്യം- താളിയോലഗ്രന്ഥം) കോട്ടയത്തു കൊന്നയില്‍ കൊച്ചുകുഞ്ഞു റൈട്ടര്‍ എന്ന പ്രസിദ്ധ കവി എഴുത്തച്ഛനെ അനുകരിച്ചെഴുതീട്ടുള്ളതായ മുപ്പത്തിനാലു വൃത്തവും, ഗീവറുഗീസു കത്തനാര്‍ അവര്‍കളുടെ മേല്‍ പ്രസ്താവിച്ചതായ എല്ലാ കൃതികളും, മറ്റു ചില സാഹിത്യ കൃതികളും ഉള്‍പ്പെടെ 13 ഗ്രന്ഥങ്ങള്‍ ഞാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനശാലയില്‍ പ്രവേശിച്ച അനേകശതം അക്രൈസ്തവ സഹോദരങ്ങള്‍ ഇവയെ സശ്രദ്ധം പരിശോധിക്കയുണ്ടായി എന്നുള്ളതു സസന്തോഷം പ്രസ്താവിക്കേണ്ട ഒരു സംഗതിയത്രേ. ഭാഷാപ്രണയികളായ പലരും കത്തനാര്‍ അവര്‍കളുടെ വ്യാകരണത്തില്‍ നിന്നും, 'മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍' എന്ന സമുദായശാസ്ത്രപരമായ ഉപന്യാസപരമ്പരയില്‍ നിന്നും പല ഭാഗങ്ങള്‍ പ്രദര്‍ശനശാലയില്‍ വച്ചുതന്നെ പകര്‍ത്തിയെടുക്കയുണ്ടായി. ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ ഗദ്യകൃതികളുമായി ഇക്കാലത്ത് അധികമാര്‍ക്കുംതന്നെ പരിചയമുണ്ടായിരിപ്പാന്‍ ഇടയില്ലാത്തതിനാല്‍ അവയേ സംബന്ധിച്ച് ഒരു സാമാന്യബോധം വായനക്കാര്‍ക്കുണ്ടായിരിക്കേണ്ടതു ആവശ്യമാണെന്നു ഞാന്‍ വിചാരിക്കുന്നു.

1. സത്യവാദഖേടം - ഇതു തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന സമ്മാനത്തിന് അര്‍ഹമായിത്തീര്‍ന്ന ഒരു ഗദ്യകൃതിയാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മനശ്ശാസ്ത്രം, വേദശാസ്ത്രം. സന്മാര്‍ഗ്ഗശാസ്ത്രം, സമുദായശാസ്ത്രം എന്നിവയെ ആസ്പദമാക്കി എഴുതീട്ടുള്ള പ്രസ്തുത ഗ്രന്ഥം ഈ വിഷയത്തെ സംബന്ധിച്ചു ഭാഷയില്‍ എഴുതീട്ടുള്ള ഏക ഗദ്യ കൃതിയാണെന്നു നിസ്സംശയം പ്രസ്താവിക്കാവുന്നതാണ്. സത്യം പറയേണ്ട തിന്‍റെ ആവശ്യകതയെ സംബന്ധിച്ചും, സത്യം പറയുന്നതുകൊണ്ടുള്ള ഗുണത്തേപ്പറ്റിയും വ്യാജം പറയുന്നതുകൊണ്ട് ആത്മീയമായും മാനസി കമായും, സാമുദായികമായും നേരിടുന്ന ദോഷങ്ങളെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ അതിവിസ്തൃതമായി പ്രതിപാദിച്ചിരിക്കുന്നു. ഇവയിലെ ഗദ്യരീതിയുടെ മാതൃക കാണിപ്പാനായി സത്യവാദഖേടം 12-ാം പുറത്തു നിന്നും ഒരു ഭാഗം താഴെ ചേര്‍ക്കുന്നു. 'സത്യത്തിന്‍റെ സാക്ഷാല്‍ സ്വരൂപം ഇന്നതെന്നു സംക്ഷേപിക്കുന്നതിന് പ്രയാസമാകുന്നു എന്നു വരികിലും വചനത്തില്‍ സത്യം വേണമെന്നുള്ള മുറയെ അറിയുന്നതിനും നടത്തുന്നതിനും അഗാധജ്ഞാനത്താല്‍ മാത്രം ഗ്രാഹ്യമാകുന്ന മര്‍മ്മലക്ഷണങ്ങളിലേക്കു നാം പ്രവേശിച്ചേ കഴിയൂ എന്നില്ല. കാര്യത്തേക്കുറിച്ചു പൊതുവില്‍ ചില വിവരങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നാല്‍ മതി. എന്തെന്നാല്‍ ഒരുത്തന്‍ വഞ്ചന ഭാവിക്കാതെ തന്‍റെ അറിവിന്‍പ്രകാരം ഉള്ളതിനെ പറയുമ്പോള്‍ അവന്‍ സത്യവാദിയാവുന്നു എന്നു നാം എല്ലാവരും അറിയുന്നു. എന്നാല്‍ നാം വ്യവഹരിക്കുന്ന കാര്യം തെളിവാകുന്നതിനു സത്യത്തെ യഥാര്‍ത്ഥമെന്നും പരമാര്‍ത്ഥമെന്നും ഇങ്ങനെ രണ്ടു വകയായിട്ടു വിചാരിക്കാം. ഒരു കാര്യത്തെ ഉള്ളവണ്ണം എനിക്കു യഥാര്‍ത്ഥപ്രകാരം സത്യം പറയുകയാകുന്നു. ആകയാല്‍ അതിനു മലയാഴ്മയില്‍ 'ഉള്ളത്' എന്നും തമിഴില്‍ 'ഉണ്‍മ' എന്നും പേരായിരിക്കുന്നു. സത്യം എന്നത് ഉളവ് എന്നര്‍ത്ഥമാകുന്ന സതു എന്നതില്‍ നിന്നു വന്നതാകുന്നു. ദൈവം സര്‍വ്വ വ്യാപിയാകുന്നു. ഭൂമി മുതലായ ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നു. മനുഷ്യന്‍ പാപിയാകുന്നു; എന്നിങ്ങനെയുള്ള പൊരുളുകള്‍ യഥാര്‍ത്ഥങ്ങളാകുന്നു. അവയെ ഒരുത്തന്‍ വിശ്വസിക്കുന്നതുകൊണ്ടെങ്കിലും നിഷേധിക്കുന്നതുകൊണ്ടെങ്കിലും അവയ്ക്കു ഭാവഭേദം വരികയില്ല.'

2. ഒരു സംവാദം - ഇതൊരു തര്‍ജ്ജമയാണെന്നു മുമ്പ് പ്രസ്താവിച്ചി ട്ടുണ്ടല്ലോ. മലയാള ഭാഷയില്‍ ആദ്യമായി ഒരു ശാസ്ത്രീയ ഗ്രന്ഥം തര്‍ജ്ജമ ചെയ്ത ആള്‍ വൈയാകരണന്‍ ഗീവറുഗീസ് കത്തനാര്‍ അവര്‍കളാണെന്നുള്ള കഥ ഇന്നത്തെ മികച്ച ഭാഷാപണ്ഡിതന്മാര്‍ക്കു കൂടി അറിഞ്ഞുകൂടാത്ത ഒരു സാഹിത്യചരിത്ര രഹസ്യമാണ്. കത്തനാര്‍ അവര്‍കളുടെ ഭാഷയുടെ പരിശുദ്ധിയും രീതിയുടെ സൗന്ദര്യവും ഇതിലെ ഓരോ വരികളിലും നടനം ചെയ്യുന്നുണ്ട്. ഉദാഹരണമായി ചില പാരകള്‍ താഴെ ഉദ്ധരിക്കുന്നു: 'നാം വസിക്കുന്ന ലോകത്തില്‍ നോക്കണം. അതു മലകളും താഴ്വരകളുംകൊണ്ടു മൂടിയിരിക്കുന്നു. കാനനങ്ങളും വൃക്ഷങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെപ്പോയാലും ആറുകളും നദികളും കാണാം. പക്ഷികളും എല്ലാടത്തുമുണ്ട്. എന്നാല്‍ ഇവയെല്ലാം കാര്യങ്ങളാവുന്നു. അവയെ മുമ്പിട്ടിരുന്ന കാരണങ്ങളില്‍ നിന്നു മുളച്ചുമിരിക്കുന്നു. ഇപ്പോഴുള്ള വൃക്ഷാദികള്‍ മുമ്പു കിളുത്തു വളര്‍ന്നവയില്‍ നിന്നും ഉണ്ടായിവന്നവയാകുന്നു. ഈ തലമുറയിലെ മനുഷ്യര്‍ കഴിഞ്ഞ തലമുറയില്‍ ജീവിച്ചിരുന്നവരുടെ മക്കളാകുന്നു. നാം ഇപ്പോള്‍ കാണുന്ന കാര്യങ്ങളൊക്കെയും ഇന്നിന്ന കാരണങ്ങളില്‍ നിന്നുണ്ടായി എന്നു നമുക്കു പറയാം. അക്കാരണങ്ങളോ അവയെ മുമ്പിട്ടിരുന്ന കാരണങ്ങളില്‍ നിന്നു ഉളവായിരിക്കുന്നു. മേല്പോട്ടു കേറിക്കേറി പോയാല്‍ ഒരു ആരംഭത്തിങ്കല്‍ ചെന്നു നില്‍ക്കണം. ഈ വ്യവഹാരം ന്യായവിഹിതമെന്ന് എല്ലാ ദര്‍ശനക്കാരും സമ്മതിക്കുന്നില്ലയൊ?' (ഒരു സംവാദം, പുറം 23). 'വ്യാപദേശലക്ഷ്യങ്ങളോടു കൂടിയ അസംഖ്യം വസ്തുക്കള്‍കൊണ്ട് അഖിലാണ്ഡം നിറഞ്ഞിരിക്കുന്നു. നിര്‍ജ്ജീവ പദാര്‍ത്ഥങ്ങള്‍ മനുഷ്യരുടെ ഉപകാരത്തിനുകൊള്ളുവാന്‍ തക്കവണ്ണം പല ഗുണങ്ങള്‍ ഉള്ളവയായിരിക്കുന്നു. ഇങ്ങനെ വൈശേഷികന്മാരുടെ അര്‍ത്ഥത്തില്‍ ആവുന്നു ഗുണങ്ങള്‍ എന്നതിനെ ഞാന്‍ ഇവിടെ പ്രയോഗിക്കുന്നത്. കല്‍ ക്കരി എരിയുന്നു. കളിമണ്ണു കലവും കുടവുമാകുന്നു. ജലം വെടിപ്പാക്കുന്നു. ലോഹാദി തീയാല്‍ ഉരുകുന്നു. പിന്നെ ജീവജാലങ്ങള്‍ തങ്ങളുടെ വളര്‍ച്ച യ്ക്കും, വര്‍ദ്ധനവിനുംവേണ്ടി നിയമിക്കപ്പെട്ടിരിക്കുന്ന അതിശയ വ്യൂഹന ത്താല്‍ വിശേഷപ്പെട്ടിരിക്കുന്നു. വൃക്ഷങ്ങള്‍ തങ്ങളില്‍ നിറഞ്ഞിരിക്കുന്ന അസംഖ്യമായ സിരകളിലെ ദ്രവംകൊണ്ടു വളരുന്നു. മുളയും പൂവും ഫല ത്തിനു വഴി ഒരുക്കുന്നു. കുതിര, മാട്, ആന, ഒട്ടകം എന്നിവ തങ്ങളുടെ ശക്തിയും ചൊടിപ്പും മൂലം തങ്ങള്‍ക്കു മനുഷ്യര്‍ നിശ്ചയിക്കുന്ന വിവിധമായ വേലകള്‍ക്കു കൊള്ളുന്നവയായിരിക്കുന്നു. ഈ സംഗതികളില്‍ നിന്നു നാം മുറയ്ക്കു അനുമാനിക്കേണ്ടത് എന്ത്? ഒരു സചേതന ഭൂതത്താല്‍ - അവ ഉളവായതാകുന്നു എന്നു തന്നെയല്ലയോ? നിശ്ചേതന പ്രകൃതിക്ക് അയസ്കാന്തത്താല്‍ എന്നപോലെ ആകര്‍ഷിക്കപ്പെടുകയോ, പാലു ജനിപ്പിക്കുന്നതില്‍ പശുവിന്‍റെ അകിട് എന്നപോലെ വ്യാപരിക്കപ്പെടുകയോ ചെയ്യുന്ന തിനാല്‍ ഈ വസ്തുക്കളെ ഒക്കെയും ഉണ്ടാക്കുവാന്‍ കഴിയുമോ? അത് അസാദ്ധ്യം തന്നെ. എല്ലാ മനുഷ്യനും ഓരോ കൈക്ക് അയ്യഞ്ച് വിരലുള്ള തെന്ത്? എല്ലാവനും ഈ രണ്ടു കണ്ണുള്ളതു കാലില്‍ ആകാതെ തലയില്‍ ഇരിക്കുന്നതെന്ത്? അവനു രണ്ടു ചെവിയുള്ളതു തലയുടെ മുകളില്‍ ആകാതെ ഇരു വശത്തും ആയിരിക്കുന്നതെന്ത്? ഫലവൃക്ഷങ്ങള്‍ എപ്പോഴും ഒരുതരം ഫലം തന്നെ കായിക്കുന്നതെന്ത്? മാവേല്‍ മാങ്ങായും വാഴേല്‍ വാഴക്കായും അല്ലാതെ ഉണ്ടാവുന്നില്ല. നെല്ലു വിതച്ചാല്‍ ചാമ വിളയത്തില്ല. കറുത്ത നൂല്‍ കൊണ്ടു നെയ്താല്‍ കറപ്പുശീലയെ കിട്ടത്തുള്ളു. ലോകത്തില്‍ മുറയും ക്രമവും ചട്ടവും ആകുന്നു നടക്കുന്നത്. വെളിച്ചവും ഉഷ്ണവും വീശുന്നതിനു സൂര്യന്‍ ദിവസന്തോറും കിഴക്ക് ഉദിക്കുന്നു. ചന്ദ്രന്‍ തന്‍റെ പെണ്മയുള്ള ബിംബത്തെ രാത്രിയിലെ കാണിക്കുന്നുള്ളു. ആകയാല്‍ മനുഷ്യരുടെ ഗുണത്തിനും സുഖത്തിനുമായിട്ട് ക്രമവും ഭംഗിയും വ്യപദേശവുംകൊണ്ടു ലോകം നിറഞ്ഞിരിക്കുന്നുവെന്നു നാം കാണുന്നു. അത് അങ്ങനെ ആയിരിക്കുന്നതു ചൈതന്യവും ബുദ്ധിയുമുള്ള ഒരു ഭൂതത്താല്‍ നിര്‍മ്മിതമായതിനാല്‍ തന്നെ ആകുന്നു. ഈ വ്യപദേശങ്ങളുടെയും വേലകളുടെയും വിസ്തീര്‍ണ്ണതയില്‍ നിന്നും ഈ സചേതനകര്‍ത്താവിന്‍റെ മഹത്വത്തേയും നമുക്കു കണ്ടുകൊള്ളാം. പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവിനെക്കുറിച്ചു ന്യായത്തിലും വൈശേഷികത്തിലും യോഗത്തിലും കാണുന്ന ഉക്തികള്‍ സത്യത്തിന്നു വിരോധമായിരിക്കുന്നില്ലയെങ്കിലും അവന്‍റെ തേജസ്സിന്നും മഹിമയ്ക്കും തക്കതല്ലായ്കയാല്‍ ആക്ഷേപിക്കേണ്ടതായിരിക്കുന്നു. ഈ സംഗതിയെക്കുറിച്ചു പതജ്ഞലിയാല്‍ ചൊല്ലപ്പെട്ട അഭിപ്രായമെന്തെന്നു ദയയോടു പറഞ്ഞുകേള്‍പ്പിക്കുമോ പണ്ഡിതരേ' (ഒരു സംവാദം, പുറം 27, 28).

'മഹത്വത്തെക്കുറിച്ചു ഞങ്ങളുടെ വിജ്ഞാനികള്‍ അഭിന്നമതമായിരി കുന്നില്ല. മാന്യനായ വാചസ്പതി നാലു മതങ്ങളെ വിവരിക്കുന്നു. (1) ഉള്ളത് ഇല്ലാത്തതില്‍ നിന്നു വരാമെന്നു ചിലര്‍ പറയുന്നു. (2) ഇപ്പോള്‍ ഉണ്ടാകുന്നതു മുമ്പേയുള്ളതിന്‍റെ ഒരു മാറ്റം മാത്രമാണെന്നു ചിലര്‍ പറയുന്നു. (3) ഉള്ളതില്‍ നിന്ന് ഇല്ലാത്തത് ഉണ്ടാകാമെന്നു ചിലര്‍ പറയുന്നു. (4) ഉള്ളതില്‍നിന്നു ഉള്ളതു വരുന്നു എന്ന പൂര്‍വന്മാരുടെ വാദം. ഹിന്ദു വിജ്ഞാനികളില്‍ അധികംപേര്‍ ഈ ഒടുക്കം പറഞ്ഞതാകുന്നു സ്വീകരിക്കുന്നത്. സര്‍വലോകങ്ങളിലും കൂടെ ഒരു ഭൂതമല്ലാതെ രണ്ടില്ലെന്നു വേദാന്തികള്‍ വാദിക്കുന്നതാകയാല്‍ അവരുടെ ഈ അദ്വൈതം നിമിത്തം അവര്‍ ഈ തര്‍ക്കത്തെ അത്ര സാരമാക്കുന്നില്ല. എന്നാല്‍ ന്യായവും സാംഖ്യവും പലവിധമായ ഹേതുക്കളെ തരംതിരിക്കയും അവയുടെ വ്യാപാരത്തിനുള്ള പ്രമാണങ്ങളെ വിവരപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടു വക കാരണങ്ങള്‍ ഉണ്ടെന്നു ന്യായം പഠിപ്പിക്കുന്നു. സാധാരണ കാരണം കാര്യങ്ങളെ സംഭവിപ്പിക്കുന്ന കര്‍തൃകാരണം തന്നെ. പ്രത്യേക കാരണങ്ങളില്‍ നെയിത്തുകാരന്‍റെ പടപ്പുതടിയെന്നപോലെ നിമിത്ത കാരണങ്ങളും, മുണ്ടിന്‍റെ നൂല്‍ എന്നപോലെ സമവായി കാരണവും സമവായി കാരണങ്ങളുടെ സന്ധിയാകുന്ന അസമവായി കാരണവും ഉള്‍പ്പെട്ടിരിക്കുന്നു. ഒടുക്കം പറഞ്ഞതു ന്യായദര്‍ശനത്തിനു തനതാകുന്നു. സാംഖ്യം പ്രത്യേകം മൂന്നു കാരണങ്ങളെ പറയുന്നു. കുടത്തിനു കുശവനെന്നപോലെ കര്‍ത്തൃകാരണവും ചക്രം എന്നപോലെ കാരണകാരണവും മണ്ണു എന്നപോലെ ഉപാദനകാരണവും തന്നെ. ന്യായത്തിലെ അസമവായി കാരണത്തെ തള്ളിയാല്‍ രണ്ടിലും പറയുന്ന ശേഷം മൂന്നു കാരണങ്ങളും അത്ഥത്തില്‍ ഏകീഭവിച്ചിരിക്കുന്നു. നാമത്തിലെ വ്യത്യാസപ്പെടുന്നുള്ളു' (പുറം 18).

3. സംയുക്തി - ഇത് ഇംഗ്ലീഷുഭാഷയിലെ സുപ്രസിദ്ധ പ്രൗഢ കൃതിക ളില്‍ ഒന്നായ 'ബട്ടളേഴ്സ് അനാളജി' എന്ന ഗ്രന്ഥത്തിന്‍റെ ഒരു സ്വതന്ത്ര തര്‍ജ്ജമയാണ്. ആവിയായി പരിണമിപ്പാന്‍ എളുപ്പമുള്ള ഒരു ആസവസാരത്തെ ഒരു കുപ്പിയില്‍ നിന്നു വേറൊരു കുപ്പിയിലേക്ക് ഒട്ടുംതന്നെ നഷ്ടം കൂടാത്തവിധം പകരുന്നെടുത്തോളമോ, അതില്‍ കൂടുതലായിട്ടോ ഉള്ള പ്രയാസമാണു ശാസ്ത്രീയഗ്രന്ഥ തര്‍ജ്ജമയില്‍ ഗ്രന്ഥകാരന്മാരും സഹി ക്കേണ്ടി വരുന്നത്. ഗീവര്‍ഗ്ഗീസ് കത്തനാര്‍ അവര്‍കള്‍ മലയാള ഭാഷയില്‍ ആദ്യമായി ശാസ്ത്രീയ ഗ്രന്ഥം തര്‍ജ്ജമ ചെയ്യുന്ന കാലത്ത് നമ്മുടെ മാതൃഭാഷ സാങ്കേതികമായും ശാസ്ത്രീയമായും എത്രമാത്രം പദദാരിദ്ര്യം അനുഭവിച്ചിരുന്നുവെന്നു വായനക്കാരോടു ഞാന്‍ വിശേഷിച്ചു പറഞ്ഞറിയിക്കേണ്ടതായിട്ടില്ല. കത്തനാര്‍ അവര്‍കള്‍ 'ഒരു സംവാദം' എന്ന ശാസ്ത്രീയ മതവ്യവഹാരഗ്രന്ഥം തര്‍ജ്ജമ ചെയ്തു നാലു വര്‍ഷം കഴിഞ്ഞശേഷം മാത്രമാണ് റവ. ബെയിലി സായ്പ്പിന്‍റെ ഇംഗ്ലീഷ് മലയാള നിഘണ്ഡു തന്നെയും പുറപ്പെട്ടത്. മലയാള ഭാഷയ്ക്ക് ഏതാണ്ടൊക്കെ കൊഴുപ്പും തഴപ്പും കൈവന്നിട്ടുള്ള ഇക്കാലത്തുപോലും ശാസ്ത്രീയഗ്രന്ഥ തര്‍ജ്ജമ കൃശ്ച്റ സാദ്ധ്യമായിരിക്കുന്ന സ്ഥിതിക്ക്, ശാസ്ത്രീയ ഗദ്യസാഹിത്യത്തിനു പിളുന്തുകാല്‍ കൊണ്ടെങ്കിലും പിച്ചപ്പിച്ചനടക്കുന്നതിനു പിടിപ്പില്ലാതിരുന്ന അറുപത്താറു വര്‍ഷം മുമ്പ് ഇംഗ്ലീഷു ഭാഷയിലെ ഒന്നുരണ്ടു പ്രൗഢ ഗ്രന്ഥങ്ങള്‍ സ്വഭാഷയിലേക്കു തര്‍ജ്ജമ ചെയ്തു മലയാള ഭാഷാപോഷണം മുക്കാലും വിജയകരമാംവണ്ണം സാധിച്ച ഒരു പച്ച കേരളീയനായ നസ്രാണി വൈദികന്‍റെ വിശിഷ്ട നാമത്തെ മായിച്ചുകളയുന്നതിനോ മറച്ചുവയ്ക്കുന്നതിനോ മനുഷ്യഹൃദയമുള്ള മലയാളികള്‍ക്കു മനസ്സുണ്ടാവുമോ എന്നു സംശയമാണ്.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടു മൈനര്‍ പ്രായത്തില്‍ നിന്നു മേജര്‍ പ്രായത്തിലേക്കു തൃക്കാല്‍ വയ്ക്കുന്നതായ ഒരു കാലഘട്ടത്തില്‍ ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ ഗദ്യരീതി ഏതുവിധമായിരുന്നുവെന്നു കാണിപ്പാന്‍ 'സംയുക്തി'യില്‍ നിന്നു ചില ഭാഗങ്ങള്‍ ചുവടെ ഉദ്ധരിക്കാം.

'യുക്തി സിദ്ധിയുടെ സാരാംശം സമാനം എന്ന പദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്നു. അതായതു സ്വഭാവത്തില്‍ ആകട്ടെ, ലക്ഷണങ്ങളില്‍ ആകട്ടെ, സാഹചര്യങ്ങളില്‍ ആകട്ടെ, സത്യത്തോടു സമമായിരിക്ക തന്നെ. എന്തെന്നാല്‍ നാം ഒരു കാര്യം ഉള്ളതെന്നും സംഭവിച്ചതോ സംഭവിപ്പതോ എന്നും, നിശ്ചയിക്കുന്നത് സംഭവിച്ചതായി നാം കണ്ടിരിക്കുന്ന മറ്റു ചില സംഗതികളോടു, ചില ചേര്‍ച്ച തോന്നുകയാലാകുന്നു. ഇങ്ങനെ തോന്നുന്നതില്‍ നിന്നത്രെ ഒരു കാര്യം ഇന്ന സമയത്തും സ്ഥലത്തും പടുതിയിലും ഭവിച്ചു, എന്നെങ്കിലും ഭവിക്കും എന്നെങ്കിലും നാം സങ്കല്പിക്കുന്നത്. അത് ചിലപ്പോള്‍ മാത്രം ഭവിച്ചിട്ടുള്ളതായിക്കണ്ടാല്‍ ഊഹവും, മിക്കപ്പോഴുമായിരുന്നാല്‍ അഭിപ്രായവും, എല്ലായ്പ്പോഴുമായിരുന്നാല്‍ മുഴുസമ്മതവും മനസ്സില്‍ തോന്നിക്കും. ഇങ്ങനെ ഒരു ശിശു, ഇരുപതു വയസ്സു വരെ ഇരുന്നാല്‍ അതിനു പ്രൗഢ മനുഷ്യനൊത്ത പൊക്കവും ബലവും വരുമെന്നും, ഭക്ഷണം അതിന്‍റെ ജീവരക്ഷയ്ക്ക് ഉപകരിക്കുമെന്നും, ഇത്ര ദിവസത്തേക്കു ഉപജീവനം കൂടാതെ പാര്‍ത്താല്‍, അതിനു പ്രാണഹാനി വരുമെന്നും നാം വിശ്വസിക്കുന്നു. അങ്ങനെതന്നെ നാം ഏര്‍പ്പെടുന്ന വേലകള്‍ സാധിക്കുമോ ഇല്ലയോ എന്നു വിശ്വസിക്കുന്നതിനുള്ള പ്രമാണത്തിനും ഇന്നിന്ന പാങ്ങില്‍ ശേഷംപേര്‍ ഇന്നിന്ന പ്രകാരമൊക്കെയും ചെയ്യുമെന്നുള്ള സങ്കല്പനത്തിനും, ഇന്നയാന്തരത്തില്‍ നിന്നും ഇന്നവിധത്തിലുള്ള ക്രിയകള്‍ ഉത്ഭവിക്കുമെന്നുള്ള നിര്‍ണ്ണയത്തിനും, ഇവയെല്ലാം ആധാരം നമ്മേ സംബന്ധിച്ചെങ്കിലും മറ്റുള്ളവരെ സംബന്ധിച്ചെങ്കിലും, നാം വിശ്വസിക്കയും സങ്കല്പിക്കയും നിര്‍ണ്ണയിക്കയും ചെയ്യുന്നവയ്ക്കു സമമായി ചില സംഭവങ്ങളെ കണ്ടറിഞ്ഞിരിക്ക ആകുന്നു. ഉഷ്ണദേശത്തു മാത്രം പാര്‍ത്തു ശീലിച്ചിട്ടുള്ള ഒരു പ്രഭു ജലം എപ്പോഴും നീരുപോലെ ദ്രവരൂപമായി മാത്രം കണ്ടിട്ടുണ്ടായിരുന്നതിനാല്‍ ആയതു കല്ലുപോലെ കടുത്ത ശുഷ്ക്കദ്രവ്യമായിത്തീരും എന്നു കേട്ടാറെ അങ്ങനെ വരത്തില്ലെന്നു നിശ്ചയിച്ചതു യുക്താര്‍ത്ഥം തന്നെ. എന്നാല്‍ ശീതദേശങ്ങളില്‍ പരിചയിച്ചിട്ടുള്ളവര്‍ അക്കാര്യം അസാദ്ധ്യമല്ലെന്നും, എംഗ്ലാണ്ടു രാജ്യത്തു വരുന്ന മകര മാസത്തില്‍ ഇന്ന ദിവസി തുഷാരമുണ്ടാകുമെന്നതു സംഭാവ്യവും, ആ മാസത്തില്‍ എന്നെങ്കിലും ഒരിക്കല്‍ ഉണ്ടാവുമെന്നതു യുക്താര്‍ത്ഥവും, ശീതകാലത്തില്‍ വല്ലപ്പോഴും ഒരു സമയത്ത് ഉണ്ടാകും എന്നതു ന്യായനിശ്ചയവും ആകുന്നുവെന്നും യുക്തികൊണ്ടുതന്നെ നിര്‍ണ്ണയിക്കുന്നു' (പുറം 4). 'മരണം ജീവഗുണങ്ങളുടെ നാശമാകുന്നു' എന്നുള്ള ചിന്ത മുഴുവനും ആ ഗുണങ്ങള്‍ സമാസവും വിഭജ്യവും എന്നുള്ള നിയോഗത്തില്‍ നിന്നു വന്നതായിരിക്കണം. എന്നാല്‍ സ്വബോധം ഏകാന്തവും, നിര്‍ഭേദ്യവുമായ ഒരു ഗുണമാകയാല്‍ അതിനെ വഹിക്കുന്ന ഗുണിയും അങ്ങനെതന്നെ ആയിരിക്കണം. ദൃഷ്ടാന്തപ്പെടുത്തണം എങ്കില്‍ ഒരു ഭൂതാണുവിന്‍റെ ഗതി കേവലം ഏകാന്തവും അനംശ്യവുമാകയാല്‍ അതില്‍ ഒരു ഭാഗത്തിനു ഗതിയും മറുഭാഗത്തിനു സ്ഥിതിയുമാ യിരിക്ക അസംഭാവ്യം എന്നിരുന്നാല്‍ ഗതി ചെയ്യുന്ന വസ്തുവും ഏകാന്ത മായും അനംശ്യമായും ഇരിക്കെണം. എന്തെന്നാല്‍ അതിനെ രണ്ടായി വിഭാഗിപ്പാന്‍ കഴിയുമെങ്കില്‍ അതില്‍ ഒരു ഭാഗം ഇരിക്കെ, മറ്റേ ഭാഗത്തിന്നുഗതി ചെയ്യാം എന്നു വരും. അങ്ങനെ തന്നെ നാം ഇരിക്കുന്നു എന്നുള്ള സ്വബോധം, അതില്‍ ഏതാനും ഇവിടെയും, ഏതാനും അവിടെയും എന്നു വരിക അന്യോന്യം വിപരീതമാകത്തക്കവണ്ണം അനംശ്യമെന്നിരുന്നാല്‍ സ്വബോധമെന്ന ഗുണവും, അങ്ങനെതന്നെ അതു വസിക്കുന്ന ഗുണിയും അനംശ്യമായിരിക്കെണം. ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ഞാന്‍ എന്നു വിചാരിക്കുന്ന ജീവകര്‍മ്മി ഏകാന്തം എന്നിരിക്കട്ടെ - അതിനെ സമാസമെന്നു നിരൂപിക്കുന്നതിനെക്കാള്‍ ഏകാന്തമെന്നു കരുതുന്നതു പ്രയാസക്കുറവുള്ളതും മേല്പറഞ്ഞ സാക്ഷ്യമുള്ളതുമാകയാല്‍, ഏകാന്തമെന്നിരിക്കട്ടെ. അങ്ങനെയായാല്‍ ചുറ്റുമിരിക്കുന്ന മറ്റു ഭൂതങ്ങളെപ്പോലല്ലാതെ നമ്മുടെ ഇന്ദ്രിയ സ്ഥാപിത ശരീരങ്ങള്‍ നാം എങ്കിലും നമ്മില്‍ ഒരംശമെങ്കിലും ആകത്തില്ലെന്നു വരും. നമ്മില്‍ ഒരു ഭാഗമല്ലാത്ത ഭൂതങ്ങള്‍ക്കു നമ്മുടെ ഇപ്പോഴത്തെ ശരീരം, നമ്മുടെ വകയായിരിക്കുന്ന പ്രകാരത്തില്‍, നമുക്കുള്ളവയായിത്തീരാം എന്നതു വല്ല വസ്തുവിന്മേലും, നമുക്ക് അധീനമുണ്ടാകയോ, അതു നമുക്കു ഗ്രഹണത്തിനു ഹേതുവാകയോ ചെയ്യാം എന്നു നിരൂപിക്കുന്നിടത്തോളം എളുപ്പമാകുന്നു. നമുക്കു ശരീരത്തില്‍ എന്നപോലെ ശരീരം വിട്ടു വസിക്കയും, ഈ ശരീരത്തിലുള്ളതില്‍ നിന്നു തീരെ വ്യത്യാസമായ ഗുണങ്ങളും, ഇന്ദ്രിയങ്ങളും ഉള്ള ശരീരം പ്രാപിക്കയും, ഈ ശരീരത്തില്‍ നാം ഇപ്പോള്‍ ഇരിക്കുന്നതുപോലെ മറ്റു ശരീരങ്ങളില്‍ എങ്കിലും ചില ഭാവഭേദം വന്നിട്ടു ഇതില്‍തന്നെ എങ്കിലും വാഴുകയും ചെയ്യാം എന്നുള്ളതും സംഭാവ്യം എന്നു കാണാകുന്നതു തന്നെ. നാം പലതരമായ ശരീരത്തില്‍ പാര്‍ത്തിട്ടു അവയെല്ലാം നശിച്ചാല്‍, ആ നാശം ജീവകര്‍മ്മികളായ നമ്മെയാകട്ടെ, ജ്ഞാനത്തിനും, കര്‍മ്മത്തിനുമുള്ള ഗുണങ്ങളായ ജീവഗുണങ്ങളെയാകട്ടെ യാതൊരുവിധത്തിലും നാശത്തില്‍ ഉള്‍പ്പെടുത്തുകയില്ല. നമുക്കു ഗ്രഹണത്തിനു മുഖാന്തരമായി ദിവസവൃത്തിയില്‍ പ്രയോഗമുള്ളതായ മറ്റു വസ്തുക്കളുടെ നാശംപോലെ മാത്രമേ അതിനെ വിചാരിപ്പാനുള്ളു' (പുറം 15). യുക്തിസിദ്ധിയുടെ സ്വഭാവത്തേയും ആധാരത്തേയും അളവിനേയും കുറിച്ചു ഇനി അധികമായിട്ടു വിസ്തരിപ്പാനാകട്ടെ, സമാനത മനുഷ്യബുദ്ധിയില്‍ ഊഹത്തേയും അഭിപ്രായത്തേയും മുഴുസമ്മതത്തേയും വരുത്തുന്നത് എങ്ങനെ എന്നു ശോധന ചെയ്യാനാകട്ടെ, യുക്താര്‍ത്ഥക വ്യവഹാരങ്ങളില്‍ വരാകുന്ന അബദ്ധങ്ങളെ തെളിയിച്ചു കാണിച്ച് ഓര്‍മ്മപ്പെടുത്തുവാനാകട്ടെ, ഞാന്‍ ഭാവിക്കുന്നില്ല. അതു തര്‍ക്കശാസ്ത്രത്തിന്‍റെ ഒരു വിഷയമാകുന്നു. ആ ശാസ്ത്രത്തില്‍ ഈ ഒരു കാര്യം ഇതുവരെയും വേണ്ടുംപ്രകാരം വിസ്തരിച്ചു തെളിവാക്കപ്പെട്ടിട്ടുമില്ല. യുക്താര്‍ത്ഥക വ്യവഹാരത്തിന്‍റെ അറുതിയും വലിപ്പവും പ്രബലതയും എങ്ങനെയെല്ലാം വകതിരിച്ചു ക്രമപ്പെടുത്തണം എന്നുള്ളതിനെ ഞാനും ഖണ്ഡിക്കുന്നില്ല' (പുറം 5).

III

4. ഉപന്യാസങ്ങള്‍ - കത്തനാര്‍ അവര്‍കളുടെ ഉപന്യാസങ്ങള്‍ അക്കാ ലത്തേയും ഇക്കാലത്തേയും വിദ്വജ്ജനങ്ങളുടെ പ്രശംസയ്ക്കും പര്യാലോ ചനയ്ക്കും പാത്രീഭവിച്ചിട്ടുള്ളവയാണ്. സ്വതന്ത്രവും ധീരവുമായ ഒരു വിചാരഗതി അവയില്‍ സര്‍വ്വത്ര പ്രതിഫലിച്ചിട്ടുള്ളതായി കാണാം. സ്വന്തം യുക്തിയും, സ്വന്തം നിരീക്ഷണവും, സ്വന്തം അഭിപ്രായവുംകൊണ്ട് അദ്ദേഹത്തിന്‍റെ ഉപന്യാസങ്ങള്‍ ഓരോന്നും തന്നെ അനന്യത്വഗുണത്തോടു കൂടി പ്രകാശിക്കുന്നു. അവയിലെ ഭാഷ പ്രസന്നവും ലളിതവുമത്രെ. പ്രൗഢ വിഷയങ്ങളെ ലളിതമായും സംക്ഷിപ്തമായും വിവരിച്ചു ഒന്നാം വായനയ്ക്കു തന്നെ ആശയം സുവ്യക്തമാകത്തക്ക ഒരു ഭാഷാസരണിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 1040-ാമാണ്ടത്തെ മകരം ലക്കം വിദ്യാസംഗ്രഹം മാസികയില്‍ 'ഭൂമി ഉരുണ്ടതാവുന്നു' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ഉപന്യാസത്തില്‍ നിന്നു മാതൃകയ്ക്കായി ഒരു ഭാഗം താഴെ ചേര്‍ക്കുന്നു. 

"സകല വസ്തുക്കളുടെയും സ്വാഭാവികമായ രൂപം ഉരുണ്ടാവുന്നു. വിവിധമായ രൂപങ്ങളോടു കൂടിയ വസ്തുക്കള്‍ കൊണ്ടു ഭൂമി നിറഞ്ഞിരിക്കുമ്പോള്‍ ഈ വാക്ക് എങ്ങനെ ശരിയാകും എന്നു ചിലര്‍ക്കു തോന്നുമായിരിക്കും. എന്നാല്‍ മറ്റു രൂപങ്ങള്‍ വിശേഷാല്‍ ചില കാരണങ്ങള്‍ ഉണ്ടായിട്ടു വരുന്നതാകുന്നു. സ്വയമായി ഉണ്ടാവുന്ന രൂപം ഗോളം തന്നെ. ജലത്തുള്ളികള്‍ എല്ലായ്പോഴും ഉരുണ്ടാവുന്നു. പൊന്‍, വെള്ളി മുതലായ ലോഹാദികള്‍ മുശയിലിട്ട് ഉരുക്കി താനേയിരുന്നു ആറിക്കടുത്താല്‍ ഉരുണ്ടിരിക്കും. വെടി വെക്കുന്നതിനുള്ള ചില്ലുകള്‍ മണി പോലിരിക്കുന്നതു തല്ലിയുരുട്ടീട്ടല്ല: ഉരുക്കി ഒഴിക്കുന്നതിനാല്‍ താനെ അങ്ങനെ വന്നുകൊള്ളുന്നതാകുന്നു. പിന്നെയും ആകാശത്തില്‍ സഞ്ചരിക്കുന്ന ജ്യോതിഷ്ക്കങ്ങളില്‍ സൂര്യചന്ദ്രന്മാരുടെ രൂപം നമുക്കു വെറും കണ്ണിന്‍റെ കാഴ്ച കൊണ്ടും ഗ്രഹിക്കാവുന്നതാകുന്നു. ... ഭൂമിയില്‍ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നു തെക്കോട്ടോ, വടക്കോട്ടോ പ്രയാണം ചെയ്താല്‍ മാനത്തില്‍ കാണുന്ന നക്ഷത്രങ്ങളില്‍ മുന്‍വശത്തുള്ളവ കുറയശ്ശേ ഉയര്‍ന്നു വരികയും പുറവശത്തുള്ളവ അതില്‍ വണ്ണം താണുപോകയും ചെയ്യുന്നതു കാണാം. വിവരപ്പെടുത്തണം എങ്കില്‍, കാര്‍മേഘമില്ലാതെ നല്ല തെളിവായിരിക്കുന്ന ഒരു രാത്രിയില്‍ തിരുവനന്തപുരത്തു നക്ഷത്രബംഗ്ലാവില്‍ നിന്നും ഒരുത്തന്‍ നേരെ വടക്കോട്ടു നോക്കിയാല്‍ ധ്രുവന്‍ എന്നു പേരായ നക്ഷത്രം എട്ടര അക്ഷാംശം ഉയരത്തില്‍ നില്‍ക്കുന്നതു കാണാം. ഇത് അത്ര നല്ലവണ്ണം തെളിഞ്ഞു കാണാന്‍ തക്കവണ്ണം വലിപ്പമുള്ളതല്ല എങ്കിലും വലിയ സപ്തര്‍ഷികള്‍ എന്നു പേരായ സഞ്ചയത്തില്‍ രണ്ടു ശോഭയേറിയ നക്ഷത്രം ഇതിനു നേരെ ഏകദേശം 30 അക്ഷാംശം അകലെ നില്പുള്ളതാകകൊണ്ട് അവ ചക്രവാളത്തിനു മേലുള്ളപ്പോള്‍ അവയുടെ ചൊവ്വുപിടിച്ചു നോക്കിക്കൊണ്ടാല്‍ ഇതിങ്കല്‍ ദൃഷ്ടി ചെന്നെത്തുന്നതാകുന്നു. ഇവ എല്ലായ്പോഴും ധ്രുവന്നു നേരെ ചൂണ്ടുന്നതുകൊണ്ട് അവയില്‍ തെക്കുവടക്ക് എളുപ്പത്തില്‍ നിശ്ചയിക്കാവുന്നതാകുന്നു....' 'ഭൂമി ഒരു ഗോളമാകകൊണ്ട് അതിനു ചുറ്റുമുള്ള ഒരു വൃത്തത്തിനു 360 ഇലിയും (ഡിഗ്രി എന്ന ഇംഗ്ലീഷു പദത്തിനാണു കത്തനാര്‍ അവര്‍കള്‍ ഇലി എന്ന മലയാള വാക്കു പ്രയോഗിച്ചിട്ടുള്ളത്) ഓരോ അര്‍ദ്ധവൃത്തത്തിനു 180 ഇലിയും, ഓരോ പാദവൃത്തത്തിനു 90 ഇലിയുമുണ്ട്. എന്നാല്‍ ഭൂമി യുടെ ഉപരിഭാഗത്തുള്ള ഓരോ സ്ഥലത്തിന്‍റെ കിടപ്പു നിശ്ചയിക്കുന്നതു മദ്ധ്യരേഖയില്‍ നിന്ന് അത് ഇത്ര ഇലി വടക്ക്, അല്ലെങ്കില്‍ ഇത്ര ഇലി തെക്ക് എന്ന നിശ്ചയം പറയുന്നതിനാലാകുന്നു. എങ്ങനെയെന്നാല്‍ കൊച്ചി എന്ന സ്ഥലം മദ്ധ്യരേഖയില്‍ നിന്നു 10 ഇലി വടക്കാകുന്നു. കല്‍ക്കത്താ 23. ലണ്ടന്‍ 51.5. ഒരു ദിക്കിന്‍റെ പരിണാഹദൂരം എന്നു പറയുന്നതും ഇതു തന്നെ. ദൃഷ്ടാന്തം, കൊച്ചി 10 ഇലി വടക്കെ പരിണാഹദൂരത്താകുന്നു. മദ്രാസ് 13. ലണ്ടന്‍ 51.5, കല്‍ക്കത്താ 23.'

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലേക്ക് 20 തിരു വയസ്സു പ്രായമുള്ളപ്പോള്‍ - അതാവിത് അവിടുന്നു ബുക്കു കമ്മട്ടി പ്രസി ഡണ്ട് ഉദ്യോഗം കൈയേല്‍ക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ് ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ ധനതത്വശാസ്ത്ര സംബന്ധമായി എഴുതീട്ടുള്ള 'കൊഴു മുതലാണ്മ' എന്ന ഉപന്യാസത്തില്‍ നിന്നും അദ്ദേഹത്തിന്‍റെ ഉപന്യാസ ഭാഷാരീതി കാണിപ്പാനായി ഒരു ഭാഗം താഴെ ഉദ്ധരിക്കാം.

'എന്നാല്‍ ഇപ്പോള്‍ ഒരു പന്തീരാണ്ടായിട്ട് അധിക വില വന്നിരിക്കുന്നതു വസ്തുക്കളുടെ വില കൂടുതല്‍ കൊണ്ടല്ല നാണയങ്ങളുടെ വില കുറെച്ചല്‍ കൊണ്ടാകുന്നു എന്നു നിശ്ചയിക്കുന്നതിനു നല്ല ന്യായമുണ്ട്. ചില കാലങ്ങളില്‍ കൃഷിപ്പിഴകൊണ്ടു ധാന്യങ്ങള്‍ ചുരുക്കമായിത്തീരുമ്പോള്‍ അവയ്ക്കു വില കൂടുന്നതാകുന്നു. അങ്ങനെയുണ്ടാകുന്ന കൂടുതല്‍ ഏറെ നാളെക്കു നിലനില്‍ക്കുന്നതല്ല. പിറ്റെയാണ്ടില്‍ കൃഷി നല്ലവണ്ണം വിളയുമ്പോള്‍ പണ്ടത്തെപ്പടുതിയില്‍ത്തന്നെ തിരികെ വരുന്നതുമാകുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വിലക്കൂടുതല്‍ കുറെയൊക്കെ മായാതെയും അങ്ങനെതന്നെ നില്‍ക്കുന്നതാകയാല്‍ ആയതിന്‍റെ കാരണം മേല്പറഞ്ഞതല്ലെന്നു നിശ്ചയിക്കാം. പിന്നെ അതിന്‍റെ കാരണം എന്ത്? വസ്തുക്കളുടെ വിലക്കു സാക്ഷാല്‍ കൂടുതല്‍ ഇല്ലാതിരിക്കെ അവയുടെ വിലയെ അളക്കുന്ന നാണയങ്ങള്‍ക്കു വില കുറെച്ചല്‍ വന്നാലും വസ്തുക്കള്‍ക്കു വില കൂടിയപ്രകാരം തോന്നുന്നതാകുന്നു. എന്തെന്നാല്‍ നമ്മുടെ ചുറ്റുമുള്ള വസ്തുക്കള്‍ സ്ഥിരമായിരിക്കെ നാം മാറുമ്പോള്‍ അവയ്ക്കു മാറ്റം വരുന്നപ്രകാരം നമ്മുടെ കാഴ്ചയ്ക്കു തോന്നുന്നതാകുന്നു. നാം ഒരു വള്ളത്തേല്‍ വടക്കോട്ടു പോകു മ്പോള്‍ നമ്മുടെ ഇരുവശത്തുമുള്ള കരകള്‍ വൃക്ഷാദികളോടു കൂടെ തെക്കോട്ടു പോകുന്നതുപോലെ നമുക്കു തോന്നുന്നു. അപ്രകാരം നാണയങ്ങള്‍ക്കു വില കുറഞ്ഞു വന്നാല്‍ വസ്തുക്കള്‍ക്ക് ആകപ്പാടെ വില കൂടിയ പ്രകാരം കാണപ്പെടും. എന്നാല്‍ നാണയങ്ങള്‍ക്കു വിലക്കുറവു വരുന്നത് എങ്ങനെ? അവയുടെ തൂക്കത്തിലും മാറ്റിലും വ്യത്യാസം വരുത്തുമ്പോള്‍ തന്നെയല്ല. അവയുടെ സാധനങ്ങളാകുന്ന പൊന്‍, വെള്ളികള്‍ക്കു വിലെക്കുറെച്ചല്‍ വരുമ്പോഴും അങ്ങനെ വരുന്നതാകുന്നു. നാണയങ്ങള്‍ക്കു  വിലയുള്ളത് അവയിന്മേല്‍ രാജമുദ്രയുള്ളതിനാല്‍ ആകുന്നു എന്നും, അവയുടെ സാധനങ്ങളായിരിക്കുന്ന പൊന്‍, വെള്ളികള്‍ക്കു വില വന്നത് അവയുടെ വില കൊണ്ടാകുന്നു എന്നും പക്ഷേ ഒട്ടുപേര്‍ വിചാരിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ അത് അബദ്ധം തന്നെ. കാര്യം നേരേ മറിച്ചാകുന്നു. എന്തെന്നാല്‍ പൊന്‍, വെള്ളികളുടെ വില കൊണ്ടും അവയുടെ വിലപ്രകാരവുമാകുന്നു, നാണയങ്ങള്‍ക്കു വില വരുന്നത്. രാജമുദ്രകൊണ്ടാകുന്നു എങ്കില്‍ അതു പവനിന്മേലും രൂപാമേലും തുട്ടിന്മേലും ഒരുപോലെയുള്ളതാകയാല്‍ എല്ലാത്തിനും വില ഒന്നായിരിപ്പാന്‍ ന്യായമുണ്ട്. എന്നാല്‍ അത് അങ്ങനെ വരുന്നില്ലല്ലോ. ആകയാല്‍ രാജമുദ്രകൊണ്ടുള്ള സാദ്ധ്യം മാറ്റും പണവിടയും നിശ്ചയപ്പെടുത്തുന്നതു മാത്രമാകുന്നു എന്ന് അറിഞ്ഞുകൊള്ളാം. വസ്തുക്കളുടെ വില അവയുടെ സാക്ഷാലുള്ള ഉപകാരം പോലെയല്ല. അവ കിട്ടുന്നതിനുള്ള പ്രയാസം പോലെയാകുന്നു. ഇരിമ്പുലോഹാദികളിലേക്കു മനുഷ്യന് ഉപകാരം ഏറിയതുതന്നെ എങ്കിലും അത് എളുപ്പത്തില്‍ കിട്ടുന്നതാകയാല്‍ എല്ലാറ്റിലേക്കും വില കുറഞ്ഞതായിരിക്കുന്നു. വായു കഴിഞ്ഞാല്‍ വെള്ളത്തെക്കാള്‍ ആവശ്യമായിട്ടു മനുഷ്യര്‍ക്കു മറ്റൊന്നുമില്ല. എങ്കിലും അതിനോളം വിലയില്ലാത്തതായിട്ടു പിന്നൊന്നുമില്ലല്ലോ' (1040 മീനം, പുസ്തകം 4, പുറം 150).

ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ വേദാന്തവിഷയമായി 'അദ്വൈതം' എന്ന പേരില്‍ എഴുതീട്ടുള്ള വേറൊരു ഉപന്യാസത്തിലെ ഭാഷാരീതി കണ്ടാലും.

'അഖിലാണ്ഡം എല്ലാം ബ്രഹ്മം ആകുന്നു. ഈ ഉക്തി വേദാന്ത ഉപനിഷത്തുകളില്‍ ഒക്കെയും ഭാഷമാറ്റമായി പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അഖിലാണ്ഡം അവനില്‍നിന്നു ഉത്ഭവിച്ചതു ഇന്നപ്രകാരമെന്നു കാണിക്കുന്നതിനു വളരെ നിദര്‍ശനങ്ങളേയും അവയില്‍ കാണുന്നു. ചിലന്തിയില്‍നിന്നു നൂലും, ഭൂമിയില്‍നിന്നു സസ്യവും, ജീവ ജന്തുക്കളില്‍നിന്നു രോമവും, ഏതുപ്രകാരം ഉണ്ടാകുന്നുവൊ അപ്രകാരം അക്ഷയഭൂതമായ ബ്രഹ്മത്തില്‍നിന്നു അഖിലാണ്ഡം ഉണ്ടായിരിക്കുന്നു.' 'നേരെ മറിച്ചു പല തരത്തിലുള്ള ഒറ്റവസ്തുക്കളെ അവന്‍റെ പ്രകടീകരണത്തിന്‍റെ എണ്ണങ്ങളായി പല സ്ഥലങ്ങളിലും കാണിച്ചിരിക്കുന്നു. അവന്‍ അഗ്നിയാകുന്നു. അവന്‍ സൂര്യനും ചന്ദ്രനുമാകുന്നു. അവന്‍ വായുവാകുന്നു. അവന്‍ വെള്ളമാകുന്നു. നീ സ്ത്രീയാകുന്നു. നീ പുരുഷനാകുന്നു. നീ യുവാവാകുന്നു. നീ യുവതിയാകുന്നു. പിറന്ന വസ്തു എല്ലാം, പറക്കുന്നതൊക്കെയും കാലങ്ങളും നീ തന്നെ. നീ സമുദ്രമാകുന്നു. അഖിലാണ്ഡം നിന്‍റെ മുഖമാകുന്നു. എന്നിങ്ങനെയുള്ളവ തന്നെ.' 'തീപ്പൊരി തീയുടെ അംശമായിരിക്കുന്നതുപോലെ ആത്മാവും ഈശ്വരന്‍റെ അംശമാകുന്നു എന്നു വേദവ്യാസന്‍ തെളിവായിട്ടു പറയുന്നു. അവര്‍ തമ്മിലുള്ള സംബന്ധം സമസ്തവും ശകലവും തമ്മിലുള്ളതാകുന്നു, ശരീരം നിര്‍മാണമായപ്പോള്‍ ബ്രഹ്മം അതിനകത്തു പ്രവേശിച്ചു. അവിടെ സ്ഥിതമായിരിക്കുന്ന ഹൃദയകമലത്തിന്മേല്‍ വാസമായി എന്ന് ഉപനിഷത്തുകളില്‍ ചൊല്ലിയിരിക്കുന്നു. ആകയാല്‍ ദേഹത്തിനു അതിന്‍റെ നവദ്വാരങ്ങളോടു കൂടെ ബ്രഹ്മത്തിന്‍റെ പട്ടണം എന്നു പേരായിരിക്കുന്നു' (വിദ്യാസംഗ്രഹം, പുസ്തകം 4, ലക്കം 1, പുറം 162. ആണ്ട് 1040).

തിരുവിതാംകൂറില്‍ ആദ്യമായി മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റ് സ്ഥാപിച്ചതിനെ വിഷയീകരിച്ചു 'സാധാരണ ചികിത്സാശാല' എന്ന തലക്കെട്ടില്‍ ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ കൊല്ലം 1039 തുലാത്തില്‍ എഴുതീട്ടുള്ള ഒരു വിമര്‍ശനോപന്യാസം കത്തനാരുടെ പ്രതിപാദനരീതിയുടെ സൗകുമാര്യത്തിന് ഉത്തമ ലക്ഷ്യമായതിനാല്‍ അതില്‍ നിന്നു കൂടിയും ഒരു ഭാഗം താഴെ ഉദ്ധരിച്ചുകൊള്ളുന്നു.

'എന്നാല്‍ ഹിന്ദുശാസ്ത്രങ്ങളില്‍ ഒട്ടും ഊടമില്ലാത്ത ചില യൂറോപ്യ ന്മാര്‍ക്കും, യൂറോപ്യവിദ്യകളില്‍ അല്പം അറിവു കിട്ടീട്ടുള്ള ഹിന്ദുക്കളില്‍ പലര്‍ക്കും പതിവായിരിക്കുന്നതിന്‍വണ്ണം ഞങ്ങള്‍ ഹിന്ദുവിജ്ഞാനത്തെ അശേഷമേ ധിക്കരിക്കുന്ന കൂട്ടത്തില്‍ ഉള്ളവരല്ല. ഇപ്പൊഴത്തെ ക്ഷയിച്ച അവസ്ഥയില്‍ത്തന്നെയും, അവരുടെ ശാസ്ത്രങ്ങളില്‍ പല ഒത്ത പ്രമാണങ്ങളും നല്ലയുപദേശങ്ങളും കാണ്മാനുണ്ടെന്നു ഞങ്ങള്‍ മനഃപൂര്‍വമായി സമ്മതിക്കയും അതില്‍ ഞങ്ങള്‍ സന്തോഷത്തോടു പുകഴുകയും ചെയ്യുന്നു. പ്രത്യേകം അവരുടെ വൈദ്യശാസ്ത്രം തീരെ തള്ളേണ്ടുന്നതെങ്കിലും തള്ളാകുന്നതെങ്കിലും അല്ല. രോഗനിദാനത്തേക്കുറിച്ചു അവര്‍ പറയുന്ന ലക്ഷണങ്ങള്‍ പലതും ഒത്തതും രോഗശമനത്തിനായിട്ട് അവര്‍ നിശ്ചയിച്ചിരിക്കുന്ന അനേകം യോഗങ്ങള്‍ ഫലിക്കുന്നതും തന്നെ എന്നു ശരിയെ സമ്മതിക്കേണ്ടുന്നതാകുന്നു. നാട്ടുകാരുടെ പ്രയോഗങ്ങളില്‍ യൂറോപ്യന്മാര്‍ ഇതുവരെ തീരെ നിന്ദിച്ചിട്ടിരുന്നതില്‍ ചിലതു ഇപ്പോള്‍ സമവികരണത്തിലെ (ഒീാലീുമവ്യേ. ഹോമിയൊപ്പതി എന്ന ഇംഗ്ലീഷു വാക്കിനു കത്തനാര്‍ അവര്‍കള്‍ കൊടുത്തിട്ടുള്ള സമവികരണം എന്ന ഭാഷാപദം എത്ര അര്‍ത്ഥവത്തായിരിക്കുന്നു) മാര്‍ഗ്ഗത്തോടു ഒത്തു കാണുന്നു. മലയാളികള്‍ക്ക് അസാദ്ധ്യമായിക്കണ്ട ചില വ്യാധികളെ എംഗ്ലീഷന്മാര്‍ എളുപ്പത്തില്‍ പൊറുപ്പാക്കീട്ടുണ്ട്. നിശ്ചയം തന്നെ. എന്നാല്‍ ഇവര്‍ ആകുന്നതൊക്കെയും നോക്കീട്ടു കഴിയാഞ്ഞ ചില ദീനങ്ങളെ അവരും ഭേദമാക്കിക്കാണും സംശയമില്ല. പിന്നെയും രോഗങ്ങള്‍ക്കു ദേശഭേദംപോലെ ചില വ്യത്യാസമുള്ളതും അവിടവിടെ പ്രത്യേകമായിരിക്കുന്ന വ്യാധികള്‍ക്കു അവിടവിടെ വിശേഷാല്‍ ഔഷധങ്ങള്‍ കാണുന്നതുമാകയാല്‍ ഇങ്ങനെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കു വേണ്ടുന്ന മരുന്നുകളെക്കുറിച്ചു യൂറോപ്യന്മാര്‍ക്കും ഇതുവരെ അത്ര പരിജ്ഞാനം വന്നിട്ടില്ല. എന്നാല്‍ നാട്ടുകാരൊ അവയെ ഏറിയ കാലമായിട്ടു പ്രയോഗിച്ചു തഴക്കം വന്നിട്ടുള്ളവരാകയാല്‍ അവയുടെ ഫലത്തേയും വീര്യത്തേയും കുറിച്ച് അവര്‍ക്കു നല്ല തിട്ടം വന്നിരിക്കുന്നു. എന്നതുകൊണ്ടു ധര്‍മ്മരാജാവ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ഈ ചികിത്സാശാലയില്‍ ഒരു ഭാഗം തക്ക ചട്ടംകെട്ടുകളോടു കൂടെ നാട്ടുവൈദ്യം ചെയ്യുന്നതിനും, അഭ്യസിപ്പിക്കുന്നതിനുമായിട്ടു നിയമിക്കപ്പെട്ടാല്‍ അതു ഉപകാരദോഷം എന്നു വരികയില്ല. ഈ രണ്ടു വകയും ഒരു സ്ഥലത്തു തന്നെ ആകുന്നതിനാല്‍ വിശേ ഷാല്‍ ചില നല്ല സാദ്ധ്യങ്ങളുമുണ്ട്. എന്തെന്നാല്‍ ഈ രണ്ടു വകയും തമ്മിലുള്ള ഭേദാഭേദങ്ങളും ദോഷഗുണങ്ങളും രണ്ടു കൂട്ടക്കാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ഇതിനാല്‍ പഠിച്ചു തമ്മില്‍ ഒത്തു നോക്കി ചില പുതുപ്രമാണങ്ങളേയും പ്രയോഗങ്ങളേയും കണ്ടുപിടിക്കാകുന്നതാകുന്നു' (1039 തുലാം, പുസ്തകം 2, ലക്കം 1, പുറം 57-58). 

(ഇംഗ്ലീഷു ചികിത്സയോടൊപ്പം ആര്യവൈദ്യത്തേയും തിരുവിതാംകൂര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഒരു ഉപവകുപ്പാക്കി പ്രോത്സാഹിപ്പിക്കേണ്ടതു രാജ്യരക്ഷയ്ക്ക് ഒഴിച്ചുകൂടാത്ത ഒരു ആവശ്യമാണെന്ന് ഇന്നത്തെ രാജ്യഭരണ കുശലന്മാര്‍ അഭിപ്രായപ്പെടുന്നതിനു അറുപത്തിനാലു കൊല്ലം മുമ്പ് കത്തനാര്‍ അക്കാര്യം സുവ്യക്തമായി ദീര്‍ഘദര്‍ശനം ചെയ്തിരിക്കുന്നു. അദ്ഭുതം!)

സമുദായശാസ്ത്ര സംബന്ധമായി ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ക്കുണ്ടായിരുന്ന അഗാധജ്ഞാനത്തേയും, വിദൂരനിരീക്ഷണ ചതുരതയേയും പ്രസ്പഷ്ടമാക്കുന്ന ഒരു ദീര്‍ഘോപന്യാസമാണ് അദ്ദേഹത്തിന്‍റെ 'മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍.' കേരളരാജ്യത്തു ശൂദ്രജാതി എന്നോ നായര്‍ സമുദായമെന്നോ ഒരു സമുദായവ്യക്തി ആവിര്‍ഭവിച്ചതിനു ശേഷം അവരുടെ ഇടയിലുള്ള മരുമക്കത്തായത്തിന്‍റെ ദോഷവശങ്ങളെപ്പറ്റി ആദ്യമായി പ്രസ്താവിച്ചയാള്‍ ഒരു നസ്രാണിയാണെന്നുള്ളതു ക്രിസ്ത്യന്‍ സമുദായത്തിനു, നായര്‍ സമുദായം ഭൂമുഖത്തുള്ള കാലത്തോളം അഭിമാനകരമായിട്ടുള്ളതാണ്. മരുമക്കത്തായം കൊണ്ടു രാജ്യത്തിനും, കുടുംബത്തിനും രാഷ്ട്രീയമായും, സാമുദായികമായും, സാമ്പത്തികമായും, സാന്മാര്‍ഗ്ഗികമായും നേരിടുന്നതും നേരിടാവുന്നതുമായ ദോഷങ്ങളെ സംബന്ധിച്ചു കത്തനാര്‍ അവര്‍കള്‍ അതി ദീര്‍ഘമായ ഇരുപത്തൊന്നു പാരാകളിലായി അത്യന്തം പാണ്ഡിത്യപൂര്‍വ്വം വ്യവഹരിച്ചിരിക്കുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലേക്ക് ഇരുപത്തൊന്നു തിരുവയസ്സു പ്രായമുള്ള കാലത്തു ഗീവറുഗീസു കുത്തനാര്‍ അവര്‍കളുടെ സ്വന്തം ചിന്താ സന്താനമായി പുറപ്പെട്ട ഈ ഒരു ദീര്‍ഘോപന്യാസം, അക്കാലത്തു കേരളത്തിലുണ്ടായിരുന്ന വിചാരശക്തിയുള്ള സര്‍വ നായര്‍പ്രമാണികളുടെയും ഹൃദയപഥത്തില്‍ ഒരു പുതിയ ദീപം കൊളുത്തിവച്ചുവെന്നുള്ളതിനു സര്‍ ടി. മാധവറാവു ദിവാന്‍ജിയുടെ അനുമോദനക്കത്തിലെ ചില വാചകങ്ങള്‍ തന്നെ ലക്ഷ്യമാണ്. ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ എന്തൊരു രാജ്യഭരണതന്ത്രജ്ഞനും, സമുദായശാസ്ത്രജ്ഞനും, ധനശാസ്ത്രജ്ഞനുമായിരുന്നുവെന്ന് - അദ്ദേഹം ആള്‍ ആരായിരുന്നുവെന്നു ശരിക്കു കണ്ടറിയുന്നതിന് അദ്ദേഹത്തിന്‍റെ ഈ ഒരൊറ്റ ഉപന്യാസം മാത്രം മതിയാവുന്നതാണ്. പ്രബന്ധത്തിലെ 16 ഉം 18 ഉം പാരാകളില്‍ നിന്നു ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

'ദായാദിക്കാര്‍ തമ്മില്‍ വഴക്കും തര്‍ക്കവും ഉണ്ടായാല്‍ അതില്‍വെച്ചു വരുന്ന രോഷം ഇത്രമാത്രമെന്നു പറയാവതല്ല. പിണക്കത്തിനുള്ള ഹേതുക്കള്‍ അസംഖ്യമാകുന്നു. അവര്‍ തമ്മില്‍ ദേഹസംബന്ധമുണ്ടെന്നു വെച്ചു ബുദ്ധിയിലും ശീലത്തിലും യോജിച്ചുവരെണം എന്നില്ല. പൊതുവിലുള്ള വരവുചെലവു മുതലായ സംഗതികളെപ്പറ്റി അഭിപ്രായഭേദങ്ങളും വഴക്കുകളും വരാകുന്നതു കൂടാതെ, അവരില്‍ ഒട്ടുപേര്‍ തറവാട്ടു ദ്രവ്യത്തെ ദുര്‍വ്യയത്താല്‍ നശിപ്പിക്കുന്നുവെന്നും, ഒട്ടുപേര്‍ മോഷ്ടിച്ചും അപഹരിച്ചും തനതാകുന്നു എന്നും ശേഷംപേര്‍ക്കു തോന്നീട്ടു കോയ്മവ്യവഹാരങ്ങള്‍ക്കും മറ്റും കാരണമുണ്ടായി വളരെ നഷ്ടത്തിനും, നശിപ്പിന്നും ഇട വന്നേക്കാം. നായന്മാരുടെ ഇടയില്‍ ഇപ്രകാരമുള്ള സംഭവങ്ങള്‍ അപൂര്‍വമല്ലെന്നു അവരുമായിട്ട് ഇടെച്ചില്‍ ഉള്ളവര്‍ക്കു ഒക്കെയും കണ്ടു ബോധിക്കാവുന്നതാകുന്നു. 'തനിക്കു താന്‍ വിരോധമായിപ്പിരിഞ്ഞിരിക്കുന്ന ഭവനമാകട്ടെ, രാജ്യമാകട്ടെ നശിച്ചുപോകും' എന്നു ചൊല്ലുണ്ടല്ലോ. പിന്നെയും വസ്തുവകകള്‍ പൊതുവിലായിരിക്കുമ്പോള്‍ അവയെ നശിപ്പിച്ചുകളയുന്നതിന് അവകാശികളില്‍ ഒരുത്തന്‍ ദോഷിയോ, ധൂര്‍ത്തനോ ആയിരുന്നാല്‍ മതി. പലരുള്ളിടത്തു ഒരുത്തനെങ്കിലും അങ്ങനെ വരാതിരിക്കുന്നതു ദുര്‍ലഭമാകുന്നു. നന്നാക്കി പുഷ്ടി വരുത്തിക്കൊണ്ടു പോകുന്നതിന് ഒന്നുരണ്ടു പേര്‍ താല്പര്യക്കാരായിരുന്നാല്‍ പോരാ. എല്ലാവരും ഒരുപോലെ മനസ്സുവെക്കണം. കലഹത്തിന് ഒരുത്തന്‍ എല്ലാം വേണ്ട. സമാധാനത്തിനു എല്ലാവരും ഒരുമ്പെട്ടാലും ചിലപ്പോള്‍ അസാദ്ധ്യം ആകയാല്‍ ഒരുവന്‍ ധാരാളിയോ, ധൂര്‍ത്തനോ, മുടിയനോ ആയിത്തിരിയുമ്പോള്‍ ശേഷം പേരുടെ  ഗുണദോഷവും ശാസനയുംകൊണ്ട് അവന്‍ നന്നാകുന്നതിനു പകരം അവനെ കണ്ടു പഠിച്ചും തോല്പിച്ചും ശേഷംപേരും, അവനെപ്പോലെ മുടിപ്പന്മാരായിത്തീരുവാന്‍ ആകുന്നു അധികയെളുപ്പം. ഇതിന്‍വണ്ണമായാല്‍ ഭവനനാശം ക്ഷണത്തില്‍ കഴിയുമെന്നുള്ളതിനു തര്‍ക്കും വേണ്ടാ. ഒരുത്തന്‍റെ വീതമുള്ള മുതലിന്മേല്‍ അവനു മാത്രം കാര്യമുള്ളതാകയാല്‍, മറ്റാര്‍ക്കും അവന്‍റെ മുതലിനെ നശിപ്പിപ്പാന്‍ അധികാരം കാണുകയില്ല. ഇങ്ങനെ ആണുങ്ങള്‍ക്കു തിരിച്ചുകിട്ടുന്ന മുതല്‍, അവരുടെ മക്കള്‍ക്കെങ്കിലും മരുമക്കള്‍ക്കെങ്കിലും, മനസ്സുപോലെ കൊടുക്കാവുന്നതാകയാല്‍ അതില്‍വെച്ച് ആര്‍ക്കും വിരോധം പറയുന്നതിനു വകയില്ല. എന്നാല്‍ പത്നീവ്രതമാരായി പാര്‍പ്പാന്‍ മനസ്സുള്ള പുരുഷന്മാര്‍ക്കു തങ്ങളുടെ ഭാര്യന്മാരെ തനതുവീട്ടില്‍ കൊണ്ടു പോയി രക്ഷിച്ചു തങ്ങള്‍ ദേഹണ്ഡിച്ചുണ്ടാക്കുന്ന മുതലോടു കൂടെ ഭവനത്തു നിന്നു തങ്ങള്‍ക്കു വീതം തിരിച്ചുകിട്ടുന്നതും കൂടെ തങ്ങളുടെ മക്കള്‍ക്കു കൊടുക്കാവുന്നതാകുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ ഒരു വേള ആദ്യം ചുരുക്കമായിരിക്കും. എങ്കിലും കാലക്രമത്തിനു വര്‍ദ്ധിച്ചു വരും എന്നുള്ളതിനു സംശയമില്ല. ഇതിനെപ്പറ്റി സങ്കടം പറവാനുണ്ടെങ്കില്‍ അതു പെങ്ങന്മാര്‍ക്കും മരുമക്കള്‍ക്കുമാകുന്നു. തറവാട്ടുമുതല്‍ പകുതി ചെയ്തു ആണുങ്ങള്‍ക്കു വീതം കൊടുക്കാതിരുന്നു എങ്കില്‍ അതു മുഴുവനും അന്യഭവനത്തു പോകാതെ തങ്ങള്‍ക്കു കിട്ടുമായിരുന്നു എന്ന് അവര്‍ക്ക് പറയാം. എന്നാല്‍ സൂക്ഷ്മം വിചാരിക്കുമ്പോള്‍ ഇതു പെണ്ണുങ്ങള്‍ക്കും ദോഷമുള്ളതല്ല. അവര്‍ക്കും ഗുണമായിത്തീരുന്ന ഒരു ചട്ടമാകുന്നു. അവരുടെ വീതത്തിനു തിരിച്ചുകിട്ടുന്ന മുതലിന്മേല്‍ അവരുടെ ആങ്ങളമാര്‍ക്കു ഉപദ്രവം ചെയ്യുന്നതിനു പാങ്ങില്ലായ്കകൊണ്ട് അവര്‍ക്ക് സമ്മതമുണ്ടായിരുന്നാല്‍ അതിനെ അവരുടെ ഭര്‍ത്താക്കന്മാരുടെ അധീനത്തിലാക്കി ദുരിശമായിട്ടു ചിലവിടുകയും, ഉത്സാഹത്തോടു വര്‍ദ്ധിപ്പിക്കുകയും ചെയ്യാവുന്നതു കൂടാതെ അവരുടെ ഭര്‍ത്താക്കന്മാരുടെ വീതമുള്ള മുതലും അവര്‍ക്കും അവരുടെ മക്കള്‍ക്കും വന്നുചേരുന്നതാകുന്നു. ഇങ്ങനെ വസ്തുവക വിഭാഗിക്ക നടപ്പാക എന്നു വന്നാല്‍ ക്രമത്തിനു മരുമക്കത്തായം നീങ്ങി മക്കത്തായം നടന്നുപോകുന്നതാകുന്നു. ഇവ രണ്ടും തമ്മില്‍ വേരും ഇലച്ചിലുംപോലെ സംബന്ധപ്പെട്ടിരിക്കയാല്‍ രണ്ടില്‍ ഏതിനെങ്കിലും ഒന്നിനു വരുന്ന കേടു രണ്ടിനും ഒരുപോലെ തട്ടുന്നതാകുന്നു. വേരു പറിച്ചാല്‍ ഇലച്ചിലിനു ക്ഷണത്തില്‍ കേടുവരുന്നു. നാമ്പ് കൂടെക്കൂടെ നുള്ളിയാല്‍ വേരിനും കാലക്രമത്തിനു കേടു തട്ടുന്നതാകുന്നു. ഇങ്ങനെ പകുതി ചെയ്തു പിരിയുന്നതില്‍ വെച്ചു ഏനക്കേടുണ്ടെങ്കില്‍ അതു നായന്മാര്‍ക്കു പൊതുവില്‍ പറവാനുള്ളതല്ല; ചില തറവാട്ടുകാര്‍ക്കു പ്രത്യേകമുള്ളതാകുന്നു. തറവാട്ടുകാര്‍ക്കു രാജാംഗം, പ്രഭുത്വം, മാടമ്പ് മുതലായ ചില സ്ഥാനമാനങ്ങള്‍ ഉള്ളതു വിഭാഗിക്കപ്പെടുവാന്‍ കഴിയാത്തതാകയാല്‍ അത് ഏതു കൈവഴിയില്‍ നിലനിന്നുപോകണം എന്നുള്ളതിനേക്കുറിച്ചു തര്‍ക്കങ്ങള്‍ ഉണ്ടാകാം. അതു ആണ്‍വഴിയിലോ പെണ്‍വഴിയിലോ എങ്ങനെയെങ്കിലും ഒരു ക്രമത്തില്‍ നിശ്ചയിച്ചു ചട്ടപ്പെടുത്താകുന്നതാകുന്നു. ... ആകയാല്‍ നായന്മാരോടു ഞങ്ങള്‍ സ്നേഹത്തോടും താല്പര്യത്തോടും പറയുന്ന ഗുണദോഷം അവരുടെ ഇടയില്‍നിന്നും മരുമക്കത്തായം നീങ്ങി മക്കത്തായം നടപ്പാക്കുന്നതിനും, അവര്‍ എണ്ണത്തിലും ദ്രവ്യത്തിലും ക്ഷയിക്കാതെ വര്‍ദ്ധിച്ചുവരുന്നതിനുമായിട്ടു അവരുടെ വസ്തുവക പകുതി ചെയ്തു പിരിയണം എന്നാകുന്നു. ആടുമാടുകളുടെ കൂട്ടങ്ങള്‍ എണ്ണത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അവയെ പലതായിട്ടു പിരിച്ചില്ലെങ്കില്‍ അവ ഏറാതെ കുറഞ്ഞു വരുന്നതു നാം കാണുന്നു. ഒരു മൂട്ടില്‍ കണക്കുവിട്ടു അധികം വാഴ നിന്നാല്‍ വിത്തും അധികമായി മുളക്കത്തില്ല. നില്‍ക്കുന്നതിനും തഴപ്പുകുറഞ്ഞിരിക്കും. നേരെ മറിച്ചു പിരിച്ചുവച്ചാല്‍ അവയില്‍ ഓരോന്നു നല്ലവണ്ണം തഴച്ചുവന്നിട്ടു വളരെ വിത്തുള്ള മൂടുകളായിത്തീരുന്നു. അപ്രകാരം തന്നെ ഒരു വീട്ടില്‍ ഒന്നിച്ചു കിടക്കാതെ പിരിഞ്ഞാല്‍ നിങ്ങളും എണ്ണത്തിലും ദ്രവ്യത്തിലും വര്‍ദ്ധിച്ചു വരും. ഇതു കീഴുമര്യാദയ്ക്കു വിരോധം എന്നു നിങ്ങള്‍ പറയരുത്. അവ മര്യാദക്കു കീഴുമര്യാദയില്ലെന്നു പഴഞ്ചൊല്ലുണ്ടല്ലോ' (വിദ്യാസംഗ്രഹം 1041 മിഥുനം, പുറം 22).

IV

ദിവ്യശ്രീ ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ തന്‍റെ സമകാലീനന്മാരായ വിദ്വജ്ജനങ്ങളെ അപേക്ഷിച്ചു പലതുകൊണ്ടും മികച്ചുനിന്ന ഒരു പുരുഷപുംഗവന്‍ ആയിരുന്നുവെന്നുള്ളതിന് അദ്ദേഹത്തിന്‍റെ ഉപന്യാസങ്ങള്‍ ഓരോന്നും ലക്ഷ്യമത്രെ. അദ്ദേഹം ഒരു വലിയ സമുദായപരിഷ്ക്കാരിയായിരുന്നു. തിരുവിതാംകൂര്‍ രാജ്യഭരണസംബന്ധമായി അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളേയും ഉപദേശങ്ങളേയും ദിവാന്‍ജി മുതലായവര്‍ വളരെ കാര്യമായി ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചരമഗതി അടയുന്നതായ അന്ത്യകാലഘട്ടത്തില്‍ കൂടിയും സാഹിത്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സത്യവാദഖേടത്തില്‍ ചേര്‍ത്തു കാണുന്നതായ അദ്ദേഹത്തിന്‍റെ ജീവചരിത്രക്കുറിപ്പില്‍ നിന്നു മനസ്സിലാക്കാം. ദിവാന്‍ സര്‍ ടി. മാധവറാവു അവര്‍കള്‍ എഴുതിയതായ 1040-ാമാണ്ടത്തെ തിരുവിതാംകൂര്‍ രാജ്യഭരണ റിപ്പോര്‍ട്ട് ഗവണ്മെന്‍റിന്‍റെ ആവശ്യപ്രകാരം കത്തനാര്‍ അവര്‍കള്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യുകയും, സര്‍ക്കാരില്‍ നിന്നും അതിന്‍റെ അച്ചടിച്ച ഏതാനും കോപ്പികള്‍ അദ്ദേഹത്തിനു അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ റിപ്പോര്‍ട്ട് എന്ന ഇംഗ്ലീഷുപദത്തിനു കത്തനാര്‍ അവര്‍കള്‍ നല്‍കിട്ടുള്ള പരിഭാഷ 'ആവേദനം' എന്നാണ്. ഇപ്രകാരം ആധുനിക മലയാള ഗദ്യസാഹിത്യത്തിന് ആദ്യ മാതൃക വരച്ചുകാട്ടി അടിസ്ഥാനക്കല്ലിട്ട ആ ആലേഖ്യശില്പി സ്വരാജ്യത്തോടും, സ്വസമുദായത്തോടും, സഹോദര സമുദായങ്ങളോടും, സര്‍വോപരി കൈരളീദേവിയോടും തനിക്കുള്ള സേവാപരമായ കര്‍ത്തവ്യധര്‍മ്മത്തെ വിജയപൂര്‍വം നിവൃത്തിച്ചിട്ട് ക്രിസ്താബ്ദം 1870-നു - കൊല്ലം 1045-ാമാണ്ടു മാര്‍ച്ചു മാസം 4-നു  അതാവിത്; കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലേക്കു ഇരുപത്തഞ്ചു തിരുവയസ്സു പ്രായം നില്‍ക്കുന്നതായ സുമാര്‍ അമ്പത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അനശ്വരകീര്‍ത്തിമാനായി കാലയവനികക്കുള്ളില്‍ മറഞ്ഞു.

ഭാഷാപോഷണം സംബന്ധിച്ചു കത്തനാരുടെയും വലിയകോയിത്തമ്പുരാന്‍റെയും ആദര്‍ശങ്ങള്‍ രണ്ടു തന്നെയായിരുന്നു. മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതിലേക്കു നിവൃത്തിയുള്ളിടത്തോളം മാതൃഭാഷയെത്തന്നെ ശരണീകരിക്കണമെന്നുള്ള അഭിപ്രായക്കാരനായിരുന്നു കത്തനാര്‍ അവര്‍കള്‍. ജനസമുദായമദ്ധ്യത്തില്‍ നിത്യവ്യവഹാരത്തിലിരിക്കുന്ന ഭാഷാപദങ്ങള്‍ എല്ലാറ്റിനെയുംതന്നെ, അവയില്‍ ചിലതിന് അല്പം ഭംഗിക്കുറവുണ്ടായിരുന്നാല്‍ കൂടിയും അവയെ തേച്ചു മിനുക്കി സാഹിത്യവേദിയില്‍ പ്രവേശിപ്പിക്കുക; ശാസ്ത്രീയ വിഷയങ്ങളെയും പ്രൗഢ വിഷയങ്ങളേയും സംബന്ധിച്ചിടത്തോളം മലയാളപദങ്ങള്‍ തീരെ അപര്യാപ്തങ്ങളായിരിക്കുന്ന സ്ഥാനങ്ങളില്‍ മാത്രം സംസ്കൃതപദങ്ങളെ കടം വാങ്ങുക, ഇംഗ്ലീഷു വാക്കുകളെ അതേവിധം തന്നെ സ്വീകരിക്കേണ്ടതായി വരുന്ന സ്ഥാനങ്ങളില്‍ അവയ്ക്ക് ഒരു മലയാളഛായ നല്‍കുക എന്നിതൊക്കെയായിരുന്നു കത്തനാര്‍ അവര്‍കളുടെ ആദര്‍ശങ്ങള്‍. മലയാളഭാഷയ്ക്കു ഗദ്യ സാഹിത്യ ഗ്രന്ഥങ്ങളുടെ വൈരള്യത്താല്‍ ഓജസ്സ് അല്പം കുറവാണെന്നു വച്ചു സാധാരണ കൈകാര്യത്തിനു നൂറ്റുക്ക് എഴുപത്തഞ്ചു സംസ്കൃതം ചേരുമാനം കണക്കാക്കി ഉരുക്കി വാര്‍ത്തെടുക്കുന്ന സമ്പ്രദായത്തെ അദ്ദേഹത്തിനു വളരെ പുച്ഛമായിരുന്നു. ഒരിക്കല്‍ അദ്ദേഹം സര്‍ ടി. മാധവറാവുവിന്‍റെ ആവശ്യപ്രകാരം കൊല്ലത്തു വച്ചു, വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയേ സംബന്ധിച്ചു ചെയ്ത ഒരു പ്രസംഗത്തില്‍, സംസ്കൃതപദപ്രയോഗങ്ങളെ പുരസ്കരിച്ച്, ദിവസം ഒരു നേരമെങ്കിലും ശരിക്കും ആഹാരം കഴിപ്പാന്‍ വകയില്ലാത്ത ഒരു വീട്ടുകാര്‍, സമീപത്തുള്ള ഒരു സമ്പന്നന്‍റെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ ഇരവല്‍ വാങ്ങി അണിഞ്ഞു അന്തസ്സ് കാട്ടുന്നതില്‍ ഭേദം, സ്വന്ത പരിശ്രമംകൊണ്ടു സ്വന്ത നിലം കൃഷി ചെയ്തു വിളവു വര്‍ദ്ധിപ്പിച്ചു രണ്ടു നേരരമെങ്കിലും ആഹാരം കഴിപ്പാനുള്ള വഴി നോക്കീട്ട് അന്യനോട് ആഭരണം വാങ്ങി അണിഞ്ഞു നടക്കുന്നതാണെന്നും നിത്യവൃത്തിക്കു വകയുണ്ടെങ്കില്‍ മാത്രമേ അന്യരോട് ആഭരണം വാങ്ങി അണിഞ്ഞു നടക്കുന്നതുകൊണ്ട് ആക്ഷേപമില്ലാതിരിക്കൂ എന്നും പ്രസ്താവിച്ചതായി വൃദ്ധന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സംസ്കൃതപദങ്ങളോടൊപ്പം ഉച്ചാരണഭംഗിയും, സ്ഫുടതയും ഇല്ലെന്നുവച്ചു മാതൃഭാഷാ പദങ്ങളെ അദ്ദേഹം ഒരിക്കലും അവഹേളിച്ചിരുന്നില്ല. കുഴിവ്, ശക്തി, നിവൃത്തി എന്നീ വാക്കുകള്‍ പ്രയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍ത്തന്നെ ഇതേ അതത്തില്‍ 'പാങ്ങു' എന്ന പകിട്ടു കുറഞ്ഞ പച്ചമലയാളപദവും അദ്ദേഹം പ്രയോഗിച്ചിരുന്നു. സ്ഥിതി, സ്വഭാവം എന്നീ വാക്കുകളോടൊപ്പം അതേ അര്‍ത്ഥം തന്നെയുള്ള 'പടുതി' എന്ന പ്രഭുത്വം കുറഞ്ഞ മലയാള വാക്കും അദ്ദേഹം ഉപയോഗിച്ചിരുന്നു. സാഹചര്യം എന്ന സംസ്കൃതവാക്ക് ഉപയോഗിച്ചിട്ടുള്ള ലേഖനത്തില്‍ത്തന്നെ 'ചുറ്റായ്മ' എന്ന തനി മലയാളപദത്തിനും അദ്ദേഹം സ്ഥാനം അനുവദിച്ചിരുന്നു. സൗകര്യം, തരം, സന്ദര്‍ഭം എന്നിവയോടൊപ്പം 'ഏന'മെന്നുള്ള പഴയ മലയാളപദവും അദ്ദേഹം ഉപയോഗിച്ചു വന്നിരുന്നു (ഏനം ഒരു അഹിന്തുപദമാണെന്നു ചില വിദ്വന്മന്യന്മാര്‍ പ്രസ്താവിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ കുഞ്ചന്‍ നമ്പ്യാരും, വള്ളത്തോളം, ഉള്ളൂരും സ്വകൃതികളില്‍ ഏന ശബ്ദം പ്രയോഗിച്ചിട്ടുള്ളതു കുറ്റകരമല്ല താനും). എറിയത്, വര്‍ദ്ധിച്ചത് എന്നീ അര്‍ത്ഥത്തില്‍ അദ്ദേഹം ചിലപ്പോള്‍ 'മുന്തിയത്' എന്ന പദവും പ്രയോഗിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ മലയാളഭാഷത്തറവാട്ടിലുള്ള വില പിടിച്ച പണ്ടങ്ങളോടൊപ്പം വില കുറഞ്ഞ ഉരുപ്പ ടികളേയും അദ്ദേഹം സ്വീകരിച്ചിരുന്നു. പദദാരിദ്ര്യമുള്ള ഒരു ഭാഷയെ സംബന്ധിച്ചിടത്തോളം അത് ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ബോധം. ഗ്രന്ഥാര്‍ഹങ്ങളായ പഴയ വാക്കുകള്‍ സാഹിത്യത്തില്‍ പെടുത്തുന്നതുകൊണ്ടു ഭാഷയ്ക്കു യാതൊരു ശുദ്ധിക്കുറവും ഗൗരവക്കുറവും വരികയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ഒഴിച്ചുകൂടാത്ത സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സംസ്കൃതപദങ്ങള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ളതായി കാണാം. അതിപ്രൗഢങ്ങളായ ശാസ്ത്രീയ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഘട്ടത്തില്‍, സംസ്കൃതപദസഹായം കൂടാതെ മുമ്പോട്ടുപോകാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹത്തിനു ദൃഢനിശ്ചയമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ 'ഒരു സംവാദം', 'സംയുക്തി' എന്നിവ ഇതിനു നല്ല തെളിവാണ്. ശാസ്ത്രീയവിഷയങ്ങളെ പ്രതിപാദിക്കുന്ന ഘട്ടത്തില്‍ സംസ്കൃതപദസ്വീകരണത്തെ സംബന്ധിച്ചിടത്തോളമുള്ള സീമ എന്തായിരിക്കണമെന്നു സംയുക്തി വ്യക്തമായി കാണിക്കുന്നുണ്ട്. 'ആ തക്കത്തെ കളയാതെ ചില ഭൃത്യനാരദന്മാര്‍ ജപത്തില്‍ ഗൃഹനായികയുടെ അന്തികം പ്രാപിച്ച് ഐശ്ചര്യനാശ സൂചകമായ ആ ദുര്‍വൃത്ത ദര്‍ശനസങ്കടത്തെ ധരിപ്പിച്ചു.' 'ആ നാലുകെട്ടിലെ തട്ടുതുലാം തൂണുകളിലും ചേറ്റുപടികളിലും സ്തംഭനിസുംഭമഹിഷാസുരാദി മര്‍ദനരംഗങ്ങളും അനന്തനരസിംഹവാസുകിവ്യാളി വേതാളാദി വിഗ്രഹങ്ങളും, ഭീഷണരൂപികളായി കൊത്തപ്പെട്ടിരുന്നതുകള്‍ മീനാക്ഷിക്കുട്ടിയുടെ കോമളിമാവിപര്യയംകൊണ്ടു ഭൂഷണങ്ങളായിത്തീര്‍ന്നിരിക്കുന്നു', എന്നുള്ള സി. വി. രാമന്‍പിള്ള അവര്‍കളുടെ ധമ്മരാജ ഭാഷയിലും, 'ആ വാനപ്രസ്ഥന്‍ ഒരു ജാജ്വല്യമാനമായ ശ്വേതവസ്ത്രത്താല്‍ ആവൃതശരീരനും അന്യഥാ ഖലതിയായ മൂര്‍ദ്ധാവില്‍ ഏതാനും പലിതധവളിതങ്ങളായ ചികരങ്ങളോടും വക്ഷസുടെ പര്യന്തം ലംബമാനവും ആയ ശ്മശ്രുവോടു കൂടിയവനും വര്‍ഷീയാനും ആയിരുന്നു' എന്നുള്ള കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ ആക്ബര്‍ ഭാഷയിലും, 'മരണം ജീവഗുണങ്ങളുടെ നാശമാകുന്നു' എന്നുള്ള ചിന്ത മുഴുവനും ആ ഗുണങ്ങള്‍ സമാസവും വിഭജ്യവും എന്നുള്ള നിയോഗത്തില്‍ നിന്നു വന്നതായിരിക്കേണം. എന്നാല്‍ സ്വബോധം ഏകാന്തവും നിര്‍ഭേദ്യവുമായ ഒരു ഗുണമാകയാല്‍ അതിനെ വഹിക്കുന്ന ഗുണിയും അങ്ങനെതന്നെ ആയിരിക്കേണം. ദൃഷ്ടാന്തപ്പെടുത്തെണം എങ്കില്‍ ഒരു ഭൂതാണുവിന്‍റെ ഗതി കേവലം ഏകാന്തവും, അനംശ്യവുമാകയാല്‍ അതില്‍ ഒരു ഭാഗത്തിനു ഗതിയും മറുഭാഗത്തിനു സ്ഥിതിയുമായിരിക്ക അസംഭാവ്യം എന്നിരുന്നാല്‍ ഗതി ചെയ്യുന്ന വസ്തുവും ഏകാന്തവും അനംശ്യവുമായിരിക്കെണം. എന്തെന്നാല്‍ അതിനെ രണ്ടായി വിഭാഗിപ്പാന്‍, കഴിയൂ മെങ്കില്‍ അതില്‍ ഒരു ഭാഗം ഇരിക്കേ, മറ്റെ ഭാഗത്തിനു സ്ഥിതി ചെയ്യാം എന്നു വരും' എന്നുള്ള ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ സംയുക്തിഭാഷയിലും, സംസ്കൃതഭാഷാപദങ്ങളെ സംബന്ധിച്ചെടത്തോളം തല്‍ക്കര്‍ത്താക്കന്മാര്‍ ദീക്ഷിച്ചിട്ടുള്ള ആവശ്യവും ഔചിത്യവും എത്ര കണ്ടു സ്ഥാന സ്ഥിതമായിട്ടുണ്ടെന്നു നിശ്ചയിക്കുന്നതിനുള്ള ഭാരം തല്‍ക്കാലം ഞാന്‍ വായനക്കാര്‍ക്കായി വിട്ടിരിക്കുന്നു.

ദിവ്യശ്രീ ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ തന്‍റെ ഗദ്യസാഹിത്യ വ്യവസായത്തെ സംബന്ധിച്ചെടത്തോളം മലയാളഭാഷയെ മലയാളഭാഷയായി പുഷ്ടിപ്പെടുത്തുന്നതിനും വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടു, 'നാട്ടുപള്ളിക്കൂടങ്ങളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ വായിപ്പിക്കത്തക്ക ഉയര്‍ന്നതരം പുസ്തകങ്ങള്‍' നിര്‍മ്മിച്ചു ഭാഷാപോഷണം ചെയ്യാന്‍ പുറപ്പെട്ട സന്ദര്‍ഭത്തില്‍ മലയാളഭാഷയെ 'സംസ്കൃതപദ ബാഹുല്യമുള്ള മലയാളമായി പരിപോഷിപ്പിക്കുന്നതിനുമാണ് ശ്രമിച്ചതെന്നുള്ളതിനു തിരുമനസ്സിലെ ആക്ബര്‍ കഥയിലെ പ്രസ്താവന തന്നെ ലക്ഷ്യമാണ്. കൊല്ലം 1069-ാമാണ്ടു മേട മാസം 31-നു - അതാവിതു:- ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ പരലോകപ്രാപ്തനായി 21 വര്‍ഷം കഴിഞ്ഞശേഷം പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയതായ ആക്ബര്‍ കഥയുടെ പ്രസ്താവനയില്‍, പ്രസ്തുത ചരിത്രാഖ്യായികയുടെ ആദ്യ ഭാഗങ്ങള്‍ പന്ത്രണ്ടു വര്‍ഷം മുമ്പു സംസ്കൃതബഹുലമായ ഭാഷയില്‍ എഴുതി എന്നു ഗ്രന്ഥകര്‍ത്താവ് തന്നെ വിളിച്ചു പറയുമ്പോള്‍, 1057-ാമാണ്ട് അതാവിതു ഗീവറുഗീസു കത്തനാര്‍ അവര്‍കള്‍ ചരമം പ്രാപിച്ചു പന്ത്രണ്ടു വര്‍ഷം കഴിഞ്ഞശേഷം സംസ്കൃതപദ ബഹുലമായ മലയാളം കൊണ്ടാണ് തിരുമേനി മലയാള ഗദ്യസാഹിത്യലോകത്തില്‍ കൈകാര്യം ചെയ്വാന്‍ പുറപ്പെട്ടതെന്നും എന്നാല്‍ ആദ്യ ഭാഗം എഴുതി 12 വര്‍ഷം കഴിഞ്ഞശേഷം ആ ഒരു സ്ഥാനം അപകടകരമെന്നു മനസ്സിലാക്കി ബാക്കിഭാഗങ്ങള്‍ സംസ്കൃതപദവിരളമായ രീതിയില്‍ എഴുതുവാന്‍ തിരുമനസ്സുകൊണ്ടു നിര്‍ബന്ധിതനായിത്തീര്‍ന്നുവെന്നും പ്രസ്പഷ്ടമാവുന്നുണ്ടല്ലോ. മാത്രമല്ല, പന്ത്രണ്ടു കൊല്ലം മുമ്പില്‍ എഴുതിയ ആദ്യ ഭാഗത്തില്‍ ചിലേടത്തു ചില സംസ്കൃതപ്രയോഗം അനാവശ്യകമായും വന്നുപോയിട്ടുണ്ടെന്നു കണ്ടു തിരുമനസ്സുകൊണ്ട് ആ ഒരു പ്രസ്ഥാനത്തെപ്പറ്റി പരി തപിക്കുന്നതായും കാണുന്നുണ്ട്. ഈ ഒരു അനുഭവത്തെക്കൂടി ആസ്പദമാക്കിയായിരിക്കണം 'ഒരു കാലത്ത് എനിക്കും ... രാജരാജവര്‍മ്മ കോയിത്തമ്പുരാനും കൂടി മലയാള ഭാഷയോട് അത്ര പ്രതിപത്തിയുണ്ടായിരുന്നുവോ എന്നു സംശയമാണ്' എന്നു തിരുമനസ്സുകൊണ്ടു പിന്നീട് പ്രസംഗിപ്പാന്‍ ഇടയായത്. എന്നാല്‍ പില്‍ക്കാലത്താവട്ടെ, തിരുമനസ്സുകൊണ്ടു ഗീവറുഗീസ് കത്തനാര്‍ അവര്‍കളെപ്പോലെതന്നെ പ്രൗഢതരമായ ശാസ്ത്രീയവിഷയങ്ങള്‍ പ്രതിപാദിക്കുന്നതിനായിട്ടല്ലാതെ സംസ്കൃത ഭാഷയെ ശരണീകരിച്ചിട്ടുള്ളതായി കാണുന്നില്ല. ശുദ്ധലളിതമായ രീതിയില്‍ അവിടത്തേക്കു ഗദ്യരചനം ചെയ്വാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ലെന്നുള്ളതിനു മലയാളം ബുക്കു കമ്മട്ടി വഴി ആദ്യകാലത്തു പുറപ്പെട്ട പാഠ്യപ്പുസ്തകങ്ങള്‍ തന്നെ ലക്ഷ്യമാണ്. പക്ഷേ ആ വക പുസ്തകങ്ങള്‍ ചെറിയ കുട്ടികള്‍ക്കുവേണ്ടി എഴുതിയതെന്നല്ലാതെ അവകൊണ്ടു ഉയര്‍ന്നതരത്തിലുള്ള ഭാഷാപോഷണം സാധിക്കാമെന്നു തിരുമനസ്സുകൊണ്ടു തന്നെയും വിശ്വസിച്ചിരുന്നില്ലന്നേയുള്ളു. വായനക്കാര്‍ ഇവിടെ തെറ്റിദ്ധരിക്കരുതെന്ന് എനിക്കു പ്രത്യേകമായ അപേക്ഷയുണ്ട്. ഞാന്‍ ഇവിടെ പ്രസ്താവിച്ചതിന്‍റെ ചുരുക്കം ഇതാണ്:- ഭാഷാശാകുന്തളം (പരിഷ്ക്കരിക്കാത്തതായ ആദ്യത്തെ തര്‍ജ്ജമ) ആക്ബര്‍ മുതലായി ഭാഷാപോഷണത്തെ സര്‍വപ്രധാനമായി പരിഗണിച്ചു തമ്പുരാന്‍ തിരുമനസ്സുകൊണ്ടു പുറപ്പെടുവിച്ചിട്ടുള്ള ഉയര്‍ന്നതരം സാഹിത്യഗ്രന്ഥങ്ങള്‍ വഴി അവിടുന്നു പ്രകാശിപ്പിച്ചിട്ടുള്ള ഭാഷാപോഷണ സമ്പ്രദായം മലയാളഭാഷയ്ക്ക് അശേഷം അനുയോജ്യമായിട്ടുള്ളതല്ലെന്നു കണ്ടു തിരുമനസ്സുകൊണ്ട് ആ പദ്ധതിയെ നിശ്ശേഷം ഉപേക്ഷിച്ചുവെന്നും, അതിനാല്‍ ശാസ്ത്രീയവിഷയ പ്രതിപാദനങ്ങള്‍ക്കായിട്ടല്ലാതെ അവിടുന്നു പില്‍ക്കാലത്തു സംസ്കൃതഭാഷയെ ശരണീകരിക്കയുണ്ടായില്ലെന്നും, ഈ നിലയില്‍ ഗീവറുഗീസ് കത്തനാര്‍ അവര്‍കളെപ്പോലെതന്നെ മലയാള ഭാഷയെ ആവതും മലയാള ഭാഷ കൊണ്ടുതന്നെ പുഷ്ടിപ്പെടുത്തേണ്ടതാണെന്നുള്ള വിശ്വാസത്തോടു കൂടി, അവിടുന്നു ഒടുവില്‍ എഴുതീട്ടുള്ള ഈ കൃതികളില്‍, ഈ ഒരു പദ്ധതി പരിപൂര്‍ണ്ണമായി പ്രത്യക്ഷപ്പെടുത്തിയിരുന്നുവെന്നും മാത്രമാണ് കേരള സാഹിത്യനായകന്‍ ധീരാത്മാ കെ. രാമകൃഷ്ണപിള്ള ബി.ഏ. അവര്‍കള്‍, ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ പ്രകാശിപ്പിച്ചിട്ടുള്ളതായ ഈ ഒരു പദ്ധതിയെത്തന്നെ സര്‍വദാ കൊണ്ടാടിയിരുന്നുവെന്നും, തന്‍റെ അന്ത്യശ്വാസഘട്ടം വരെയ്ക്കും ആ സാഹിത്യകേസരി ഈ ഒരു പദ്ധതിയെത്തന്നെ ഭാഷാസാഹിത്യത്തില്‍ ഉറപ്പിക്കുന്നതിനായി, സര്‍വശക്തിയോടുംകൂടി ശ്രമിച്ചിരുന്നുവെന്നുമുള്ളതിന് അദ്ദേഹത്തിന്‍റെ ഗ്രന്ഥവിഹാരങ്ങള്‍ തന്നെ പ്രസ്പഷ്ട ലക്ഷ്യമാണ്. ഇതിനെതിരായ രീതിയെ അവലംബിച്ചിരുന്നവരുടെ ഭാഷയെ ഉദ്ദേശിച്ച് അദ്ദേഹം 'വെങ്കലഭാഷ' എന്നു കൂടെക്കൂടെ ആക്ഷേപ ശരം പൊഴിക്കയും ചെയ്തിരുന്നു. ഇത്രയും പ്രസ്താവിച്ചതുകൊണ്ട് അശാ സ്ത്രീയ വിഷയപ്രതിപാദനങ്ങളെ സംബന്ധിച്ചെടത്തോളം സ്വകൃതികളില്‍ സംസ്കൃതപദങ്ങള്‍ക്കു തല കാട്ടുവാന്‍പോലും പഴുതുണ്ടായിക്കൂടെന്നു കത്തനാര്‍ അവര്‍കളോ, വലിയകോയിത്തമ്പുരാന്‍ തിരുമേനിയോ, മിസ്റ്റര്‍ രാമകൃഷ്ണപിള്ളയോ ഒരു ദൃഢനിശ്ചയം ചെയ്തിരുന്നതായി വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. കേവലം ഇരട്ടപെറ്റ കുട്ടികളെപ്പോലെ ആകൃതി കൊണ്ടും മറ്റും മലയാളഭാഷയോടും ആനുരൂപ്യം വഹിക്കുന്നവയും, സംബന്ധംകൊണ്ടോ, സാഹചര്യംകൊണ്ടോ അരോചകമോ, അര്‍ത്ഥക്ലേശമോ തോന്നിക്കാത്തവയുമായി മലയാളഭാഷാ കുടുംബത്തിലെ അംഗങ്ങളും അവകാശികളുമായി കഴിഞ്ഞുകൂടിപ്പോരുന്ന സംസ്കൃതപദങ്ങളെ അവര്‍ സ്വകൃതികളില്‍ ധാരാളം ആദരിക്കയുണ്ടായിട്ടുണ്ട്. ശാസ്ത്രീയ വിഷയപ്രതിപാദന ങ്ങളെ സംബന്ധിച്ചെടത്തോളം ഇത്തരം ഭാഷാപദങ്ങള്‍കൊണ്ടു തന്നെയും ആശയപ്രകാശനം സുസാധ്യമല്ലാതെ വരുന്ന ഘട്ടത്തില്‍ മാത്രം സംസ്കൃത ഭാഷയെ പരിപൂര്‍ണ്ണമായി അവലംബിക്കയെന്നല്ലാതെ സാധാരണ വിഷ യങ്ങളില്‍ പരിമിതപരിധിക്കപ്പുറം, ചാടിപ്പോകുന്നത് അനുവദനീയമല്ലന്നേ കത്തനാര്‍ അവര്‍കള്‍ക്കും അഭിപ്രായമുണ്ടായിരുന്നുള്ളു. ഒരു ഭാഷയെ അതിന്‍റെ വ്യക്തിത്വത്തിനു ലേശവും ന്യൂനത കൂടാത്തവിധം ഒരു ഭാഷയായിത്തന്നെ നിലനിറുത്തിപ്പോരണമെന്നുള്ള അഭിപ്രായം സര്‍വാദരണീയമെങ്കില്‍ ഇതര ഭാഷയോട് അതിനുള്ള സംബന്ധത്തെ ഒരു ക്ലിപ്ത പരിധിക്കുള്ളില്‍ നിയന്ത്രിക്കേണ്ടത് എത്രയോ ആവശ്യമായിട്ടുള്ളതാണ്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമേനിയേയും ഗീവറുഗീസ് കത്തനാര്‍ അവര്‍കളേയും ഞാന്‍ ഇവിടെ താരതമ്യപ്പെടുത്തിയത് അവരുടെ ഭാഷാപോഷണപരിശ്രമങ്ങളുടെ ഏറ്റക്കുറച്ചിലിനെ ആസ്പദമാക്കിയല്ലെന്നും, പ്രത്യുത ഭാഷാപോഷണാര്‍ത്ഥം, സ്വീകരിച്ചിരുന്നതായ അവരുടെ പദ്ധതിയെയോ, അഥവാ പദ്ധതികളെയോ പുരസ്ക്കരിച്ചാണെന്നും വായനക്കാര്‍ ഇവിടെ പ്രത്യേകം ധരിച്ചിരിപ്പാനുള്ളതാണ്.

ദിവ്യശ്രീ ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ മാതൃഭാഷാ തറവാട്ടില്‍ പെട്ട ചില പഴയ പദങ്ങള്‍ക്കു സൗന്ദര്യം അല്പം കുറവാണെന്നു വച്ചു അവയുടെ നേരെ അല്പവും അനാദരം ഭാവിച്ചിരുന്നില്ലെന്നു നാം മുമ്പു കണ്ടുവല്ലോ. എന്നാല്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സു കൊണ്ടാവട്ടെ, ആ വക പഴയ പദങ്ങള്‍ക്ക് എന്തൊ ഒരു പാതിത്യമോ, അശുദ്ധിയോ ഉണ്ടെന്നു സങ്കല്പിച്ച് അവയെ സ്വകൃതികളില്‍ നിന്നു നിശ്ശേഷം ആട്ടിപ്പായിക്കയാണു ചെയ്തിട്ടുള്ളതെന്നും അത്യന്തം വ്യസനപൂര്‍വം പറയേണ്ടിയിരിക്കുന്നു. പക്ഷേ ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ ഒരു പദ്ധതിയെ ആദരിക്കുമാറു മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ അവര്‍കള്‍ തന്നെ, പദദാരിദ്ര്യപരിഹാരാര്‍ത്ഥം, പട്ടാങ്ങ, ഏനം, ഉരിയാടി എന്നിങ്ങനെയുള്ള പഴയ മലയാളപദങ്ങള്‍ക്കു സ്വകൃതിയില്‍ സ്വാഗതം അരുളീട്ടുള്ളതു പലതുകൊണ്ടും ശുഭസൂചകമത്രെ. മലനാട്ടുഭാഷയായ മലയാളത്തിന്‍റെ മഹിമ തെളിയിപ്പാന്‍ പുറപ്പെട്ടിട്ടുള്ള മഹാമഹിമ ശ്രീ അപ്പന്‍ തമ്പുരാന്‍ തിരുമേനിയും മറഞ്ഞുകിടന്നിരുന്ന മലയാളപദങ്ങളെ മതി തെളിഞ്ഞു മാനിച്ചിരിക്കുന്നതായി 'ഭൂതരായര്‍' കഥ മൂലം വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. പഴയ താളിയോലഗ്രന്ഥങ്ങളിലും, ചില മതഗ്രന്ഥങ്ങളിലും കാണുന്നതായ 'പറഞ്ഞൊപ്പു" (വാഗ്ദാനം), വഴിപാട്ട് (വംശം), മുഴുതം (മുറ്റും-സര്‍വവും), അള്ളുള്ളം (പരിഭ്രമം), ചുറ്റാളര്‍ (സമീപസ്ഥര്‍), പടാര്‍ത്ത (ഉപദേശപൂര്‍വമായ പ്രസംഗം), ഉപവി (സ്നേഹം), തേറ്റം (വിശ്വാസം), ദിഷ്ടതി (ദിനചര്യ), നിരപ്പ (രഞ്ജന) എന്നിത്യാദി ശുദ്ധ മലയാള പദങ്ങള്‍ സര്‍വപ്രകാരേണയും സ്വീകാര്യയോഗ്യങ്ങളാണെന്ന് ഇപ്പോള്‍ ഏതാണ്ടു പരക്കെ ബോദ്ധ്യമായിട്ടുണ്ട്.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെയും ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെയും സാഹിത്യപരിശ്രമങ്ങളുടെ വലുപ്പചെറു പ്പത്തെ അളക്കുന്നതിനുള്ള മാനദണ്ഡം അവരുടെ ജീവിതകാലമാണെന്നുള്ളതില്‍ ഭിന്നാഭിപ്രായത്തിനു വകയില്ലല്ലോ. കത്തനാര്‍ അവര്‍കളുടെ ഗ്രന്ഥനിര്‍മ്മാണകാലം കൊല്ലവര്‍ഷം 1020-നും 1040-നും മദ്ധ്യേയാണെന്നു മേല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇക്കാലത്തു തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഇംഗ്ലീഷു-മലയാള വിദ്യാലയങ്ങളുടെ എണ്ണം കേവലം പതിനേഴു മാത്രമായിരുന്നു എന്ന് ഓര്‍മ്മിക്കണം. 1040-ാമാണ്ടു ഈ വിദ്യാലയങ്ങളില്‍ ആകെക്കൂടി പഠിച്ചിരുന്നവരുടെ സംഖ്യ തന്നെയും 1125 മാത്രമായിരുന്നു. ആണ്ടുരജിസ്റ്റര്‍ എഴുന്നൂറ്റിഎട്ടും.

1040-ാമാണ്ടത്തെ രാജ്യഭരണ റിപ്പോര്‍ട്ടില്‍ നിന്നു തിരുവിതാംകൂറിലെ അന്നത്തെ വിദ്യാഭ്യാസ നിലയെപ്പറ്റി ഇത്രയും വിവരങ്ങള്‍ ഇവിടെ പ്രസ്താവിച്ചത് ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ ചുറ്റുമുണ്ടായിരുന്ന ജനസമൂഹത്തിന്‍റെ മനോഗതിയേയും വിദ്യാഭ്യാസവിഷയത്തില്‍ അവര്‍ക്കു പൊതുവേ ഉണ്ടായിരുന്ന അനാസ്ഥയേയുംപറ്റി വായനക്കാര്‍ക്ക് ഒരു സാമാന്യബോധം ജനിപ്പിപ്പാന്‍ മാത്രമാണ്. കത്തനാര്‍ അവര്‍കളുടെ കാലത്ത് അദ്ദേഹത്തിന്‍റെ സാഹിത്യകൃതികളെ ആദരിക്കുന്നതിനോ,  അദ്ദേഹത്തിന്‍റെ സാഹിത്യപരിശ്രമങ്ങളെ അഭിനന്ദിക്കുന്നതിനോ, അദ്ദേഹത്തെ ശരിയായ നിലയില്‍ പ്രോത്സാഹിപ്പിക്കുന്നതിനോ തക്ക ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നില്ല. വര്‍ത്തമാനപ്പത്രങ്ങള്‍ അന്ന് ഇവിടെ ഇല്ലായിരുന്നു. സാഹിത്യവിഷയമായി സഭകള്‍ കൂടുന്നതിനെ സംബന്ധിച്ചു ജനങ്ങള്‍ക്കു യാതൊരറിവും ഉണ്ടായിരുന്നില്ല. കവികളെയോ എഴുത്തുകാരെയോ നിര്‍മ്മിക്കുന്നതിനും, അവരെ വിജയസ്ഥാനത്തേക്കു നയിക്കുന്നതിനും, ഒരു വറുഗീസു മാപ്പിള അന്നു സാഹിത്യരംഗത്തില്‍ കാല്‍ വച്ചിരുന്നില്ല. ഗ്രന്ഥപാരായണ തല്പരന്മാരുടെ കഥ പോയിട്ടു ശരിയായിട്ടു കൂട്ടിവായിക്കാന്‍ അറിയാവുന്നവരുടെ സംഖ്യ തന്നെയും വളരെ തുച്ഛമായിരുന്നു. 1042-ാമാണ്ട് ആയില്യം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഏര്‍പ്പെടുത്തിയതായ ബുക്കു കമ്മട്ടിയിലെ അദ്ധ്യക്ഷന്‍ ഉള്‍പ്പെട്ട മൂന്നു മെമ്പറന്മാരില്‍ ഒരാളായ (വലിയകോയിത്തമ്പുരാന്‍ അന്നു ബുക്കു കമ്മട്ടിയിലെ അംഗമല്ലായിരുന്നു) രാമന്‍തമ്പി അവര്‍കള്‍ തന്നെയും 'ഘ്യശിഴ ശി ഒീുശെമേഹ' എന്നതിന് 'ആശുപത്രിയില്‍ കിടമുറ കിടക്കുക' എന്നാണു തര്‍ജ്ജമ ചെയ്തതെന്നു കേള്‍ക്കുമ്പോള്‍ 1040-ാമാണ്ടിനു മുമ്പുള്ള കഥയേ സംബന്ധിച്ച് ഒന്നുംതന്നെ പറയാതിരിക്കയാണല്ലൊ ഭംഗി. ഇങ്ങനെ തന്‍റെ ചുറ്റുമുള്ള ലോകം തന്നെയും പൊതുവെ ഇരുണ്ടിരുന്ന ഒരു കാലത്ത് - വഴി നടത്താന്‍ ആളോ, പ്രോത്സാഹിപ്പിപ്പാന്‍ മഹാരാജാവോ, അഭിനന്ദിപ്പാന്‍ ജനസമൂഹമോ, ആദരിക്കാന്‍ സഹൃദയന്മാരോ ഇല്ലാതിരുന്ന ആ പഴയ കാലത്ത് - പ്രതിഫലേച്ഛാരാഹിത്യത്തോടു കൂടി മാതൃഭാഷാ സാഹിത്യപരിപോഷണത്തിനായി പിന്തുണയില്ലാതെ ഇറങ്ങിപ്പുറപ്പെട്ട ഗീവറുഗീസ് കത്തനാര്‍ അവര്‍കളോ, മേല്പറഞ്ഞ യാതൊരു പ്രതി ബന്ധങ്ങളും കൂടാതെ അനുദിനം അഭിവൃദ്ധി പ്രാപിച്ചുവന്നതായ അനുകൂല സാഹചര്യങ്ങളില്‍ വിഹരിച്ചു ഭാഷാപോഷണം ചെയ്ത കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമേനിയോ ആരാണു കൈരളീദേവിക്കുവേണ്ടി കഷ്ടപ്പെടുകയും അവളെ ഉള്ളഴിഞ്ഞു സ്നേഹിക്കുകയും ചെയ്തിട്ടുള്ളതെന്നു വായനക്കാര്‍ തന്നെ വിധിച്ചുകൊള്ളട്ടെ.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടു ഭാഷാ പോഷണാര്‍ത്ഥം ചെയ്തിട്ടുള്ള നിരവധി കൃത്യങ്ങളെ വിസ്മരിച്ചിട്ടല്ല ഈ എഴുത്തുകാരന്‍ കത്തനാര്‍ അവര്‍കളുടെ സാഹിത്യപരിപോഷണശ്രമങ്ങളെ സംബന്ധിച്ചു പ്രസ്താവിക്കുന്നതെന്നു വായനക്കാര്‍ ഇവിടെ പ്രത്യേകം ധരിപ്പാനുള്ളതാണ്. രണ്ടുപേരും ഏതേതു കാലഘട്ടങ്ങളില്‍ എന്തെന്തു സാഹചര്യങ്ങളിലാണ് ഭാഷാപോഷണാര്‍ത്ഥം ശ്രമിച്ചിട്ടുള്ളതെന്നു വ്യക്തമാക്കണമെന്നേ എനിക്ക് ഉദ്ദേശ്യമുള്ളു. ഈ ഒരു നിലയില്‍ മാത്രമാണ് രണ്ടുപേരുടെയും ഭാഷാപോഷണശ്രമങ്ങളുടെ ന്യൂനാധികഭാവത്തെ ഞാന്‍ തുലനം ചെയ്തിട്ടുള്ളതും. ഗീവറുഗീസ് കത്തനാര്‍ അവര്‍കളെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ ശിരസ്സില്‍ പ്രതിഷ്ഠിക്കണമെന്നോ, പ്രതിഷ്ഠിക്കാമെന്നോ ഈ എഴുത്തുകാരനു ലേശവും വിചാരമില്ല. എന്നാല്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടു കേരള ഗദ്യസാഹിത്യപോഷണത്തിനായി പുറപ്പെടും മുമ്പ് ആധുനിക മലയാള ഗദ്യത്തിന് ആദ്യ മാതൃകസ്ഥാനം വഹിക്കുന്നതായ ഒരു നവീന ഗദ്യപ്രസ്ഥാനം - അഥവാ - ഒരു പുതിയ ഗദ്യരീതി - ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ പേനാത്തുമ്പില്‍ നിന്നാണു പ്രവഹിച്ചിട്ടുള്ളതെന്ന വാസ്തവം കത്തനാര്‍ അവര്‍കള്‍ ചരമം പ്രാപിച്ച് 58 വര്‍ഷം കഴിഞ്ഞിരിക്കുന്നതായ ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന ഇന്നത്തെ മലയാളികള്‍ അറിഞ്ഞിരിക്കേണ്ടതു തന്നെയാണെന്ന് ഈ എഴുത്തുകാരന് ആഗ്രഹമുണ്ട്. ഞാന്‍ ഈ പറയുന്നവ യഥാര്‍ത്ഥം തന്നെയോ എന്നു പരിശോധിച്ചറിയണമെന്ന് ആകാംക്ഷയുള്ളവര്‍ക്കു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ ഏതെങ്കിലുമൊരു ഗദ്യഖണ്ഡികയുമായി തട്ടിച്ചുനോക്കേണ്ടതിലേക്ക് കത്തനാര്‍ അവര്‍കളുടെ ഗദ്യകൃതിയില്‍ നിന്നും ഒരു ഭാഗം താഴെ ഉദ്ധരിച്ചുകൊള്ളുന്നു.

'അഖിലാണ്ഡത്തിന്‍റെ കര്‍ത്താവായ മഹാദൈവത്തെ തേജോമയന്‍ എന്ന് എണ്ണുവാനുള്ളതാകുന്നു. എന്നാല്‍ വേദാന്തം അവനെ കുത്സിതന്‍ എന്നു വിചാരിപ്പാന്‍ സംഗതി വരുത്തുന്നു. ദൈവം ലോകത്തിലുള്ള ജീവ ജന്തുക്കള്‍ മുതല്‍ സര്‍വവുമാകുന്നു എന്നു നിങ്ങള്‍ പറയുന്നു. ആകയാല്‍  അവന്‍ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമാവുന്നു. അവന്‍ പര്‍വതങ്ങളും നദി കളുമാവുന്നു. അവന്‍ സമുദ്രമാവുന്നു. അവന്‍ വൃക്ഷങ്ങളും സസ്യങ്ങളുമാവുന്നു. അവന്‍ പുഷ്പങ്ങളും ഫലമൂലാദികളുമാവുന്നു. അവന്‍ ബ്രാഹ്മണരും വൈശ്യരും മാത്രമല്ല, അവന്‍ പുലയന്‍, പറയന്‍ മുതലായ ചണ്ഡാലനുമാകുന്നു. അവന്‍ ജ്ഞാനിയായ മനുഷ്യന്‍ മാത്രമല്ല, സ്ത്രീപുരുഷന്മാരിലേക്ക് എത്രയും ഹീനനായ കള്ളനും ദുഷ്ടനുമാവുന്നു. ഇതു നമുക്കു വിശ്വസിക്കാമോ? അവന്‍ എല്ലാ ജീവജന്തുവുമാകുന്നു. സിംഹവും ആനയും കുതിരയും മാത്രമല്ല ബുഭുക്ഷയുള്ള ഓനായു (ചെന്നായു) മാവുന്നു. അവന്‍ എരുതും മാനുമാകുന്നു. അവന്‍ ഗൗളിയും, തേളും, ചീങ്കണ്ണിയും, പഴുതാരയുമാകുന്നു. ... എന്നാല്‍ വേദാന്തമതം സത്യമാകുന്നു എങ്കില്‍ ഇതൊക്കെയും, ഇതിലപ്പുറവും ബ്രഹ്മം ചെയ്യുന്നുവെന്നും, ബ്രഹ്മമല്ലാതെ മറ്റാരുമില്ലെന്നും വരും. ദൈവത്തെ നാം ബഹുമാനത്തോടു വിചാരിപ്പാനുള്ളതാകുന്നു എന്ന് ഉപനിഷത്തുകളിലും കല്പിച്ചിരിക്കുന്നതാകയാല്‍ അവനെ ഇത്ര നികൃഷ്ടാവസ്ഥയില്‍ ഇരിക്കുന്നവനായും, ഇത്ര നീചപ്രവൃത്തികളെ ചെയ്യുന്നവനുമായും നമുക്കു വിചാരിക്കാവതല്ല. ... ഈ മതത്തിനു വിരോധമായി മറ്റൊരു യുക്തിയുള്ളത് അതു സമീക്ഷയും ആത്മാവും തമ്മില്‍ വ്യത്യാസപ്പെടുത്താതിരിക്കുന്നു എന്നതു തന്നെ. ആയവ ലക്ഷണങ്ങളില്‍ തീരെ അസംബന്ധമായിരിക്കുന്നു എങ്കിലും ഈ മതപ്രകാരം രണ്ടും ഒരു വസ്തു ആകുന്നു. അതായതു ദൈവതത്ത്വം തന്നെ. മൂലത്തേയും സ്വഭാവത്തേയും സംബന്ധിച്ച് ഇതു സകല വസ്തുക്കളേയും ഒന്നാക്കുന്നു. സചേതനങ്ങളേയും നിശ്ചേതനങ്ങളേയും ഏകീകരിക്കുന്നു. എല്ലാം ബ്രഹ്മം തന്നെ. കുശവനും കുടങ്ങളും സമമാകുന്നു. മൂശാരി താന്‍ വാര്‍ക്കുന്ന ഓട്ടുപാത്രങ്ങളെക്കാള്‍ മുന്തിയവനല്ല. കൊല്ലന്‍ തന്‍റെ അടകല്ലിനേയും മുട്ടികയെയുംകാള്‍ വിശേഷപ്പെടുന്നില്ല. നെയ്ത്തുകാരനും അവന്‍റെ തറിയും തമ്മില്‍ ഉത്ഭവത്തില്‍ ഭേദം ഇല്ല. അങ്ങനെതന്നെ വെടിക്കാരനും തോക്കും, വള്ളക്കാരനും വള്ളവും, ആശാരിയും മരവും എല്ലാം സമമാകുന്നു. സകലവും ഉണ്ടായിരിക്കുന്ന സാധനം ബ്രഹ്മമാകുന്നു. ഇതു ശരിയോ? ഈ പ്രപഞ്ചത്തിലെ വസ്തുക്കള്‍ എല്ലാം ഇങ്ങനെ തുല്യമായിരിക്കുന്നുവോ? പ്രയോഗംകൊണ്ട് എന്നപോലെ സ്വഭാവത്തിലും ചില വസ്തുക്കള്‍ മറ്റു ചിലതില്‍ ശ്രേഷ്ടമായിരിക്കുന്നില്ലയോ? ചിലതു സാമാന്യമായിരിക്കുമ്പോള്‍ ചിലതു വിശേഷമായി രിക്കുന്നില്ലയോ? കാര്യം അങ്ങനെ ആകുന്നു എന്നു നാം അറിയുന്നു. വിശേഷാല്‍ മനുഷ്യാത്മാക്കള്‍ തങ്ങളുടെ ധീശക്തികളാലും അറിവു ലഭിക്കുന്നതിനുള്ള പാത്രതയാലും നാം വസിക്കുന്ന ഭൂമിയെക്കാള്‍ തുലോം ശ്രേഷ്ടന്മാരാകുന്നു എന്നു നാം സമ്മതിക്കുന്നു.' 'ആദിത്യചന്ദ്രന്മാരും മറ്റു ഗോളങ്ങളും ഭൂമിയില്‍നിന്നും ഇത്രയകലെ നില്‍ക്കുന്നുവെന്നു ഗണിച്ചറിയുന്നതു യൂറോപ്പു ജ്യോതിഷക്കാര്‍ പാറല്ലാക്സെന്നു പറയുന്ന ഒരു പ്രമാണം മുഖാന്തരമാകുന്നു. ആദ്യംതന്നെ പാറല്ലാക്സെന്നത് എന്തെന്നുള്ളതിനെപ്പറ്റി വിവ രിക്കാം. ഒരാള്‍ തന്‍റെ വലത്തുകൈ മുന്‍പോട്ടു നല്ലവണ്ണം നീട്ടി ചുണ്ടാണിവിരല്‍ അസാരം പൊക്കിപിടിച്ചുംകൊണ്ടു താന്‍ നില്‍ക്കുന്ന മുറിയില്‍ തനിക്കു നേരെയുള്ള ചുവരിന്മേല്‍ ഇടത്തു കണ്ണടച്ചുകൊണ്ടു വലത്തേതു കൊണ്ടു നോക്കിയാല്‍ ആ ചുവരില്‍ ഒരു സ്ഥലം ചൂണ്ടാണിവിരല്‍കൊണ്ടു മൂടിയിരിക്കുന്നപ്രകാരം കാണും. എന്നാല്‍ വലത്തു കണ്ണടച്ചുകൊണ്ട് ഇട ത്തതുകൊണ്ട് ഇപ്രകാരം നോക്കിയാല്‍ മുന്‍പേ ചൂണ്ടാണിവിരല്‍കൊണ്ടു മറഞ്ഞിരുന്ന സ്ഥലത്തിനു തുലോം വലത്തോട്ടു മാറി മറ്റൊരു സ്ഥലം ഇപ്പോള്‍ മറഞ്ഞിരിക്കുന്നതായി കാണും. ഇങ്ങനെ മറഞ്ഞിരിക്കുന്നതായി കണ്ട സ്ഥലം രണ്ടിന്നും ചൂണ്ടാണിവിരലിനും ഇടയിലുള്ള കോണെങ്കിലും, പാറല്ലാക്സെന്നു വിളിക്കപ്പെടാം. ... രണ്ടു സ്ഥലത്തു നിന്നും ഒരു വസ്തുവിനെ നോക്കിക്കാണുമ്പോള്‍ ആ വസ്തുവിന്ന് ഈ രണ്ടു സ്ഥലത്തുനിന്നുമുള്ള അകലം എത്രമേല്‍ കുറഞ്ഞും ഈ സ്ഥലങ്ങള്‍ തമ്മിലുള്ള അകലം എത്രമേല്‍ ഏറിയുമിരിക്കുമോ അത്രമേല്‍ പാറല്ലാക്സെന്ന കോണിനു വിസ്താരം കൂടിയിരിക്കുമെന്നുള്ളതു മുന്‍പെ പറഞ്ഞിരിക്കുന്നതില്‍ നിന്ന് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതാകുന്നു.'

ചുരുക്കത്തില്‍:- മലയാളഭാഷയ്ക്കു ആദ്യമായി സ്വഭാഷയില്‍ ഒരു വ്യാകരണഗ്രന്ഥം നിര്‍മ്മിക്കയും, മലയാളഭാഷയില്‍ ആദ്യമായി വിജ്ഞാനപ്രദങ്ങളായ ഉപന്യാസങ്ങള്‍ മാസികാ മാര്‍ഗ്ഗേണ പ്രസിദ്ധപ്പെടുത്തുകയും, മലയാളഭാഷയ്ക്കു നവീന ഗദ്യരീതിയില്‍ ഒരു സാന്മാര്‍ഗ്ഗിക ഗ്രന്ഥം പ്രദാനം ചെയ്കയും, മലയാളഭാഷയില്‍ ആദ്യമായി ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്കയും, മലയാളഭാഷയില്‍ ആദ്യമായി ഗ്രന്ഥവിമര്‍ശനം ആരംഭിക്കയും, മലയാളഭാഷയില്‍ ആദ്യമായി രാഷ്ട്രീയലേഖനങ്ങള്‍ എഴുതുകയും മലയാളിസമുദായത്തിന്‍റെ വലിമയ്ക്കും വളര്‍ച്ചയ്ക്കുംവേണ്ടി മരുമക്കത്തായ ത്താലുള്ള ദോഷങ്ങളേയും ആളോഹരിഭാഗത്തിന്‍റെ ആവശ്യകതയേയും കുറിച്ചു അറുപത്തിനാലു കൊല്ലങ്ങള്‍ക്കു മുമ്പ് ആദ്യമായി ഒരു ദീര്‍ഘ പ്രബന്ധം രചിക്കയും, തിരുവിതാംകൂര്‍ ജനതയുടെ വിദ്യാഭ്യാസവിഷയ മായ മാനസിക പരിഷ്ക്കാരത്തിനു വേണ്ടി ആവതിലധികം വേല ചെയ്കയും ചെയ്ത ഒരു കേരളീയ നസ്രാണിയായ ദിവ്യശ്രീ ഗീവറുഗീസ് കത്തനാരവര്‍കളുടെ ഭാഷാസാഹിത്യ പരിപോഷണ ശ്രമങ്ങളെ അളക്കുകയും, വില മതിക്കുകയും ചെയ്യുന്നതിനുള്ള ശരിയായ തുലാക്കോല്‍, അദ്ദേഹത്തിന്‍റെ ജീവിതകാലവും പരിതഃസ്ഥിതികളും സ്വന്തം ഗദ്യകൃതികളുമാണെങ്കില്‍, ആധുനിക മലയാളഗദ്യത്തിന്‍റെ ആദ്യ മാതൃകാപ്രദര്‍ശകന്‍ എന്നുള്ള അന ശ്വരബിരുദം, അദ്ദേഹത്തിന്‍റെ പൂജനീയ നാമധേയത്തോടു കൂടി, മലയാള ഭാഷ ഉള്ള കാലത്തോളം സ്ഥിതിചെയ്യുന്നതാണെന്നും, അതിനെ മായിച്ചു കളയുന്നതിനോ, മറച്ചുവയ്ക്കുന്നതിനോ, തട്ടിപ്പറിക്കുന്നതിനോ, സ്വാര്‍ത്ഥമാത്രപരനായ ഏതൊരു വിമര്‍ശകനും, ഏതൊരു ഭാഷാചരിത്രകാരനും സുസാധ്യമല്ലെന്നും മാത്രമേ എനിക്ക് ഈ അവസരത്തില്‍ പറവാനുള്ളു. എന്തെന്നാല്‍, ആധുനിക ഭാഷാചരിത്രകാരന്മാരുടെ നേരെ ഒരു ഊറിയ മന്ദഹാസം ചൊരിഞ്ഞുകൊണ്ടു വൈയാകരണന്‍ ഗീവറുഗീസ് കത്തനാരുടെ സാഹിത്യകൃതികള്‍, ചില കേരളീയ ഗൃഹങ്ങളിലെ അലമാരികളില്‍ ഇന്നും സജീവവായ്പോടു കൂടിത്തന്നെ സ്ഥിതി ചെയ്തുപോരുന്നുണ്ടെന്നുള്ള രഹസ്യം ഒരു രഹസ്യമല്ലല്ലോ.

(1928 ജൂലൈ 2, 4, 6, 7, 9, 11, 12, 14, 15 എന്നീ തീയതികളില്‍ - 1103 മിഥുനം 19-നു തിങ്കളാഴ്ച മുതല്‍ - മലയാള മനോരമയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനപരമ്പര)

No comments:

Post a Comment

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...