പ്രകൃതിദേവിയുടെ ഇളംകളകണ്ഠത്തില്‍ മന്ദമാരുതമന്ത്രോല്‍ഘോഷണപൂര്‍വ്വം മംഗല്യമണി പൂമാല്യം ചാര്‍ത്തുന്നതാര്‍? ഉദ്യാനവീഥികളിലെ മാലതീപുഷ്പങ്ങളുടെ സ്നിഗ്ദ്ധമൃദുലതയേയും വെണ്‍താമരനൂലുകളുടെ ധവളകാന്തിയേയും ഉള്‍ക്കൊള്ളുന്നതായ താഴ്വരകളിലെ വെള്ളിലതളിരുകളാല്‍ അവളുടെ മഹനീയ ശിരസ്സില്‍ മംഗളമന്ത്രകോടി ചൂടുന്നത് ഏതൊരു സുകുമാരമണാളന്‍? വസന്തദേവതയുടെ മഞ്ജുളതരമായ മംഗല്യനര്‍ത്തനങ്ങളോടും പക്ഷിവൃന്ദങ്ങളുടെ മധുരാമൃതനിഷ്യന്ദിയായ മഞ്ജുളഗാനാലാപത്തൊടും കൂടി പ്രകൃതിയുടെ പരിശുദ്ധ യൗവനത്തെ അനുഗ്രഹിക്കയും, വരണനീരാളനീവോളത്താല്‍ അവളുടെ കന്യകാത്വത്തെ രൂപാന്തരീകരിക്കയും ചെയ്യുന്ന പ്രേമമാത്രസ്വരൂപനായ സ്വാമിന്‍, വിശ്വൈകകാമുകനായ ജീവനാഥാ! ബഹുത്വത്തെ ദ്വിത്വത്തിലും ദ്വിത്വത്തെ ഏകത്വത്തിലും, ഏകത്വത്തെ സനാതനത്വത്തിലും, അന്തര്‍ഹിതമാക്കിയിരിക്കുന്നതായ നിന്തിരുവടിയുടെ ഘടനാപാടവത്തെ അടിയങ്ങളിതാ തലതാഴ്ത്തി ആരാധിക്കുന്നു.
പാവനജീവിതം നയിക്കുന്ന പരമോദാരന്‍, മാലിന്യമില്ലാത്ത മഹാമനസ്കന്‍, ആശ്രിതാവനതല്പരതയില്‍ അനുകമ്പാപരവശന്‍, ജീവിതപര്യടനത്തില്‍ വിജയശ്രീലാളിതന്‍, വ്യവസായികജീവിതത്തില്‍ വിദൂരവീക്ഷണനിപുണന്‍, വജ്രഹൃദയനെങ്കിലും ലളിതാര്‍ദ്രകോമളന്‍, സര്‍വസ്വതന്ത്രനെങ്കിലും അചഞ്ചലസത്യനിഷ്ഠന്‍, സുഗ്രീവാജ്ഞനെങ്കിലും സുമധുരസ്നേഹസര്‍വ്വസ്വം-എന്നിങ്ങനെ ആലോചനാമൃതമായ വിവിധ ഭാവത്തില്‍ ഞങ്ങളുടെ അനല്പമായ സ്നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനായ ശ്രീമാന്‍ സി. കെ. ചാണ്ടി അവര്‍കളുടെ വിശുദ്ധ വിവാഹമഹോത്സവമേ വിജയിച്ചാലും! വിജയിച്ചാലും!
തേന്മാവിന്‍റെ കൊമ്പ് തന്നെ ഈ പെണ്‍കോകിലത്തിന് വിശ്രമവിഹാരരംഗമായി തീര്‍ന്നുവല്ലോ. അദ്ഭുത ... കളകണ്ഠനാദമുയര്‍ത്തി ... ഭവതി ജഗദീശപാദപത്മ .... പ്പിച്ചാലും.
കണ്ണുനീര്‍തുള്ളികളെ കണ്ണുനീര്‍തുള്ളികളോടു ചേര്‍ത്തു ബന്ധിക്കുക, സ്വേദകണത്തെ സ്വേദകണത്താല്‍ ആരാധിക്കുക, ദീര്‍ഘശ്വാസത്തെ ദീര്‍ഘനിശ്വാസപരമ്പരയാല്‍ ആശ്വസിപ്പിക്കുക, ഹൃദയം ഹൃദയത്തെ സംഗ്രഹിക്കുക, അധരം അധരത്തെ അഭിമുഖീകരിക്കുക, മന്ദഹാസം മന്ദഹാസത്തെ എതിരേല്‍ക്കുക, ചെന്തളിര്‍ കൈവിരലുകള്‍ വിഭ്രമവിലാസത്തോടു കുളിരണിഞ്ഞു കൂടിചേരുക, ഇളംകാലടി ഇളംകാലടിയാല്‍ ധര്‍മ്മപഥത്തിലേയ്ക്ക് ആനയിക്കപ്പെടുക!
അഹോ! സര്‍വ്വചരാചര സൃഷ്ടകനായ ഭഗവന്‍, ദയാലോ, സംഘടനയും സമ്മേളനവും ആകുന്ന ഈ വിശിഷ്ട രത്നങ്ങള്‍കൊണ്ട് നിന്തിരുവടി പ്രകൃതിയുടെ ശിരസ്സില്‍ സദാ തങ്കക്കിരീടം ചൂടുന്നുവല്ലോ.
ഇതാ നിഷ്കളങ്കവും നിര്‍ദ്ദോഷസുന്ദരവുമായ രണ്ടു ചെങ്കുളിര്‍കൈകള്‍ അങ്ങേ തങ്കവീണയെ സ്പര്‍ശിക്കുന്നു. അനര്‍ഘരുചിരമായ രാഗസ്ഫുരണത്തിനായി അത് വീണക്കമ്പികളില്‍ മൃദുചലനം ചെയ്യുന്നു. കൈത്താളങ്ങളുടെ സമ്മര്‍ദ്ദനമധുരധ്വനിയെ അത് കളകളശ്രുതിയാല്‍ ആരാധിക്കുന്നു. ഹാ, ജഗദീശാ! വിശ്വവിമോഹനനായ പ്രാണനാഥാ, പൂമ്പൊയ്കയിലെ വെള്ളാമ്പല്‍പൂക്കളില്‍ ചന്ദ്രകിരണങ്ങള്‍ അതിന്‍റെ സ്വേദകണങ്ങള്‍ അര്‍പ്പിച്ച് വിശ്രമിക്കുന്നതുപോലെയും, പൂഞ്ചന്ദ്രികാപൂരത്താല്‍ പുളകമാര്‍ന്നു കുഴയുന്ന നെയ്യാമ്പല്‍ പൂക്കള്‍ കല്ലോലമാര്‍വ്വിടത്തില്‍ ശിരസ്സണച്ച് സ്വാസ്ഥ്യം പ്രാപിക്കുന്നതുപോലെയും, കവിള്‍തടം കവിള്‍ത്തടത്തോടും, കണ്ണുനീര്‍ കണ്ണുനീരോടും, കരപങ്കജം കരപങ്കജത്തോടും അന്തരാത്മാവ് അന്തരാത്മാവോടും, ചേര്‍ന്ന് ആനന്ദവിശ്രാന്തി അടയുന്നതായ ഈ ശുഭാവസരത്തില്‍ അല്ലയോ സംഗീതകുശലനായുള്ളോവേ! അങ്ങയുടെ കനകവീണയില്‍ ശബ്ദബ്രഹ്മാമൃതഗീതം പൊഴിക്കുന്നതായ ഈ യുവദമ്പതികളെ ദേവദൂതമിഥുനത്തെ-നിന്തിരുവടി കരളലിഞ്ഞു അനുഗ്രഹിച്ചാലും!! ജീവിതത്തെ ഭാഗ്യപരിപൂര്‍ണ്ണവും പരമാദര്‍ശ പരിശുദ്ധവുമാക്കിതീര്‍ക്കുന്നതായ ഒരു സ്വര്‍ഗ്ഗീയരാഗചഞ്ചരീകം ഇവരുടെ ഗീതകലാകേന്ദ്രത്തില്‍ സദാ പ്രവഹിക്കുമാറാകട്ടെ!
ഇവരുടെ സംഗീതകലാപ്രദര്‍ശനമാകട്ടെ അസംകലിതമായ ശ്രുതിപരമ്പരയോടും, മാത്രാനിബദ്ധമധുരമായ താളമേളങ്ങളോടും, സുപഥസ്ഥിതമായ നടനകലാസാരസ്യത്തോടും കൂടി ജഗല്‍കാമുകനായ നിന്തിരുമേനിയുടെ നന്ദനോദ്യാനത്തില്‍ സദാ അദ്വൈതഗാഥാമൃതം ചിന്തി ആചന്ദ്രതാരം പരിലസിക്കുമാറാക! പരിലസിപ്പുതാക!!!
റവ. കെ. ജി. തോമസ് & ഫാമിലി
ചെന്നിത്തല
26-1-1112.
(റ്റി. എ. ശോശാമ്മ - സി. കെ. ചാണ്ടി ദമ്പതികളുടെ വിവാഹ മംഗളാശംസയായി റവ. കെ. ജി. തോമസിനു വേണ്ടി ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ് 1112 (1936) ചിങ്ങം 26-നു എഴുതി നല്‍കിയ ഗദ്യകവിത)
No comments:
Post a Comment