1932 ധനു 18-ാം തീയതിയിലെ മനോരമയില്‍ 'കേരള കാളിദാസനും കേരള വ്യാസനും' എന്ന തലക്കെട്ടില്‍ മി. ഡി. ശങ്കരയ്യര്‍ എഴുതീട്ടുള്ള ഒരു ലേഖനത്തില്‍ മി. അയ്യര്‍ക്കു പറ്റിപ്പോയിട്ടുള്ള ഒരു പ്രമാദത്തെ തിരുത്തണമെന്നേ ഈ ലേഖനംകൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നുള്ളു. 'പദ്യസാഹിത്യത്തിന്‍റെ ജനയിതാവ് എഴുത്തച്ഛനായിരിക്കുന്നതുപോലെ ഗദ്യസാഹിത്യത്തിന്‍റെ ജനയിതാവ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടാണെന്നും,' 'സന്മാര്‍ഗ്ഗപ്രദീപം, വിജ്ഞാനമഞ്ജരി, അക്ബര്‍ മുതലായവയാണ് ഗദ്യസാഹിത്യചരിത്രത്തിലെ ആദിമ കാവ്യങ്ങളെന്നും' 'ഇവയെ തുടര്‍ന്നാണു ഉപന്യാസങ്ങള്‍, വിമര്‍ശക സാഹിത്യം, ആഖ്യായികാ നിര്‍മ്മാണം എന്നിവ മലയാളത്തിലുണ്ടായിട്ടുള്ളതെന്നും' മി. ശങ്കരയ്യര്‍ പ്രസ്താവിക്കുന്നതിനോടു ഞാന്‍ യാതൊരുവിധത്തിലും യോജിക്കുന്നില്ല. എനിക്കെന്നല്ല മലയാള ഗദ്യസാഹിത്യത്തിന്‍റെ ചരിത്രം കൂലങ്കഷമായി പഠിച്ചിട്ടുള്ള യാതൊരുത്തനും ഈ അഭിപ്രായത്തോടു യോജിപ്പാന്‍ കഴികയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ കാര്യത്തില്‍ മി. ശങ്കരയ്യര്‍ക്കു മാത്രമല്ല, മലയാള ഭാഷാചരിത്ര കര്‍ത്താവായ മി. ഗോവിന്ദപ്പിള്ളയ്ക്കും, ഭാഷാസാഹിത്യ ചരിത്രകര്‍ത്താക്കന്മാരായ മി. ശങ്കരന്‍ നമ്പ്യാര്‍ക്കും, മി. ആര്‍. നാരായണപ്പണിക്കര്‍ക്കു തന്നെയും മലയാള ഗദ്യസാഹിത്യ ചരിത്രത്തെ അത്ര വിസ്തൃത രീതിയില്‍ വീക്ഷിപ്പാന്‍ കഴിഞ്ഞിട്ടില്ലെന്നു പറയേണ്ടി വന്നതില്‍ അതിയായ മനസ്താപമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഇവരാരും തന്നെ അപരാധികളല്ലെന്നു സമാധാനിക്കാം. എന്തെന്നാല്‍ ആധുനിക മലയാള ഗദ്യസാഹിത്യത്തിന്‍റെ ചരിത്രം ആരംഭിക്കുന്നതു കൊല്ലം 1042-മാണ്ടു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടു തിരുവിതാംകൂര്‍ ബുക്കു കമ്മട്ടി പ്രസിഡണ്ടായ കാലം മുതല്‍ക്കാണെന്നുള്ള തെറ്റിദ്ധാരണ യോടു കൂടി മലയാള ഗദ്യസാഹിത്യ ചരിത്രം അന്വേഷിപ്പാന്‍ പുറപ്പെട്ടിട്ടുള്ളവര്‍ക്കൊക്കെ ഇങ്ങനെ ഒരു കാടുചുറ്റല്‍ സംഭവിച്ചിട്ടുള്ളതാണ്. പദ്യസാഹിത്യത്തിനായാലും ഗദ്യസാഹിത്യത്തിനായാലും അവയ്ക്കു ഹിന്ദു മതത്തിനു പുറമെ ജീവിതം സാധ്യമല്ലെന്നുള്ള മിഥ്യാബോധത്തോടു കൂടിയാണു മേല്‍ പറഞ്ഞ മാന്യന്മാര്‍ നിഷ്പക്ഷബുദ്ധിയോടു കൂടിത്തന്നെയെങ്കിലും ഗദ്യസാഹിത്യചരിത്ര പരിശോധനാരംഗത്തില്‍ പര്യടനം ചെയ്തിട്ടുള്ളതെന്നു പറയാതെ നിവൃത്തിയില്ല. മലയാളഭാഷാ സാഹിത്യത്തെക്കുറിച്ച് ഒരു അഭിപ്രായം പറവാന്‍ അര്‍ഹതയുള്ള ആളെന്നു പരക്കെ സമ്മതിക്കപ്പെട്ടിരിക്കുന്ന ദേഹവും, ഗദ്യസാഹിത്യപ്പഴമയെപ്പറ്റി പലതും അറിവുള്ള ഒരു വിമര്‍ശകവീരനുമായ രാജശ്രീ മൂര്‍ക്കോത്തു കുമാരന്‍ അവര്‍കള്‍ തന്നെയും, കഴിഞ്ഞ കൊല്ലം കൊല്ലം പട്ടണത്തില്‍ വച്ചു നടത്തപ്പെട്ട സമസ്ത കേരള സാഹിത്യപരിഷത്തില്‍ ചെയ്തതായ അദ്ധ്യക്ഷപ്രസംഗത്തില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ജനിച്ചു വളര്‍ന്നു ഒരു ഒന്നാന്തരം സുറിയാനി ക്രിസ്ത്യാനിയായ വൈയാകരണന്‍ ഗീവറുഗീസ് കത്തനാര്‍ (റവ: ജോര്‍ജ് മാത്തന്‍) അവര്‍കള്‍ ഒരു യൂറോപ്യനാണെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുള്ളതും കേരളത്തിലെ വൃത്താന്തപ്പത്രങ്ങളും മാസികകളുമൊക്കെ യാതൊരു വിചാരണയും കൂടാതെ അതു പച്ചയ്ക്കു പകര്‍ത്തി വച്ചിരിക്കുന്നതും ആലോചിച്ചാല്‍ മലയാള ഗദ്യസാഹിത്യ ചരിത്രത്തിന്‍റെ ഉള്ളിലേക്കു തലപൊന്തിച്ചു ശരിക്കു നോക്കാന്‍ നമ്മുടെ സാഹിത്യകാരന്മാരാരുംതന്നെ ഈ നിമിഷം വരെയ്ക്കും ഉദ്യമിച്ചിട്ടില്ലെന്നു വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. മലബാര്‍ ദേശീയനായ മി. മൂര്‍ക്കോത്തു കുമാരന്‍ മലയാള സാഹിത്യ ചരിത്രം അന്വേഷിപ്പാന്‍ പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ ചിന്താകേന്ദ്രം പ്രായേണ വടക്കന്‍ മലബാര്‍ മാത്രമായി പരിണമിച്ചതില്‍ അദ്ഭുതപ്പെടേണ്ടതില്ല. അങ്ങനെതന്നെ കൊച്ചീക്കാരനായ ശങ്കരന്‍ നമ്പ്യാര്‍ അവര്‍കളും മലയാള ഗദ്യസാഹിത്യവള്ളി ഹിന്ദു സമുദായത്തിനു പുറമെ തളിര്‍ വീശിയിട്ടുണ്ടോ എന്നും അന്വേഷിക്കാഞ്ഞതിലും വല്ലായ്മപ്പെടേണ്ടതില്ല. എന്നാല്‍ ഒരു തിരുവിതാംകൂറുകാരനായ മി. ആര്‍. നാരായണപ്പണിക്കര്‍, തന്‍റെ നാട്ടിലെ ഒരു പഴയ അച്ചുകൂടസ്ഥാപനമായ കോട്ടയം സി.എം.എസ്സ്. പ്രസ്സിന്നും മലയാളഗദ്യസാഹിത്യ ചരിത്രത്തിനും തമ്മില്‍ എന്തെങ്കിലും സംബന്ധമുണ്ടോ എന്ന് അന്വേഷിക്കാഞ്ഞത് അല്‍പ്പം സാഹസമായിപോയില്ലേ എന്നു ശങ്കിക്കുന്നു. ചുരുക്കത്തില്‍ മലയാളഗദ്യസാഹിത്യചരിത്രം ആരായുവാന്‍ പുറപ്പെട്ടിട്ടുള്ളവരൊക്കെ തങ്ങള്‍ക്കു പരിചയപ്പെട്ടിട്ടുള്ള മതത്തയും പരിചയപ്പെട്ടിട്ടുള്ള ദേശ ത്തേയും പരിചയപ്പെട്ടിട്ടുള്ള പരിധികളേയും പരിചയപ്പെട്ടിട്ടുള്ള അച്ചുകൂടസ്ഥാപനങ്ങളേയും അതിലംഘിച്ച് ഒരു വിദൂരവീക്ഷണം നടത്താന്‍ ഇന്നേവരെയ്ക്കും ഉത്സാഹിച്ചിട്ടുള്ളതായി കാണുന്നില്ല. ഈ സമ്പ്രദായം അത്യന്തം ലജ്ജാവഹമാണെന്നു പറയാതെ കഴികയില്ല.
പദ്യസാഹിത്യത്തിന്‍റെ ജനയിതാവ് എഴുത്തച്ഛനായിരിക്കുന്നതു പോലെ ഇന്നത്തെ മലയാള ഗദ്യസാഹിത്യത്തിന്‍റെ ജനയിതാവ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ടാണോ! മി. ശങ്കരയ്യര്‍ പറയുംപോലെ സന്മാര്‍ഗ്ഗപ്രദീപം, വിജ്ഞാനരഞ്ജിനി, അക്ബര്‍ മുതലായവയാണോ ഭാഷയിലെ ആദിമ ഗദ്യകാവ്യങ്ങള്‍; ഉപന്യാസങ്ങള്‍, വിമര്‍ശനസാഹിത്യം മുതലായവ മേല്‍പ്പറഞ്ഞവയെ തുടര്‍ന്നുണ്ടായിട്ടുള്ളവയാണോ; ഈ മൂന്നു വാദശൃംഗങ്ങളാണ് ഇവിടെ പര്യാലോചനാ വിഷയങ്ങളായിരിക്കുന്നത്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ട് ഒരു മഹാകവിയും മലയാള സാഹിത്യത്തിന്‍റെ അഭിവൃദ്ധിക്കായി അത്യധികം വേല ചെയ്തിട്ടുള്ള ഒരു സാഹിത്യപ്രണയിയുമാണെന്നു സമ്മതിക്കാത്തവരായി കേരളഭൂമിയില്‍ ആരുംതന്നെ ഉണ്ടായിരിക്കയില്ല. ഉത്തമങ്ങളും സ്വതന്ത്ര കല്‍പ്പനങ്ങളുമായ പല ഗദ്യപദ്യ ഗ്രന്ഥങ്ങള്‍ അവിടുന്നു ഭാഷാ കുടുംബത്തിലേക്കു ദാനം ചെയ്തിട്ടുണ്ടെന്നുള്ള വസ്തുത ആര്‍ക്കുംതന്നെ മറന്നുകൂടുന്നതല്ല. എന്നാല്‍ അതുകൊണ്ട് അവിടുന്നു ഇന്നത്തെ മലയാളഗദ്യത്തിന്‍റെ ജനയിതാവാണെന്നു വന്നു കൂടണമെന്നില്ല. ആണും തൂണും, അലകും പിടിയും കെട്ടും മട്ടുമില്ലാത്ത ഒരു നിലയില്‍ നിന്നു മലയാള ഗദ്യ സാഹിത്യത്തെ ഉന്നമിപ്പിച്ച ഏതെങ്കിലും ഒരു കൈരളീഭക്തനാണു ഗദ്യജനകസ്ഥാനത്തിന് അര്‍ഹതയുള്ളതെങ്കില്‍ അക്കൂട്ടത്തില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ പേരിനു യാതൊരു പ്രസക്തിയുമില്ലെന്നു ഞാന്‍ അത്യന്തം താഴ്മയോടു കൂടി പറഞ്ഞുകൊള്ളട്ടെ. നേരെ മറിച്ചു ഗദ്യസാഹിത്യ പരിപോഷണത്തെ സംബന്ധിച്ചാണെങ്കില്‍ ഭാഷാശിശു മുട്ടിന്മേല്‍ പൊന്തുന്നതായ പ്രാരംഭകാലഘട്ടത്തില്‍ അവിടത്തെ സാഹിത്യപരിശ്രമങ്ങള്‍ അത്യധികം അനര്‍ഘ തരവും അതിശ്രേഷ്ടതമവുമായിരുന്നുവെന്നു കൃതജ്ഞതാപൂര്‍വം സമ്മതിക്കാനുള്ളതാണ്. മലയാള ഗദ്യസാഹിത്യത്തിന്‍റെ ആദിമചരിത്രം ആലോചിച്ചാല്‍ പില്‍ക്കാലത്തുണ്ടായിട്ടുള്ള ഗദ്യസാഹിത്യ പരിപോഷണ പരിശ്രമങ്ങള്‍ യാതൊന്നുംതന്നെ അവിടത്തെ സാഹിത്യപരിശ്രമങ്ങളെ അതിശയിക്കുന്നവയല്ലെന്നു ധൈര്യസമേതം പറയാവുന്നതാണ്. അതിനാല്‍ 'കേരളവര്‍മ്മ ദേവന്‍' ഗദ്യസാഹിത്യത്തിന്‍റെ ജനയിതാവെന്നല്ല, അതിന്‍റെ പ്രാരംഭദശാ പരിപോഷകന്‍ എന്ന പേരിനെയാണു വാസ്തവത്തില്‍ അര്‍ഹിക്കുന്നതെന്നു ഞാന്‍ വിനയപൂര്‍വ്വം പറഞ്ഞുകൊള്ളുന്നു.
ഈ അനുമാനം ശരി തന്നെയോ, വലിയ കോയിത്തമ്പുരാന്‍ ഗദ്യ സാഹിത്യ പരിപോഷണത്തിനായി തുനിയും മുമ്പ് ഇന്നത്തെ മലയാള ഗദ്യത്തിന് ആരെങ്കിലും പിതൃത്വം വഹിച്ചിട്ടുണ്ടോ, ആരെങ്കിലും അതിനു അലകും പിടിയും ഇട്ടിട്ടുണ്ടോ, ആരെങ്കിലും അതിനു രീതിയും രൂപവും വരുത്തീട്ടുണ്ടോ, ഇതാണു പോദ്യം. ഈ പ്രശ്നത്തിന് ഉണ്ടെന്നു ഞാന്‍ സധൈര്യം മറുപടി പറയുന്നു. കേരളവര്‍മ്മ തിരുമേനി തന്‍റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തിരുവിതാംകൂര്‍ ബുക്കു കമ്മട്ടി പ്രസിഡണ്ട് എന്ന നിലയില്‍ മലയാള ഗദ്യസാഹിത്യരംഗത്തു വലത്തുകാല്‍ വയ്ക്കും മുമ്പ് - വളരെ മുമ്പ് - അത്യുത്തമങ്ങളായ അഞ്ചു വിശിഷ്ട ഗ്രന്ഥങ്ങളും അനേകം ഉപന്യാസങ്ങളും ഒന്നാന്തരം വിമര്‍ശനങ്ങളും എഴുതി ഇന്നു കാണുന്നതായ മലയാള ഗദ്യത്തിന് അസ്ഥിവാരമിട്ട ഒരു പണ്ഡിതകേസരിയുടെ പേരാണ് ഈ അവസരത്തില്‍ എനിക്കു പറവാനുള്ളത്. പക്ഷെ ഒരു അക്രൈസ്തവ നാമധേയം കൊണ്ടു വായനക്കാരെ സന്തോഷിപ്പിപ്പാന്‍ ഈ അവസരത്തില്‍ എനിക്കു കഴിയാതെ വന്നതില്‍ മനസ്താപിക്കുന്നു. എന്നിരിക്കിലും മലനാട്ട് നസ്രാണികള്‍ ഇവിടത്തെ നായരും നമ്പൂതിരിയും മതപരിവര്‍ത്തനം ചെയ്തവരാണെന്നുള്ള ചരിത്രസംബന്ധമായ വാസ്തവത്തെ സമ്മതിക്കുന്നവര്‍ ഒരു ക്രൈസ്തവനാമ ശ്രവണത്തില്‍ സൗമുഖ്യം പ്രദര്‍ശിപ്പിക്കുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.
കക
1020-ാംമാണ്ട് കുംഭ മാസം 10-നു ഭൂജാതനായ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ട് ബുക്കുകമ്മട്ടി പ്രസിഡണ്ടായി കയറുന്നതുവരെക്കു അവിടുത്തേക്കു മലയാളഭാഷയോട് - വിശേഷിച്ചു മലയാള ഗദ്യസാഹിത്യത്തോടു - പ്രതിപത്തിയോ വാത്സല്യമോ ഉണ്ടായിരുന്നില്ലെന്നുള്ളതിന് അവിടുത്തെ വാക്കുകള്‍ തന്നെ ലക്ഷ്യമാണ്. തിരുമനസ്സുകൊണ്ട് 1042-ാമാണ്ടത്തെ കഥയെപ്പറ്റി പറയുമ്പോള്‍ ഇപ്രകാരം പ്രസ്താവിക്കുന്നു. 'ഇപ്പോള്‍ മലയാള ഭാഷാവിഷയമായി ഓരോരുത്തര്‍ ഉത്സാഹിച്ചു കാണുന്നത് എനിക്ക് വലിയ സന്തോഷമാണ്. ഒരു കാലത്ത് എനിക്കും എന്‍റെ പ്രിയ ഭാഗിനേയ ശിഷ്യനായ രാജരാജവര്‍മ്മ കോയിത്തമ്പുരാനും കൂടി മലയാള ഭാഷയോട് അത്ര പ്രതിപത്തി ഉണ്ടായിരുന്നുവോ എന്ന് സംശയമാണ്. പിന്നീട് പുസ്തകങ്ങള്‍ ഉണ്ടാക്കുകയും അത് ഓരോരുത്തന്‍ പഠിപ്പിക്കയും ചെയ്തു തുടങ്ങിയപ്പോഴാണ് അറിയാതെ തന്നെ എനിക്ക് എന്‍റെ മാതൃഭാഷയോട് വാത്സല്യം ജനിച്ചത്' (തിരുവനന്തപുരം കോളജ് മലയാള സമാജത്തിന്‍റെ 1082-ലെ വാര്‍ഷികയോഗത്തില്‍ ചെയ്ത ഉപസംഹാര പ്രസംഗം). തിരുമനസ്സിലെ ഈ വാക്കുകള്‍ അക്ഷരംപ്രതി യഥാര്‍ത്ഥമാണ്. എന്തെന്നാല്‍ ഇരുപത്തിരണ്ടാമത്തെ തിരുവയസ്സു വരെയും കേവലം സംസ്കൃത സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും മാത്രം മനസ്സുറ്റ് പ്രയത്നിച്ചുപോന്ന വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ട് ബുക്കുകമ്മറ്റി പ്രസിഡണ്ടായിത്തീര്‍ന്നുവെന്ന ഏക കാരണത്താല്‍ മാത്രം ഗദ്യഗ്രന്ഥങ്ങള്‍ എഴുതുവാന്‍ നിര്‍ബദ്ധനായിത്തീര്‍ന്നുവെന്നല്ലാതെ മാതൃഭാഷാ പ്രണയത്താല്‍ പ്രേരിതനായി അവിടുന്നു 1042-ാമാണ്ടിനു മുമ്പ് യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നു സ്പഷ്ടമല്ലോ. എന്നാല്‍ ഇന്നത്തെ മലയാള ഗദ്യസാഹിത്യത്തിന് അടിത്തറ കെട്ടിപ്പടുത്ത വൈയാകരണന്‍ ഗീവര്‍ഗ്ഗീസ് കത്തനാര്‍ അവര്‍കളാകട്ടെ പൊതുജനങ്ങളുടേയോ സര്‍ക്കാരിന്‍റെയോ യാതൊരുവിധമായ സഹായസഹകരണങ്ങളും പ്രേരണയും കൂടാതെ അകൈതവമായ മാതൃഭാഷാ പ്രണയം ഒന്നുകൊണ്ടു മാത്രം 1042-ാമാണ്ടിനു മുമ്പായി പല മികച്ച ഗദ്യകൃതികള്‍ കൈരളീദേവിയുടെ പാദപങ്കജങ്ങളില്‍ സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു.
1042-ാമാണ്ടു ബുക്കുകമ്മട്ടിയുടെ ആവിര്‍ഭാവത്തോടു കൂടിയാണു മല യാളത്തില്‍ ഗദ്യസാഹിത്യഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു പല ഭാഷാ ഭിമാനികളും കഥയറിയാതെ വിശ്വസിക്കുന്നുണ്ട്. കൊല്ലം 1000-ാമാണ്ടോടു കൂടി മിഷണറിമാരും സുറിയാനി ക്രിസ്ത്യാനികളും വിദ്യാലയങ്ങള്‍ സ്ഥാപിച്ച് അഭ്യസനം നടത്തിപ്പോന്നിരുന്ന കഥ പ്രസിദ്ധമാണല്ലോ. ഈ വിദ്യാലയങ്ങളില്‍ സംസ്കൃതം, ലത്തീന്‍, ഇംഗ്ലീഷ്, കണക്ക്, രേഖാഗണിതം, ഭൂമിശാസ്ത്രം, വേദചരിതം, സഭാചരിത്രം, ലോകചരിത്രം, ഇന്ത്യാചരിത്രം, രസതന്ത്രം മുതലായവ പഠിപ്പിച്ചു പോന്നതായി കാണുന്നു. ജ്യോതിശ്ശാസ്ത്രവും രസതന്ത്രവും പഠിപ്പിച്ചുപോന്നത് റവ. പീറ്റ് സായിപ്പ് അവര്‍കളായിരുന്നുവെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെ ഉപയോഗത്തിനായി പല മലയാള പുസ്തകങ്ങളും കല്ലച്ചില്‍ അടിച്ചെടുത്തിരുന്നു. ഇങ്ങനെയുള്ള ചില പാഠ്യഗ്രന്ഥങ്ങള്‍ കോട്ടയം സി.എം.എസ്സ്. ലൈബ്രറിയില്‍ ഇന്നും സൂക്ഷിച്ചിട്ടുള്ളതായി കാണാം. അക്കാലത്തെ ഉപയോഗത്തിനായി 'ഒണ്ടാക്കീട്ടുള്ള'തും 1030-ാമാണ്ട് തിരുവനന്തപുരം സര്‍ക്കാര്‍ അച്ചുകൂടത്തില്‍ അച്ചടിച്ചിട്ടുള്ളതായ ഒരു ഇന്ത്യാ 'ഭൂമിശാസ്ത്രം' (ഗ്രന്ഥകര്‍ത്താവ് ഒരു ക്രിസ്ത്യാനി. പേജ് 140) ഇപ്പോഴും കാണ്മാനുള്ളതും ഒരെണ്ണം ഈ എഴുത്തുകാരന്‍റെ കൈവശംതന്നെ സൂക്ഷിച്ചിട്ടുള്ളതുമാകുന്നു. ഇതിനു മൂന്നു കൊല്ലം മുമ്പാണു വൈയാകരണന്‍ ഗീവറുഗീസു കത്തനാര്‍ തന്‍റെ സുപ്രസിദ്ധമായ വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചത്. ഇതിന് ഒരു വ്യാഴവട്ടം മുമ്പ് അതാവിതു കൊല്ലം 1015-ാമാണ്ടു കോട്ടയം സി.എം.എസ്. പ്രസ്സില്‍ നിന്നു കേരളത്തിലെ ഒന്നാമത്തെ മലയാള വൃത്താന്തപ്പത്രമായ 'ജ്ഞാനനിക്ഷേപ'വും 1035-ാമാണ്ടു കൊച്ചി ദേവജി ഭീമജി വക മലബാര്‍ അച്ചടിക്കമ്പനി (ക്ലിപ്തം) യില്‍ നിന്ന് ഇട്ടൂപ്പ് റൈട്ടര്‍ അവര്‍കളുടെ പത്രാധിപത്യത്തില്‍ 'പശ്ചിമതാരക' മലയാളപത്രവും പുറപ്പെട്ടിരുന്നു. പുസ്തക പാരായണത്തില്‍ അഭിരുചി കുറഞ്ഞിരുന്ന ആ പഴയകാലത്ത് മുതല്‍മുടക്കു സംഖ്യ പിരിഞ്ഞുകിട്ടുന്നതിനുള്ള പ്രയാസം നിമിത്തം ചില ഗ്രന്ഥങ്ങള്‍ വിദ്യാലയങ്ങളില്‍ അദ്ധ്യാപകന്മാരുടെ ഉപയോഗത്തിനായി മാത്രം കല്ലച്ചില്‍ അടിച്ചുപോണതില്‍ അദ്ഭുതപ്പെടുവാനില്ല.
1020-ാമാണ്ടു മുതല്‍ സാന്മാര്‍ഗ്ഗികങ്ങളും സാഹിത്യപരങ്ങളുമായ പല ഗ്രന്ഥങ്ങള്‍ സ്വതന്ത്ര കൃതികളായും തര്‍ജ്ജമകളായും പുറപ്പെട്ടിരുന്നുവെന്നും പരദേശമോക്ഷയാത്ര, സാഹിത്യരസം നിറഞ്ഞു വഴിയുന്നതായ 'പുല്ലേലിക്കുഞ്ചു' മുതലായവ ഇക്കൂട്ടത്തില്‍പെട്ടവയാണെന്നും ഇവിടെ പ്രത്യേകിച്ചു പ്രസ്താവിപ്പാനുള്ളതാണ്. പക്ഷെ ക്രൈസ്തവ വിദ്യാലയങ്ങളിലെ ആ കാലത്തെ വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ചു ഭാഷയായാലും ഭൂമിശാസ്ത്രമായാലും മിക്കവാറുമവയെല്ലാംതന്നെ പ്രതിപാദനത്തിലോ അഭ്യസന വിഷയത്തിലോ ഒരു വിഷയത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ക്രിസ്തുമത സ്പര്‍ശകങ്ങളായിരുന്നതിനാല്‍ 1042-ാമാണ്ടു തിരുവിതാംകൂര്‍ സര്‍ക്കാര്‍ വകയായി ഏര്‍പ്പെടുത്തപ്പെട്ട നാട്ടുഭാഷാ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കേണ്ടതിലേക്ക് എല്ലാ മതക്കാര്‍ക്കും പൊതുവേ സ്വീകാര്യമായ വിധത്തിലുള്ള പാഠ്യഗ്രന്ഥങ്ങള്‍ ആവശ്യമായിത്തീര്‍ന്നു. അതിനാല്‍ അത്തരത്തിലുള്ള ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്കു സര്‍ക്കാരില്‍ നിന്നും ഒരു കമ്മട്ടിയും ഏര്‍പ്പെടുത്തി. ഇതുകൊണ്ട് ആ കാലത്ത് ക്രൈസ്തവ വിദ്യാലയങ്ങള്‍ക്കും ബുക്കു കമ്മറ്റിക്കും പുറമെ വിജ്ഞേയവിഷയ പ്രതിപാദങ്ങളായ ഗദ്യഗ്രന്ഥങ്ങളോ ഗദ്യപ്രബന്ധങ്ങളോ ഉണ്ടായിരുന്നില്ലെന്നും ആരുംതന്നെ തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല. കൊല്ലം 1039-ാമാണ്ടു കേരളഭൂമിയിലെ ആദ്യത്തെ മലയാള മാസികയെന്ന നിലയില്‍ കോട്ടയം കോളജ് വകയായി പുറപ്പെട്ടിട്ടുള്ള 'വിദ്യാസംഗ്രഹം' എന്ന ഇംഗ്ലീഷു മലയാള മാസികയില്‍, രാജ്യഭരണം, മതം, സമുദായം, രസതന്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം എന്നിത്യാദി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഇംഗ്ലീഷിലും മലയാളത്തിലും അനവധി ഉപന്യാസങ്ങള്‍ അത്യന്തം പാണ്ഡിത്യത്തോടു കൂടി എഴുതപ്പെട്ടിട്ടുള്ളതായി കാണാം. ഇവയ്ക്കും പുറമെ സദാചാരപരങ്ങളായ വേറേയും ഗ്രന്ഥങ്ങളുണ്ടായിരുന്നു.
ആധുനിക മലയാളഗദ്യത്തിന്‍റെ ആദ്യ മാതൃകാപ്രദര്‍ശകനായ വൈയാ കരണന്‍ ഗീവര്‍ഗ്ഗീസ് കത്തനാര്‍ അവര്‍കളുടെ പ്രസിദ്ധ കൃതികളെല്ലാം പുറത്തുവന്നിട്ടുള്ളത് ഈ കാലഘട്ടത്തിലായിരുന്നു. 'വിദ്യാസംഗ്രഹം' മാസികയിലെ ഇംഗ്ലീഷ്ശാഖയുടെ പത്രാധിപത്യം വഹിച്ചിരുന്നത് റവ: കൊല്ലിന്‍സ് സായ്പും, മലയാളം ശാഖയുടെ ആധിപത്യം വഹിച്ചിരുന്നത് ഗീവര്‍ഗ്ഗീസ് കത്തനാര്‍ അവര്‍കളുമായിരുന്നു. കത്തനാര്‍ അവര്‍കള്‍ ഇംഗ്ലീഷ്, ലത്തീന്‍, ഗ്രീക്ക്, എബ്രായ എന്നീ ഭാഷകളില്‍ അസാമാന്യ പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനു പുറമെ, സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്തുസ്ഥാനി എന്നിവയും ഭംഗിയായി അഭ്യസിച്ചിരുന്നു. ബീജഗണിതം, ക്ഷേത്രഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയിലും അദ്ദേഹം നല്ല പരിജ്ഞാനം സമ്പാദിച്ചിരുന്നു. തിരുവിതാംകൂര്‍ ഗവണ്മെന്‍റു നാട്ടുഭാഷാ വിദ്യാഭ്യാസവിഷയത്തില്‍ മുന്നിട്ടു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് അദ്ദേഹം സര്‍. ടി. മാധവറാവുവുമായി പല പ്രാവശ്യം സംഭാഷണം നടത്തുകയുണ്ടായി. ഒരു തമിഴനായ മാധവ രായരുടെ ഗവര്‍മെന്‍റു നാട്ടുഭാഷാ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗീവര്‍ഗ്ഗീസ് കത്തനാരുടെ പ്രേരണ കൊണ്ടാണെന്നുള്ളതിനു വേണ്ടുവോളം ലക്ഷ്യങ്ങളുള്ളതാണ്. വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും ബുക്കു കമ്മറ്റിയുടെയും അദ്ധ്യക്ഷപദം കത്തനാര്‍ സ്വീകരിക്കണമെന്നു മാധവറാവു അദ്ദേഹത്തെ പല പ്രാവശ്യം നിര്‍ബന്ധിച്ചുവെങ്കിലും ഒരു വൈദികനായ തനിക്കു സര്‍ക്കാര്‍പണി അനുചിതമാണെന്നു പറഞ്ഞു ഗീവറുഗീസു കത്തനാര്‍ ആ അപേക്ഷയെ ഉപേക്ഷിക്കുകയാണു ചെയ്തത്. കത്തനാര്‍ അവര്‍കളുടെ ഈ തിരസ്കാരം ബുദ്ധിപൂര്‍വമായ ഒന്നല്ലായിരുന്നുവെന്നു റവ: കൊല്ലീന്‍സ് സായ്പ് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. ഗീവര്‍ഗ്ഗീസ് കത്തനാരവര്‍കളേപ്പറ്റി മാധവരായര്‍ ദിവാന്‍ജിക്കുണ്ടായിരുന്ന മതിപ്പും ബഹുമാനവും എത്ര കണ്ടാണെന്നുള്ളതിന് അവര്‍ തമ്മില്‍ നടത്തീട്ടുള്ള രഹസ്യക്കത്തിടപാടുകള്‍ തന്നെ മതിയായ ലക്ഷ്യമാണ്.
കകക
മലയാള ഭാഷാശകടത്തിന്‍റെ ഗതിയെ യഥായുക്തം നിയന്ത്രിക്കാനായി ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ ശാസ്ത്രീയരീതിയില്‍ ഒരു വ്യാകരണഗ്രന്ഥം നിര്‍മ്മിക്കയായിരുന്നു ആദ്യമായി ചെയ്തത്. മലയാള ഗദ്യ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഫലപ്രദമായ യാതൊരു വ്യാകരണഗ്രന്ഥങ്ങളും അതേവരെയ്ക്കു നിര്‍മ്മിക്കപ്പെട്ടിരുന്നില്ല. പാശ്ചാത്യന്മാര്‍ക്കു മലയാളഭാഷ അഭ്യസിക്കുന്നതിലേക്കു സഹായമായിരിക്കത്തക്കവണ്ണം അവര്‍ സങ്കുചിതമായ നിലയില്‍ ചെറിയ ചെറിയ ചില വ്യാകരണഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കിലും അവ നാട്ടുകാര്‍ക്ക് ഒട്ടുംതന്നെ ഉപയോഗപ്രദങ്ങളായിരുന്നില്ലെന്ന് ആ വക വ്യാകരണങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് അറിയാവുന്നതാണ്. ഡാക്ടര്‍ ഗുണ്ടര്‍ട്ടിന്‍റെ വ്യാകരണം മാത്രമെ ഈ വിഷയത്തില്‍ വ്യത്യസ്ത രൂപം അവലംബിച്ചിരുന്നുള്ളു. പക്ഷേ അവ തന്നെയും കത്തനാരുടെ വ്യാകരണഗ്രന്ഥം എഴുതപ്പെട്ടതിനു പതിനാറു വര്‍ഷം പിമ്പാണ് നിര്‍മ്മിക്കപ്പെട്ടതെന്നുള്ള കഥ ഈ അവസരത്തില്‍ പ്രത്യേകം സ്മരിപ്പാനുള്ളതാണ്. കാര്യമായി പേര്‍ പറയത്തക്ക ഒരു വ്യാകരണം കത്തനാരവര്‍കളുടെ കാലത്തുണ്ടായിരുന്നെങ്കില്‍, അതു 'ലീലാതിലകം' മാത്രമായിരുന്നു. അവയാകട്ടെ, സംസ്കൃതത്തില്‍ രചിക്കപ്പെട്ട അലങ്കാരപരമായ ഒരു വ്യാകരണമായിരുന്നതിനാല്‍ ഗദ്യസാഹിത്യത്തെ സംബന്ധിച്ചടത്തോളം കേവലം പ്രയോജനരഹിതവുമായിരുന്നു. ഇങ്ങനെ അലകും പിടിയും കെട്ടും മട്ടം ഇല്ലാതെ കേവലം അനിയന്ത്രിതമായ നിലയില്‍ കിടന്നിരുന്ന മലയാള ഭാഷയ്ക്കു കത്തനാരവര്‍കള്‍ തന്‍റെ വ്യാകരണഗ്രന്ഥം മൂലം ആദ്യമായി അടിയുറപ്പു നല്‍കി. മലയാളഭാഷയെ യഥാര്‍ത്ഥമായി സ്നേഹിക്കുന്ന ഏതൊരു കേരളീയനും ഈ സംഗതി അത്യന്തം നന്ദിപൂര്‍വം സ്മരിപ്പാനുള്ളതാണ്. പ്രസ്തുത വ്യാകരണത്തെ സംബന്ധിച്ചു ദിവാന്‍ മാധവരായര്‍ അവര്‍കള്‍ ഗീവറുഗീസ് കത്തനാരവര്‍കള്‍ക്ക് അയച്ച എഴുത്തു താഴെ ഉദ്ധരിക്കുന്നു.
ഹജൂര്‍കച്ചേരി-തിരുവനന്തപുരം
29 ഒക്ടോബര്‍ 1864
മെമ്മോ
ഒക്ടോബര്‍ 14-ല്‍ റവ: ജോര്‍ജു മാത്തന്‍ അയച്ച എഴുത്തു ദിവാന്‍ജിക്കു കിട്ടി. പ്രോത്സാഹനപരമായ മറുപടി അയയ്ക്കുന്നതിനു താമസിച്ചതില്‍ ദുഃഖിക്കുന്നു. മി. മാത്തന്‍റെ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്‍റെ നാട്ടുഭാഷാ നൈര്‍മ്മല്യത്തെ സ്പഷ്ടമാക്കുകയും പാണ്ഡിത്യമഹിമാവിനെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തന്നിമിത്തം അവ അനുമോദനാര്‍ഹങ്ങള്‍ തന്നെ. സര്‍ക്കാരില്‍ നിന്നും ഈ 'മലയാഴ്മയുടെ വ്യാകരണ'ത്തിന്‍റെ 100 പ്രതികള്‍ എടുക്കയും അതിനുള്ള വില 200 രൂപാ കോട്ടയം തഹസീര്‍ദാരെ ഏല്‍പ്പിക്കയും ചെയ്തിരിക്കുന്നു. ഇതിന്‍റെ പകര്‍പ്പവകാശത്തെപ്പറ്റി ആലോചിച്ചുവരുന്നു.
(ഒപ്പ്)
റ്റി. മാധവറാവു
ദിവാന്‍
ഇന്നു മലയാളഭാഷയില്‍ ഉപയോഗിച്ചുപോരുന്നതായ പൂര്‍ണ്ണവിരാമം, അങ്കുശം, രോധിനി, ഭിത്തിക, ഉദ്ധരണി മുതലായ ചിഹ്നങ്ങള്‍ ഗീവറുഗീസ് കത്തനാരവര്‍കള്‍ പ്രയോഗിച്ചു കാണിച്ചിട്ടുള്ളതാണെന്നുള്ള കഥ പലര്‍ക്കും അറിവുണ്ടായിരിക്കാം. മലയാള ഗദ്യസാഹിത്യ ചരിത്രത്തിലെ ആദിമ കാവ്യങ്ങള്‍ 1042-ാമാണ്ടിനു പിമ്പുണ്ടായിട്ടുള്ള സന്മാഗ്ഗ പ്രദീപം, വിജ്ഞാനരഞ്ജിനി, അക്ബര്‍ മുതലായവയാണെന്നും കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മലയാള ഗദ്യജനകസ്ഥാനത്തിന് അര്‍ഹനായിത്തീര്‍ന്നത് ഇവയുടെ നിര്‍മ്മാണം കൊണ്ടാണെന്നും വാദിക്കുന്ന മി. ശങ്കരയ്യരുടെ ശ്രദ്ധയെ ഞാന്‍ താഴെച്ചേര്‍ക്കുന്ന ഗീവറുഗീസ് കത്തനാര്‍ അവര്‍കളുടെ കൃതികളിലേക്കു ക്ഷണിച്ചുകൊള്ളുന്നു.
ഗ്രന്ഥങ്ങള്‍
1. മലയാഴ്മയുടെ വ്യാകരണം. രചനാകാലം കൊല്ലവര്‍ഷം 1027, പേജ് 214; രചനാകാലത്ത് വലിയ കോയിത്തമ്പുരാന്‍റെ പ്രായം 7 വയസ്സ്, (കേരളപാണിനീയത്തോളം വലിപ്പമുണ്ട്).
2. സത്യവാദഖേടം. രചനാകാലം കൊല്ലവര്‍ഷം 1036, പേജ് 93, രചനാകാലത്തു വലിയകോയിത്തമ്പുരാന്‍റെ പ്രായം 16 (സര്‍ക്കാര്‍ സമ്മാനം നല്‍കിയ ഗ്രന്ഥം).
3. സംയുക്തി. രചനാകാലം കൊല്ലവര്‍ഷം 1037, പേജ് 112, രചനാ കാലത്തു കോയിത്തമ്പുരാന്‍റെ പ്രായം 17 (ധര്‍മ്മശാസ്ത്രം, 'ബട്ടളേഴ്സ് അനാളജി'യുടെ തര്‍ജ്ജമ).
4. ഒരു സംവാദം. രചനാകാലം കൊല്ലവര്‍ഷം 1039, പേജ് 75, രചനാകാലത്തു വലിയകോയിത്തമ്പുരാന്‍റെ പ്രായം 19 (വേദാന്തവ്യവഹാരം).
5. ബാലാഭ്യസനം. രചനാകാലം കൊല്ലവര്‍ഷം 1042, പേജ് 33, രചനാകാലത്തു വലിയകോയിത്തമ്പുരാന്‍റെ പ്രായം 22 (ശിക്ഷാക്രമ പരിശീലനത്തെ സംബന്ധിച്ചുള്ള ഒരു ശാസ്ത്രീയ വ്യവഹാരം).
ഉപന്യാസങ്ങള്‍ (പ്രസിദ്ധപ്പെട്ടവ മാത്രം)
1. ഭൂമി ഉരുണ്ടതാവുന്നു. രചനാകാലം 1040, പേജ് 10, തമ്പുരാന്‍റെ പ്രായം 20 (ശാസ്ത്രീയോപന്യാസം).
2. മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍. രചനാകാലം 1041, പേജ് 30, തമ്പുരാന്‍റെ പ്രായം 21 (നായന്മാര്‍ സ്വത്ത് ആളോഹരി ഭാഗം ചെയ്തു പിരിയണമെന്നു സമുദായശാസ്ത്രം, ധനശാസ്ത്രം, ചരിത്രം എന്നിവയെ ആസ്പദമാക്കി വ്യവഹരിക്കുന്ന ഒരു ദീര്‍ഘ പ്രബന്ധം).
3. അദ്വൈതം. രചനാകാലം 1040, പേജ് 3, തമ്പുരാന്‍റെ പ്രായം 20.
4 ആകാശത്തുള്ള ഗോളങ്ങള്‍. രചനാകാലം 1041, പേജ് 9, തമ്പുരാന്‍റെ പ്രായം 21.
5. അന്തരീക്ഷം. രചനാകാലം 1041, പേജ് 9, തമ്പുരാന്‍റെ പ്രായം 21.
6. മറുജന്മം. രചനാകാലം 1041, പേജ് 30, തമ്പുരാന്‍റെ പ്രായം 21.
7. സ്ത്രീകളുടെ യോഗ്യമായ സാമൂഹ്യസ്ഥിതി. രചനാകാലം 1041, പേജ് 30, തമ്പുരാന്‍റെ പ്രായം 21.
വലിയകോയിത്തമ്പുരാന്‍ തിരുമനസ്സിലെ സന്മാര്‍ഗ്ഗപ്രദീപം, വിജ്ഞാനരഞ്ജിനി, അക്ബര്‍ മുതലായവയെ തുടര്‍ന്നാണ് മലയാളത്തില്‍ ഉപ ന്യാസങ്ങള്‍, വിമര്‍ശകസാഹിത്യം. ആഖ്യായിക നിര്‍മ്മാണം എന്നിവ ഉണ്ടായിട്ടുള്ളതെന്നുള്ള മി. ശങ്കരയ്യരുടെ അഭിപ്രായം അബദ്ധമാണെന്നു കാണിപ്പാന്‍ കത്തനാര്‍ അവര്‍കള്‍ എഴുതിയിട്ടുള്ള ഏതാനും ഗ്രന്ഥവിമര്‍ശനങ്ങളെ സംബന്ധിച്ച് ഒരു പട്ടിക കൂടി താഴെ ചേര്‍ക്കാം. മലയാള ഭാഷയില്‍ ഉണ്ടായിട്ടുള്ള ആദ്യത്തെ ആഖ്യായിക അക്ബറാണെന്നു മി. അയ്യര്‍ പറയുന്നതു തെറ്റ്; അപ്പു നെടുങ്ങാടിയുടെ 'കുന്ദലത'യാണെന്നു പ്രസിദ്ധം. എന്നാല്‍ അക്ബറുമല്ല, കുന്ദലതയുമല്ല കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് എന്നൊരു നസ്രാണി മാപ്പിള എഴുതിയിട്ടുള്ള 'ആള്‍മാറാട്ടം' ആണെന്നു ഞാന്‍ വാദിക്കുന്നു. പക്ഷേ പ്രസ്തുത ആഖ്യായിക പാഠ്യപുസ്തകമായി എടുപ്പിക്കുന്നതിനു പീലിപ്പോസ് അവര്‍കള്‍ ഉത്സാഹിക്കായ്കയാല്‍ ആ കഥയ്ക്കു വെളിച്ചം തട്ടുന്നതിനും ആരുംതന്നെ അതു കൊട്ടിഘോഷിക്കുന്നതിനും സംഗതിയായില്ലെന്നു മാത്രം.
ഗീവറുഗീസു കത്തനാരുടെ വിമര്‍ശന കൃതികള്‍
1. സാധാരണ ചികില്‍സാശാല. സര്‍ക്കാര്‍ ഗസറ്റിനെ വിമര്‍ശിക്കുന്നു, രചനാകാലം കൊല്ലവര്‍ഷം 1039, പേജ് 8. തമ്പുരാന്‍റെ പ്രായം 19.
2. നാനാര്‍ത്ഥം. ലക്ഷ്മണരായരുടെ സന്മാര്‍ഗ്ഗോപദേശത്തെ വിമര്‍ശി ക്കുന്നു, രചനാകാലം കൊല്ലവര്‍ഷം 1039, പേജ് 5, തമ്പുരാന്‍റെ പ്രായം 19.
3. കൊഴുമുതലണ്‍മ. പേഷ്ക്കാര്‍ രാമരായരുടെ ഒരു കൃതിയെ വിമര്‍ശിക്കുന്നു, രചനാകാലം കൊല്ലവര്‍ഷം 1040, പേജ് 10, തമ്പുരാന്‍റെ പ്രായം 20 (രാഷ്ട്രീയവും ധനശാസ്ത്രപരവുമായ ഒരു വിമര്‍ശനമാണിത്).
4. നാനാര്‍ത്ഥം. പ്രസംഗകുറിമാനത്തെ വിമര്‍ശിക്കുന്നു, രചനാകാലം കൊല്ലവര്‍ഷം 1041, പേജ് 5, തമ്പുരാന്‍റെ പ്രായം 21.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ബുക്കുകമ്മട്ടി പ്രസിഡണ്ട് എന്ന നിലയില്‍ മലയാളഭാഷയില്‍ ഗ്രന്ഥരചനയ്ക്കായി ഉദ്യമിക്കുന്നതിനു വളരെ മുമ്പു ഭാഷ, സന്മാര്‍ഗ്ഗശാസ്ത്രം, ധര്‍മ്മശാസ്ത്രം, വേദാന്തം, ബോധന സാഹിത്യം, സമുദായശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, വിമര്‍ശന സാഹിത്യം, രാഷ്ട്രീയസാഹിത്യം, ചരിത്രം എന്നിവയെ സംബന്ധിച്ചു ചിന്തിക്കുന്നതിനും വിമര്‍ശിക്കുന്നതിനും ഉപന്യാസങ്ങള്‍ എഴുതുന്നതിനും ഉത്തമരീതിയില്‍ ഗ്രന്ഥനിര്‍മ്മാണം ചെയ്യുന്നതിനും ഒരു സുറിയാനി ക്രിസ്ത്യാനിയായ ഗീവറുഗീസ് കത്തനാര്‍ അവര്‍കളാണു കൈരളീദേവി യുടെ തിരുമാറിടത്തെ ആശ്ലേഷിച്ചതെന്ന വാസ്തവം മലയാള ഗദ്യസാഹിത്യ ചരിത്രാന്വേഷകനായ മി. ശങ്കരയ്യര്‍ ഇനിയെങ്കിലും ഗ്രഹിച്ചിരിക്കേണ്ടതാണ്. പക്ഷേ അദ്ദേഹത്തെ ഒരു തമ്പുരാട്ടിയോ കോയിത്തമ്പുരാട്ടിയോ പ്രസവിക്കാഞ്ഞതിനു ക്രൈസ്തവ സമുദായം ഉത്തരവാദിയല്ലെന്നു മാത്രമെ ഈ ഘട്ടത്തില്‍ പറയേണ്ടതായിട്ടുള്ളു.
കഢ
ദ്രാവിഡഭാഷയായ മലയാളത്തെ പരിപോഷിപ്പിക്കുന്നതിലേക്കു ദ്രാവിഡ ഭാഷയെത്തന്നെ ശരണീകരിക്കുക എന്നൊരു കഠിനവൃതം കത്തനാര്‍ക്കുണ്ടായിരുന്നു. ശാബ്ദികസൗന്ദര്യം കുറവാണെന്നു ഭ്രമിച്ചു മലയാള ഭാഷാത്തറവാട്ടിലുള്ള യാതൊരു പദങ്ങളേയും തള്ളിക്കളയുക അദ്ദേഹത്തിനു സമ്മതമല്ലായിരുന്നു. സംസ്കൃതപദബഹുലമായ പ്രൗഢരീതിയില്‍ എഴുതുന്നതിന് അദ്ദേഹത്തിന് ലേശവും പ്രയാസവും ഇല്ലായിരുന്നു എന്നതിന് അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളിലെ ഏതൊരു ഭാഗവും ലക്ഷ്യമാണ്. അനുപേക്ഷണീയ ഘട്ടങ്ങളില്‍ മാത്രമല്ലാതെ കേവലം ആര്‍ഭാടനത്തിനും ആഹാര്യഭംഗിക്കുമായി അദ്ദേഹം സംസ്കൃതപദങ്ങളെ സമാശ്രയിച്ചിരുന്നില്ല. അതിപ്രൗഢമായ രീതിയിലും അത്യന്തം ലളിതമായ രീതിയിലും ഒന്നുപോലെ എഴുതുവാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാമര്‍ത്ഥ്യം അഭിനന്ദനീയമത്രെ.
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍റെ ഗദ്യരീതിയോടു തട്ടിച്ചു നോക്കുന്നതിനായി കത്തനാര്‍ അവര്‍കളുടെ ഏതാനും സാമാന്യവാചക ങ്ങള്‍ മാതൃകയായി താഴെ ഉദ്ധരിക്കാം.
'അഖിലാണ്ഡം എല്ലാം ബ്രഹ്മമാകുന്നു. ംരം ഉക്തിവേദാന്ത ഉപനിഷത്തുക്കളില്‍ ഒക്കെയും ഭാഷമാറ്റമായി പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അഖിലാണ്ഡം അവനില്‍ നിന്നും ഉത്ഭവിച്ചത് ഇന്നപ്രകാരമെന്നു കാണിക്കുന്നതിനു വളരെ നിദര്‍ശനങ്ങളേയും അവയില്‍ കാണുന്നു. ചിലന്തിയില്‍ നിന്നു നൂലും ഭൂമിയില്‍ നിന്നു സസ്യവും ജീവ ജന്തുക്കളില്‍ നിന്നു രോമവും ഏതുപ്രകാരം ഉണ്ടാകുന്നുവോ അപ്രകാരം അക്ഷയഭൂതമായ ബ്രഹ്മത്തില്‍ നിന്നും അഖിലാണ്ഡം ഉണ്ടായിരിക്കുന്നു.'
(അദ്വൈതം)
'അണുകള്‍ ആദ്യന്തമില്ലാതെ നിത്യമായിരിക്കുന്നുവെന്നു കണാദന്‍ പറയുന്നു. അവന്‍ വ്യസനിക്കുന്നതാവിതു, സമാസങ്ങള്‍ ഉണ്ടാവാന്‍ മൂലങ്ങള്‍ ആവശ്യമായിരിക്കുന്നു. ആ മൂലങ്ങള്‍ക്കു വേറെ മൂലങ്ങള്‍ വേണം. ഇങ്ങനെ ആരാഞ്ഞു ചെല്ലുന്നതില്‍ എവിടെ എങ്കിലും ഒരു അതിര്‍ത്തിയിങ്കല്‍ നാം ചെന്നെത്തും. ആ അതിര്‍ത്തി അസാദ്ധ്യമായിരിക്കണം. അല്ലെങ്കില്‍ ഉപദാന കാരണം കൂടാതെ ചില കാര്യം ഉളവാകും എന്നു നാം സമ്മതിക്കേണ്ടി വരും. ഈ വ്യവഹാരം കൊണ്ടു അണുക്കള്‍ ഉണ്ടെന്നും അവ നിത്യമെന്നും തെളിവാകുന്നു.'
(ഒരു സംവാദം)
'ഒരാളിന്‍റെ മുപ്പുവാഴ്ചയില്‍ ഒരിക്കല്‍ മാത്രം ആധാരങ്ങള്‍ പൊളി ച്ചെഴുതുക കുറയക്കാലം മുന്‍പേ ജന്മികള്‍ക്കു മര്യാദയായിരിക്കുന്നതും ഇപ്പോഴും വലിയ ജന്മിസ്ഥാനങ്ങളില്‍ ഈ മുറതന്നെ പ്രമാണിച്ചുവരുന്നതും ഓര്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അര്‍ത്ഥം യുക്തമായിട്ടു തോന്നും. എന്തെന്നാല്‍ കേരളത്തിലെ ജന്മികളായിരുന്ന ബ്രാഹ്മണരുടെ ഇടയില്‍ നടന്നതുപോലെ മുപ്പുവാഴ്ച മൂത്ത മക്കള്‍ വഴിയായി ക്രമമായി നടന്നാല്‍ ഒരുത്തന്‍റെ മൂപ്പും വാഴ്ചയ്ക്കു കൂടുതല്‍ കുറവു കാട്ടി ഏകദേശം മുപ്പത്താറു സംവത്സരം ചെല്ലുന്നതാകുന്നു.'
(കൊഴുമുതലാണ്‍മ)
'ലോകത്തിന്‍റെ നിബന്ധനത്തില്‍ കാണുന്ന നിയോഗങ്ങളും നിമിത്ത കാരണങ്ങളും അത് ഒരു സചേതന മനസ്സിന്‍റെ വേലയാകുന്നു എന്നു സാക്ഷീകരിക്കുന്നതുപോലെ ജീവികള്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളായ നിമിത്ത കാരണങ്ങള്‍ അവര്‍ അവന്‍റെ ആധിപത്യത്തിന്‍കീഴിരിക്കുന്നു എന്നു സാക്ഷീകരിക്കുന്നു. മരണം ജീവഗുണങ്ങളുടെ നാശമാകുന്നു എന്നുള്ള ചിന്ത മുഴുവനും ആ ഗുണങ്ങള്‍ സമാസവും വിഭജ്യവും എന്നുള്ള നിയോഗത്തില്‍ നിന്നു വന്നതായിരിക്കണം. എന്നാല്‍ സ്വബോധം ഏകാന്തവും നിര്‍ഭേദ്യവുമായ ഒരു ഗുണമാകയാല്‍ അതിനെ വഹിക്കുന്നതു ഗുണിയും അങ്ങനെ തന്നെ ആയിരിക്കണം.'
(സംയുക്തി)
'വ്യാകരണം ഒരു ശാസ്ത്രമായിട്ടും ഒരു സൂത്രമായിട്ടും ഇങ്ങനെ രണ്ടു ഭാവത്തില്‍ വിചാരിക്കപ്പെടുന്നു. ഒരു ഭാഷയെ അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് അതിനെ എളുപ്പത്തില്‍ പഠിച്ചുകൊള്ളുന്നതിനു ചില പ്രമാണങ്ങളെ കല്പി ക്കുന്നതാകയാല്‍ അത് ഒരു സൂത്രമാകുന്നു. ... എന്നാല്‍ മലയാളികള്‍ പരിചയംകൊണ്ടു മലയായ്മ അറിഞ്ഞിരിക്കുന്നവരാകയാല്‍ അവര്‍ക്കു ആ ഭാഷയുടെ വ്യാകരണംകൊണ്ട് എന്തുപകാരം എന്നു ചോദിച്ചാല്‍ ഒരു ഭാഷയെ സാമാന്യമായിട്ടു പറയുന്നതിനും എഴുതുന്നതിനും പരിചയം കൊണ്ടു മനുഷ്യര്‍ക്കു വശമാകാമെങ്കിലും വ്യാകരണം പഠിക്കാതെ ആ ഭാഷയുടെ ലക്ഷണങ്ങളേയും അതിലെ പ്രയോഗങ്ങളുടെ കാരണങ്ങളേയും അറിയുന്നതിനു കഴിയുന്നതല്ല. എന്നാല്‍ വ്യാകരണം ഭാഷയുടെ പ്രമാണങ്ങളേയും അതിലെ പ്രയോഗങ്ങളുടെ കാരണങ്ങളേയും കാണിക്കുന്നതാകയാല്‍ അത് ഒരു ശാസ്ത്രമാകുന്നു. ... അപ്രകാരംതന്നെ വ്യാകരണത്തെ വിദ്യയില്ലാത്തവരും നടപ്പായുള്ള കാര്യങ്ങളെക്കുറിച്ചു തെറ്റു കൂടാതെ ഒരു വേള പറകയും എഴുതുകയും ചെയ്യുമായിരിക്കാം. എങ്കിലും യുക്തികളും വിസ്താരങ്ങളും അടങ്ങിയിരിക്കുന്ന സംഗതികളെക്കുറിച്ച് അവര്‍ക്കു മുറപോലെയും തെളിവായിട്ടും പറകയൊ എഴുതുകയോ ചെയ്യുന്നതിനു കഴികയില്ല. ആകയാല്‍ അത്രെ മലയാഴ്മയില്‍ നല്ല വാചകങ്ങള്‍ ചുരുക്കമായിരിക്കുന്നത്' (മലയാഴ്മയുടെ വ്യാകരണം).
'ജ്യോതിശ്ശാസ്ത്രം യുക്താര്‍ത്ഥമായിക്കാണിക്കയും പുരാവൃത്തങ്ങളില്‍ നിശ്ചിതമായി കഥിക്കയും ചെയ്യുന്നപ്രകാരം അഖിലാണ്ഡത്തില്‍ അനവധി ലോകങ്ങള്‍ ഉള്ളതില്‍ ചിലതില്‍ മനുഷ്യനെക്കാള്‍ ഉയര്‍ന്ന സൃഷ്ടികള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഭൂലോകത്തില്‍ മനുഷ്യര്‍ തന്നെ പ്രധാനി എന്നുള്ളതു തര്‍ക്കമറ്റ ഒരു സംഗതിയാകുന്നു. കൊള്ളാം. ഈ ശ്രേഷ്ഠത അവനു വന്നതു എങ്ങനെ. ദേഹശക്തിയില്‍ നിന്നല്ല. അതു നോക്കുമ്പോള്‍ ജീവജന്തുക്കളില്‍ പലവകയും മനുഷ്യനെക്കാള്‍ ബലം കൂടിയവയായിരിക്കുന്നു. സിംഹം, കടുവാ, മുതലായവ അവനെക്കാള്‍ ഊറ്റപ്പെട്ടവ എന്നു വരികിലും അവ അവനെ ഭയന്ന് അവന്‍റെ വെട്ടത്തു നിന്നു കാട്ടിലേക്ക് ഓടിയൊളിക്കുന്നു. കാള, പോത്ത് മുതലായതിനെക്കൊണ്ട് അവന്‍ വേല ചെയ്യിച്ചു ഉപജീവനം കഴിക്കുന്നു. ആനയും കുതിരയും മറ്റും അവനെ വഴങ്ങി അവനു വാഹനമായിത്തീരുന്നു. പിന്നെ അവന്‍റെ അംഗങ്ങളുടെ ചാതുര്യത്തില്‍ നിന്നൊ അവന്‍റെ വലിപ്പമുണ്ടായിരിക്കുന്നത്. വാളു, പരിച മുതലായ ആയുധങ്ങളെ കൂടാതെ വെറും കൈകൊണ്ടു യാതൊരു വലിയ മൃഗത്തോടും നേരിടുവാന്‍ അവനു വശമില്ല. നേരെമറിച്ചു മൃഗാദികള്‍ക്കു രക്ഷെക്കും പോരിനും വേണ്ടുന്ന കുരുക്കളും കൊമ്പും തോലും പല്ലും നഖവും അവെക്കു ജാത്യമായിരിക്കുന്നു. പിന്നെ അവന്‍റെ ഉന്നതിയുടെ കാരണം എന്തു. അത് അവന്‍റെ അറിവിന്‍റെ വിശേഷത എന്നെ പറവാനുള്ളു. അറിവു ശക്തിയാകുന്നു എന്നു ചൊല്ലുണ്ടല്ലോ.'
(ബാലാഭ്യസനം)
'മനസ്സിനു ഇളക്കം തട്ടി ഗ്രഹിക്കുന്ന കാര്യം വിശ്രമത്തോടെ ഗ്രഹിക്കുന്നതിനേക്കാള്‍ ഓര്‍മ്മ നില്‍ക്കുന്നതാകുന്നു. ഒരു വെടിയുണ്ട ഒരു ചുവരേല്‍ കൊണ്ടുകഴിഞ്ഞാല്‍ അത് അവിടെ പതിഞ്ഞുനില്‍ക്കും. അല്ലാഞ്ഞാല്‍ അതു വീണുപോകും. ഉണ്ടയുടെ പതിച്ചില്‍ അതിന്‍റെ ഹേമത്തിനും ചുവരിന്‍റെ മയത്തിനും തക്കവണ്ണം ഇരിക്കുന്നതുപോലെ കാര്യത്തിന്‍റെ ഗൗരവത്തിനും മനസ്സിന്‍റെ സ്വഭാവത്തിനും തക്കവണ്ണമാകുന്നു ഉള്ളില്‍ കോളുണ്ടാകുന്നത്. ആശയൊ ഭയമോ ആകട്ടെ, കോപമോ സ്നേഹമോ ആകട്ടെ, സന്തോഷമോ ദുഃഖമോ ആകട്ടെ, അതിശയമോ ഹാസ്യമോ ആകട്ടെ, എന്തെങ്കിലും ഒരു വികാരമായിരുന്നാല്‍ ഇതിനു മതി.'
(ബാലാഭ്യസനം)
'സകല വസ്തുക്കളുടേയും സ്വാഭാവികമായ രൂപം ഉരുണ്ടാകുന്നു. വിവി ധമായ രൂപങ്ങളോടു കൂടിയ വസ്തുക്കള്‍കൊണ്ട് ഭൂമി തിരിഞ്ഞിരിക്കു മ്പോള്‍ ഈ വാക്ക് എങ്ങനെ ശരിയാകും എന്നു ചിലര്‍ക്കു തോന്നുമായി രിക്കും. എന്നാല്‍ മറ്റു രൂപങ്ങള്‍ വിശേഷാല്‍ ചില കാരണങ്ങള്‍ ഉണ്ടായിട്ടു വരുന്നതാകുന്നു. സ്വയമായി ഉണ്ടാകുന്ന രൂപം ഗോളം തന്നെ. ജലത്തുള്ളികള്‍ എല്ലായ്പോഴും ഉരുണ്ടാകുന്നു. പൊന്‍, വെള്ളി മുതലായ ലോഹാദികള്‍ മൂശയില്‍ ഇട്ടുരുക്കി താനെയിരുന്നാറിക്കടുത്താല്‍ ഉരുണ്ടിരിക്കും. വെടിവെയ്ക്കുന്നതിനുള്ള ചില്ലുകള്‍ മണിപോലിരിക്കുന്നത് തല്ലിയുരുട്ടീട്ടല്ല. ഉരുക്കി ഒഴിക്കുന്നതിനാല്‍ താനെ അങ്ങനെ വന്നുകൊള്ളുന്നതാകുന്നു
(ഭൂമിയുരുണ്ടതാകുന്നു എന്ന ഉപന്യാസം)
1042-ാമാണ്ടിനു മുമ്പ് അതാവിത് അറുപതും എണ്‍പതും വര്‍ഷങ്ങള്‍ക്കപ്പുറം എഴുതപ്പെട്ട മലയാള ഗദ്യമാണ് മേല്‍ ചേര്‍ത്തിട്ടുള്ളത്. ഇവ ഇന്നത്തെ മലയാള വാചകങ്ങളെന്നല്ലാതെ ഒരു മുക്കാല്‍ ശതാബ്ദത്തിനു മുമ്പുള്ളവയാണെന്നു പറവാന്‍ ആര്‍ക്കുംതന്നെ ധൈര്യമുണ്ടാകുന്നതല്ല. 1027-ാമാണ്ടു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ തിരുമനസ്സുകൊണ്ട് ഏഴാമത്തെ തിരുവയസ്സില്‍ നിലത്തെഴുത്തു പഠിക്കുന്ന കാലത്തെ കഥ പോകട്ടെ - 1042-ാമാണ്ടിനു മുമ്പു ഗീവറുഗീസ് കത്തനാര്‍ അവര്‍കള്‍ ഗ്രന്ഥനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് ഇതിലധികം ഭംഗിയായി എഴുതുവാന്‍ അവിടുത്തേക്കു കഴിയുമായിരുന്നുവോ എന്നുള്ളതു സംശയമത്രെ. അന്നു നാടു വാണിരുന്ന ആയില്യം തിരുനാള്‍ മഹാരാജാവിനു കഴിഞ്ഞിരുന്നില്ലെന്നുള്ളതിന് അവിടുത്തെ ഗദ്യരീതി ലക്ഷ്യമാണ്.
കേരളകാളിദാസന്‍ തിരുമേനി മലയാള ഗദ്യപരിപോഷണത്തിനായി പലതും ചെയ്തിട്ടുണ്ടെന്ന് അസ്മാദൃശന്മാര്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. എന്നാല്‍ ആധുനിക മലയാളഗദ്യത്തിന് അസ്ഥിവാരം ഉറപ്പിച്ചതു അവിടുന്നു ബുക്കുകമ്മട്ടി പ്രസിഡണ്ട് എന്ന നിലയില്‍ ഗ്രന്ഥനിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പായിരുന്നുവെന്നും ഗദ്യജനയിതാവ് എന്ന പേരിനെ യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നത് വൈയാകരണന്‍ കത്തനാരായിരിക്കുന്നുവെന്നും മാത്രമേ ഇവിടെ വാദമുള്ളു. മേല്‍ ചേര്‍ത്ത ന്യായങ്ങളെ ഖണ്ഡിച്ച് സ്വപക്ഷസമര്‍ത്ഥനം ചെയ്യുന്നതിനു മി. ശങ്കരയ്യര്‍ക്കു കഴിയുമെങ്കില്‍ അതിനെ സ്വീകരിക്കുന്നതിന് ഇവിടെ തെല്ലും മടിയില്ലെന്നു കൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
(1932 ഫെബ്രുവരി 13 (1107 കുംഭം 1), ഫെബ്രുവരി 20 (കുംഭം 8), ഫെബ്രുവരി 27 (കുംഭം 15), മാര്‍ച്ച് 5 (കുംഭം 22), മാര്‍ച്ച് 26 (മീനം 13), ഏപ്രില്‍ 2 (മീനം 20) എന്നീ തീയതികളില്‍ മലയാള മനോരമയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖന പരമ്പര)
No comments:
Post a Comment