1 ബൂബിലി അഥവാ നിസര്‍ഗ്ഗ പൗരോഹിത്യം
2 മാരാമണ്‍ കണ്‍വന്‍ഷന്‍
3 അസ്വാതന്ത്ര്യതമസ്സ്
4 പപ്പാച്ചി അഥവാ ഭക്ത ഭിക്ഷു
5 ക്രിസ്തുദാസനും സത്യദാസനും
6 മത്തിച്ചിറ്റപ്പന്‍
7 ആനന്ദഭൈരവി
1 ബൂബിലി അഥവാ നിസര്‍ഗ്ഗ പൗരോഹിത്യം
2 മാരാമണ്‍ കണ്‍വന്‍ഷന്‍
3 അസ്വാതന്ത്ര്യതമസ്സ്
4 പപ്പാച്ചി അഥവാ ഭക്ത ഭിക്ഷു
5 ക്രിസ്തുദാസനും സത്യദാസനും
6 മത്തിച്ചിറ്റപ്പന്‍
7 ആനന്ദഭൈരവി
I. ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍
1. ജഗന്മണാളന്‍
2. സുഖസ്വപ്നാമൃതം
3. പ്രസ്ഥാനസുധാലഹരി
4.ചെങ്കോലും മുരളിയും
5. കവിതാദേവി
II പ്രേമാലാപങ്ങള്‍
1. പ്രേമാഭ്യര്‍ത്ഥനം
2. ആ ചെറിയ വഴിത്താര
3. പ്രേമസായൂജ്യം
4. വിരഹദാഹം
5. പ്രേമാഭിഷേകം
6. സൗന്ദര്യാരാധനം
മലങ്കര മാര്‍ത്തോമ്മാ സഭയുടെ അന്തര്‍ഹൃദയത്തില്‍ അനുനിമിഷം അലതല്ലുന്ന കര്‍ത്തവ്യധര്‍മ്മ ചിന്താതന്തുക്കളെ അടിയോളവും തഴുകിത്തണുപ്പിക്കുമാറ്, മധ്യതിരുവിതാംകൂറിന്‍റെ മരതകമണിമാര്‍വ്വില്‍ കുഴഞ്ഞുമാഴ്കി മീളുന്ന സര്‍വ്വസുഭിക്ഷപ്രദായിനിയായ പമ്പാദേവിയുടെ പാര്‍ശ്വതലത്തില്‍ പരന്ന് പാറുന്ന വെണ്‍പട്ടുസാരിക്കൊപ്പം എങ്ങെങ്ങും മാനമാണ്ട മാരാമണ്‍ മധുരച്ചരല്‍പ്പരപ്പ് ശിശിരകാല ശുഭ്രതയില്‍, അതാ കണ്ണെത്താദൂരം കുളുര്‍മ്മയാര്‍ന്ന് തെളുതെളിമ ചിന്തി വിളങ്ങുന്നു. അന്‍പതിനായിരം. അല്ല, അറുപതിനായിരം. അതുമല്ല; ഒരെണ്‍പതിനായിരം. പോരാ; ഒരു ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ഒരേസമയം പരസ്പരസ്പര്‍ശം കൂടാതെ ഒരുമിച്ചിരുന്ന് ആത്മസംശോധനം ചെയ്യത്തക്കവണ്ണം വിരിഞ്ഞ് കിരുകിരുത്ത് വിസ്താരമാര്‍ന്ന മണല്‍പ്പുറത്ത് എണ്ണമറ്റ തൂണുകളില്‍ തണലണച്ചമരുന്ന സുവിസ്തൃതമായ തട്ടുപന്തലിന്‍കീഴില്‍ എത്രയെത്ര മനുഷ്യഹൃദയങ്ങള്‍ ഈശ്വരമുഖം ദര്‍ശിച്ചിട്ടില്ല! എത്രയെത്ര പാതകികള്‍ പശ്ചാത്താപ പരിമര്‍ദ്ദനത്താല്‍ പാവനാത്മാക്കളായി പരിണമിച്ചിട്ടില്ല! എത്രയെത്ര പാപപങ്കിലകള്‍ പരമദയാ വത്സലന്‍റെ പാദപങ്കേരുഹങ്ങളെ സ്വന്തം കണ്ണുനീര്‍ പ്രളയത്താല്‍ കഴുകിത്താലോലിച്ചിട്ടില്ല! എത്രയെത്ര മനുഷ്യജീവികള്‍ പരിവര്‍ത്തന വ്യവസ്ഥിതിയില്‍ പരിത്രാണനത്തിന്‍റെ പരമകാഷ്ഠയെ പ്രാപിച്ചിട്ടില്ല!
അങ്ങനെ ഒരാഴ്ചവട്ടം മുഴുവന്‍ മനുഷ്യന്‍ സ്വന്തം ജീവിതചര്യകളെ ഈശ്വരസന്നിധിയില്‍ അഗ്നിസ്ഫുടം ചെയ്ത് വിശുദ്ധീകരിപ്പാന്‍-ദുര്‍മ്മാര്‍ഗ്ഗത്തിന്‍റെ ചെളിക്കുഴിയില്‍ നിന്ന് സന്മാര്‍ഗ്ഗത്തിന്‍റെ മണിമന്ദിരത്തിലേക്ക്, അന്ധതമസ്സില്‍ നിന്ന് ആദ്ധ്യാത്മിക ജ്യോതിഷ്പ്രവാഹത്തിലേക്ക്, പൈശാചികത്വത്തിന്‍റെ മ്ലേച്ഛരൂപങ്ങളില്‍ നിന്ന് സ്വര്‍ഗ്ഗീയ സൗന്ദര്യപ്രഭാവത്തിലേക്ക് - ഓരോ വ്യക്തിയേയും കുതികൊള്ളിക്കുന്നതായ പരിപാവനതയുടെ ഒരു ഉജ്വല പ്രചോദനാതരംഗത ആ പന്തല്‍കീഴ് മുഴുവന്‍ ആദ്ധ്യാത്മിക വൈദ്യുതി പ്രസരിപ്പിക്കുന്നു.
സാത്വിക ജീവിത പരിപാടികളില്‍ അടിയുറച്ച പുണ്യശ്ലോകരായ പ്രസിദ്ധ മതപണ്ഡിതന്മാര്‍ പരിഷ്കൃത ഭൂഖണ്ഡങ്ങളിലെ വൈജ്ഞാനിക കേന്ദ്രങ്ങളില്‍ നിന്നും ശ്രീയേശുക്രിസ്തുവിന്‍റെ സുചരിതഘോഷണത്തിനായി ആ മണല്‍പ്പുറത്ത് പ്രതിവര്‍ഷം എത്തിച്ചേരുന്നു. അവിടെ പ്രതിദിനം വന്നുകൂടുന്ന വര്‍ദ്ധമാനമായ ജനസമൂഹമാവട്ടെ, മറ്റ് ലോകരാഷ്ട്രങ്ങളുടെ ഏതൊരു കോണിലും തടിച്ച് പെരുകിച്ചേരുന്ന മറ്റേതൊരു ജനസമൂഹത്തേയുംകാള്‍ അസംഖ്യേയമത്രെ. അങ്ങനെ ചരിത്രം, മതം, ശാസ്ത്രം, തത്വശാസ്ത്രം, രാജ്യമീമാംസ എന്നിവയെ മുന്‍നിറുത്തി ശ്രീയേശുക്രിസ്തുവിന്‍റെ ജീവിതചര്യാവിശുദ്ധിയുടെ നാനാവശങ്ങളെയും ആ സുവിശേഷഘോഷകര്‍ ആ വമ്പിച്ച ജനസംഘത്തിന്‍റെ മുമ്പില്‍ മലര്‍ത്തപ്പെട്ട ഒരു മഹാഗ്രന്ഥം കണക്ക് തുറന്നുവെക്കുന്നു. ഹൃദയപരിവര്‍ത്തനത്തിന്‍റെ വര്‍ണ്ണിക്കാവതല്ലാത്ത കൊടും വിപ്ലവമാണിവിടെ അപ്പോള്‍. ധാര്‍മ്മികമായ ഒരു മഹായുദ്ധത്തിന്‍റെ മാനസിക മാറ്റൊലികള്‍. സാത്വിക മഹാ പ്രബുദ്ധതയുടെ ഒരു പിടിച്ചുയരല്‍.
ആയിരത്തിഒരുനൂറ്റെട്ട് കുംഭത്തിലെ ഒരു ഞായറാഴ്ച. മാരാമണ്‍ കണ്‍വെന്‍ഷ്യന്‍റെ അവസാന ദിവസം. പത്ത് മണി സമയം. മനുഷ്യനും മണല്‍പുറവും തമ്മില്‍ വ്യാവര്‍ത്തിച്ചറിവാന്‍ കഴിയാത്തവിധം എണ്ണിക്കൂടാത്ത ജനസമൂഹം അലൗകികമായ ഒരു ആജ്ഞാശക്തിക്ക് വിധേയരായിട്ടെന്നവണ്ണം സ്വയം അച്ചടക്കത്തോടു കൂടി-അത്രയധികം മൗനവ്രതത്തോടുകൂടി-കന്യകാപുത്രന്‍റെ ചര്യാവിശേഷങ്ങളെ ആകാംക്ഷാഭാരത്തോടു കൂടി ശ്രവിച്ചുകൊണ്ടിരിക്കയാണ്. ആ പന്തല്‍ക്കീഴില്‍ മുഴങ്ങുന്ന മശിഹാതമ്പുരാന്‍റെ ഓരോ തിരുവായ്മൊഴിക്കും മൂല്യം കല്പിക്കുവാനായി ആദിത്യദേവന്‍ ആകാശവീഥിയില്‍ നിന്നും അനന്തകോടി സുവര്‍ണ്ണനാണയങ്ങള്‍ ഓലപ്പഴുതിലൂടെ ആ ജനസമൂഹത്തിലേക്ക് വാരിവാരി വിതറീട്ടും വിജയമടയാതെ അമര്‍ഷതപ്തതയോടെ മുന്നോട്ടിഴയുന്നു. പന്തലിന്‍റെ പടിഞ്ഞാറു വശം അല്പം ഉള്ളിലായി പൊക്കത്തില്‍ പടുത്തിട്ടുള്ള പ്രസംഗവേദിയില്‍ ദീര്‍ഘകായനും സുമുഖനുമായ ലക്നോ ബിഷോപ്പ് തിരുമനസ്സുകൊണ്ട് മഹാസമുദ്രത്തിന്‍റെ മണല്‍ത്തിട്ടയിലേക്ക് ഉയര്‍ന്ന് പൊന്തി അടിഞ്ഞു കയറുന്ന തിരച്ചുരുള്‍പോലെ വെളുവെളുത്ത് മിന്നുന്ന തന്‍റെ കൈക്കുപ്പായം ചലിപ്പിച്ചുകൊണ്ട് ആയിരത്തിത്തൊള്ളായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് കാല്‍വറിയിലെ കടുംപാറത്തടത്തില്‍ മനുഷ്യരാശിക്ക് വേണ്ടി സ്വയം അര്‍പ്പിക്കപ്പെട്ടതായ ആ ഒരു മഹായജ്ഞത്തെക്കുറിച്ച് ആത്മവീര്യ പ്രകര്‍ഷത്തോടുകൂടി പ്രസംഗിക്കയാണ്. ബിഷോപ്പ് തിരുമനസ്സിലെ പിമ്പിലുള്ള ഇരിപ്പിടങ്ങളില്‍ സൗഭാഗ്യനിധിയായ തീത്തൂസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി, സഫ്രഗന്‍ തിരുമേനി, മറ്റ് മിഷണറി പ്രവരന്മാര്‍, സഭാനേതാക്കന്മാരായ പട്ടക്കാര്‍, പ്രശസ്താതിഥികള്‍ എന്നിങ്ങനെ പലരുടെയും ദൃശ്യമായിരുന്നു.
പ്രസംഗത്തിന്‍റെ ആധാരകേന്ദ്രമായി പ്രസംഗകന്‍ ജനസമക്ഷം സമര്‍പ്പിച്ചത്, ബൈബിളില്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച് ഏശയ്യാ പ്രവാചകന്‍ വിവരിച്ചിട്ടുള്ളതായ ദീര്‍ഘദര്‍ശന സൂക്തങ്ങളിലെ താഴെ ഉദ്ധരിക്കുന്ന ചില വാക്യങ്ങളായിരുന്നു:- "അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടുമിരുന്നു. അവനെ വ്യസനപാത്രമായും നിരന്തര രോഗിയുമായിരുന്നു. അവനെ കാണുന്നവര്‍ മുഖം മറച്ചു കളയത്തക്കവണ്ണം അവന്‍ അവഹേളിതനായിരുന്നു. ... സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു. നമ്മുടെ വേദനകളെ അവന്‍ ചുമന്നു. നാമാവട്ടെ, ദൈവം അവനെ അടിക്കുകയും ദണ്ഡിക്കുകയും ശിക്ഷിക്കുകയും ചെയ്തിരിക്കുന്നുവെന്ന് വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നുമിരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെന്നപോലെ തെറ്റിപോയിരിക്കുന്നു. നാം ഓരോരുത്തനും താന്താന്‍റെ വഴിക്ക് തിരിഞ്ഞു. എന്നാല്‍ പരാപരനായ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേല്‍ ചുമത്തി. തന്നെത്താന്‍ താഴ്ത്തി വായ് തുറക്കാതിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു. കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവന്‍റെ മുമ്പില്‍ ശബ്ദിക്കാത്ത പെണ്ണാടിനെപ്പോലെയും അവന്‍ വായ് തുറക്കാതിരുന്നു. അവന്‍ സാഹസമൊന്നും ചെയ്യാതെയും അവന്‍റെ വായില്‍ വഞ്ചനയൊന്നുമില്ലാതെയുമിരുന്നിട്ടും അവര്‍ അവന് ദുഷ്ടന്മാരോടു കൂടെ ശവക്കുഴി കൊടുത്തു. മരണത്തില്‍ അവന്‍ സമ്പന്മാരോടു കൂടെയായിരുന്നു. അങ്ങനെ അനേകരുടെ പാപം വഹിച്ചും അധര്‍മ്മികള്‍ക്കു വേണ്ടി ഇടനില നിന്നും അവന്‍ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളഞ്ഞു."
ക്രിസ്തുവിന്‍റെ അവതാരത്തിന് എണ്ണൂറ്റെഴുപത്താറ് വര്‍ഷം മുമ്പ് ഏശയ്യാ പ്രവാചകന്‍ എഴുതിവച്ചതായ ഈ ദീര്‍ഘദര്‍ശന സൂക്തങ്ങള്‍ ആ ദേവാത്മജനില്‍ എങ്ങനെ നിവര്‍ത്തിയായി എന്ന് പ്രസംഗകന്‍ വിവരിച്ചു തുടങ്ങി. ദ്രോഹത്തിനു ദ്രോഹം; ദണ്ഡനത്തിന് ദണ്ഡനം; അധര്‍മ്മത്തിന് അധര്‍മ്മം; എന്നിങ്ങനെ ഹിംസാപരമായ ഒരു പ്രാചീന ദണ്ഡനനീതിയിലമര്‍ന്നിരുന്ന മനുഷ്യലോകത്തിന് സ്നേഹത്തിന്‍റെയും ആത്മപരിത്യാഗത്തിന്‍റെയും ശാശ്വത ശാന്തിയുടെയും, വിശിഷ്ട മാരഗ്ഗം, മൗലികത്വത്തിന്‍റെ അതിനവീനതയോടു കൂടി ഉപദേശിക്കുക മാത്രമല്ല, ഈശ്വരസാമീപ്യത്തില്‍ നിന്ന് മനുഷ്യനെ ആട്ടിപ്പായിക്കുന്നതായ പാപകര്‍മ്മങ്ങളില്‍ നിന്ന് മനുഷ്യസമുദായത്തെ ഉദ്ധരിച്ച് സ്വര്‍ഗ്ഗസ്ഥനായ പരമപിതാവിനോട് സംയോജിപ്പിക്കുന്നതിനുള്ള ഏക പരിഹാരപദ്ധതിയായ സ്വന്തം അവതാര പരിപാടിയെ സ്വദേഹരക്തത്താല്‍ ദൃഢമുദ്രിതമാക്കിത്തീര്‍ത്ത ലോകൈക ത്യാഗിയായ ക്രിസ്തുഭഗവാന്‍റെ സ്നേഹമഹിമാവിനെ പ്രസംഗകന്‍ ആ മഹാജനസംഘത്തിന്‍ മുമ്പില്‍ നിര്‍വര്‍ണ്ണ ലിപികളാല്‍ വരച്ചുകാണിച്ചു. അനിയന്ത്രിതമായ ഐഹിക സുഖാനുഭൂതിക്ക് വേണ്ടിയുള്ള വിവിധ വ്യാപാരങ്ങളില്‍ മനുഷ്യന്‍ സ്വാഭാവികമായിത്തന്നെ പാപത്തിലേക്കു ചായ്വുള്ളവനാണെന്നും പാപത്തില്‍ നിന്നുള്ള നിര്‍മ്മോചനത്തിന് യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാര പരിപാടികളില്‍ - പരിത്യാഗ പരമയാഗത്തില്‍ - ദൃഢവിശ്വാസവും ഏകീഭാവവും കൂടാതെ മനുഷ്യന് മുക്തി സാദ്ധ്യമല്ലെന്നും, മനുഷ്യനോ, മനുഷ്യത്വത്തിന്‍റെ പരിപൂര്‍ണ്ണതയിലെത്തിച്ചേര്‍ന്ന മഹാമനുഷ്യനായ ഒരു മഹാത്മാവിനോ, ഒരു ദേവനോ, ഒരിക്കലും സാദ്ധ്യമല്ലാത്തവിധം മനുഷ്യകുലത്തിന്‍റെ മഹാപാപം മുഴുവന്‍ തന്നില്‍ത്തന്നെ ആവഹിച്ചു സ്വയം പ്രായശ്ചിത്ത ബലിയായി അര്‍പ്പിച്ച ശ്രീയേശുക്രിസ്തുവല്ലാതെ സൂര്യന് കീഴില്‍ യുക്തിക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നും പ്രസംഗകന്‍ ശ്രുതിയുക്ത്യനുഭവങ്ങളാല്‍ വ്യക്തമാക്കി. എത്ര കുഴഞ്ഞുമറിഞ്ഞ നെടുനെടുങ്കന്‍ വാചകങ്ങളും, ആശയലോപവും ക്രിയാഭംഗവും കൂടാതെ പരിഭാഷപ്പെടുത്തുവാന്‍ പണ്ടുമുതല്‍ക്കെ പ്രാവീണ്യം സമ്പാദിച്ചിട്ടുള്ള അഭിവന്ദ്യനായ അയിരൂരച്ചന്‍ (ദിവ്യശ്രീ സി. പി. പീലിപ്പോസ് കശ്ശീശാ അവര്‍കള്‍) പ്രസംഗകന്‍റെ ഓരോ വാക്കുകളും അതേ ശക്തിയോടു കൂടിത്തന്നെ ആ മഹാസദസ്സില്‍ പകര്‍ന്നുകൊണ്ടിരുന്നു.
അല്പസമയം മൗനമായി നിന്നതിന്‍റെ ശേഷം ലക്നൗ ബിഷോപ്പ്, വലങ്കൈ മുന്നോട്ട്നീട്ടി ആ മനുഷ്യരാശിയോട് ആവേശപൂര്‍വ്വം ചോദിച്ചു:-
"ആര്‍ക്ക് പാപപരിഹാരം ആര്‍ക്ക് ഹൃദയശാന്തി! ആര്‍ക്ക് ശാശ്വത മുക്തി. ഇതാ സര്‍വലോകത്തിനും വേണ്ടി അഗ്രയാഗാര്‍പ്പണം ചെയ്ത കാരുണ്യമൂര്‍ത്തിയായ ക്രിസ്തുഭഗവാന്‍ ഏത് പാപിക്കും അത് ദാനം ചെയ്വാനായി നമ്മുടെ മുമ്പില്‍ വാഗ്ദാനഹസ്തം നീട്ടി നില്‍ക്കുന്നു. തൃപ്പാദങ്ങളെ സുവിശ്വാസപൂര്‍വം സമീപിക്കുന്ന ഏതൊരു മഹാപാപിക്കും തന്തിരുവടിയുടെ തിരുമാറിടത്തില്‍ നര്‍മ്മവിശ്രാന്തി അനുഭവിക്കാം."
"ക്രിസ്തുഭഗവാന്‍ എന്‍റെ പാപങ്ങളെ പരിഹരിക്കുമോ അധര്‍മ്മിയും മഹാപാപിയുമായ എന്നെ തിരുമാറില്‍ ചേര്‍ത്തണക്കുമോ?"
സുഭഗ കോമളനായ ഒരു യുവാവ് ജനതാമദ്ധ്യത്തില്‍ എഴുന്നേറ്റ് നിന്നു. ആത്മാര്‍ത്ഥതയുടെ അഗാധഗര്‍ത്തത്തില്‍ നിന്ന് ഉല്‍ഗളിച്ചതായ ആ ഒരു നേരിയ ശബ്ദം പമ്പയുടെ പളുങ്കുനീരൊഴുക്കില്‍ തട്ടിമുട്ടി ഊഷ്മള മരീചികയിലൂടെ നീണ്ടുപായുന്ന മന്ദവായുവിനെപ്പോലും നിശ്ചലീകരിച്ചുകൊണ്ട് ആ മനുഷ്യമഹാജലധിയില്‍ പരക്കെ വ്യാപിച്ചു. രണ്ടു ലക്ഷത്തിലുമധികം കണ്ണുകള്‍ ജിജ്ഞാസയുടെ കൊടുങ്കാറ്റടിയില്‍ മിന്നല്‍ വേഗത്തില്‍ ചോദ്യകര്‍ത്താവിനെ വലയം ചെയ്തുകഴിഞ്ഞു.
"നിശ്ചയമായും."
പ്രസംഗകന്‍ ധീരസ്വരത്തില്‍ മറുപടി പറഞ്ഞു:- "സ്വന്തം പ്രവൃത്തിയില്‍ ഒരിക്കല്‍പോലും പശ്ചാത്തപിപ്പാനിട വന്നിട്ടില്ലാത്ത പരമാത്മാവായ ക്രിസ്തുവിന്‍റെ വാഗ്ദാനത്തില്‍ നിങ്ങള്‍ വിശ്വസിക്കുക. അവിടത്തെ സമീപിക്കുകയും തിരുമേനിയുടെ പരമയാഗത്തില്‍ സുവിശ്വാസം കൊള്ളുകയും, അവിടുത്തെ മനുഷ്യാവതാര പരിപാടിയില്‍ ഭാഗിത്വം വഹിക്കുകയും ചെയ്യുന്ന ഏതൊരു മഹാപാപിക്കും പാപപരിഹാരവും ശാശ്വത സമാധാനവും നല്‍കുവാന്‍ ഭഗവാന്‍ സന്നദ്ധനത്രെ. നിങ്ങള്‍ക്ക് യേശുമിശിഹായില്‍ വിശ്വാസമുണ്ടോ? സ്വന്തം ബലി മൂലം മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടി ഭഗവാന്‍ സമ്പാദിച്ചിട്ടുള്ള ആ നിത്യമുക്തിയില്‍ നിങ്ങള്‍ക്ക് ഉറപ്പായ വിശ്വാസവും ഭക്തിയുമുണ്ടോ?"
"ഉവ്വ് ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു. എന്‍റെ പാപകര്‍മ്മങ്ങള്‍ ഓരോന്നിനും ഞാന്‍ ഏല്‍ക്കേണ്ടിയിരുന്നതായ ശിക്ഷാഭാരം മുഴുവന്‍ നിഷ്പാപനായ ഭഗവാന്‍ എനിക്കുവേണ്ടി സഹിച്ച് എന്നെ ശിക്ഷയില്‍ നിന്ന് വിമുക്തനാക്കിയെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. പാപശാന്തിയും മനസമാധാനവും നല്‍കുവാന്‍ ഞാന്‍ ഭഗവാനോട് ആത്മനിര്‍ഭരതയോടെ ഇതാ പ്രാര്‍ത്ഥിക്കുന്നു."
"ചോദ്യകര്‍ത്താവിന് പ്രസംഗവേദിയിലേയ്ക്ക് വരാം." സ്നേഹാര്‍ദ്ര മാനസനായ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് ആ യുവാവിനെ സ്വസമീപത്തേയ്ക്ക് ക്ഷണിച്ചു. ജനസമൂഹം ഒതുങ്ങി നീങ്ങി തെളിച്ച ഒരു ചെറുവഴിയിലൂടെ ആ സത്യാന്വേഷകനായ യുവാവ് പ്രസംഗവേദിയിലെത്തി.
ഒരു മുപ്പതു വയസ്സ് പ്രായം. സൗന്ദര്യ ധോരണി ചിന്തുന്ന സ്വര്‍ണ്ണവര്‍ണ്ണമായ ശരീരം; പിച്ചി പൂക്കള്‍ ചേര്‍ത്ത് മൂര്‍ദ്ധാവില്‍ കെട്ടി മടക്കിയിട്ടിരിക്കുന്ന നീലവര്‍ണ്ണമായ മുന്‍ കുടുമ്മ; കാതില്‍ രണ്ട് ചെറിയ വജ്രജോട്; കൈവിരലില്‍ തടിച്ചുരുണ്ട രണ്ട് ഒഴുക്കന്‍ മോതിരം; നെറ്റിയില്‍ ഭസ്മരേഖ; നെഞ്ചില്‍ ചന്ദനലേപനം; കക്ഷത്തില്‍ മടക്കി ചേര്‍ത്തതായ ഒരു പുളിയിലക്കരയന്‍ നേരിയത്; തോളില്‍ പൂണുനൂല്‍-ശാന്തിമനയ്ക്കല്‍ നാരായണന്‍ ഭട്ടതിരിപ്പാട് അങ്ങനെ ആ മനുഷ്യമഹാസാഗരത്തെ അഭിമുഖീകരിച്ച് നിലകൊണ്ടു. സദസ്യരുടെ ജിജ്ഞാസാ ശമനത്തിനായി സ്വന്തം ഹൃദയപരിവര്‍ത്തനത്തിന്‍റെ സാഹചര്യങ്ങള്‍ വിവരിക്കുന്നത് സന്തോഷകരമെങ്കില്‍ ആയതിലേക്ക് അനുമതി ആജ്ഞാപിച്ചതനുസരിച്ച് ഭട്ടതിരിപ്പാട് ഇങ്ങനെ തുടങ്ങി:-
"വടക്കന്‍ തിരുവിതാംകൂറില്‍ ആഭിജാത്യം കൊണ്ടും ജന്മിത്വം കൊണ്ടും പ്രസിദ്ധമായ ഒരു ഇല്ലത്താണ് എന്‍റെ ജനനം. മനയ്ക്കലെ പാരമ്പര്യം അനുസരിച്ച് ഏഴ് വയസ്സു മുതല്‍ എന്‍റെ സംസ്കൃത വിദ്യാഭ്യാസം ആരംഭിച്ചു. പതിനേഴാമത്തെ വയസ്സിനുള്ളില്‍ കാവ്യനാടകാലങ്കാരങ്ങളും തര്‍ക്കവും ഞാന്‍ ഹൃദിസ്ഥമാക്കിയതിനും പുറമേ വേദങ്ങളിലും ഉപനിഷത്തുകളിലും ശങ്കരാചാര്യരുടെയും സായണന്‍റെയും മഹാഭാഷ്യങ്ങളിലും സാമാന്യം നല്ല പരിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. ഇക്കാലങ്ങളിലെല്ലാം ജീവിതത്തെപ്പറ്റിയും പുണ്യപാപങ്ങളെ സംബന്ധിച്ചും ആത്മാവിന്‍റെ അനശ്വരതയെപ്പറ്റിയും എന്‍റെ ഹൃദയത്തില്‍ പല പ്രശ്നങ്ങളും ഉദിച്ചുയര്‍ന്നു. എന്‍റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ മരണതുല്യാവസ്ഥ നേരിടുമെന്നായിരുന്നു ജാതകം. അച്ഛനമ്മമാരുടെ മരണത്തോടു കൂടി ഈ ചിന്ത എന്നെ ക്രമാതീതമായി പീഡിപ്പിച്ചു തുടങ്ങി. അക്കാലത്ത് ഞാന്‍ തൃപ്പൂണിത്തുറ ഇംഗ്ലീഷ് ഹൈസ്കൂളില്‍ ഫോര്‍ത്തുഫാറത്തില്‍ പഠിക്കുകയായിരുന്നു. സ്കൂള്‍ ഫൈനല്‍ പാസ്സായതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസം മതിയാക്കി ഇല്ലത്ത് തന്നെ കാര്യാന്വേഷണത്തില്‍ ഏര്‍പ്പെട്ടു. അക്കാലത്ത് അദ്ധ്യാത്മപരമായ എന്‍റെ ചിന്തകളെ മുന്‍നിറുത്തി ഞാന്‍ ഒരു സന്യാസിയായിത്തീരുമെന്ന് ജ്യേഷ്ഠന്‍ വിചാരിച്ചിരുന്നു. ഈശ്വരഭജനം കൊണ്ട് ജാതകവശാലുള്ള ഗ്രഹപ്പിഴയില്‍ നിന്ന് വിടുതല്‍ പ്രാപിക്കണമെന്ന് അദ്ദേഹം കൂടെക്കൂടെ ഉപദേശിക്കയും ചെയ്യുമായിരുന്നു. ജാതകവശാലുള്ള ഗ്രഹപ്പിഴഗ്ഘട്ടത്തെ സ്മരിച്ച് എന്‍റെ ഹൃദയം സദാ അസ്വസ്ഥമായിരുന്നു. മനസ്സമാധാനത്തിനുവേണ്ടി കുറച്ചുകാലം ഞാന്‍ സംഗീതം അഭ്യസിക്കയുണ്ടായി. ഉദ്ദിഷ്ടഫലം ലഭിക്കായ്കയാല്‍ കുറേക്കാലം യോഗാഭ്യാസ പരിശീലനത്തിലും ഞാന്‍ ഏര്‍പ്പെട്ടു. അതുകൊണ്ടും ഹൃദയസ്വാസ്ഥ്യം ലഭിക്കായ്കയാല്‍ കുറച്ചുകാലം ഇന്ത്യയിലെ പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിപ്പാന്‍ തീരുമാനിച്ചു. ഇല്ലത്തെ കാര്യാന്വേഷണം എനിക്കായിരുന്നതിനാല്‍ പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്‍റെ തീര്‍ത്ഥാടനത്തിന് എത്ര പണം വേണമെങ്കിലും വ്യയം ചെയ്യുവാന്‍ ജ്യേഷ്ഠന്‍ സന്നദ്ധനുമായിരുന്നു. അങ്ങനെ മൂകാംബി, കാശി, രാമേശ്വരം, ചിദംബരം, കാളിഘട്ടം മുതലായ പല പുണ്യക്ഷേത്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു. പക്ഷേ ജീവിതത്തെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള എന്‍റെ ഭയവും ആശങ്കയും ഇതോടുകൂടെ വര്‍ദ്ധിക്കയാണ് ചെയ്തത്. യാതൊന്നിലും ഉന്മേഷമില്ലെന്നായി. ജീവിതം തന്നെയും ഒരു ഭാരമായി തോന്നി. അതിനാല്‍ മാനസോല്ലാസത്തെയും ഹൃദയശാന്തിയേയും കൊതിച്ച് ഞാന്‍ സിനിമാലോകത്തില്‍ ഒരു നടനായി പ്രവേശിച്ചു. പണംകൊണ്ട് സാധിക്കാവുന്ന സര്‍വ്വ ജഡീക സുഖാനുഭോഗങ്ങളിലും ഞാന്‍ മുങ്ങിപ്പൊങ്ങി. ഇന്ത്യയിലെ പല പ്രസിദ്ധ സിനിമാ താരങ്ങളും എന്‍റെ ഇച്ഛാനുവര്‍ത്തിനികള്‍ മാത്രമായിരുന്നു. മദ്രാസ്, ബോംബെ, ഡല്‍ഹി, കല്‍ക്കത്താ മുതലായ തലസ്ഥാനനഗരങ്ങളിലെ എല്ലാ വേശ്യാലയങ്ങളും എനിക്ക് സുപരിചിതമായിരുന്നു. ഭോഗാസക്തിയാല്‍ ഞാന്‍ എന്തൊക്കെ പ്രവര്‍ത്തിച്ചുവെന്ന് സ്മരിപ്പാന്‍പോലും എനിക്ക് നിവൃത്തിയില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ജീവിതസന്തോഷത്തിന് വേണ്ടി ഈ മ്ലേച്ഛജീവിതം ഞാന്‍ തുടരുക തന്നെ ചെയ്തു. പല കുലകന്യകകളേയും കുടുംബിനികളേയും ഞാന്‍ നാശഗര്‍ത്തത്തിലാഴ്ത്തി. പല പല മാന്യമിത്രങ്ങളുടെയും ദാമ്പത്യജീവിത സൗഖ്യത്തില്‍ ഞാന്‍ തീനരകം സൃഷ്ടിച്ചു. ഇങ്ങനെ കാമചാപല്യം, ചതി, വഞ്ചന, പരദ്രോഹം ആദിയായ ദുഷ്ക്കര്‍മ്മങ്ങളുടെ നടുക്കയത്തില്‍ ഞാന്‍ മനസ്സോടെ താണു. പക്ഷെ ഞാന്‍ ആശിച്ചതായ ഹൃദയശാന്തി എങ്ങുനിന്നും ലഭ്യമായില്ല. എന്നല്ല ഭയങ്കരമായ ഒരു രോഗത്തിന് ഞാന്‍ ഇരയായും തീര്‍ന്നു. ഓരോ ദിവസം കഴിയുന്തോറും എന്‍റെ ഹൃദയം അസമാധാനാഗ്നിയില്‍ വെന്തെരിഞ്ഞ് തുടങ്ങി. എന്‍റെ അന്തഃകരണം അതിന്‍റെ ചുട്ടുപഴുത്ത ചൂണ്ടുവിരല്‍ നീട്ടി എന്‍റെ പാപങ്ങള്‍ എണ്ണിയെണ്ണി നിമിഷംതോറും എന്നെ തര്‍ജ്ജനം ചെയ്യുവാനും തുടങ്ങി. എന്‍റെ മഹാപാപങ്ങള്‍ക്കുള്ള സര്‍വശിക്ഷകളും എന്‍റെ ആത്മാവ് അനുഭവിക്കേണ്ടി വരുന്നുവല്ലോ എന്നുള്ള ചിന്ത എന്‍റെ ഹൃദയത്തെ ചുട്ട് ദഹിപ്പിച്ചു. എന്‍റെ സര്‍വ ആശകളും നശിച്ചു. പ്രാപഞ്ചിക സുഖാനുഭോഗങ്ങള്‍ക്ക് ഒരിക്കലും ജീവിതശാന്തി നല്‍കുവാന്‍ കഴിയുന്നതല്ലെന്ന് എനിക്ക് തികച്ചും ബോധപ്പെട്ടു. വല്ല വിധവും ജീവിതം അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. ദിവസങ്ങള്‍ എണ്ണിയെണ്ണി കഴിപ്പാന്‍ തുടങ്ങി.
ഇക്കാലത്ത് മഹാത്മാഗാന്ധിയുടെ ചില ലേഖനങ്ങള്‍ എനിക്ക് തുടരെ വായിപ്പാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്‍റെ ജീവിതാദര്‍ശമഹത്വത്തിന്, മണിമകുടം ചാര്‍ത്തിയ മഹത്തായ ശക്തിവിശേഷം, ശ്രീയേശുക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണ മഹാമേരുവില്‍ നിന്ന് പ്രവഹിച്ചതാണെന്ന് എനിക്ക് തല്‍ക്ഷണം മനസ്സിലാക്കുവാന്‍ കഴിഞ്ഞു. മഹാത്മജിയുടെ മനഃക്ഷേത്രത്തില്‍ മണിദീപം കൊളുത്തിയ ആ ദിവ്യ ഹസ്തങ്ങള്‍ക്ക് ഈ നികൃഷ്ടനായ എന്‍റെ സര്‍വ മാലിന്യങ്ങളേയും കഴുകി എന്നെ വിശുദ്ധീകരിപ്പാനും എനിക്ക് സ്വാസ്ഥ്യം അരുളുവാനും കഴികയില്ലയോ എന്ന് ഞാന്‍ എന്നോട് തന്നെ പലവുരു ചോദിച്ചു.
ഒരു ദിവസം കടയില്‍ നിന്ന് കാപ്പിക്കുരു പൊതിഞ്ഞ് കൊണ്ടുവന്ന ഒന്നുരണ്ട് കടലാസ് യാദൃഛികമായി എന്‍റെ ദൃഷ്ടിയില്‍പെട്ടു. അശുദ്ധ വ്യാപാരത്തില്‍ തന്നെ കണ്ടുപിടിക്കപ്പെടുകയാല്‍ കല്ലെറിഞ്ഞ് കൊല്ലുവാന്‍ വിധിക്കപ്പെട്ട ഒരു പാപിനിയെ പരമകൃപാനിധിയായ ക്രിസ്തു, പാപശാന്തി നല്‍കി സമാശ്വസിപ്പിക്കുന്ന ഘട്ടം വിവരിക്കുന്നതായ ബൈബിള്‍ ഗ്രന്ഥത്തിന്‍റെ ഒന്നുരണ്ട് ഇറുന്ന താളുകളായിരുന്നു അവ. ഒറ്റ വായനകൊണ്ട് മതിയാകയാല്‍ വീണ്ടും വീണ്ടും ഞാന്‍ അത് വായിച്ചു. അന്ധകാരാവൃതമായ എന്‍റെ ഹൃദയഭിത്തികളെ ഭേദിച്ച് എങ്ങുനിന്നോ വെളിച്ചത്തിന്‍റെ ശീതള കിരണങ്ങള്‍ എന്‍റെ അന്തര്‍മര്‍മ്മത്തിലേയ്ക്ക് "പാഞ്ഞു" വരുന്നതായി എനിക്ക് തോന്നി. ആശ്വസിപ്പിക്കുകയും അഴലാറ്റുകയും ചെയ്യുന്ന ഒരു നേരിയ ദിവ്യ ശബ്ദം എന്‍റെ ആത്മകേന്ദ്രത്തില്‍ മന്ത്രിക്കുന്നതായും കേട്ടു.
അടുത്ത ദിവസം ഞാന്‍ സമീപത്തുള്ള ഗ്രാമോദ്ധാരണ ലൈബ്രറിയില്‍ നിന്ന് ബൈബിള്‍ വരുത്തി ക്രിസ്തുഭഗവാന്‍റെ ജീവചരിത്രം പാരായണം ചെയ്വാന്‍ തുടങ്ങി. ഒരു പാപിയെ സംബന്ധിക്കുന്ന സര്‍വ ജീവിത പ്രശ്നങ്ങള്‍ക്കും ക്രിസ്തുഭഗവാനല്ലാതെ സ്ത്രീകളില്‍ നിന്ന് ഉടലെടുത്ത ഒരു മനുഷ്യവ്യക്തിക്കും ഉത്തരം പറയുവാന്‍ കഴിയുന്നതല്ലെന്ന് ദൃഢമായി ഞാന്‍ ബോധിച്ചു. മനുഷ്യബുദ്ധിയെ ബലാല്‍ക്കാരമായി ചിത്രീകരിക്കുകയും ആയാസപ്പെടുത്തുകയും ചെയ്യുന്ന തത്വജ്ഞാനത്തിന്‍റെ നൂല്‍ക്കുരുക്കുകള്‍ കൊണ്ട് മനുഷ്യഹൃദയത്തെ കണിയില്‍ കുടുക്കുവാന്‍ ശ്രമിക്കാതെ ഏത് ജീവിതാവസ്ഥയിലും ബുദ്ധിയുടെ ഏതൊരളവിലും കഴിച്ചുകൂട്ടുന്ന ഏത് സാധാരണ മനുഷ്യനും ലളിതമായും സുഗമമായും അനുഭവപ്പെടുത്തുവാന്‍ തക്കവണ്ണം പാപശാന്തിയുടെയും പരമതയുടെയും പരിത്രാണനത്തിന്‍റെയും ആകെത്തുകയായി യേശുക്രിസ്തു സാധിച്ചിട്ടുള്ള പാപപരിഹാര യാഗത്തില്‍ ഞാന്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചു. എന്‍റെ സര്‍വ മ്ലേച്ഛതകളേയും കഴുകി ഒരു പുതിയ മനുഷ്യനാക്കി തൃപ്പാദ സേവനത്തിന് എന്നെ മുറ്റും യോഗ്യനാക്കണമെന്ന് ഞാന്‍ ഒരു രാത്രി മുഴുവന്‍ ഭഗവാനോട് കേണിരുന്നു. അവിടത്തെ സ്നേഹവചസ്സുകളും വാഗ്ദാനങ്ങളും എന്‍റെ ഹൃദയത്തെ പരിവര്‍ത്തന യന്ത്രത്തില്‍ കടഞ്ഞെടുക്കുന്നതായ ഒരു അനുഭവമാണ് പിന്നീട് എനിക്കുണ്ടായത്. അങ്ങനെ എന്‍റെ സിരാചക്രത്തില്‍ രക്തപരിസരണത്തെ പ്രതിബന്ധിക്കുമാറ് കുന്നുകൂടി കിടന്നിരുന്ന വന്‍പിച്ച ഭാരം ഒന്നോടെ ഒഴിയുകയും ലോകത്തിലെ യാതൊരു ശക്തിക്കും നല്‍കുവാന്‍ കഴിയാത്തതായ ദിവ്യ സമാധാനത്തോടു കൂടി ഞാന്‍ തിരുസന്നിധിയില്‍ നിലകൊള്ളുകയും ചെയ്യുന്നു. ലോകജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു സമുദായത്തേയോ രാഷ്ട്രത്തേയോ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അധഃപതനത്തില്‍ നിന്ന് ഉദ്ധരിപ്പാന്‍ ഒരു മഹാ മനുഷ്യന് കഴിയുമെങ്കിലും അനന്തകാലത്തേക്കുള്ള ശാശ്വത ജീവിതത്തില്‍ മനുഷ്യവ്യക്തിയുടെ സര്‍വപാപ മാലിന്യത്തേയും നിര്‍മ്മാര്‍ജ്ജനം ചെയ്ത് അവനെ നിത്യമുക്തിയിലേക്ക് ഉയര്‍ത്തി തന്നോടൊപ്പം തന്നെ തേജസ്കരിപ്പാന്‍ യേശുക്രിസ്തു എന്ന അഗ്രവ്യക്തിക്ക് മാത്രമേ കഴിവുള്ളുവെന്ന് ഞാന്‍ ദൃഢമായി സുവിശ്വാസം കൊള്ളുകതന്നെ ചെയ്യുന്നു."
നാരായണന്‍ ഭട്ടതിരി ഒരു നവീന സൃഷ്ടിയായിത്തന്നെ പ്രസംഗവേദിയില്‍ നിന്ന് വിരമിച്ചു. അടുത്ത ഒരു മൂന്ന് മാസക്കാലം മുഴുവന്‍ ഭട്ടതിരി മെത്രാപ്പോലീത്താ തിരുമേനിയോടൊരുമിച്ച് താമസിച്ച് ക്രൈസ്തവ സഭയുടെ വിശ്വാസാചാര തത്വങ്ങളെ സംബന്ധിച്ച് ഉപരിപഠനം നടത്തുകയും അനന്തരം മദ്ധ്യതിരുവിതാംകൂറിലെ ഒരു പ്രധാന ദേവാലയത്തില്‍ വച്ച് ഏബ്രഹാം എന്ന പേരില്‍ ജ്ഞാനസ്നാനം ഏല്‍ക്കുകയും ചെയ്തു. സ്നാനകര്‍മ്മം നടത്തിയത് ഏബ്രഹാം സഫ്രഗന്‍ മെത്രാപ്പോലീത്താ തിരുമേനിയായിരുന്നു. തിരുമേനിയുടെ സ്വന്തം പേരു തന്നെ ഭട്ടതിരിക്കും നല്‍കി.
നാരായണന്‍ ഭട്ടതിരിയുടെ മതപരിവര്‍ത്തനം രണ്ട് സംസ്ഥാനത്തെ നമ്പൂതിരി സമുദായത്തിലും ഇല്ലത്തും വലിയ കോളിളക്കവും കൊടുങ്കാറ്റും ഉണ്ടാക്കി. മതപരിവര്‍ത്തനം മൂലം ഏബ്രഹാം ശാസ്ത്രിയുടെ സ്വത്തവകാശം നിശ്ശേഷം നഷ്ടപ്പെട്ടു. എന്നിരിക്കിലും ശാസ്ത്രിയെ സഹോദരത്വേന സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുവാന്‍ സന്നദ്ധതയുള്ള ഒരു വലിയ സമുദായം തന്‍റെ ചുറ്റുമുണ്ടെന്ന് ഏബ്രഹാം ശാസ്ത്രി ദൃഢമായി വിശ്വസിച്ചു. ഒരു യഥാര്‍ത്ഥ ക്രൈസ്തവനായി ജീവിക്കുക, ക്രിസ്തുവിനുവേണ്ടി സേവനം അനുഷ്ഠിക്കുക, എന്നിവ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ ഒന്നായി ആ യുവാവ് കരുതി. സ്വന്തം മതപരിവര്‍ത്തനത്തെ സംബന്ധിച്ച് പ്രസംഗിപ്പാന്‍ - ഇടവകകളില്‍ ക്രിസ്തുവിന് വേണ്ടി പ്രവര്‍ത്തിപ്പാന്‍ - ശാസ്ത്രി ക്ഷണിക്കപ്പെട്ടു. പ്രധാന ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം ആ യുവാവിന് ഒന്നുപോലെ സ്വാഗതം ലഭിച്ചു. അയാളുടെ ജീവിതാവശ്യങ്ങള്‍ മാനമായി നിര്‍വ്വഹിക്കാന്‍ എല്ലായിടത്തും ജനങ്ങള്‍ ഒന്നുപോലെ ഉല്‍സുകരായി ചമഞ്ഞു. അഗതിമന്ദിരങ്ങളില്‍ അനാഥ രോഗികളെ പരിചരിക്കുക, അനാഥ വൃദ്ധന്മാര്‍ക്ക് വേണ്ടി ആഹാരവും വസ്ത്രവും സമ്പാദിക്കുക, ക്രിസ്തുവിനെപ്പറ്റി അറിയുവാന്‍ താല്പര്യമുള്ള ഇതരമതസ്ഥരോട് ഭഗവാന്‍റെ അതുല്യ സ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുക, എന്നീ കാര്യങ്ങളില്‍ ശാസ്ത്രി പരിപൂര്‍ണ്ണ ശ്രദ്ധയോടുകൂടി പ്രവര്‍ത്തിച്ചു. അപരിചിതത്വത്തിന്‍റെ ലഘുമരീചികയില്‍ എല്ലാം ആകര്‍ഷണീയവും മധുരതരവുമായിരുന്നു. പക്ഷെ കാലത്തിന്‍റെ വേലിയിറക്കത്തില്‍ പുതുമയുടെയും പ്രഥമ ജിജ്ഞാസയുടെയും തെളിമയുടെമേല്‍ ദിവസങ്ങളും മാസങ്ങളും ആണ്ടുകളും കുറേശ്ശെ ക്ലാവ് കയറ്റുവാന്‍ തുടങ്ങി. ഏബ്രഹാം ശാസ്ത്രിയുടെ മതപരിവര്‍ത്തനവും ക്രൈസ്തവ സേവനവും ഒരു സാധാരണ സംഭവമായി വിസ്മൃതിയുടെ ആഴത്തിലേക്ക് ഇഴഞ്ഞ് പോയി. അയാളുടെ ചുറ്റും വളര്‍ന്നുകൊണ്ടിരുന്ന ക്രൈസ്തവ സാഹോദര്യത്തിന്‍റെ നീരുറവ വറ്റിത്തുടങ്ങി. ക്രൈസ്തവ സമൂഹങ്ങളേയും അവരുടെ ഭക്തിപ്രചുരിമയേയും സാന്മാര്‍ഗ്ഗിക മേന്മയേയും സംബന്ധിച്ച് ശാസ്ത്രിയുടെ ഹൃദയത്തില്‍ പ്രഥമമായും പ്രധാനമായും ഒരു ആശയം രൂപം പതിച്ചത് മാരാമണ്‍ കണ്‍വെന്‍ഷനായിരുന്നു. സ്നേഹത്തിന്‍റെയും ഏകാത്മതയുടെയും എത്ര വമ്പിച്ച തിരമാലകളാണ് അന്ന് ആ മഹാജനജലധിയില്‍ അലയടിച്ചുയര്‍ന്നത്. അമൃത നിഷ്യന്ദികളായ എത്ര മധുരപ്രതീക്ഷകളാണ് അന്ന് ആ യുവാവിനെ വലയം ചെയ്തത്. തന്നെ മാറത്തണച്ച് ഓമനിപ്പാന്‍ അന്ന് എത്രയോ സ്നേഹഹസ്തങ്ങള്‍ ആവേശപൂര്‍വ്വം മുന്നോട്ട് കുതികൊണ്ടു. ഒരു നോക്ക് കാണുവാന്‍ അന്ന് എത്രയെത്ര കണ്ണുകള്‍ പിടഞ്ഞുഴന്നു. സബഹുമാനം സല്‍ക്കരിപ്പാന്‍ എന്തൊരു തിക്കും തിരക്കുമായിരുന്നു. പ്രോത്സാഹജനകങ്ങളായ എത്ര വാഗ്ദാനശതങ്ങള്‍ ഓരോരുത്തര്‍ ശിരസ്സില്‍ വര്‍ഷിച്ചു. തന്‍റെ ഹൃദയ ധീരതയേയും ത്യാഗബുദ്ധിയേയും പാണ്ഡിത്യത്തേയും അഭിനന്ദിപ്പാന്‍ എത്രയെത്ര രസനാഗ്രങ്ങള്‍ സുമധുര സഞ്ചലനം ചെയ്തു. പക്ഷെ പഴക്കത്തിന്‍റെയും അനാസ്ഥയുടെയും ശാഖാഗ്രങ്ങളില്‍ നിന്ന് ഇലകള്‍ പഴുത്ത് കൊഴിയുകയും തളിര്‍ക്കൂമ്പുകള്‍ വരണ്ടുതീരുകയും ചെയ്തു.
ഏബ്രഹാം ശാസ്ത്രി ഒരു യഥാര്‍ത്ഥ ക്രിസ്തുഭക്തനായിരുന്നു. മെത്രാപ്പോലീത്താ തിരുമേനികള്‍ക്ക് ആ യുവാവിനെ സംബന്ധിച്ച് അത്യധികമായ വിശ്വാസവും സ്നേഹാദരവും ഉണ്ടായിരുന്നു. അയാളുടെ സേവനങ്ങളെ അവര്‍ അത്യധികം അഭിനന്ദിക്കുകയും ചെയ്തിരുന്നു. തിരുമേനികളെ സന്ദര്‍ശിപ്പാന്‍ ഇടവന്നിട്ടുള്ള യാതൊരു അവസരത്തിലും വെറുംകൈയായി അയാള്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നിട്ടില്ല. എന്നാല്‍ ക്രൈസ്തവ സേവനങ്ങള്‍ എല്ലാറ്റിനുംതന്നെ കോളവും, നമ്പരും, മാര്‍ക്കും, ഇട്ട് പരിചയിച്ച് മടുത്ത മലയാള ക്രൈസ്തവന് ഒരു ഹൈന്ദവ ക്രിസ്ത്യാനിയുടെ ആത്മീയ സേവനങ്ങളില്‍ എന്തൊരു വൈശിഷ്ട്യം ദര്‍ശിപ്പാനാണ്. അതില്‍ എന്തൊരു പുതുമ വകവച്ച് കൊടുപ്പാനാണ്. ഏബ്രഹാം ശാസ്ത്രി, നമ്പൂതിരി മാര്‍ഗ്ഗം ചേര്‍ന്ന ഒരു ക്രിസ്ത്യാനി. അത്രമാത്രം. അവിടെയും ക്രിസ്ത്യാനിത്വത്തിനല്ല നമ്പൂതിരി ബ്രാഹ്മണ്യത്തിലാണ് അവര്‍ മാനം കണ്ടത്. അതിലധികം ആ യുവാവിനെ മാനിപ്പാനും മതിക്കുവാനും എന്തുള്ളു. ശാസ്ത്രിക്ക് ബാങ്കില്ല. ചിട്ടിയില്ല. തോട്ടമില്ല. വാണിജ്യവ്യവസായങ്ങളില്ല. മണിമന്ദിരവും സ്വാധീനബലവുമില്ല. സമുദായ കേന്ദ്ര സ്ഥാനങ്ങളില്‍ ഒന്നിലെങ്കിലും ചുമതലയുള്ള ഒരു ജോലിയും ശമ്പളവുമില്ല. സമുദായത്തില്‍ പേരും പെരുമയും പൂണ്ട കുടുംബങ്ങളുമായി ഒരു ബന്ധംപോലും ശാസ്ത്രിക്കില്ല. അയാള്‍ സഭയിലെ പണക്കാരുടെയും ഔദാര്യ ബുദ്ധികളുടെയും സൗജന്യ സംഭാവനകളാല്‍ പുലര്‍ന്നുപോരുന്ന ഒരു ഉപദേശി! വീടുതോറും ബൈബിള്‍ ഉയര്‍ത്തിക്കാണിച്ച് വയറ് കഴിയുന്ന ഒരു സ്വമേധാ സുവിശേഷകന്‍! സ്വന്തം മതം കളഞ്ഞ്കുളിച്ച് തൊഴിലില്ലാതെ ഉരുണ്ട് പെരണ്ട് കയറി ഉണ്ണാന്‍ വരുന്ന ഒരു ഇരുജാതി മനുഷ്യന്‍! ഒരു ജനോപദ്രവി! ഒരു വെറും മറിപ്പന്‍!!!
അങ്ങനെ ഒരു അഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം ആ യുവാവ് ക്രൈസ്തവ സഭയ്ക്ക് ആവശ്യം ആവശ്യമില്ലാത്ത ഒരു അവശിഷ്ട സാധനമായി, ഒരു അധികപ്പറ്റായി അഗണ്യതയിലേക്ക്, അവജ്ഞയുടെ അടിത്തട്ടിലേക്ക്, പുച്ഛരസത്തിന്‍റെ പടുകുഴിയിലേക്ക് നീങ്ങി. മധുരരസം മുഴുവന്‍ കടുംകൈപ്പായി പകര്‍ന്നു.
II
ആഭിജാതനും പ്രഭുതയില്‍ പരിചയിച്ചവനുമായ ശാസ്ത്രിയുടെ ഹൃദയം വല്ലാതെ വേദനപ്പെട്ടു. ക്രൈസ്തവരോടും ക്രൈസ്തവ സമുദായങ്ങളോടും വളരെയടുത്ത് പരിചയിച്ചതിന്‍റെ ഫലമായി ശാസ്ത്രിയുടെ സങ്കല്പങ്ങള്‍ക്കും വലുതായ രൂപഭേദം സംഭവിച്ചു. ഇടയില്‍ നിവര്‍ന്ന് കിടന്നിരുന്ന ചിത്രതിരശ്ശീലയുടെ പടുപഴുതുകളിലൂടെ അയാളുടെ കണ്ണുകള്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് പാഞ്ഞു. യേശുക്രിസ്തുവിന്‍റെ ആണിപ്പഴുതേറ്റ തൃപ്പാദങ്ങളെക്കാളധികം ധനദേവതയുടെ സുവര്‍ണ്ണ പാദങ്ങളില്‍ സദാ അര്‍പ്പിക്കപ്പെടുന്ന കൂപ്പുകൈകളേയും ലൗകിക പ്രതാപങ്ങളുടെയും സുഖാനുഭോഗങ്ങളുടെയും നേരെ സദാ കുനിഞ്ഞ് താഴുന്ന ശിരസ്സുകളേയും ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ അയാള്‍ ധാരാളമായി കണ്ടുമുട്ടി.
സമുദായ മണ്ഡലത്തിനുള്ളില്‍ ധനത്തിനും ധനപരമായ കഴിവുകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്ന ആ ഒരു മഹനീയ സ്ഥാനത്തിന്‍റെ ഭൗതിക മൂല്യം ദൈവഭക്തിയേയും സുകൃത സമ്പത്തിനേയും കലാവൈഭവത്തേയും സൗശീല്യത്തേയും എവിടെയും ഒരു പരിഹാസച്ചിരിയോടു കൂടി വെല്ലുവിളിക്കുന്നതായി ശാസ്ത്രി നേരിട്ട് കണ്ടു. ക്രിസ്ത്യാനി ചതിവും വ്യാജവും വഞ്ചനയും പ്രയോഗിക്കുന്നു. അക്രൈസ്തവനും അങ്ങനെ തന്നെ. അക്രൈസ്തവന്‍ പാലില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കുന്നു. ക്രിസ്ത്യാനിയും അങ്ങനെ തന്നെ. അക്രൈസ്തവനില്‍ കാണ്മാനില്ലാത്ത യാതൊരു വൈശിഷ്ട്യവും ക്രൈസ്തവനില്‍ ഇല്ല. എവിടെയും അക്രൈസ്തവവും അധാര്‍മ്മികവുമായ ഭൗതിക പ്രസക്തി തന്നെ നടമാടുന്നു. ബാഹ്യകഞ്ചുകം വലിച്ച് നീക്കിയാല്‍ ആധുനിക ക്രൈസ്തവ സമുദായത്തിന്‍റെ അടിമുടി മുഴുവന്‍ വ്രണദൂഷിതമാണെന്ന് ശാസ്ത്രി വിശ്വസിച്ചു.
ആ യുവാവ് അമര്‍ഷത്തോടുകൂടി തന്നത്താന്‍ ചോദിച്ചു:- "യേശുക്രിസ്തു ഒരു പ്രായോഗിക വ്യക്തി തന്നെയോ! അതൊ കേവലം ഒരു കവിവിഭാവനാ രൂപമോ? അവിടുന്ന്, ഒരു പ്രായോഗിക പുരുഷനായിരുന്നെങ്കില്‍ ഈ ക്രൈസ്തവ വര്‍ഗ്ഗത്തിന്‍റെ ജീവിതമുഖങ്ങളില്‍ എന്തുകൊണ്ട് ഭഗവാന്‍ പ്രകാശിക്കുന്നില്ല? ഒരു ക്രിസ്ത്യാനിക്കും യേശുക്രിസ്തുവിന്‍റെ ജീവിതം സ്വന്ത ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നില്ല. മനുഷ്യന്‍റെ സാമുദായിക ജീവിതത്തില്‍ താങ്ങാവുന്ന ഒരു പ്രായോഗികാശയമല്ല ക്രിസ്തു. അത് അതിമനോഹരമായ ഒരു കവി ഭാവനാചിത്രമാണ്. ഈ കവി സങ്കല്പത്തിനുവേണ്ടി ഞാന്‍ എന്തിന് എന്‍റെ ആത്മാഭിമാനവും ജീവിതവും നഷ്ടപ്പെടുത്തുന്നു? ഈ ക്രൈസ്തവ വര്‍ഗ്ഗത്തിന്‍റെ സ്നേഹശൂന്യതയേയും നിന്ദാബുദ്ധിയേയും ഇനി ഒരു നിമിഷംപോലും ഞാന്‍ സഹിക്കുകയില്ല. ക്രിസ്തീയത്വത്തിന്‍റെ പുറന്തൊണ്ടില്‍ മാത്രം ജീവിക്കുന്ന ഈ ക്രൈസ്തവരുമായുള്ള ബന്ധം ഞാന്‍ ഇതാ അവസാനിപ്പിക്കുന്നു."
ഏബ്രഹാം ശാസ്ത്രിയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ കുടുകുടെ ഒഴുകിത്തുടങ്ങി. ബുദ്ധിഗോചരമായ സര്‍വ കാര്യകാരണങ്ങള്‍ക്കും അതീതമായി യേശുക്രിസ്തുവിന്‍റെ അദൃശ്യമായ ദിവ്യഹസ്തങ്ങളുടെ പ്രവൃത്തികൊണ്ടു മാത്രം സാധിച്ചവയായി പരിഗണിക്കപ്പെടേണ്ട പല ജീവിതാനുഗ്രഹങ്ങള്‍ അയാളുടെ മുമ്പില്‍ നിരന്നു നില്‍ക്കുന്നു. തന്നെ ഗ്രസിച്ചിരുന്ന ലജ്ജാകരമായ ഭയങ്കര രോഗത്തില്‍ നിന്ന് വിമോചനം നല്‍കിയത്, ഔഷധമല്ല ശ്രീ യേശുക്രിസ്തുവിന്‍റെ കാരുണ്യഹസ്തം ഒന്നു മാത്രമാണെന്നുള്ള വസ്തുത എങ്ങനെ വിസ്മരിപ്പാന്‍ കഴിയും. സദാ കാരുണ്യാമൃതം വഴിയുന്ന ആ തൃക്കണ്ണുകള്‍; അനുഗ്രഹപീയൂഷം ഒഴുകുന്ന ആ അധരചെമ്പവിഴം; മുള്‍ക്കിരീടം തറഞ്ഞുറച്ച ആ തിരുശിരസ്സ്; ഉദ്ധാരണ പരിശക്തമായി സദാ ഉയര്‍ത്തി നീട്ടിയിരുന്ന ആ തൃക്കൈകള്‍; ആരിലും അനുകമ്പാമകരന്ദം ഉതിരുന്ന തിരുഹൃദയം; സ്വശിഷ്യന്‍റെ കുഴിമാടത്തില്‍ ഇറ്റിറ്റു വീണ ആ തൃക്കണ്‍പളുങ്കുനീര്‍; ശിശുക്കളെ കൊഞ്ചിയലിഞ്ഞനുഗ്രഹിച്ചതായ ആ സുമധുര മാദ്ധ്വീസ്വരം; തൃച്ചുമലില്‍ ചുരുണ്ടു കുഴഞ്ഞു പരന്നതായ ആ നീലത്തിരുമുടി; മഗ്ദലന മറിയയുടെ പശ്ചാത്താപ ബാഷ്പതീര്‍ത്ഥത്തില്‍ ആറാടിത്തളര്‍ന്ന ആ തങ്കതൃപ്പാദങ്ങള്‍; നരപരസമ്മേളിതനായ നസ്രായ ദേവന്‍റെ ദിവ്യകളേബരം തന്നെ, അയാളുടെ ഹൃദയഭിത്തിയില്‍ നീണ്ടുനിവര്‍ന്നു കണ്ടു. മലയാള ക്രൈസ്തവന്‍റെ കാര്‍ക്കശ്യവും ധനപൂജക മനോഭാവവും സുഖേച്ഛയും സ്നേഹരാഹിത്യവും അവജ്ഞാബുദ്ധിയും ഒന്നുചേര്‍ന്ന് അതിനെതിരായും തലയുയര്‍ത്തി നില്‍ക്കുന്നു. ആ രണ്ടു ചിത്രങ്ങളേയും ശാസ്ത്രിയുടെ ഉള്‍ക്കണ്ണുകള്‍ മാറിമാറി നോക്കി. വികാരത്തള്ളലാല്‍ അയാളുടെ ഇടനെഞ്ച് പൊട്ടുമെന്ന് തോന്നി. ഏബ്രഹാം ശാസ്ത്രി ഗല്‍ഗദത്തോടു കൂടി രാത്രിയിലെ ചന്ദ്രപ്രകാശത്തില്‍ മാലക്കര നെട്ടായത്തില്‍ നിന്ന് ഊതിക്കയറുന്ന കച്ചാന്‍ കാറ്റിന്‍റെ നേരെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:-
"കൃപാലുവായ ക്രിസ്തോ, ഭാഗവാനെ, ക്ഷണിക്കണെ. നിന്തിരുവടി യഥാര്‍ത്ഥ മൂര്‍ത്തിയായാലും കവിഭാവനാ കല്‍പിതനായിരുന്നാലും ശരി. ക്രിസ്തുവെന്നുള്ള കേവലമായ തിരുനാമം മാത്രമല്ലാതെ ക്രിസ്തുയേശുവിന്‍റെ വ്യക്തിത്വം ജീവിതത്തില്‍ ഒരിക്കല്‍പോലും ആവശ്യമില്ലാത്ത കപടകുടിലനായ ഈ സുറിയാനി ക്രിസ്ത്യാനിയുമായിട്ട് യാതൊരു സമ്പര്‍ക്കവും എനിക്കിനി ആവശ്യമില്ല. മനസ്ഥിതിയെ ചവിട്ടിമെതിച്ച് ധനസ്ഥിതിയെ നമസ്കരിക്കുന്ന ഇവരുമായുള്ള ബന്ധം ഉപേക്ഷിച്ച് ഞാന്‍ ഇതാ പഴയ സ്ഥാനത്തേക്ക് തന്നെ തിരിച്ചുപോകുന്നു."
ആത്മാഭിമാന ഭംഗത്താല്‍ അടിയേറ്റ് ഏബ്രഹാം ശാസ്ത്രി കൈവശമുണ്ടായിരുന്ന വിശുദ്ധ ബൈബിള്‍ ഗ്രന്ഥം ഇരുകൈകള്‍കൊണ്ട് ആകാശമണ്ഡലത്തിലേക്ക് മലര്‍ത്തിയുയര്‍ത്തി അല്പനേരം വികാരചഞ്ചലനായി നിലകൊണ്ടു. അനന്തരം ചുടുബാഷ്പം വഴിയുന്നതായ സ്വന്തം കണ്ണുകളോടു ചേര്‍ത്തണച്ച് അതില്‍ ഒരു അവസാന ചുംബനം അര്‍പ്പിച്ചുകൊണ്ട് ആ ദിവ്യസൂക്തമുക്താഹാരത്തെ അത്യഗാധമായ ആറന്മുള അമ്പലക്കയത്തിന്‍റെ നടുച്ചുഴിയിലേക്ക് അയാള്‍ അര്‍ദ്ധരാത്രിയുടെ ഘോരനിശബ്ദതയില്‍ നിരാശതാശൂരതയോടെ എന്നേക്കുമായി വലിച്ചെറിഞ്ഞു.
III
ഉദയാസ്തമയങ്ങള്‍ക്കിടയില്‍ നാരായണന്‍ ഭട്ടതിരിയുടെ കഥയും ജനശ്രദ്ധയില്‍ നിന്ന് അകന്ന് തേഞ്ഞ് പോയി. അയാള്‍ ക്രിസ്തുമതം ഉപേക്ഷിച്ചിട്ട് തിരിച്ചുപോയതായി ആയിടയ്ക്കുതന്നെ എല്ലായിടത്തും വാര്‍ത്ത പരന്നിരുന്നു. കാരണം എന്താണെന്ന് ശരിക്ക് ആര്‍ക്കുംതന്നെ പറവാന്‍ കഴിഞ്ഞില്ല. "നമ്മുടെ ജനങ്ങളുടെ സ്നേഹശൂന്യവും നിന്ദാപൂര്‍വ്വവുമായ പെരുമാറ്റങ്ങള്‍ ആത്മാഭിമാനമുള്ള യോഗ്യന്മാര്‍ എങ്ങിനെ സഹിക്കും" എന്ന് മെത്രാപ്പോലീത്താ തിരുമേനിമാര്‍ സ്വയം പരിതപിക്കുമായിരുന്നു.
ഭട്ടതിരി ദീക്ഷയും കാവിയും ധരിച്ച് നേരേ കാശി വിശ്വനാഥപുരത്തെത്തി. അവിടെ സ്നാനഘട്ടത്തോട് സമീപിച്ചുണ്ടായിരുന്ന അമൃതാനന്ദ പരമഭട്ടാര ഭാരതിയുടെ ആശ്രമത്തില്‍ അയാള്‍ക്ക് പ്രവേശനം ലഭിച്ചു. നാരായണന്‍ ഭട്ടതിരിയോളം മുഖപ്രസന്നതയും തേജസ്സുമുള്ള അന്തേവാസികള്‍ ആശ്രമത്തില്‍ വേറെയുണ്ടായിരുന്നില്ല. സാമാന്യം സംസ്കൃതം അഭ്യസിച്ചിട്ടുള്ള തിരുവിതാംകൂര്‍കാരന്‍ ഒരു നമ്പൂതിരിയാണെന്നതില്‍ കവിഞ്ഞു മറ്റ് യാതൊരു വിവരങ്ങളും ഭട്ടതിരി വെളിപ്പെടുത്തിയിരുന്നില്ല. അമൃതാനന്ദ പരമഹംസന് ആ യുവാവിനെ സംബന്ധിച്ച് പ്രത്യേകമായ വാത്സല്യവും ബഹുമാനവും തോന്നിയിരുന്നു.
കല്‍ക്കട്ടാ സര്‍വകലാശാലയില്‍ നിന്ന് എം.എ. ബിരുദം പ്രാപിച്ച് സന്യാസജീവിതം വരിച്ച ഒരു മഹാരാഷ്ട്ര ബ്രഹ്മണനായിരുന്നു അമൃതാനന്ദ ഭാരതി. ഹൈന്ദവ വേദവേദാന്തങ്ങളിലും യോഗശാസ്ത്ര പദ്ധതികളിലും അദ്ദേഹത്തോളം പാണ്ഡിത്യം സമ്പാദിച്ച ഒരു യതിവര്യന്‍ കാശിയില്‍ അക്കാലത്തു വേറെ ആരുംതന്നെ ഉണ്ടായിരുന്നില്ല. കാശിയിലെ പൗരസഞ്ചയത്തിന് അമൃതാനന്ദന്‍ ഒരു ആരാധ്യപുരുഷനായിരുന്നു.
ആശ്രമജീവിതത്തില്‍ എട്ടുപത്തു മാസം പരിചയിച്ചതോടെ അവിടെയുള്ള അന്തേവാസികളായ ചില സന്യാസി പ്രമുഖന്മാരുടെ ജീവിതചര്യകള്‍ ചിദാനന്ദന് (അതായിരുന്നു ഭട്ടതിരിയുടെ ആശ്രമനാമധേയം) അസഹ്യകരമായിത്തീര്‍ന്നു. മദ്യപാനം, വ്യഭിചാരം, മോഷണം, ചൂഷണം എന്നിത്യാദി ദുര്‍വിഷയങ്ങളില്‍ അവര്‍ ചിരപരിചിതരാണെന്ന് ഭട്ടതിരിക്ക് നേരിട്ട് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ആശ്രമപരിധിയില്‍ അവര്‍ മര്യാദക്കാരായിരുന്നെങ്കിലും ക്ഷേത്രദര്‍ശനത്തിനായി ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും ദിനംപ്രതി സഹസ്രക്കണക്കായി വന്നുകൊണ്ടിരുന്ന തീര്‍ത്ഥാടകരായ സ്ത്രീപുരുഷന്മാരെ ഈ സന്യാസികള്‍ പല പ്രകാരേണയും ഉപദ്രവിച്ചു പോന്നു. ആശ്രമത്തിലും, സ്നാനഘട്ടത്തിലും, ആ വിശുദ്ധ ക്ഷേത്രസന്നിധിയില്‍പോലും, ഭട്ടതിരി സ്വപ്നദര്‍ശനം ചെയ്തിരുന്ന ഒരു പാവനാന്തരീക്ഷം കാണ്മാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അവിടെയും അധര്‍മ്മവും അപഹരണവും പൈശാചിക നടനം ചെയ്യുന്നതായി അയാള്‍ കണ്ടു. ലോകത്തിന്‍റെ ഏതൊരു കോണിലും, ഏതൊരു ജനസമുദായത്തിലും, ഏതൊരു വിശുദ്ധ സ്ഥലത്തും, കഥ ഇങ്ങനെ തന്നെയോ എന്ന് ചിദാനന്ദന്‍ ആശ്ചര്യം പൂണ്ടു. ആ സന്യാസി അക്ഷമനായി തന്നെത്താന്‍ പറഞ്ഞു:- "ഭഗവാനെ, ഏതു മതത്തിലും ഏതു സമുദായത്തിലും എവിടെയും ദുഷ്ടവ്രണങ്ങളെ കാണ്മാനുള്ളുവല്ലോ. ഇങ്ങനെ തന്നെയോ ലോകഗതി."
കാശി നഗരത്തില്‍ ശതക്കണക്കിന് അലഞ്ഞുഴലുന്ന അനാഥ ബാലികാബാലകന്മാര്‍ക്കായി ഒരു അനാഥമന്ദിരം സ്ഥാപിപ്പാന്‍ അമൃതാനന്ദ ഭാരതി ആയിടയ്ക്ക് ഒരു വമ്പിച്ച പദ്ധതി തയ്യാറാക്കി വര്‍ത്തമാനപ്പത്രങ്ങളില്‍ നിന്നും ആയതിലേക്ക് ധനശേഖരണം ചെയ്വാന്‍ ആശ്രമവാസികളായ അന്‍പതിലധികം ശിഷ്യന്മാരെ അദ്ദേഹം പല സ്ഥലങ്ങളിലേക്കും നിയോഗിച്ചു. അമൃതാനന്ദ പരമഭട്ടാരഭാരതിയുടെ ഒപ്പും മുദ്രയും വച്ച രസീതു ബുക്കുകളുമായി അന്തേവാസികള്‍ പല വഴിക്കും പുറപ്പെട്ട കൂട്ടത്തില്‍ കല്‍ക്കട്ടാ പട്ടണത്തിലേക്കായിരുന്നു ചിദാനന്ദന്‍ വണ്ടി കയറിയത്. ഒരു മുന്നൂറു മൈല്‍ യാത്ര ചെയ്ത് ഗയാ റയില്‍വേ സ്റ്റേഷനില്‍ വിശ്രമിപ്പാന്‍ ഇറങ്ങിയതോടെ ചിദാനന്ദന് അതികഠിനമായ ഒരു നെഞ്ചുവേദനയും പനിയും ആരംഭിച്ചു. മുന്നോട്ടു യാത്ര തുടരുന്നതായാല്‍ കാര്യം അപകടത്തില്‍ കലാശിക്കുമെന്ന് നിശ്ചയമായതിനാല്‍ തല്‍ക്കാലം ആശ്രമത്തിലേക്ക് മടങ്ങുക എന്നുതന്നെ അയാള്‍ തീരുമാനിച്ചു. തലവേദനകൊണ്ട് കണ്ണ് തുറക്കുന്നതിനോ ഒരക്ഷരമെങ്കിലും ശബ്ദിക്കുന്നതിനോ ഭട്ടതിരിക്ക് കഴിയാതായി. കാശിയിലേക്കുള്ള മടക്കത്തീവണ്ടിയില്‍ അയാള്‍ ഒരു വിധത്തില്‍ കടന്നുകൂടി. ശരീരം ചുട്ടുപൊള്ളുംവിധമുള്ള ജ്വരതീവ്രതയുടെ കഠോരതയാല്‍ സമീപത്തിരുന്ന യാത്രക്കാര്‍ എല്ലാവരും മഹാമാരിയാണെന്ന ശങ്കയോടുകൂടി മറ്റു സ്ഥാനങ്ങളിലേക്ക് നീങ്ങി. പക്ഷെ ഒരാള്‍ മാത്രം സ്വസ്ഥാനത്തുതന്നെ ഇരുന്നിരുന്നു. ചീകിമിനുക്കിയ തലമുടിയോടു കൂടിയ ദീര്‍ഘകായനായ ഒരു യുവാവ്. തിളങ്ങുന്ന ശുഭ്രവസ്ത്രങ്ങളും കറുത്തു മിനുങ്ങുന്ന ചെരുപ്പുകളും അയാള്‍ ധരിച്ചിരുന്നു.
നിരാശ്രയനായി, അതിദീനനായി, കിടന്ന കിടപ്പില്‍ത്തന്നെ ഇരുകൈകള്‍ കൊണ്ടും ചെന്നിയില്‍ അമര്‍ത്തിപ്പിടിച്ച്, അടഞ്ഞ കണ്‍പോളകള്‍ക്കിടയിലൂടെ ചുടുകണ്ണുനീരൊഴുക്കുന്ന ആ സഹയാത്രികനെ ആ യുവാവ് കുറച്ചുനേരം സൂക്ഷിച്ചുനോക്കി. ഫലപ്രദമായ എന്തെങ്കിലും ചില പ്രഥമ ശുശ്രൂഷകള്‍ നല്‍കിയില്ലെങ്കില്‍ അപകടനിലയിലെത്തിച്ചേക്കാവുന്ന ഒരു ആപല്‍സന്ധി.
യുവാവ് തല്‍ക്ഷണം ആ സന്യാസിയുടെ സമീപത്തായി മുട്ടുകുത്തി അയാളുടെ പുകഞ്ഞു നീറുന്ന തലയില്‍ കൈവച്ച് അല്പനിമിഷം ഈശ്വരപ്രാര്‍ത്ഥനയില്‍ കഴിച്ചു. അനന്തരം നാഡി പരിശോധിച്ചു നോക്കി. സമീപത്തുണ്ടായിരുന്ന സൂട്ട്കേസില്‍ നിന്ന് ഏതാനും ഗുളികകള്‍ എടുത്ത് രോഗിയുടെ വായില്‍ ഇട്ടുകൊടുത്തു. ഭട്ടതിരിക്ക് അതിനു മുമ്പുതന്നെ അതിസാരം ആരംഭിച്ചിരുന്നു. വിസര്‍ജ്ജന മുറിയിലേക്ക് എഴുന്നേറ്റു പോകുന്നതിനുപോലും അയാള്‍ക്ക് കഴിവുണ്ടായില്ല. അയാളുടെ വസ്ത്രം മലമലിനമായിത്തീര്‍ന്നു. അപരിചിതനായ യുവാവ് വീണ്ടും വീണ്ടും ചില ഔഷധങ്ങള്‍ കൊടുക്കുകയും രോഗിയെ വിസര്‍ജ്ജന മുറിയിലേക്ക് താങ്ങിഎടുത്തുകൊണ്ടുപോയി ശുശ്രൂഷിക്കുകയും സ്വന്തം വസ്ത്രങ്ങള്‍ ചിലതെടുത്ത് അയാളെ ധരിപ്പിക്കുകയും ചെയ്തു. ആ മലിനവസ്ത്രങ്ങളാവട്ടെ ഒട്ടും മടികൂടാതെ അയാള്‍ അപ്പോള്‍ത്തന്നെ വൃത്തിയായി കഴുകിയിട്ടു. ഇതിനിടയ്ക്ക് സ്വന്തം തെര്‍മോ കുപ്പിയില്‍ നിന്ന് ചൂടുകാപ്പിയും മധുരനാരാങ്ങാനീരും ആവശ്യാനുസരണം രോഗിക്കു കൊടുത്തുകൊണ്ടിരുന്നു. ഓരോ ഔഷധങ്ങള്‍ കൊടുക്കുമ്പോഴും ആ യുവാവ് ദൈവത്തെ പ്രാര്‍ത്ഥിക്കുകയും രോഗിയുടെ നെറ്റിയില്‍ കുരിശടയാളം വരയ്ക്കുകയുമുണ്ടായി.
ഒന്നുരണ്ട് മണിക്കൂറിനു ശേഷം രോഗിയുടെ തലവേദന വിട്ടു. പനി കുറഞ്ഞു. പ്രത്യക്ഷമായ മാറ്റം സംഭവിച്ചു. അപകടഘട്ടം നീങ്ങി. ചിദാനന്ദന്‍ എഴുന്നേറ്റു ആ അപരിചിതനായ യുവാവിന്‍റെ മാര്‍വില്‍ ചാരിയിരുന്നു. ഒരു എഴുപത് മൈല്‍ കൂടി യാത്രചെയ്ത് വണ്ടി മണ്‍കാര്‍ സ്റ്റേഷനിലെത്തിച്ചേര്‍ന്നു.
ഞാന്‍ ഇവിടെ ഇറങ്ങുകയാണ്. താമസിപ്പാന്‍ തീരെ നിവൃത്തിയില്ലാത്തതിനാല്‍ വളരെ ഖേദമുണ്ട്. അടുത്ത വണ്ടിയില്‍ പാറ്റ്നായ്ക്ക് പുറപ്പെടാനുള്ളതാണ്. നിങ്ങള്‍ ഇവിടെ ഇറങ്ങി രണ്ടു ദിവസം വെയിറ്റിംഗ് റൂമില്‍ താമസിച്ച് വിശ്രമിച്ചശേഷം യാത്ര തുടരുകയാണുത്തമം. അതിലേക്ക് ആവശ്യമായ പണം ഏല്പിച്ച് ഞാന്‍ വേണ്ടത് ചെയ്തുകൊള്ളാം. വരിക തന്നെ. യുവാവ് സസ്നേഹം പറഞ്ഞു.
ചിദാനന്ദന്‍ തന്‍റെ സഞ്ചിയും, പിഴിഞ്ഞു തൂക്കിയിട്ടിരുന്നതായ തന്‍റെ വസ്ത്രവും എടുത്തുകൊണ്ട് ഉപകര്‍ത്താവിനെ അനുഗമിച്ച് വെയിറ്റിംഗ് റൂമിലെത്തി. അല്പസമയത്തിനുള്ളില്‍ താമസത്തിനും ആവശ്യമായ പരിചരണത്തിനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തശേഷം യുവാവ് ചിദാനന്ദന്‍റെ സമീപത്തേക്ക് വന്നു. ആവശ്യമുള്ളപക്ഷം ഉപയോഗിക്കുന്നതിനായി ഏതാനും ഗുളികകള്‍ അടങ്ങിയ ഒന്നുരണ്ട് കടലാസ് പൊതിയും അവിടെ മേശമേല്‍ വച്ചു. അനന്തരം ആ യുവാവ് തന്‍റെ മണിപേഴ്സ് തുറന്ന് ചിദാനന്ദന്‍റെ മുമ്പിലേക്ക് നീട്ടിക്കൊണ്ട് ആത്മാര്‍ത്ഥസൂചകമായ സ്വരത്തില്‍ പറഞ്ഞു:-
"ആവശ്യത്തിനു പണം എടുത്തുകൊള്ളണം, ഒട്ടും മടിക്കേണ്ട. ഇതാ എടുത്തുകൊള്ളൂ."
ഭട്ടതിരി തല്‍ക്ഷണം കണ്ണടച്ചു മുഖം പൊത്തി. കരയുവാന്‍ ശബ്ദം ഉണ്ടായിരുന്നില്ല. അയാളുടെ വീര്‍ത്ത കണ്ഠം ഉച്ചത്തില്‍ ഒന്നുരണ്ട് തേങ്ങി. ആ ദൈവദൂതനോട് എന്താണു പറയേണ്ടതെന്ന് ചിദാനന്ദന് അറിഞ്ഞു കൂടാതായി. ഭട്ടതിരിയുടെ കവിള്‍ത്തടങ്ങളിലേക്ക് ധാരധാരയായി കണ്ണുനീര്‍ ഒഴുകിത്തുടങ്ങി. ആ ക്രൈസ്തവ യുവാവ് മണിപേഴ്സില്‍ നിന്ന് മൂന്ന് പത്തുരൂപാ നോട്ടുകള്‍ എടുത്ത് ചിദാനന്ദന്‍റെ യാതൊരു തടസ്സവും വകവെക്കാതെ അയാളുടെ സഞ്ചിയില്‍ താഴ്ത്തി. അനന്തരം ആ യുവാവ് തന്‍റെ തോല്‍പ്പെട്ടിയുമെടുത്ത് മുന്നോട്ട് നടയായി. ഭട്ടതിരിയാവട്ടെ അത്യന്തം വ്യസനസൂചകമായ സ്വരത്തില്‍ അത്യുല്‍ക്കണ്ഠയോടെ ചോദിച്ചു:-
"ഒന്നുമൊന്നും അറിയാതെയും അറിയിക്കാതെയും പോവുകയെന്നോ."
"ഒന്നും തന്നെ അറിയേണ്ടതായിട്ടില്ല. അറിയണമെന്നുമില്ല. നിങ്ങള്‍ക്ക് സൗഖ്യം ലഭിച്ചാല്‍ മാത്രം മതി."
ഈ പ്ലാനല്‍ ഷര്‍ട്ടും കമ്പിളിയും മടക്കി കൊണ്ടുപോകേണ്ടതല്ലേ?
ചിദാനന്ദന്‍ ആ ഷര്‍ട്ട് ധൃതഗതിയില്‍ ഊരുവാന്‍ ഭാവിച്ചു.
"വേണ്ടാ വേണ്ടാ. എന്നെക്കാള്‍ കൂടുതല്‍ ആവശ്യം നിങ്ങള്‍ക്കാണ്. അവയെല്ലാം നിങ്ങളുടെ സ്വന്തമെന്ന് കരുതിയാല്‍ മതിയാവും. ഇനി അവ നിങ്ങള്‍ക്കുള്ളതാണ്."
"ശരി. എങ്കിലും ഞാന്‍ ഒരിക്കലും അങ്ങയെ അറിയരുതെന്നോ. എന്തൊരു കഠിനതയാണത്. സ്വദേശമെങ്കിലും പറയരുതോ. എന്നെങ്കിലും ഒരിക്കലൊന്ന് കാണ്മാന്‍...."
"ഒരിക്കലും കാണണമെന്നില്ല. ഒരു മലയാളി എന്നു മാത്രം അറിഞ്ഞിരുന്നാല്‍ മതി. ഒരു തിരുവിതാംകൂര്‍കാരന്‍, ഒരു സുറിയാനി ക്രിസ്ത്യാനിപ്പയ്യന്‍."
"എന്ത്. ക്രിസ്ത്യാനിയോ, ഒരു സുറിയാനി ക്രിസ്ത്യാനിയോ. ഉവ്വോ: അതുവ്വോ. ഉവ്വ് തന്നെയോ?"
ചിദാനന്ദന്‍ കണ്ണുമിഴിച്ചുപോയി. അയാളുടെ തല മരവിച്ചു പോയി. വായ് തന്നെ പിളര്‍ന്നു പോയി.
"അതെ. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി."
"പേര്‍ എന്താണെന്ന് പറവാന്‍ ദയവുണ്ടാവുമോ."
"അതൊരിക്കലും അറിയണമെന്നില്ല. ഒന്നുമാത്രം അറിഞ്ഞാല്‍ മതിയാവും. യേശുക്രിസ്തു നമ്മോടൊരുമിച്ചുണ്ടായിരുന്നു. ദീനനും സദാ വേദനകൊണ്ട് വിങ്ങിക്കരയുന്നവനുമായ ആ അന്‍പുറ്റ തമ്പുരാന്‍ സ്വന്തം തൃക്കൈ നീട്ടി തുണയ്ക്കയും ആശ്വാസത്തിനായും നമ്മോട് കേണിരുന്നതായ സന്ദര്‍ഭത്തില്‍ ആ കാരുണ്യമൂര്‍ത്തിയുടെ തിരുവുടലിനെ ശുശ്രൂഷിപ്പാന്‍ നമുക്ക് അല്പനിമിഷങ്ങള്‍ ലഭിച്ചുവെന്നു മാത്രം."
യുവാവ് റയില്‍വേസ്റ്റേഷന്‍റെ മറുഭാഗത്തേക്ക് ആള്‍ത്തിരക്കില്‍ മറഞ്ഞു.
ചിദാനന്ദന്‍റെ കണ്ണുകള്‍ ആകാശമണ്ഡലത്തിലേക്കുയര്‍ന്നു. ജീവിതപ്രപഞ്ചത്തിന്‍റെ ഓരോ കോണുകളിലും നിശ്ശബ്ദനായി ഒളിഞ്ഞിരുന്ന് കണ്ണുനീര്‍ വാര്‍ക്കുന്ന ശ്രീയേശുക്രിസ്തുവിന്‍റെ അദൃശ്യ ദിവ്യരൂപം, അയാളുടെ ഉള്‍ക്കണ്ണുകള്‍ ഒറ്റനോക്കില്‍ കണ്ടുമുട്ടി. താഴ്വരയിലെ കല്ലടുക്കുകളുടെ ഇടയിലൂടെ കനിഞ്ഞൂറിയിറങ്ങുന്ന നീരുറവപോലെ അയാളുടെ കണ്ണുകളില്‍ നിന്ന് അശ്രുധാര ഇറ്റിറ്റൊഴുകുവാന്‍ തുടങ്ങി. ചിദാനന്ദന്‍ തന്‍റെ ഉള്ളംകൈകള്‍ രണ്ടും മാറത്തടിച്ച് തറച്ചുകൊണ്ട് പൊട്ടി നിലവിളിച്ചു:-
"ക്രിസ്തോ, ഭഗവാനെ, അരുമരക്ഷിതാവെ, അന്‍പുള്ള നാഥാ, അവിടുന്ന് വെറും ഭാവനാരൂപനോ! അങ്ങ്, അനഭിഗമ്യനായ കവിഭാവനാ സൃഷ്ടിയോ അല്ല. ഒരിക്കലുമല്ല. അങ്ങ് മൂര്‍ത്തിമത്തായ ജഗദീശ്വരനാണ്! ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിമിഷംതോറും ഇടപെടുന്ന ചൈതന്യ വിഗ്രഹകനാണ്. മനുഷ്യന്‍റെ സാമുദായിക ജീവിതത്തിലും കുടുംബജീവിതത്തിലും നാഴികതോറും വിനാഴികതോറും വെളിച്ചം വീശുന്ന പ്രായോഗിക പുരുഷനാണ്. നന്ദികെട്ടവനും ചപലനുമായ ഈ ദ്രോഹിയെ വീണ്ടും വീണ്ടും കടാക്ഷിക്കുന്ന പരമവത്സലനായ തമ്പുരാനാണ്. കണ്ണുനീരിന്‍റെ താഴ്വരയിലൂടെ എന്നെ കൈപിടിച്ചു നടത്തുന്ന എന്‍റെ ജീവനായകനായ ഭഗവാനാണ്. ഭീരുവും അക്ഷമനുമായ എനിക്ക് സ്വാസ്ഥ്യം നല്‍കുവാന്‍വേണ്ടി സ്വന്തം ജീവന്‍ വെടിഞ്ഞ പരമദയാലുവായ സ്വാമിന്‍, അടിയന്‍റെ സര്‍വാപരാധങ്ങളും പൊറുക്കണെ. എല്ലാ നന്ദികേടിനും മാപ്പ് തരേണമേ. മാപ്പ് തരേണമേ."
ചിദാനന്ദ സന്യാസി, ആ വെയിറ്റിംഗ് റൂമിലെ ഒരു കോണില്‍ - യേശുമിശിഹായുടെ തിരുസന്നിധിയില്‍ മുട്ടിന്മേല്‍ വീണ് വായ് പൊത്തി വിങ്ങിവിങ്ങിക്കരവാന്‍ തുടങ്ങി.
കഢ
ദിവസം രണ്ടു കഴിഞ്ഞു. നാരായണ ഭട്ടതിരി പരിപൂര്‍ണ്ണ സൗഖ്യത്തോടു കൂടി കാശിയിലേക്ക് പുറപ്പെട്ടു. നേരെ തിരുവിതാംകൂറിലേക്ക് പുറപ്പെട്ടാലെന്താണെന്ന് ആദ്യം വിചാരിച്ചു. പക്ഷെ യേശുക്രിസ്തു അവിശ്വാസ്യതയെ ഇഷ്ടപ്പെടുന്നതല്ലെന്ന് അയാള്‍ ഓര്‍മ്മിച്ചു. ഒരു സായാഹ്നമടുപ്പിച്ച് അയാള്‍ കാശി സ്നാനഘട്ടത്തിലെത്തി. കുളി കഴിഞ്ഞ് ഈറനോടു കൂടിത്തന്നെ ആശ്രമത്തിലേക്ക് നടന്നു.
പെട്ടെന്നുള്ള തിരിച്ചു വരവില്‍ ഗുരുജി തന്‍റെ വിശ്വസ്ഥതയെ സംശയിപ്പാന്‍ ന്യായമുണ്ടെന്ന് ചിദാനന്ദന് തോന്നി. അതിനാല്‍ വളരെ ആശങ്കയോടു കൂടെയായിരുന്നു അയാള്‍ ഗുരുസന്നിധിയിലേക്ക് പുറപ്പെട്ടത്. അമൃതാനന്ദ ഭാരതി അദ്ദേഹത്തിന്‍റെ സാധാരണ ഇരിപ്പിടത്തില്‍ അപ്പോഴുണ്ടായിരുന്നില്ല. ആശ്രമപാചകശാലയില്‍ ഒന്നുരണ്ട് വേലക്കാരല്ലാതെ അന്തേവാസികളായി മറ്റാരും തന്നെ അവിടെ ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഗുരുജി പുറമേ പോകുവാന്‍ ഇടയില്ലെന്ന് ഭട്ടതിരിക്ക് അറിയാമായിരുന്നു. അതിനാല്‍ അദ്ദേഹം ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഏകാന്തനിഗൂഢതയില്‍ ഈശ്വരധ്യാനം നടത്താറുള്ള ഒരു രഹസ്യമുറിയില്‍ ഗുരുജി ഉണ്ടായിരിക്കുമെന്ന് കരുതി ചിദാനന്ദന്‍ ആ പ്രത്യേക ഭാഗത്ത് പ്രവേശിച്ച് ജനല്‍പ്പടുതായുടെ ഉള്ളിലേക്ക് നോക്കി. മുറിയില്‍ വെളിച്ചം വളരെ കുറവായിരുന്നെങ്കിലും ഒരു മാന്തോലില്‍ നിലവിളക്കിന് അഭിമുഖമായിരുന്ന് ഗുരുജി എന്തോ വായിക്കുകയും ഇടയ്ക്കിടയ്ക്ക് ധ്യാനചിത്തനായി കണ്ണടയ്ക്കുകയും അനന്തരം ഒരു കാര്‍ഡ് വലിപ്പമുള്ള ചിത്രം മാറത്ത് ചേര്‍ത്ത് ഓമനിക്കയും ദീര്‍ഘശ്വാസസമേതം അതില്‍ ചുംബിക്കുകയും ചെയ്യുന്നതായി ചിദാനന്ദന്‍ കണ്ടു. ആ ചിത്രം ഗുരുജിയുടെ ഏതോ ഒരു പ്രേമഭാജനമായ സ്ത്രീയുടെ ചിത്രമായിരിക്കുമെന്നും വാസ്തവത്തില്‍ അമൃതാനന്ദന്‍ സ്ത്രീജിതനായ ഒരു ലൗകികന്‍ ആണെന്നും ഭട്ടതിരിക്ക് തോന്നി. എന്തു തന്നെയായിരുന്നാലും വാസ്തവം ഗ്രഹിക്കണമെന്നുള്ള ദൃഢനിശ്ചയത്തില്‍ പ്രേരിതനായി അയാള്‍ വളരെ നിശ്ശബ്ദനായി ഗുരുജിയുടെ നിഴല്‍മറവിലൂടെ മുന്നോട്ട് പതുങ്ങി നീങ്ങി അദ്ദേഹത്തിന്‍റെ പിമ്പിലായി ശ്വാസം അടക്കി നിന്നു. ചിദാനന്ദന്‍ ആ ഗ്രന്ഥത്തിലേക്ക് നോക്കി. അത് ഇംഗ്ലീഷില്‍ അച്ചടിച്ച വിശുദ്ധ ബൈബിള്‍ ഗ്രന്ഥമായിരുന്നു. ആ ചിത്രമാവട്ടെ, ക്രൂശാരോഹിതനായ യേശുക്രിസ്തുവിന്‍റെ ഒരു മനോഹര പ്രതിഛായയുമായിരുന്നു. അര്‍ദ്ധ വ്യാഴവട്ടങ്ങള്‍ക്ക് മുമ്പ് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലില്‍ അന്നത്തെ പ്രസംഗത്തിന് ലക്നോ ബിഷപ്പ് ആധാരവാക്യമായി തെരഞ്ഞെടുത്തതായ അതേ ദീര്‍ഘദര്‍ശന ഭാഗമായിരുന്നു അമൃതാനന്ദന്‍ ധ്യാനവിഷയമായി മുമ്പില്‍ മലര്‍ത്തിയിരിക്കുന്നതെന്നും ചിദാനന്ദന് മനസ്സിലായി. അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ നിന്ന് ഇറ്റിറ്റൊഴുകുന്നതായ കണ്ണുനീര്‍ക്കണം വീണ് ആ ചിത്രത്തിന്‍റെ പല ഭാഗങ്ങള്‍ നനഞ്ഞിരുന്നതായും യുവാവ് കണ്ടു. പരമഹംസന്‍ ചിത്രം ബൈബിളിന്‍റെ വക്കില്‍ ചാരിവച്ചിട്ട് ഏതാനും സുഗന്ധപുഷ്പങ്ങള്‍ അതിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചു. അനന്തരം നിലത്തോളം കുനിഞ്ഞ് ആ ദിവ്യഗ്രന്ഥത്തില്‍ മൂന്നുരു മുത്തി.
ഭട്ടതിരിയുടെ ഹൃദയത്തില്‍ വികാരങ്ങള്‍ ഊക്കോടെ ഇരമ്പിപ്പിടഞ്ഞു. അതിബുദ്ധിമാനും അഗാധചിന്തകനും സര്‍വമത തത്വസാരവേദിയുമായ അമൃതാനന്ദ ഭാരതി തന്നെയും ഒരു ക്രിസ്ത്യാനിയാണെന്നുള്ള വാസ്തവം, ഭട്ടതിരിയുടെ അഹന്തയുടെയും അസഹിഷ്ണതയുടെയും സങ്കുചിത ബുദ്ധിയുടെയും വലിപ്പം എത്ര വമ്പിച്ചതാണെന്ന് അയാളുടെ കണ്‍മുമ്പില്‍ വെളിപ്പെടുത്തി. ആ അരുമ രക്ഷിതാവിനോട് അയാള്‍ കാണിച്ചിട്ടുള്ള നന്ദിയില്ലായ്മയുടെയും കൂറില്ലായ്മയുടെയും ഭയങ്കരത ഓര്‍ത്തപ്പോള്‍ ചിദാനന്ദന്‍റെ ശരീരം ഒന്നു ഞെട്ടിപ്പിടയുകയും അതോടുകൂടി മുഴങ്കൈയില്‍ തൂക്കിയിരുന്ന ഈറന്‍തോര്‍ത്ത് ഗുരുജിയുടെ ചുമലില്‍ പതിക്കയും ചെയ്തു. അമൃതാനന്ദന്‍ ഒരു ഞെട്ടലോടു കൂടി തിരിഞ്ഞ് നോക്കുന്നതിന് മുമ്പായി ചിദാനന്ദന്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ വീണു നിലവിളിച്ചു.
"സ്വാമിന്‍ ക്ഷമിക്കണെ. അവിടുന്ന് ഒരു ക്രിസ്ത്യാനിയോ, അതോ ഹിന്ദുവോ. സത്യം വെളിപ്പെടുത്തണം. സത്യം വെളിപ്പെടുത്തി അനുഗ്രഹിക്കണം. സത്യസ്വരൂപനാണ് യേശുക്രിസ്തുവെന്ന് അവിടുന്ന് അറിയുന്നുണ്ടല്ലോ. അവിടുന്ന് സത്യം വെളിപ്പെടുത്താത്തപക്ഷം ഇപ്പോള്‍ത്തന്നെ ഞാന്‍ ഹൃദയംപൊട്ടി മരിക്കും."
"എഴുന്നേല്‍ക്ക. എഴുന്നേല്‍ക്ക ചിദാനന്ദാ. നീ വിശ്വസ്തനാണെന്ന് നമുക്കറിയാം. ഒരു പരിഭ്രമത്തിനും ആവശ്യമില്ല."
ചിദാനന്ദന്‍ കണ്ണുനീര്‍ ചിന്തുന്ന മുഖത്തോടു കൂടി ഗുരുസന്നിധിയില്‍ എഴുന്നേറ്റു നിന്നു.
"വത്സാ, ഭ്രമിക്കേണ്ട. നാം ഒരു ക്രിസ്ത്യാനി തന്നെ. സന്യാസി മിഷനിലെ ഒരു അംഗം. കഴിഞ്ഞ മുപ്പത്തെട്ട് വര്‍ഷങ്ങളായി നാം ഭഗവാനെ ഹൃദയഗാഢതയോടെ സേവിപ്പാന്‍ തുടങ്ങീട്ട്. അവിടത്തെ ദൈവത്വത്തിലും മനുഷ്യത്വത്തിലും ലോകരക്ഷക്കായി അര്‍പ്പിക്കപ്പെട്ട പരമയാഗത്തിലും നാം വിശ്വസിക്കുന്നു. നീയും ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ഭഗവാനെ അനുഗമിക്കുക."
ചിദാനന്ദന്‍ തന്‍റെ മതപരിവര്‍ത്തന ചരിത്രവും, ഗയായില്‍ നിന്ന് മടങ്ങിപ്പോരുവാനുള്ള കാരണവും ഗുരുജിയെ അറിയിച്ചു.
അമൃതാനന്ദ ഭാരതി അവസാനമായി പറഞ്ഞു:- "ഇനി ഒരു നിമിഷം പോലും ഇവിടെ താമസിപ്പാന്‍ പാടില്ല. ഇപ്പോള്‍ത്തന്നെ യാത്ര. യേശുക്രിസ്തുവിനുവേണ്ടി ഏതൊരു സ്ഥലത്ത് സേവനം അനുഷ്ഠിപ്പാന്‍ ചുമതലപ്പെട്ടുവോ അവിടേക്കു തന്നെ ഉടന്‍ പൊയ്ക്കൊള്‍ക. വ്യക്തിയെയോ, സമുദായത്തെയോ, നോക്കാതെ ഭഗവാന്‍റെ കാല്‍ച്ചുവടുകളെ മാത്രം പിന്തുടരുക. അവിടത്തെ നേരെ പ്രവര്‍ത്തിച്ച മഹാപരാധത്തെ ഭഗവാന്‍ ക്ഷമിക്കട്ടെ."
അവര്‍ ഇരുവരും ഒരുമിച്ച് മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷം അമൃതാനന്ദന്‍ ശിഷ്യന് യാത്ര പറഞ്ഞു.
ഫെബ്രുവരി അവസാന വാരമാണ്. ഞായറാഴ്ച മാരാമണ്‍ കണ്‍വെന്‍ഷന്‍റെ അന്തിമ ദിവസം തന്നെ പന്തലില്‍ എത്തിച്ചേരണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി ചിദാനന്ദന്‍റെ യാത്ര വളരെ തിടുക്കത്തിലായിരുന്നു. അന്ന് രാവിലെ എട്ടു മണിയോടു കൂടി അയാള്‍ ആലപ്പുഴയെത്തി. ആ സന്യാസിയുടെ ശരീരം ക്ഷീണിച്ചും മുഖം നിര്‍ജ്ജീവമായുമിരുന്നു.
അരുമനാഥനും തന്‍റെ സര്‍വപാപങ്ങള്‍ക്കും പരിഹാരം അരുളി മഹത്തായ ഹൃദയസമാധാനത്താല്‍ തന്നെ അനുഗ്രഹിച്ച പരമവത്സലനുമായ യേശുമിശിഹായുടെ നേരെ പ്രവര്‍ത്തിച്ചിട്ടുള്ള തന്‍റെ അവിശ്വസ്തതയ്ക്കും ഘോരാപരാധത്തിനും ഏതുവിധത്തില്‍ മോചനം ലഭിക്കുമെന്നും അതിന് തനിക്കുള്ള അര്‍ഹതയെന്താണെന്നുമുള്ള ചിന്താശതങ്ങളാല്‍ അയാളുടെ ഹൃദയം തികച്ചും അസ്വസ്ഥമായിരുന്നു. എത്രതന്നെ കേണിരന്നാലും ഭഗവാനെ പിന്‍കാല്‍ കൊണ്ട് ചവുട്ടിത്തള്ളിയ ഒരു മഹാപാപിയെ അവിടുന്ന് വീണ്ടും കൈക്കൊള്ളുമോ; ഒരിക്കല്‍ താന്‍ അനുഭവിച്ച ദിവ്യസമാധാനം തിരിച്ച് കിട്ടുമോ; എന്നിവയായിരുന്നു അയാളുടെ സന്ദേഹങ്ങള്‍. മഹാനായ അമൃതാനന്ദഭാരതി പോലും ആരാധിക്കുന്ന ആ തങ്കകാല്‍പ്പൂക്കളിലാണല്ലോ കേവലം ഒരു കീടമായ താന്‍ വീണ്ടും ആണിയടിച്ച് കയറ്റിയത്.
മാരാമണ്‍ മണല്‍പ്പുറത്തെ ലക്ഷ്യമാക്കിപ്പായുന്ന മോട്ടോര്‍ ബസ്സില്‍ ഇരുന്ന് ഏബ്രഹാം ശാസ്ത്രി മുഖം മറച്ച് വഴിനീളെ കണ്ണുനീരൊഴുക്കുകയായിരുന്നു. അയാളുടെ ശ്വാസകോശം വല്ലാതെ വേദനപ്പെട്ടിരുന്നു. തന്‍റെ മഹാപാപങ്ങള്‍ മിശിഹാ ക്ഷമിച്ചുവെന്നുള്ളതായ ഒരൊറ്റ സാന്ത്വന വാക്ക് അവിടുത്തെ സ്ഥാനപതിയുടെ ചുണ്ടുകളില്‍ നിന്ന് ശ്രവിച്ച് ആശ്വാസമടയുവാന്‍ അയാളുടെ ഹൃദയം അന്തര്‍ദ്ദാഹം പൂണ്ടു.
കണ്‍വെന്‍ഷന്‍ പന്തലിലെ അവസാന യോഗത്തില്‍ പ്രസംഗിച്ചത് സെറാമ്പൂര്‍ കോളജ് തത്വശാസ്ത്ര പ്രഫസര്‍ ഫാദര്‍ ഇ. എച്ച്. ലിവിങ്സ്റ്റനായിരുന്നു. ധൂര്‍ത്തപുത്രന്‍റെ തിരിച്ചുവരവായിരുന്നു പ്രസംഗവിഷയം. ഏബ്രഹാം ശാസ്ത്രി ബസ്സില്‍ നിന്നിറങ്ങി പന്തലിലേക്ക് അതിവേഗം നടന്നു. പ്രസംഗം അവസാനിക്കയായിരുന്നു.
"തിരിച്ച് വരുന്ന ഏതൊരു ധൂര്‍ത്തപുത്രനേയും അവന്‍റെ ഏതൊരു മഹാപരാധത്തേയും ക്ഷമിച്ച് തിരുമാറിലണപ്പാന്‍ സര്‍വ്വസന്നദ്ധനായി അനുകമ്പാനിധിയായ ഒരു പരമപിതാവ് നമ്മുടെ മുമ്പില്‍ ഇതാ തൃക്കൈകള്‍ നീട്ടി നില്‍ക്കുന്നു" എന്നുള്ള അവസാന വാചകം മാത്രമേ ശാസ്ത്രിക്കു കേള്‍പ്പാന്‍ കഴിഞ്ഞുള്ളു. ആശങ്കയോടും എന്നാല്‍ ആശയോടും, ഭയത്തോടും എന്നാല്‍ വിശ്വാസത്തോടും, ചാഞ്ചല്യത്തോടും എന്നാല്‍ ധൈര്യത്തോടുംകൂടി ഏബ്രഹാം ശാസ്ത്രി ജനക്കൂട്ടത്തിനിടയിലൂടെ പ്രസംഗവേദിയിലേക്ക് കടന്നുപോയി. കലങ്ങിയ കണ്ണുകളോടും തേങ്ങുന്ന കണ്ഠത്തോടും വിങ്ങുന്ന ഹൃദയത്തോടും വിറയാര്‍ന്ന ചുണ്ടുകളോടും കൂടി ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മെത്രാപ്പോലീത്താ തിരുമനസ്സിലെ സമീപത്തേക്ക് പരിസരവിസ്മൃതനായി വേച്ച് വേച്ച് നടന്നു.
"എന്‍റെ പിതാവെ, എന്‍റെ പിതാവെ, ഈ പിന്‍മാറ്റക്കാരനായ മകനില്‍ യേശുതമ്പുരാന്‍ വീണ്ടും തിരുമനം കനിയുമോ! ഈ ധൂര്‍ത്തപുത്രനെ തമ്പുരാന്‍ വീണ്ടും സ്വീകരിക്കുമോ! നന്ദികെട്ട ഈ മഹാപാതകന് മഹാദൈവം ഇനി ഒരിക്കല്‍ കൂടി ക്ഷമ നല്‍കുമോ. അയ്യോ! ക്ഷമിച്ചിരിക്കുന്നതായ ഒരു വാക്കെങ്കിലും തിരുമനസ്സുകൊണ്ട് കല്പിക്കണെ. ഒരു അക്ഷരമെങ്കിലും ഉച്ചരിക്കണെ."
ഏബ്രഹാം ശാസ്ത്രി ഇരുകൈകളും മുന്നോട്ട് നീട്ടി മെത്രാപ്പോലീത്താ തിരുമനസ്സിലെ മുമ്പില്‍ മുഴങ്കാലില്‍ വീണ് അവിടത്തെ മാന്തളിര്‍ പട്ടണിഞ്ഞ മധ്യപ്രദേശത്തെ കുപ്പായമടക്കം കെട്ടിപ്പിടിച്ചുകൊണ്ട് പൈതൃകവും സഹതാപവത്സലവുമായ ആ അങ്കതലത്തില്‍ നീര്‍ നിറഞ്ഞ മുഖം ആഴ്ത്തിയണച്ചു.
സര്‍വ്വ ശിരസ്സും ഉയര്‍ന്നു. നിറഞ്ഞ നിശ്ശബ്ദതയും അമര്‍ത്തപ്പെട്ട ഉല്‍ക്കണ്ഠയും എങ്ങും പരന്നു.
"പ്രിയപ്പെട്ട മകനെ, ശാസ്ത്രി, എന്‍റെ മകനെ," തന്‍റെ ശ്ലൈഹികമായ ഇരുകൈകളും ആ പശ്ചാത്താപിയുടെ ശിരസ്സില്‍ പതിച്ചുകൊണ്ട് മെത്രാപ്പോലീത്താ തിരുമേനി വിങ്ങി ഇടറിയ സ്വരത്തില്‍ പറഞ്ഞു:- "നഷ്ടപ്പെട്ട കുഞ്ഞാടിനെ കൊടുങ്കാട്ടില്‍ അന്വേഷിപ്പാനെഴുന്നെള്ളിയ യേശുമിശിഹായുടെ മാറ്റമില്ലാത്ത വാഗ്ദാനമല്ലയോ. ക്ഷമാസമ്പന്നനായ ദൈവം എന്‍റെ മകന്‍റെ സര്‍വ്വ പാപങ്ങളും ഇതാ ക്ഷമിച്ചിരിക്കുന്നു. പരിപൂര്‍ണ്ണമായി ക്ഷമിച്ചിരിക്കുന്നു. എഴുന്നേല്‍ക്കുക, എഴുന്നേല്‍ക്കുക."
ദേവദൂതഗണങ്ങളെ ആഹ്ലാദപുളകം അണിയിക്കുന്നതായ ആ വിശിഷ്ട രംഗം കാണ്മാന്‍ അറേബ്യന്‍ സമുദ്രത്തിന്‍റെ ആശ്ലേഷസീല്‍ക്കാരമാധുര്യത്തെ അവഗണിച്ച് പൂര്‍വദിഗ്വാഭിമുഖിയായി കുതിച്ചു പാഞ്ഞെത്തിയ പുണ്യതീര്‍ത്ഥവാഹിനിയായ പമ്പ, മാരാമണ്‍ മണല്‍പ്പുറത്ത് ഏറ്റം കയറി നമസ്കരിച്ചു. പരിസരങ്ങളില്‍ പനിനീര്‍ തളിച്ചുപചരിച്ചു. മണല്‍ത്തിട്ടകളില്‍ മംഗളധ്വനി മുഴങ്ങി മധുരനര്‍ത്തനം ചെയ്തു.
ഏബ്രഹാം മാര്‍ത്തോമ്മാ തിരുമനസ്സിലെ ഗാഢാലിംഗനത്തില്‍ അമര്‍ന്നിരിക്കുന്നതായ ആ പുണ്യശരീരം ഒരു നിര്‍ജ്ജീവ പഞ്ജരമായി പരിണമിച്ചുവെന്നുള്ള വസ്തുത ആ സുമംഗള മുഹൂര്‍ത്തത്തിലെ ഏതാനും നിമിഷങ്ങള്‍ ശുഭസൂചകമായി വെളിപ്പെടുത്തി.
I
ഇളവെയില്‍ എങ്ങും തിളങ്ങി. ദീനദേവതാവദനത്തില്‍ മന്ദഹാസമയൂഖം വിളങ്ങി. കത്തീഡ്രല്‍ ദേവാലയത്തില്‍ കന്യാസ്ത്രീമണികളുടെ കളമംഗള ഗാനം മുഴങ്ങി. മണിനാദ പരമ്പര ഇരമ്പി. സര്‍വ്വത്ര മനോഹാരിത്വം തുളുമ്പി.
1926 ജനുവരി മാസത്തെ ഒരു സൂര്യവാരം. തൂത്ത് വൃത്തിയാക്കിയ എറണാകുളം രാജവീഥിയിലൂടെ ജനങ്ങള്‍ മന്ദമായി കടന്നുപോകുന്നു. തികച്ചും വാര്‍ണീഷ് തിളങ്ങുന്ന റിക്ഷാവണ്ടികളുടെ വിലോല ചക്രങ്ങള്‍ ഓരോന്നും ബാലസൂര്യകിരണങ്ങളെ വെണ്‍പട്ടു നൂലുകളായി നൂറ്റ്കൊണ്ട് വീഥിവിരിപ്പില്‍ അവിടവിടെയായി അരികു കര ചാര്‍ത്തി നീളെ പായുന്നു. വിവിധ വസ്ത്രവേഷധാരിണികളായ യൂറോപ്യന്‍ യുവതികള്‍ ദേവാലയ ഭാഗത്തേക്ക് കൂട്ടംകൂട്ടമായി നടകൊള്ളുന്നുണ്ട്. എങ്ങും തിക്കില്ല, തിരക്കില്ല, ഒച്ചയില്ല, സംഭ്രമമില്ല. എവിടെയും രവിവാരത്തിന്‍റെ അതിപ്രശാന്തമായ ഒരു ആനന്ദ നര്‍ത്തനം. ഒരു ശുദ്ധീകരണം. ഒരു നവ്യചൈതന്യം തന്നെ.
എറണാകുളം ജയിലിന്‍റെ വടക്കുവശത്തുള്ള ശില്പകലാലസിതമായ ഒരു മനോഹര സൗധത്തിലായിരുന്നു കൊച്ചിയിലെ അന്നത്തെ ചീഫ് മെഡിക്കല്‍ ആഫീസര്‍ താമസിച്ചിരുന്നത്. ചീഫ് കോടതി മണിമാളികയിലെ ഘടികാഘണ്ടാനാദം ഒന്‍പത് പ്രാവശ്യം മുഴങ്ങി ഇരമ്പി ശ്രുതിധാര മീട്ടിയതിനൊപ്പം-
ചില്‍ക്കാതലേശുവിന്‍
തൃക്കാല്‍ക്കുളിരൊളി
ഇപ്പാപി തന്‍ വഴി
ക്കെക്കാലമാശ്രയം;
തൃപ്പാദ സേവനം
മല്‍പ്പുണ്യ പൂരകം
തപ്പാതെ നേര്‍വഴി
ക്കപ്പാനയിക്കണേ;
മണ്ണായിടുന്നൊരെന്‍റെ
കണ്ണീര്‍ കൈക്കൊണ്ടു കൃപ-
ക്കണ്ണാ, കനിഞ്ഞു മേന്മേല്‍
പുണ്യമണച്ചീടേണേ.
എന്നിങ്ങനെ അതിമധുരതരമായി പാടിക്കൊണ്ട് അത്യന്തം സുലളിതസുഭഗനായ ഒരു യുവാവ് സാവധാനം ഗോവണിപ്പടി കയറി മുകളിലത്തെ നിലയില്‍ റോഡിന് അഭിമുഖമായിട്ടുള്ള സന്ദര്‍ശന മുറിയിലേക്ക് പ്രവേശിച്ചു.
ബൂബിലിക്ക് പത്തൊന്‍പത് വയസ്സ് പ്രായം. നല്ല ആരോഗദൃഢഗാത്രന്‍. കറയറ്റ കനകകോമളന്‍. കാപട്യമറ്റ കരുണാശീതളന്‍. പരിശുദ്ധതയില്‍ ദേവദൂതന്‍. പരമാര്‍ത്ഥതയില്‍ പിഞ്ചു ശിശു.
ആ സുവര്‍ണ്ണ തേജസ്വിയായ സുകുമാരന്‍ സമീപത്തുണ്ടായിരുന്ന ഒരു വെണ്ണക്കല്‍ മേശയോടു ചേര്‍ന്നിരുന്ന് കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനുകരണം (കാശമേശേീി ീള ഇവൃശെേ) എന്ന വിശിഷ്ട ഗ്രന്ഥം അടയാളനാട കണ്ട് വിടര്‍ത്തി അത്യന്തം പ്രശാന്തചിത്തനായി തന്നോടും, ജഗദീശ്വരനോടും, മൗനസംഭാഷണത്തിനായി മുതിര്‍ന്നു. ഇടയ്ക്കിടയ്ക്ക് സ്വാന്തരംഗപരിശോധനത്തിനെന്നതിന്മണ്ണം ആ യുവാവിന്‍റെ നേത്രമണികള്‍ തെക്കുവശത്തുള്ള ജനാലയില്‍ നിരപ്പെ തൂങ്ങുന്ന രസപ്പളുങ്കുഞാത്തുകളുടെ ഇടയിലൂടെ പൂന്തോട്ടത്തിലേക്ക് ഉദാസീനമായി വീക്ഷിക്കുന്നുണ്ടായിരുന്നു. അടുത്ത മുറിയില്‍ നിന്ന് മാതാവ് അപ്പോള്‍ അവിടേക്കു വന്നു. ദയാവത്സലയായ ആ സ്വാധി, സ്നേഹമസൃണമായ സ്വരത്തില്‍ ചോദിച്ചു:-
"ബൂബിലിക്ക് എന്താണ് ഇന്നൊരു വല്ലായ്മ. രാത്രിയില്‍ ഉറക്കം ശരിയായില്ലെന്നുണ്ടോ."
"ഒന്നുമില്ലമ്മാ; ഞാന്‍ ക്രിസ്താനുകരണം വായിച്ച് ചിന്തിക്കയായിരുന്നു." അല്പനിമിഷം കഴിഞ്ഞ് വിചാരവീഥിയില്‍ നിന്നു വിരമിച്ചിട്ടെന്നവണ്ണം ബൂബിലി തുടര്‍ന്നു പറഞ്ഞു:- "ലോകം ഒന്നുപോലെ വെറുത്തു തള്ളുന്ന അധര്‍മ്മികളേയും, പാതകികളേയും, വിശുദ്ധീകരിച്ച് ഒരു ഉറ്റ മാതാവിനൊപ്പം തിരുമാറിലണച്ച് ആശ്വസിപ്പിപ്പാന്‍ പരമദയാസമ്പന്നനായ യേശുക്രിസ്തു സദാ കാത്തിരിക്കുന്നുവെന്ന് തോമസ്സ് ഏ. കേമ്പിസ്സ്, ഗ്രന്ഥത്തിന്‍റെ ഈ ഭാഗത്ത് എത്രയും ഹൃദയാകര്‍ഷകമാംവണ്ണം വിവരിച്ചിരിക്കുന്നമ്മാ."
"അതേ. ഒറ്റിക്കൊടുപ്പാനടുത്ത യഹൂദാസ്ക്കറിയോത്തിനു പോലും ചുംബിപ്പാനായി സ്വന്തം കവിള്‍ത്തളിര്‍ ചായിച്ച് കൊടുത്ത ആ അന്‍പുടയ തമ്പുരാനല്ലാതെ അങ്ങനെയുള്ള കൊടുംപാതകികള്‍ക്ക് മറ്റാരാണ് ആശ്രയം." മാതാവ് മൃദുവായ സ്വരത്തില്‍ മറുപടി പറഞ്ഞു.
ഏതോ കാര്യവശാലെന്നതിന്മണ്ണം ജയില്‍ മുറ്റത്ത് അപ്പോള്‍ പോലീസു സൈന്യങ്ങളുടെ ഒരു തിരക്കുണ്ടായി. വീഥികളില്‍ അവിടവിടെ നിന്ന് കാണികളായി പലര്‍ ജയില്‍ ഗേറ്റിങ്കല്‍ ഓടിക്കൂടുന്നുണ്ടായിരുന്നു. പോലീസുകാരില്‍ ചിലര്‍ വാളുകള്‍ ഏന്തി തെയ്യാര്‍ നില്‍ക്കുന്നതും മറ്റു ചിലര്‍ കാര്യമുറയ്ക്ക് ജയിലിനുള്ളിലേക്ക് പോകുന്നതും ബൂബിലി കണ്ടു. അത് ഒരു അസാധാരണ സംഭവമായിരുന്നു.
അല്പസമയം കഴിഞ്ഞ് ഏകദേശം നാല്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഏതോ ഭീമകായനായ ഒരു കരിംകൂറ്റനെ ഒരു ഡസന്‍ പോലീസുകാര്‍ കൂടി വട്ടമിട്ട് അത്യന്തം സൂക്ഷ്മതയോടെ ഗേറ്റിങ്കലേക്ക് നയിച്ചു. ബലിഷ്ഠഗാത്രന്മാരായ അവരുടെ ചുമതലയുടെ ഗൗരവത്തെക്കാള്‍ അധികം ആ കുറ്റക്കാരന്‍റെ അപരാധവൈപുല്യത്തെ പേടിയാവുംവണ്ണം വെളിപ്പെടുത്തുമാറ് ഊരിപ്പിടിച്ച പന്ത്രണ്ട് വാളുകള്‍ അവരുടെ കൈകളില്‍ രാജാധികാര ചൈതന്യത്തോടു കൂടി മിന്നിത്തിളങ്ങി. ഗേറ്റിനോട് സമീപിച്ചു നിന്നിരുന്ന ജനക്കൂട്ടം അപ്പോഴേയ്ക്ക് ഭയചകിതരായി നിരത്തുവക്കത്തേക്ക് ഓടിഒഴിഞ്ഞു. മറ്റു പലര്‍ ആ അപൂര്‍വ്വ കാഴ്ച കാണ്മാന്‍ അങ്ങിങ്ങായി അടുത്തു കൂടി. ജനത്തിരക്ക് മൂലം റിക്ഷാവണ്ടികളുടെ സ്വച്ഛന്ദഗതിക്ക് തന്നെയും തടസ്സം നേരിട്ടു.
"എന്താണമ്മാ, അവിടെ ഒരു വലിയ ബഹളം. ഒരു ജയില്‍പ്പുള്ളിയെയല്ലെ കൊണ്ടുപോകുന്നത്." ഗേറ്റിങ്കലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ബൂബിലി ഉല്‍ക്കണ്ഠാപൂര്‍വ്വം ചോദിച്ചു.
"അതാണ് അറുകൊലത്താര്." മാതാവ് ആ ഭാഗത്തേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കി മറുപടി തുടര്‍ന്നു:- "ഇവനെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചതായി പത്രത്തില്‍ വായിച്ചത്. അതിലേക്കായി അവനെ തൃശൂര്‍ക്ക് കൊണ്ടുപോകുകയാണ്. ഇന്നലെ വൈകിട്ട് ജയില്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ ബാപ്പു (ഡാക്ടര്‍) ഇവന്‍റെ കാര്യമാണു പറഞ്ഞത്."
"അറുകൊലത്താരുവോ. ഇവനാണോ ദേവജി മൂണ്‍ജിയുടെ മകനെ കഴുത്തൊടിച്ച് കൊന്നത്?"
"മൂണ്‍ജിയുടെ മകനെ മാത്രമോ; അതുപോലെ വേറെ ആറോ ഏഴോ കൊലപാതകം കൂടി ഇവന്‍റെ പേരില്‍ തെളിഞ്ഞിട്ടുണ്ട്. ഈ അടുത്ത കാലത്തെങ്ങും ഇങ്ങനെയൊരു മനുഷ്യരാക്ഷസന്‍ ഉണ്ടായിട്ടില്ലെന്നാണ് ബാപ്പു പറഞ്ഞ് കേട്ടത്."
"എന്നിട്ട് ഇത്രയും കാലം ഇവനെ ബന്ധിപ്പാന്‍ കൊച്ചി പോലീസിന് കഴിഞ്ഞില്ലെന്നോ."
"ബന്ധിക്കയോ. സമീപിക്കുന്നതിനു തന്നെയും ആര്‍ക്കാണ് ധൈര്യമുള്ളത്. തിരുവിതാംകൂറിലേയും കൊച്ചിയിലേയും ജയിലുകളുടെ ഇരുമ്പഴികളെല്ലാം ഇവന് ചുള്ളിക്കമ്പുകളാണെന്നാണ് പറയുന്നത്. കൈവിലങ്ങുകള്‍കൊണ്ടു ഇവനെ ഒരിക്കലും അമര്‍ത്തുവാന്‍ സാധിക്കയില്ലെന്ന് കണ്ടിട്ടാണ്, അരയ്ക്കും കാലിനും കൂടി ചങ്ങല വച്ചിരിക്കുന്നത്. കണ്ടാല്‍ത്തന്നെ എന്തൊരു ഉഗ്രമൂര്‍ത്തിയാണ്."
അത്യന്തം ദാരുണമായ ആറേഴ് കൊലപാതകങ്ങള്‍ നടത്തി അനേകം പ്രാവശ്യം ജയില്‍ ചാടി അടുത്തു മുട്ടുന്ന ആരെയും ഒരൊറ്റ കുതിക്ക് അന്തകപുരിയ്ക്കയയ്ക്കത്തക്ക തീവ്രസന്നദ്ധതയോടു കൂടി ആര്‍ക്കുമാര്‍ക്കും പിടി കൊടുക്കാതെ ദുസ്സഞ്ചരമായ പറമ്പിക്കുളം മലയിടുക്കുകളില്‍ ഒളിച്ച് കളിച്ച് നടന്ന ഒല്ലൂര്‍ക്കാരന്‍ അറുകൊലത്താരുവിന്‍റെ അവസാനത്തെ ആസുരകര്‍മ്മങ്ങളില്‍ ഒന്നായിരുന്നു, മട്ടാഞ്ചേരിയിലെ സുപ്രസിദ്ധ വര്‍ത്തകപ്രഭുവായ ദേവജി മൂണ്‍ജിയുടെ ഏഴു വയസ്സായ ഏക സന്താനത്തിന്‍റെ രത്നാഭരണങ്ങള്‍ അപഹരിക്കുന്നതിനായി ആ ഓമനക്കുട്ടിയെ കഴുത്തു പിരിച്ചൊടിച്ച് കടല്‍പ്പുറം മണലില്‍ പൂഴ്ത്തിയത്. രാത്രി പന്ത്രണ്ടു മണിക്കു സര്‍ക്കസ്സ് കൂടാരത്തില്‍ നിന്ന് റിക്ഷാവണ്ടിയില്‍ ബംഗ്ലാവിലേക്കു മടങ്ങിപ്പോകുന്ന മൂണ്‍ജിയെ ഒരൊറ്റ അടിക്ക് വണ്ടിയോടു കൂടി നിലത്തു വീഴ്ത്തിയിട്ടാണ് താരു ഈ ഘോരകൃത്യം നടത്തിയത്. കൊച്ചീരാജ്യവാസികളുടെയെന്നല്ല, കഥ ഗ്രഹിച്ചിട്ടുള്ള അനേകായിരങ്ങളുടെ ഗാഢശ്രദ്ധയെ അനുനിമിഷം ആകര്‍ഷിച്ചിരുന്നതായ ഈ കേസ് തെളിവില്‍ വരുത്തുന്നതിലേക്ക് കൊച്ചീപോലീസ്സിന് സുമാര്‍ രണ്ടു വര്‍ഷത്തെ കഠിനയത്നം തന്നെ വേണ്ടി വന്നു. കാരിരുമ്പുണ്ട നടുവെ പിളര്‍ത്തി കമഴ്ത്തിയതിനു തുല്യം വ്യായാമവീര്യത്താല്‍ സംസിദ്ധമായ ആരോഗ്യവിജൃംഭിതയെ തികച്ചും പ്രകാശിപ്പിക്കുന്ന ബലിഷ്ഠതരമായ മാംസപേശികളോടു കൂടിയ ആ ഭീമ വിഗ്രഹത്തെ അത്യന്തം ബലശാലികളും ധീരന്മാരുമായ മൂന്നു ഡസന്‍ നിയുക്ത സൈന്യങ്ങള്‍ ഒന്നുചേര്‍ന്ന് ഉറക്കത്തില്‍ മാത്രമാണ്, ബന്ധിച്ചെന്ന് വരുത്തിയത്. അറസ്റ്റിനുശേഷം ഏതാനും ദിവസം കഴിഞ്ഞ് തൊണ്ടി എടുപ്പിക്കുന്നതിനായി ഒരു സംഘം പോലീസുകാര്‍ കൂടി താരുവിനെ ചങ്ങല വെച്ച് സ്വഗൃഹത്തിലെത്തിച്ചപ്പോള്‍, ബുദ്ധിഹീനമായി സംസാരിച്ച് തന്‍റെ ഒളിവിടം വെളിപ്പെടുത്തിയെന്ന കാരണത്താല്‍ ഒരൊറ്റ പ്രഹരത്തിന് പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയുടെ ഉടലും ഉയിരും വേറാക്കുകയാണ് ആ കൊടുംക്രൂരന്‍ ചെയ്തത്.
താരുവിന്‍റെ ക്രൂരകൃത്യങ്ങള്‍ക്ക് അറുതിവന്നവിധം താന്‍ ചെയ്തിട്ടുള്ള കൊലക്കുറ്റങ്ങളെല്ലാം അവന്‍ കോടതിയില്‍ തുറന്ന് സമ്മതിച്ചു. ഈ നിഷ്ഠൂര കര്‍മ്മങ്ങള്‍ക്കെല്ലാം കൂടി നിയതിയുടെ അന്തിമ ശിക്ഷയ്ക്ക് പുറമെ രണ്ടു മാസത്തെ ഏകാന്തത്തടവും അനന്തരം വധശിക്ഷയുമായിരുന്നു ചീഫ് കോടതിയില്‍ നിന്ന് നല്‍കിയത്. താരു ഒരു തൂക്കുപുള്ളിയായി രണ്ടു മാസത്തെ ജീവിതവും കൈയിലേന്തിക്കൊണ്ട് ജയില്‍ഗേറ്റ് കടന്ന് രാജപാതയില്‍ പ്രവേശിച്ചതോടെ തന്‍റെ തലയ്ക്കുമേല്‍ ആടുന്നതായ കഴുകുമരക്കയറിന്‍റെ ഭയങ്കരതയെ ഓര്‍ത്ത് നെടുതായൊന്ന് നിശ്വസിച്ചു. ചുറ്റും പരന്നുകാണുന്ന ജനബാഹുല്യത്തില്‍ നിന്ന് തന്‍റെ മേല്‍ നിര്‍ദ്ദയം പായുന്നതായ വീക്ഷണാസ്ത്ര സഹസ്രങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനായിട്ടോ, അഥവാ ബാഹ്യലോകവുമായിട്ടുള്ള തന്‍റെ സര്‍വ്വബന്ധങ്ങളും അവസാനിച്ചിരിക്കുന്നതിന്‍റെ ലക്ഷ്യമായിട്ടോ, താരു ചങ്ങല കിലുങ്ങുന്നതായ കൈകള്‍ ഉയര്‍ത്തി തന്‍റെ ചെറിയ തോര്‍ത്തുമുണ്ട് വലിച്ചിട്ട് തല മൂടി.
അരുകൊലത്താരുവിനെ തൂക്കിലിടാന്‍ ഇറക്കി കൊണ്ടുപോകുന്നുവെന്നുള്ള വര്‍ത്തമാനം വിദ്യുച്ഛക്തി വേഗത്തില്‍ രാജവീഥി മുഴുവന്‍ പരന്നു. കേട്ടവര്‍, കേട്ടവര്‍, ആ കൊലയാളിയെ ഒരു നോക്ക് കാണുന്നതിനായി നിരത്തുവക്കത്തേക്കും, തീവണ്ടിസ്റ്റേഷനിലേക്കും ഓട്ടമായി.
II
ബൂബുലിക്ക് ആള്‍പ്പെരുപ്പം കൊണ്ട് അറുകൊലത്താരുവിന്‍റെ മുഖം ശരിയായി കാണ്മാന്‍ കഴിഞ്ഞില്ല. നീതിയും നിയമവും എന്നേക്കുമായി കെട്ടറുത്ത് തള്ളിയ ആ മനുഷ്യജീവിയെ ശരിക്ക് ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് യുവാവിന് താല്പര്യമുണ്ടായി. മാതാവ് ആ മുറിയില്‍ നിന്ന് പോയശേഷം ബൂബിലി അതിനെ സംബന്ധിച്ച് ഗാഢമായി ആലോചിച്ചു. ന്യായാധീശ സ്ഥാനത്തുനിന്ന് നല്‍കപ്പെട്ട ശിക്ഷയായിരുന്നുവെങ്കിലും, ജീവിതത്തിന്‍റെ മദ്ധ്യഘട്ടത്തില്‍ തൂക്കുമരക്കുടുക്കില്‍ കഴുത്ത് കടത്താന്‍ ദുര്യോഗം സിദ്ധിച്ച ആ കുറ്റവാളിയുടെ നേരെ ആ യുവാവിന് സഹതാപം ഉദിച്ചു. താരു തീവണ്ടിസ്റ്റേഷന്‍റെ ഗേറ്റ് കടന്നതോടെ, ബൂബിലി ആ കൊലപാതകപ്പുള്ളിയുടെ പിമ്പിലായി എത്തിക്കൂടി.
ബൂബിലിക്ക് ആയുസ്സിലെ ഒന്നാമത്തേതും, ഒടുക്കത്തേതുമായ ഒരു ഭീകരദര്‍ശനമായിരുന്നു അത്. ഭൂമുഖത്ത് ഇതേവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ള സര്‍വവിധ നിഷ്ഠൂരകര്‍മ്മങ്ങളും, ആസുരവൃത്തികളും, കിരാതഭാവനകളും, ഒന്നാകെ കെട്ടിപ്പിണഞ്ഞ് ഉടമ്പെടുത്ത്, സമീപസ്ഥമായ സര്‍വപ്രകൃതി വസ്തുക്കളേയും രൂക്ഷോഛ്വാസ വിഷജ്വാലയാല്‍ വരട്ടിക്കളയുന്നതായ ഒരു ഭൈരവ രക്ഷസ്സിനെയാണ് താന്‍ സമീപിച്ചിരിക്കുന്നതെന്ന് അപ്പോള്‍ മാത്രമേ യുവാവിന് മനസ്സിലായുള്ളു. ജീവചൈതന്യത്തെ ഒരൊറ്റ നിമിഷത്തില്‍ സ്തംഭിപ്പിച്ചു കളയുന്നതായ സര്‍പ്പവിഷത്തിന്‍റെയും, ശവത്തിനുമേല്‍ ശവത്തെ കുന്നുകൂട്ടുന്നതായ മഹാമാരിയുടേയും, വെന്തതും വേകാത്തതുമായ ശവശരീരങ്ങളും അസ്ഥികോലങ്ങളും അങ്ങിങ്ങായി ചിന്നിച്ചിതറിയ ചുടലക്കാടിന്‍റെയും, പാതാളത്തോളം ഭൂമി രണ്ടായിപ്പിളര്‍ന്ന്, നോക്കുന്ന ആര്‍ക്കുംതന്നെ തലച്ചുറ്റല്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതായ അവസാനമില്ലാത്ത ഇരുള്‍ക്കുണ്ഡത്തിന്‍റെയും, അര്‍ദ്ധരാത്രിയില്‍ ഏതോ ഒരു ഇടവഴിയുടെ കോണില്‍ എരിപന്തങ്ങളുടെ ഇടയിലായി കടുനിണത്തില്‍ മുങ്ങിക്കിടക്കുന്ന ഗുരുതിപ്പോളകളുടെയും, ഒരു പൈശാചിക നര്‍ത്തനം, ഒരു ബീഭത്സ സമ്മേളനം, ആ കൊലയാളിയുടെ ക്രൂരമുഖത്ത് നിഴലടിക്കുന്നതായിക്കണ്ട് ബൂബിലി വല്ലാതെ ഭയപ്പെട്ടു.
തീവണ്ടിസ്റ്റേഷനില്‍ യാത്രക്കാരായി കൂടിയിരുന്നവരില്‍ ഒട്ടുവളരെപ്പേര്‍ ആ തൂക്കുപുള്ളിയെ കാണുന്നതിന് പ്ളാറ്റുഫോറത്തിന്‍റെ ഒരു ഭാഗത്തായി ചുറ്റും നിരന്നു. ഊര്‍ജ്വസ്വലന്മാരായ പോലീസുകാരുടെ മേല്‍നോട്ടത്തില്‍ അരയ്ക്കും, കൈകാലുകള്‍ക്കും ചങ്ങലയും വിലങ്ങും വയ്ക്കപ്പെട്ടിരുന്ന ആ കൊലപാതകനെപ്പറ്റി ആര്‍ക്കും അത്ര തന്നെ ഭയമുണ്ടായിരുന്നില്ല. എന്നാല്‍ അറുകൊലത്താരുവിനെ പരിചയമുണ്ടായിരുന്ന ചിലര്‍ അത്യന്തം ഹാസ്യസ്വരത്തില്‍ അവന്‍റെ പൂര്‍വകഥകളെപ്പറ്റി ഓരോന്ന് പറവാന്‍ തുടങ്ങിയതോടെ ആ തൂക്കുപുള്ളിയുടെ ഭാവം മാറി. ആ ലോഹകായന്‍ കോപരസപ്രചുരമായ മുഖം ഉയര്‍ത്തി ചുറ്റും നോക്കി സംഹാരരുദ്രനെപ്പോലെ ഗര്‍ജ്ജിച്ചു:-
"ദൂരെ പൊയ്ക്കൊള്ളണം. അടുക്കരുത്. ഞാന്‍ ഉഗ്രസര്‍പ്പമാണ്. ഞാന്‍ തീത്തൈലമാണ്. ഞാന്‍ ഗുരുതിക്കത്തിയാണ്. എന്നെ അറിയാമോ? ഞാന്‍ ആനമറുതായാണ്." പാപ്പാനെ ചവുട്ടിച്ചതച്ച് കൊമ്പില്‍ കോരി കൊലവിളി ക്കുന്ന മദയാനകണക്ക് താരു അത്യുച്ചത്തില്‍ അലറി:- "ഞാന്‍ ഭീമരക്ഷസ്സാണ്. ഈ ചങ്ങലയെല്ലാം എനിക്കു പുല്ലാണ്. അറുകൊലത്താരുവിന് ഇത് ഒരൊറ്റ മൂച്ചിന് പര്‍പ്പടകമാണെന്ന് ഓര്‍ത്തുകൊള്ളണം. തൂക്കിനുമേല്‍ തൂക്കില്ലെന്നറിയാമോ?"
താരുവിന്‍റെ തുറുകണ്ണുകള്‍ പട്ടടയ്ക്കിടയിലൂടെ ശവം കരിച്ച് കാളുന്നതായ ചുടലത്തീജ്വാലപോലെ രൗദ്രരക്തതയാല്‍ ഭയങ്കരങ്ങളായി ചമഞ്ഞു. ആറ്റു തടിയില്‍ വെട്ടിയ വക്കത്തുളപോലെ ഇരുള്‍ക്കുഴിയാര്‍ന്നതായ ആ ഘാതകന്‍റെ പൊന്തന്‍ മൂക്ക് ക്രോധരൂക്ഷതയാല്‍ വിജ്രംഭിച്ച് വിടര്‍ന്നു. വക്ത്രയന്ത്രച്ചുറയിലെ വജ്ര ചക്രങ്ങള്‍ ആസകലം പൈശാചരൗദ്രതയാല്‍ ഇടമുറിയാതെ ഞറുഞറുമ്മിത്തേറി. പേടി തോന്നിപ്പിക്കുന്നതായ ഇരുമ്പുതുടലുകളുടെ കിലുകിലാരവത്തോടിടകലര്‍ന്നു മുഴങ്ങിയതായ ആ ഭയങ്കര ഗര്‍ജ്ജനം ഒരു ഭൂതാവേശത്താലെന്നവണ്ണം പരിസരങ്ങളെ അത്യന്തം ഭയാനകമാക്കിത്തീര്‍ത്തു.
ക്രോധതാമ്രാക്ഷനായ ആ ഘോരമൂര്‍ത്തി ഉച്ചത്തില്‍ മുരണ്ടു:- "പറിക്കും ചങ്ങല ഞാന്‍. എന്നെ പരിഹസിക്കുകയോ! അധിക്ഷേപിക്കുകയോ! പുണ്ണില്‍ കൊള്ളിവയ്ക്കയോ! അത്രയ്ക്ക് മുഷ്ക്കോ! ഞാന്‍ വിലങ്ങ് ഒടിക്കും. ഞാന്‍ കൊന്നുകളയും. ഞാന്‍ ശ്വാസം മുട്ടിക്കും. കഴുത്തു പിരിച്ചൊടിക്കും. ചങ്ക് പിളര്‍ക്കും. ഞാന്‍ ചുടുചോര കുടിക്കും. ഞാന്‍ കുടര്‍മാല തിന്നും."
ഇടിമിന്നലേറ്റ മാതിരി ജീവനില്‍ കൊതിയോടു കൂടി ജനക്കൂട്ടം പാടെ കിടുങ്ങി തല്‍ക്ഷണം പിന്നാക്കം വാങ്ങി. ജനക്കൂട്ടത്തെ അകറ്റി നിറുത്താന്‍ ഉദ്യമിച്ച പോലീസുകാര്‍ തന്നെയും അവര്‍ അറിയാതെ തന്നെ ഖഡ്ഗമുഷ്ടികളില്‍ കൈ ചേര്‍ത്തു. വിശ്രമമുറിയില്‍ ഇരുന്ന് മറ്റാരുമായോ നര്‍മ്മസംഭാഷണം ചെയ്തിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ മി. മേനവന്‍ പെട്ടെന്ന് അവിടെ എത്തി അധികാരസ്വരത്തില്‍ ആജ്ഞാപിച്ചു:-
"ആരും അടുത്തു വരരുത്. തൂക്കുപുള്ളിയാണെന്ന് ഓര്‍മ്മിക്കണം. എല്ലാവരും അകന്നുനില്‍ക്കട്ടെ, ഉം...."
ജനക്കൂട്ടം പിന്നാക്കം തള്ളി മാറുന്ന ബഹളത്തില്‍ കല്ലോലപല്ലവങ്ങള്‍ക്കിടയില്‍ ചെന്താമരപ്പുഷ്പം പോലെ ഈശ്വരചൈതന്യം വിളങ്ങുന്നതായ ഒരു ദൈവദൂതന്‍റെ മനോഹര മുഖം മിന്നിമറയുന്നതായി താരുവിനു തോന്നി. എന്നല്ല, അദ്ദേഹത്തിന്‍റെ കയ്യില്‍നിന്ന് ഒരു ചെറിയ പുസ്തകം താഴത്തു വീണതായും ആ കുറ്റവാളിയുടെ ദൃഷ്ടിയില്‍പെട്ടു. താരു ഇരുന്ന ഇരിപ്പില്‍തന്നെ മുമ്പോട്ട് ആഞ്ഞ് ചങ്ങല നീട്ടി കുടുക്കിയതായ കാല്‍കൊണ്ട് ആ ചെറു ഗ്രന്ഥം വലിച്ചെടുത്തു. പിന്‍വശത്ത് മറഞ്ഞ് നിന്നിരുന്ന ബൂബിലിയാകട്ടെ, ആ ഗ്രന്ഥം തന്‍റെ വകയാണെന്നും മടക്കി വാങ്ങിത്തന്നാല്‍ കൊള്ളാമെന്നും സമീപത്ത് നിന്നിരുന്ന പരിചിതനായ പോലീസുകാരന്‍റെ ചെകിട്ടില്‍ ഗൂഢമായി പറഞ്ഞു.
കാണ്‍സ്റ്റബിള്‍ താരുവിനോടു സമീപിച്ച് ശാന്തസ്വരത്തില്‍ പറഞ്ഞു:- "പുസ്തകം താരുവിനെന്തിനാണ്? ഇങ്ങു തന്നേക്കണം. ഇതാ അതിന്‍റെ ഉടമസ്ഥന്‍ ആവശ്യപ്പെടുന്നു."
"ഉടമസ്ഥനോ. എവിടെ. അദ്ദേഹത്തെ ഞാന്‍ കൂടി ഒന്നു കണ്ടുകൊള്ളട്ടെ."
താരുവിന്‍റെ കണ്ണുകള്‍ ആ ദേവദൂതനെ കാണ്മാനായി ജിജ്ഞാസാഭാരത്താല്‍ ജനക്കൂട്ടത്തില്‍ അങ്ങിങ്ങായി മുട്ടിയുഴറി. അനന്തരം ആ കൊലപ്പുള്ളി ഗ്രന്ഥത്തിന്‍റെ ചര്‍മ്മാവരണത്തില്‍ മുഖബിംബരൂപമായി തങ്കമഷിക്ക് മുദ്രണം ചെയ്തിരുന്ന ഒരു ചെറിയ കുരിശില്‍ നിര്‍ന്നിമേഷനായി നോക്കി. അതിന്‍റെ സമീപത്തായി അടിച്ചിരുന്ന ഗ്രന്ഥനാമവും താരു സാവധാനം വായിപ്പാന്‍ ശ്രമിച്ചു.
കാണ്‍:- ഉടമസ്ഥന്‍ ഇവിടെയുണ്ട്. ഞാന്‍ കൊടുത്തേക്കാം. തന്നേക്കണം.
അറു-താരു:- എനിക്ക് പുസ്തകത്തിന് ആവശ്യമില്ല. തന്നേക്കാം. എങ്കിലും അദ്ദേഹത്തെ ഒന്ന് കാണണമെന്ന് അതിയായ താല്പര്യമുണ്ട്. ആ കരുണ നിറഞ്ഞ മുഖം ഒരു നോക്കു കണ്ടാല്‍ മാത്രം മതി. അതൊരു ദൈവദൂതന്‍റെ മുഖമാണ്.
ആരോ ചിലരുടെ പിന്‍വശത്തായി മറഞ്ഞ് നിന്നിരുന്ന ബൂബിലിയുടെ സമീപത്തേക്കായി പോലീസു കാണ്‍സ്റ്റബിള്‍ പിന്നാക്കം തിരിയുന്നതിനു മുമ്പ് സുകുമാരകളേബരനായ ആ യുവാവ് അല്പം മുമ്പോട്ട് നീങ്ങി കൃപാര്‍ദ്രശീതളമായ ഒരു മധുര മന്ദഹാസത്തോടു കൂടി അത്യുഗ്രമൂര്‍ത്തിയായ ആ മനുഷ്യവ്യാഘ്രത്തിന്‍റെ ക്രൂരമുഖത്തേക്ക് നോക്കി. ശരല്‍ക്കാലത്ത് സര്‍വത്ര നറുംപാല്‍ക്കതിര്‍ ചിതറുന്ന പൂനിലാവുപോലെ സുശാന്തസുന്ദരമായ ആ പരിശുദ്ധ വീക്ഷണത്തില്‍ ദൈവികമായ കരള്‍ക്കനിവും, സ്നേഹമസൃണമായ സഹതാപവും, തള്ളി ഒലിക്കുന്നതായി ആ ഹൃദയമില്ലാത്ത നിഷ്ക്കണ്ടകന്‍ കണ്ടു. കഞ്ചുകാഞ്ചലത്തില്‍ തൊട്ട കഠിനരോഗിണിയില്‍ കരളൂറും മുമ്പായി കന്യകാനന്ദനനില്‍ നിന്ന് പുറപ്പെട്ട സത്വവൈദ്യുതിക്കൊപ്പം വാചാമഗോചരമായ ഒരു ശക്തിദ്യുതി ആ വഹ്നിമൂര്‍ത്തിയുടെ തലച്ചോറില്‍ കടന്നു. അന്ധകാരത്തില്‍ മിന്നിയ വിദ്യുത്ശലാകപോലെ അഭൗമികമായ ഏതോ ഒരു പ്രകാശനാളം ആ കൊടുംപാതകിയുടെ ഹൃദയത്തിലൂടെ പാഞ്ഞ് അവിടെ ദീര്‍ഘകാലമായി കട്ടകെട്ടിപ്പിടിച്ചിരുന്ന തമോഭിത്തി വലയങ്ങളെ ഒന്നാകെ തെളിച്ചുകാട്ടി:- അഹൊ! അടിതൊട്ട് മുടിയോളവും എല്ലാം ബീഭത്സതയും കറുപ്പും കണ്ടകത്തവും മ്ലേച്ഛതയും ദുര്‍ഗ്ഗന്ധവും മാത്രം.
താരുവിന്‍റെ ഹൃദയം ഞെട്ടിപ്പിടഞ്ഞു. അതികഠിനമായ ഒരു ഉഷ്ണസഞ്ചാരത്താല്‍ ശരീരം ആസകലം തളര്‍ന്നു. അത്യഗാധമായ പാതാളഗര്‍ത്തത്തിന്‍റെ വക്കത്ത് കാലടികള്‍ കുതറിപ്പോകുന്നതായിത്തോന്നി. ഓര്‍മ്മവച്ച ഒരു ചെറിയ കുട്ടിയായി ഓടിച്ചാടി നടന്ന ബാല്യകാലത്ത് ആ സൗഭാഗ്യദശയോടൊപ്പം കൈവിടപ്പെട്ടുപോയ സ്വന്തം ജീവിതതന്തുവിന്‍റെ പിരിയഴിഞ്ഞ് ചിന്നിയതായ ഒരു ചെറിയ തുമ്പില്‍ കാലപരമ്പരകളെ കടന്ന് പിടിപ്പാന്‍ ആ കുറ്റക്കാരന്‍റെ കൈകള്‍ മുന്നോട്ടാഞ്ഞു.
അറുകൊലത്താരു ബന്ധിതമായ തന്‍റെ കൈകള്‍ രണ്ടും നെഞ്ചോട് ചേര്‍ത്ത് കൂപ്പി ശിരസ്സ് ആ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആവരണ പാര്‍ശ്വത്തിലുണ്ടായിരുന്ന കുരിശില്‍ പതിച്ചുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു:-
"യേശുമിശിഹായുടെ കുരിശുംകൊണ്ട് കൊച്ചേമാന്‍ ഈ മഹാപാപിയുടെ അടുക്കല്‍ വന്നിരിക്കുന്നു."
അല്പനിമിഷം കഴിഞ്ഞ് താരു തല ഉയര്‍ത്തിയപ്പോള്‍ ആ ഗ്രന്ഥത്തില്‍ നിന്ന് ഒരു ചിത്രകാര്‍ഡ് താഴത്ത് വീണു കിടക്കുന്നതായി കണ്ടു. കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടതായ തിരുഹൃദയത്തെ രേഖപ്പെടുത്തിയിരുന്ന ശ്രീയേശുക്രിസ്തുവിന്‍റെ ഒരു മനോഹര ചിത്രമായിരുന്നു അത്. ആ പരമകൃപാനിധിയുടെ കോമള പ്രതിഛായയെ ആ കൊടുംപാപി വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി. തന്‍റെയും മനുഷ്യസഞ്ചയത്തിന്‍റെ ഒട്ടുക്കും പാപശാന്തിക്കായി ബലി നല്‍കപ്പെട്ട പാപമില്ലാത്ത പാവനമൂര്‍ത്തിയുടെ തിരുഹൃദയമാണ് അതെന്ന് ആരോ തന്‍റെ ഹൃദയകേന്ദ്രത്തില്‍ വിളിച്ചു പറയുന്നതായി താരുവിന് തോന്നി. ആ ഘാതകന്‍ ആ ചെറു ചിത്രത്തെ തന്‍റെ കണ്ണുകളോട് ചേര്‍ത്തണച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ണുനീര്‍ എന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത ആ കാരിരുമ്പു ഹൃദയന്‍ - ആ കൊടുംക്രൂരന്‍ - തന്‍റെ കണ്ണുകളില്‍ നിന്ന് അതിനെ വീടര്‍ത്തിയപ്പോള്‍ അനുപമരുചിരമായ ആ പ്രതിഛായ തികച്ചും നനഞ്ഞുപോയിരുന്നു.
അനേക ശതവര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീയേശുക്രിസ്തുവിന്‍റെ തൃപ്പൂങ്കുഴലിണയെ ഒരു മഹാവേശ്യ തന്‍റെ കണ്ണുനീര്‍ പ്രവാഹത്താല്‍ കഴുകി. ഇന്നാവട്ടെ, ആ നരപരമേളിതന്‍റെ തിരുഹൃദയ മുകുളത്തെ ഘോരാപരാധിയായ അറുകൊലത്താരുവിന്‍റെ ചുടുകണ്ണീര്‍ത്തുള്ളികള്‍ തികച്ചും കുളിര്‍പ്പിച്ചു.
ലോകോദ്ധാരകനായ സനാതന വിഗ്രഹന്‍റെ കുത്തിത്തുറക്കപ്പെട്ടതായ പാവന ഹൃദയം അത് മഹാപാപിനിയായ മഗ്ദലനമറിയയുടെ ഭീമാപരാധങ്ങളെ മാര്‍ജനം ചെയ്തതത്രെ. കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിക്കപ്പെട്ട വ്യഭിചാരിണിപ്പെണ്ണില്‍ കാരുണ്യവര്‍ഷം പൊഴിച്ചതത്രെ. സ്വന്തം കന്നത്തടിച്ച കഠിനകണ്ഠന്‍റെയും, പാണിതലത്തില്‍ ആണി വീക്കിയ പാഷണ്ഡിയുടെയും പാതകകര്‍മ്മത്തില്‍ തിരുമനമലിഞ്ഞതത്രെ. പാപശാന്തിക്കായി പിളര്‍ത്തപ്പെട്ട ആ കാരുണ്യഹൃദയത്തിന്‍റെ സാഗരവിശാലത ഒരു വശത്ത്. ആ തഴമ്പിച്ച കൊലപാതകപ്പുള്ളിയുടെ കൊടുംക്രൂര കര്‍മ്മങ്ങള്‍ മറുവശത്ത്. അകം ചുട്ട് അരികത്തണയുന്ന ഘോരദുഷ്ക്കര്‍മ്മികളെ ആശ്ലേഷിപ്പാന്‍ നീട്ടപ്പെട്ടതായ വാത്സല്യ ഹസ്തങ്ങള്‍ ഒരു ഭാഗം. ചോരപ്പുഴയില്‍ ആറാടിയ നിഷ്ഠൂര ഹസ്തങ്ങള്‍ മറുഭാഗം. ദയാപൂരം ഒരെടത്ത്. ശിലാഹൃദയം മറ്റൊരെടത്ത്. ഏകത്ര മരണം. അന്യത്ര ജീവന്‍.
താരു തല ഉയര്‍ത്തി ബൂബിലിയുടെ മുഖത്തേക്ക് ആശാപൂര്‍വ്വം നോക്കി. ഹൃദയഗഹ്വരത്തിന്‍റെ അഗാധഹ്രദത്തില്‍ പൊന്തിക്കിടക്കുന്ന ഭീമഭീകരമായ ഭൂതകാല സംഭവങ്ങളുടെ ഓരോ കോണുകളിലേക്കും ആ കുറ്റവാളിയുടെ അന്തര്‍നേത്രങ്ങള്‍ അതിനിശിതമാംവണ്ണം തുളച്ചുകയറി. ഹൃദയമഥനത്തിന്‍റെ വലിയൊരു ഭൂകമ്പമായിരുന്നു അത്. ശിലാകഠിനമായ അന്തഃകരണത്തിന്‍റെ അന്ധകാരച്ചുഴിയിലേക്കുള്ള ഒരു കണ്‍മിഴിപ്പ്; ഉണങ്ങിവരണ്ടതായ അന്തരാത്മാവിന്‍റെ സ്വാതന്ത്ര്യലബ്ധിക്കായുള്ള ചിറകടി; സ്വര്‍ഗ്ഗത്തിന്‍റെയും നരകത്തിന്‍റെയും പരസ്പരമാല്‍സര്യത്തോടു കൂടിയ ഒരു അവകാശത്തര്‍ക്കം; ബലാല്‍ക്കാരമായ ഒരു അതിര്‍ത്തി നീക്കല്‍; അന്തരീക്ഷമണ്ഡലത്തിലേക്കുള്ള ഒരു അഭ്യുത്ഥാനം; ഒരു സമൂല പരിവര്‍ത്തനം തന്നെ.
III
താരുവിന്‍റെ തല താണു. തൊണ്ടയില്‍ എന്തൊ ഒന്ന് തടഞ്ഞു. അന്തര്‍ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നരകവാതിലോളം പൊന്തിപ്പടര്‍ന്ന് നില്‍ക്കുന്ന മഹാപാപപാദപത്തിന്‍റെ കട പറിക്കാന്‍ ചുഴന്നടിക്കുന്ന പ്രചണ്ഡവാതത്തിന്‍റെ ഭയങ്കരചീറ്റംപോലെ അന്തഃകരണത്തിന്‍റെ അഗാധഗഹനതയില്‍ നിന്ന് വലിച്ചെടുക്കപ്പെട്ടതായ ഒരു നീണ്ട നെടുവീര്‍പ്പ് ആ പാതകിയുടെ മുഖത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ടു.
പോലീസ് കാണ്‍സ്റ്റബിളിന്‍റെ പാര്‍ശ്വഭാഗം ചേര്‍ന്നുനിന്നിരുന്ന ബൂബിലിയുടെ മുമ്പിലേക്ക് താരു ആ ചെറു ഗ്രന്ഥം അത്യന്തം വിനീതനായി നീട്ടിക്കൊണ്ട് അര്‍ദ്ധനിമീലിതാക്ഷനായി പറഞ്ഞു:-
"അയ്യോ! ഏമാനെ, ഈ മഹാപാപിയെ യേശുമിശിഹാ കൈക്കൊള്ളുമോ. ഈ പഞ്ചമാപാതകനെ കഴുകി വെടിപ്പാക്കാന്‍ എന്‍റെ തമ്പുരാന്‍ തീരുമാനം കനിയുമോ?"
ഒടുവിലത്തെ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അറുകൊലത്താരുവെന്ന് പ്രസിദ്ധനായ ആ മഹാപാതകിയുടെ തൊണ്ടയിടറിപ്പോയി.
ബൂബിലിക്ക് അല്പനിമിഷത്തേക്ക് മറുപടി പറയുവാന്‍ ശക്തിയുണ്ടായില്ല. യുവാവ് അശ്രുസങ്കലിതമായ നേത്രങ്ങളോടു കൂടി തല താഴ്ത്തി പറഞ്ഞു:-
"പുസ്തകവും ചിത്രവും നിങ്ങള്‍ക്കായിട്ടിരിക്കട്ടെ." ആ സ്നേഹശീലന്‍ അലിവോലുമാറ് തുടര്‍ന്നുച്ചരിച്ചു:- "സഹോദരാ, യേശുക്രിസ്തു നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആ അന്‍പുറ്റ തമ്പുരാന്‍റെ തിരുമാറിടം നിങ്ങള്‍ക്കായി തുറക്കപ്പെട്ടതാണ്. നിങ്ങളെ വിശുദ്ധീകരിപ്പാന്‍ തിരുമേനിക്കല്ലാതെ മറ്റൊരുവനാലും കഴിയുന്നതല്ല. സോദരന്‍റെ ഒരു ദീര്‍ഘശ്വാസം മാത്രം മതി."
"തമ്പുരാന്‍റെ തിരുമുമ്പില്‍ ഒരു ദീര്‍ഘശ്വാസം മാത്രമോ? അത്രമാത്രമോ?"
"അതേ. ഹൃദയം തകര്‍ന്നതായ ഒരു ദീര്‍ഘശ്വാസം മാത്രം അതു മാത്രം."
താരുവിന്‍റെ കണ്ണുകളില്‍ ആശയുടെയും വിശ്വാസത്തിന്‍റെയും മൃദുലരശ്മികള്‍ മിന്നി. ഉള്ളംകൈകള്‍ താനെ മലര്‍ന്നു. ദൃഷ്ടികള്‍, ഉന്നതമായ വെണ്‍മേഘ ശൈലത്തിനപ്പുറത്തായി അഗ്നിത്തേര്‍ മഞ്ചത്തില്‍ പെരുന്നിലയരുളി അന്ധകാരച്ചെളിയില്‍ നിന്ന് ആദിത്യദേവനെ നിത്യം കഴുകി വെണ്മയാക്കുന്ന പരമദയാലുവായ ജഗല്‍പിതാവിന്‍റെ ദിവ്യസന്നിധിയിലേക്കുയര്‍ന്നു.
ആ ആസന്നമരണന്‍ പശ്ചാത്താപ പരിപൂര്‍ണ്ണമായ ഹൃദയവേദനയോടെ കേണു:- "അപ്പാ, പൊന്നുടയവനെ, തള്ളിക്കളയാത്ത തമ്പുരാനെ, താരുവിനോടെല്ലാം പൊറുക്കണെ. എല്ലാറ്റിനും പൊറുതി തരണെ."
പറുദീസാ*യിലെ നവരത്നഗോപുരത്തില്‍ നീണ്ട് മുഴങ്ങിയതായ ഒരു മണിനാദ പരമ്പര-സ്വര്‍ഗ്ഗീയ ദേവദൂതഗണങ്ങളുടെ സ്വര്‍ണ്ണവീണത്തണ്ടുകളില്‍ നിന്ന് ഉല്‍ഗളിതമായ ഒരു ആനന്ദ സങ്കീര്‍ത്തന ഗാനപ്രവാഹം അനഭിഷിക്താചാര്യനായ ബൂബിലിയുടെ അന്തര്‍ ശ്രോത്രത്തില്‍ അനുസ്യൂതമായി പ്രതിദ്ധ്വനിച്ചു.
ചേങ്ങലയടിച്ചു. വണ്ടി പുറപ്പെടാന്‍ സമയമായി. താരുവിന്‍റെ മുഴങ്കാലുകള്‍ സ്വര്‍ഗ്ഗസദനത്തിന്‍റെ അദൃശ്യകനകസോപാന പരമ്പരകളില്‍ ഇഴയുകയായിരുന്നു. ആ കുറ്റക്കാരന്‍ ബൂബിലിയുടെ സന്നിധിയില്‍ തല നിലത്തോളം താഴ്ത്തി അപേക്ഷിച്ചു:-
"ഏമാന്‍ എന്‍റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചാല്‍ തമ്പുരാന്‍ എല്ലാ കുറ്റവും പൊറുത്തരുളും. അവിടുന്ന് തമ്പുരാന്‍ അയച്ച ദൂതാണ്. അവിടുന്ന് എന്നെ അനുഗ്രഹിച്ച് ഒരു വാക്ക് മാത്രം പറഞ്ഞാല്‍ മതി. ഒരു വാക്ക് മാത്രം."
ബൂബിലിയേയും അദ്ദേഹത്തിന്‍റെ പൂജ്യനായ പിതാവിനേയും പരിചയമുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ മേനവന്‍ തടഞ്ഞ് പറഞ്ഞു:-
"വേണ്ടാ. വേണ്ടാ. താരു വെറുതെ ഇരിക്കണം. മിണ്ടാതിരിക്കണം. ആളുകളെ വെറുതെ ഉപദ്രവിക്കരുത്."
പ്ലാറ്റുഫോറത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരായ ശ്രോതാക്കളെ ഈ വാക്കുകള്‍ വല്ലാതെ ഇച്ഛാഭംഗപ്പെടുത്തി. അവര്‍ ആ കൊലപാതകപ്പുള്ളിയുടെ നേരെ ഒന്നാകെ അനുകമ്പ പ്രദര്‍ശിപ്പിച്ചു.
പോലീസ് ഇന്‍സ്പെക്ടരുടെ ആജ്ഞാനുസരണം പുള്ളിയെ കയറ്റുവാനുള്ള തീവണ്ടി മുറിയുടെ സമീപത്തേക്ക് പോലീസുകാര്‍ താരുവിനെ കൊണ്ടുപോയി. ജീവിതത്തില്‍ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത വിധം ആ കൊലപാതകിയുടെ ഹൃദയം ശക്തിമത്തായി അടിച്ചു. നെഞ്ച് വിങ്ങി. ശരീരം വേകുന്നതായും മര്‍മ്മസന്ധികള്‍ പിളരുന്നതായും തോന്നി. കണ്ഠം പൊട്ടുമെന്നുള്ള മട്ടായി. താരു മിസ്റ്റര്‍ മേനവന്‍റെ സന്നിധിയില്‍ ഗല്‍ഗദ ശബ്ദത്തോടെ കേണു:-
"പൊന്നേമാനെ, എന്‍റെ അവസാനത്തെ അപേക്ഷയാണെ. ഈ തൂക്കുപുള്ളിക്ക് ഇനി യാതൊരു അപേക്ഷയുമില്ല. യാതൊരു ആഗ്രഹവുമില്ല. ഈ കൊച്ചേമാന്‍ എന്‍റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചാല്‍ താരുവിന്‍റെ എല്ലാ പാതകങ്ങള്‍ക്കും പൊറുതി കിട്ടും. അല്ലെങ്കില്‍ അതിവേദന കൊണ്ട് ഇപ്പോള്‍ത്തന്നെ ഞാന്‍ നെഞ്ചുപൊട്ടി മരിച്ചുപോകും."
വണ്ടിയോട് ഏറെക്കുറെ സമീപിച്ച് നിന്നിരുന്ന ബൂബിലിയുടെ കണ്ണുകളില്‍ നിന്ന് ബാഷ്പകണങ്ങള്‍ ധാരധാരയായി വര്‍ഷിച്ച് തുടങ്ങി. സ്നേഹമാത്ര സ്വരൂപനായ ശ്രീയേശുക്രിസ്തു സാദരം സ്വീകരിച്ച ഒരു പശ്ചാത്താപിയുടെ - ഒരു പ്രിയ സഹോദരന്‍റെ - അന്തിമാപേക്ഷയെ അവിടുത്തെ വിനീത ഭക്തന്‍ അനാദരിക്കയെന്നുള്ളത് ആ യുവാവിന് സ്മരിക്കാന്‍ പോലും കഴിവില്ലായിരുന്നു. പക്ഷേ, ഒരൊറ്റ നിമിഷം മുമ്പ് അത്യന്തം ഭയങ്കര മൂര്‍ത്തിയായി, അധൃഷ്യനായി, അതിക്രോധനനായി, പ്രത്യക്ഷപ്പെട്ട ഒരു ഘോരസത്വത്തെ സമീപിക്കുക - അതിലും വിശേഷിച്ച് ശിശുഹൃത്യ ചെയ്വാന്‍പോലും അറപ്പില്ലാത്ത ഒരു ഭീമരക്ഷസ്സിനെ സ്പര്‍ശിക്കുക എന്നുള്ള കഥ ചിന്തിച്ചപ്പോള്‍ ആ മൃദുലഹൃദയന്‍റെ ഉള്ളില്‍ ഒരു കിടുകിടുപ്പുണ്ടായി. എന്നാല്‍ മുമ്പിലത്തെ വിലക്ഷണ കീടം ഇപ്പോഴാവട്ടെ, നന്ദനോദ്യാനത്തിലേക്ക് പറന്നുയരുന്ന സുവര്‍ണ്ണരൂപിയായ ഒരു ചിത്രശലഭമായി ഒരു നവീന ജന്മം പ്രാപിച്ചിരിക്കുന്നു.
വേപഥുഗാത്രനായ ബൂബിലിയുടെ ഹൃദയത്തെ അദൃശ്യമായ ഒരു ദിവ്യശക്തി വലയം ചെയ്തു. അമാനുഷികമായ ഒരു ധീരതയും അഭൗമികമായ ഒരു സഹതാപവും ആ യുവാവിന്‍റെ മുഖത്ത് പരന്നു. തന്‍റെ ഏകപുത്രന്‍റെ മൃതദേഹത്തോടൊരുമിച്ച് ശ്മശാനഭൂവിലേക്ക് ദുഃഖാര്‍ത്തയായി കേണലച്ച് പോകുന്ന നിരാശ്രയിനിയായ നയിനിലെ വിധവയുടെ സമീപത്തേക്ക് വിശ്വവിശുദ്ധികരനായ യേശുക്രിസ്തുവിന്‍റെ പുണ്യതൃപ്പാദങ്ങള്‍ എന്നപോലെ ആ ക്രിസ്തുദാസന്‍റെ കാലടികള്‍ മുന്നോട്ട് ത്വരിച്ചു.
എന്‍ജിന്‍വണ്ടി കൊളുത്തി. "കൈകാട്ടി" താണു. പോലീസുകാര്‍ താരുവിനെ തീവണ്ടി മുറിയില്‍ കയറ്റി. വണ്ടി പുറപ്പെടാന്‍ അല്പനിമിഷം മാത്രം. താരു തന്‍റെ അവസാനത്തെ അപേക്ഷ അനുവദിച്ച് കിട്ടാന്‍ അത്യന്തം ദയനീയമായവിധം ഉച്ചത്തില്‍ നിലവിളിച്ചു. നെഞ്ചത്തടിച്ച് കേണു. ധര്‍മ്മബുദ്ധിയായ മിസ്റ്റര്‍ മേനവന്‍ ബൂബിലിയുടെ സമീപത്തേക്ക് ചെന്ന് "വിരോധമില്ലെങ്കില്‍ അവന്‍റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാം. പക്ഷേ എനിക്ക് അങ്ങനെ അപേക്ഷയില്ല" എന്ന് ഇംഗ്ലീഷില്‍ പറഞ്ഞു.
കാല്‍ തെറ്റി വഴുക്കലില്‍ മറിഞ്ഞ പിഞ്ചിളംകുഞ്ഞിനെ പിടിപ്പാന്‍ മുന്നോട്ടാഞ്ഞ സ്നേഹാകൃഷ്ടയായ മാതാവിനെപ്പോലെ മറുപടി പറയാന്‍പോലും താമസിക്കാതെ ബൂബിലി തല്‍ക്ഷണം തീവണ്ടി മുറിയുടെ വാതില്‍പ്പടിയില്‍ എത്തി. ഇന്‍സ്പെക്ടറുടെ ആജ്ഞാനുസരണം പോലീസുകാര്‍ ഒന്നാകെ ആ കൊലപാതകപ്പുള്ളിയുടെ ചുറ്റും വളരെ കരുതലോടു കൂടി നിലകൊണ്ടു.
അത് ഈശ്വരസന്നിധിയായിരുന്നു. താരു - ആയുസ്സില്‍ അതേവരെയ്ക്ക് തല കുനിച്ചിട്ടില്ലാത്ത ആ ഭീമകായന്‍ - കുടുകുടെ കണ്ണുനീര്‍ ചാടുന്നതായ തന്‍റെ കവിള്‍ത്തടം ചങ്ങല കിലുങ്ങുന്ന കൈത്തണ്ടുകളില്‍ പതിച്ച് ബൂബിലിയുടെ മാറിടത്തിലേക്ക് തലചായിച്ചു. ആ കളങ്കമില്ലാത്ത യുവാവ് തന്‍റെ ഉള്ളം കൈത്തളിരുകള്‍ രണ്ടും ആ സഹോദരജീവിയുടെ ശിരസ്സില്‍ ശാന്തമായി അണച്ചു. ഭക്തിപാരവശ്യത്താല്‍ അദ്ദേഹത്തിന്‍റെ മുഖം മേല്പോട്ടുയര്‍ന്നു. കണ്ണുകള്‍ ലാസറിന്‍റെ ശവക്കല്ലറവാതില്‍ക്കല്‍ കണ്ണീര്‍ക്കണം തൂകിയ കരുണാപയോധിയുടെ തൃക്കഴലിണകളില്‍ ഏകാഗ്രമായി പതിഞ്ഞു. എല്ലാ ശിരസ്സും ജഗദീശ്വര സ്മരണയാല്‍ നിശ്ശബ്ദമായി താണു.
ആ സ്വര്‍ഗ്ഗീയ പുരോഹിതന്‍ അത്യുഷ്മള ഭക്തിയോടെ ശാന്തമായി അര്‍ത്ഥിച്ചു:- "മഗ്ദലനമറിയക്ക് കണ്ണുനീരൊഴുക്കാന്‍ തൃക്കാല്‍ നല്‍കിയ തമ്പുരാനെ, അങ്ങേ വലത്തുഭാഗത്തെ കുരിശില്‍ തറയ്ക്കപ്പെട്ട കള്ളന്, പാപമോചനം നല്‍കിയപ്രകാരം ഈ അപരാധിയായ മകനും പാപശാന്തി നല്‍കേണമേ. ആണി തറപ്പാന്‍ അനുവദിച്ചതായ തൃക്കൈകള്‍ നീട്ടി ഈ എളിയ ദാസനെ എന്നേക്കുമായി സ്വീകരിച്ച് വിശുദ്ധീകരിച്ചാലും."
രണ്ടാം മണിയടിച്ചു. പച്ചവര്‍ണ്ണക്കൊടി വീശി. പ്രാണപ്രിയനായ ആത്മനാഥനെ മണിയറമഞ്ചത്തിലേക്ക് എതിരേല്പാന്‍ പൂമുഖവാതില്‍ക്കലേക്ക് ചെന്ന സര്‍വാഭരണ വിഭൂഷിതയായ നവോഢയെപ്പോലെ താരുവിന്‍റെ ഹൃദയം സന്തോഷാധിക്യത്താല്‍ തുടിച്ചു. മുഖത്ത് ആനന്ദശാന്തി പരന്നു. ബൂബിലി വാതില്‍പ്പടിയില്‍ നിന്നു പ്ലാറ്റുഫോറത്തിലേക്ക് മന്ദമായി കാല്‍വച്ചുകൊണ്ട് സുസ്മേരവദനനായി ഉച്ചരിച്ചു:-
"നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. ഒരു പുതിയ ശരീരവും ഒരു പുതിയ മനസ്സും ഒരു പുതിയ ആത്മാവുമായി നിങ്ങള്‍ യേശുമിശിഹായില്‍ ഒരു പുതിയ ജീവിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഭയപ്പെടരുത്. മരണത്തെ നിങ്ങള്‍ എന്നേക്കുമായി ജയിച്ചിരിക്കുന്നു. ഇനി അന്ത്യശ്വാസത്തോളവും യേശുക്രിസ്തുവിന്‍റെ തൃപ്പാദങ്ങളെ മുറുകെ പിടിച്ചുകൊള്‍ക."
"മരണമോ."
ഗാഢവിശ്വാസസൂചകമായ ഒരു മന്ദസ്മിതത്തോടു കൂടി താരു പ്രതിവചിച്ചു:-
"അത് ഒരു വലിയ ലാഭമായി. ഇനി ഞാന്‍ എന്‍റെ അരുമ രക്ഷിതാവിന്‍റെ സ്വന്തമത്രെ. അവിടത്തെ മാറിടത്തില്‍ ഞാന്‍ വിശ്രമിക്കും. എന്‍റെ അന്ത്യശ്വാസവും ഞാന്‍ എന്‍റെ തമ്പുരാന്‍റെ തൃക്കൈകകളില്‍ത്തന്നെ...."
എന്‍ജിന്‍വണ്ടി ഇരമ്പിത്തേങ്ങി. ഉരുള്‍ വരികള്‍ ചലിച്ചു. കുഴല്‍ച്ചൂളം മുഴങ്ങി. തീവണ്ടി വാതില്‍ അടഞ്ഞു. സ്വര്‍ഗ്ഗവാതില്‍ തുറന്നു.
വലിയ മാര് ദീവന്നാസ്യോസും തരണനല്ലൂര് നമ്പൂതിരിപ്പാടും
വലിയ മാര് ദീവന്നാസ്യോസും തരണനല്ലൂര് നമ്പൂതിരിപ്പാടും
(ചരിത്രകഥ)
ചിത്രമെഴുത്തു കെ. എം. വറുഗീസ്
Valiya Mar Deevannaasiyosum Tharananalloor Nampoothirippaadum
(Historical Story)
Chithramezhuthu K. M. Varughese
First Published : 1929
Second Edition : 1987
First E Edition : 2023 November
Published by : Sophia E Library
https://sophiaelibrary.blogspot.com/
Typesetting : Sophia Print House, Kottayam
അനുകരിക്കാന്‍ പ്രയാസമായ ഒരു സുന്ദര ഗദ്യശൈലിയുടെ ഉടമയായ അദ്ദേഹമാണ് മലയാളത്തിലെ ഗദ്യകവിതാപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. ചില സാഹിത്യചരിത്രങ്ങളിലും ജി. ശങ്കരക്കുറുപ്പിന്‍റെ 'നിമിഷം' എന്ന കാവ്യസമാഹാരത്തിന് കേസരി ബാലകൃഷ്ണപിള്ള എഴുതിയിട്ടുള്ള അവതാരികയിലും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുണ്ട്.
സഹൃദയനും മഗ്ദലനമറിയം എന്ന മനോഹര കാവ്യനിര്‍മാണത്തിനു മഹാകവി വള്ളത്തോളിനു പ്രേരണ നല്‍കിയ ദേഹവുമായ പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാശന്‍ നടത്തിയിരുന്ന ആത്മപോഷിണി, കഥാമാലിക എന്നീ മാസികകളുടെ പത്രാധിപരായും ചിത്രമെഴുത്തു കുറെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ പ്രകാശിതമായ മഗ്ദലനമറിയത്തിനും അവതാരികയും ടിപ്പണിയും എഴുതുന്നതിന് ചിത്രമെഴുത്തിനു ഭാഗ്യം ലഭിച്ചത് ആ ബന്ധം മൂലമായിരുന്നു.
സാഹിത്യരചനയിലും ചിത്രമെഴുത്തിലും മാത്രമല്ല, നാട്ടുകാര്യങ്ങളിലും അദ്ദേഹം തല്‍പ്പരനായിരുന്നു. 1115 കന്നി 5-ാം തീയതി മുതല്‍ രണ്ടു വര്‍ഷക്കാലം അദ്ദേഹം മാവേലിക്കര പഞ്ചായത്ത് പ്രസിഡണ്ടായും രണ്ടാം ക്ലാസ് മജിസ്ട്രേട്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1962-ല്‍ 74-ാം വയസ്സില്‍ അന്തരിച്ചു.
ഗ്രന്ഥങ്ങള്‍: സുറിയാനി ക്രിസ്ത്യാനികളുടെ രാജ്യരക്ഷാ പുരുഷത്വം (1936), കേരളീയ നസ്രാണികളുടെ രാഷ്ട്രീയ സേവനം (1935, 1962), തച്ചില്‍ മാത്തുതരകന്‍റെ തങ്കക്കൊമ്പന്‍ (1929, 1987), മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ പഞ്ചകല്യാണി (1987), വലിയ മാര് ദീവന്നാസ്യോസും തരണനല്ലൂര് നമ്പൂതിരിപ്പാടും (1929, 1987), വേണാടിന്‍റെ നടുത്തൂണ്‍ അഥവാ പുണ്യവാനായ ശൗരിയാര്‍ (1955), അഞ്ചാം മാര്‍ത്തോമ്മായുടെ പീഡനങ്ങള്‍ അഥവാ ഡച്ചുകാരുടെ പന്തീരായിരം (1946, 1987), നെല്ലിമൂട്ടിലമ്മച്ചി (1927, .....), ചിട്ടിത്തലയാള്‍ (1946), സുചരിതമുകുരം (1950), ചെങ്കോലും മുരളിയും (1941) ചിത്രമെഴുത്തിന്‍റെ ഗദ്യകവിതകള്‍, എന്‍റെ ജീവിതയാത്ര (ആത്മകഥ, 2002).
I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...