Monday, 12 January 2026

ബൂബിലി അഥവാ നിസര്‍ഗ്ഗ പൗരോഹിത്യം | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I

ഇളവെയില്‍ എങ്ങും തിളങ്ങി. ദീനദേവതാവദനത്തില്‍ മന്ദഹാസമയൂഖം വിളങ്ങി. കത്തീഡ്രല്‍ ദേവാലയത്തില്‍ കന്യാസ്ത്രീമണികളുടെ കളമംഗള ഗാനം മുഴങ്ങി. മണിനാദ പരമ്പര ഇരമ്പി. സര്‍വ്വത്ര മനോഹാരിത്വം തുളുമ്പി.

1926 ജനുവരി മാസത്തെ ഒരു സൂര്യവാരം. തൂത്ത് വൃത്തിയാക്കിയ എറണാകുളം രാജവീഥിയിലൂടെ ജനങ്ങള്‍ മന്ദമായി കടന്നുപോകുന്നു. തികച്ചും വാര്‍ണീഷ് തിളങ്ങുന്ന റിക്ഷാവണ്ടികളുടെ വിലോല ചക്രങ്ങള്‍ ഓരോന്നും ബാലസൂര്യകിരണങ്ങളെ വെണ്‍പട്ടു നൂലുകളായി നൂറ്റ്കൊണ്ട് വീഥിവിരിപ്പില്‍ അവിടവിടെയായി അരികു കര ചാര്‍ത്തി നീളെ പായുന്നു. വിവിധ വസ്ത്രവേഷധാരിണികളായ യൂറോപ്യന്‍ യുവതികള്‍ ദേവാലയ ഭാഗത്തേക്ക് കൂട്ടംകൂട്ടമായി നടകൊള്ളുന്നുണ്ട്. എങ്ങും തിക്കില്ല, തിരക്കില്ല, ഒച്ചയില്ല, സംഭ്രമമില്ല. എവിടെയും രവിവാരത്തിന്‍റെ അതിപ്രശാന്തമായ ഒരു ആനന്ദ നര്‍ത്തനം. ഒരു ശുദ്ധീകരണം. ഒരു നവ്യചൈതന്യം തന്നെ.

എറണാകുളം ജയിലിന്‍റെ വടക്കുവശത്തുള്ള ശില്പകലാലസിതമായ ഒരു മനോഹര സൗധത്തിലായിരുന്നു കൊച്ചിയിലെ അന്നത്തെ ചീഫ് മെഡിക്കല്‍ ആഫീസര്‍ താമസിച്ചിരുന്നത്. ചീഫ് കോടതി മണിമാളികയിലെ ഘടികാഘണ്ടാനാദം ഒന്‍പത് പ്രാവശ്യം മുഴങ്ങി ഇരമ്പി ശ്രുതിധാര മീട്ടിയതിനൊപ്പം-

ചില്‍ക്കാതലേശുവിന്‍

തൃക്കാല്‍ക്കുളിരൊളി

ഇപ്പാപി തന്‍ വഴി

ക്കെക്കാലമാശ്രയം;

തൃപ്പാദ സേവനം

മല്‍പ്പുണ്യ പൂരകം

തപ്പാതെ നേര്‍വഴി

ക്കപ്പാനയിക്കണേ;

മണ്ണായിടുന്നൊരെന്‍റെ

കണ്ണീര്‍ കൈക്കൊണ്ടു കൃപ-

ക്കണ്ണാ, കനിഞ്ഞു മേന്മേല്‍

പുണ്യമണച്ചീടേണേ.

എന്നിങ്ങനെ അതിമധുരതരമായി പാടിക്കൊണ്ട് അത്യന്തം സുലളിതസുഭഗനായ ഒരു യുവാവ് സാവധാനം ഗോവണിപ്പടി കയറി മുകളിലത്തെ നിലയില്‍ റോഡിന് അഭിമുഖമായിട്ടുള്ള സന്ദര്‍ശന മുറിയിലേക്ക് പ്രവേശിച്ചു.

ബൂബിലിക്ക് പത്തൊന്‍പത് വയസ്സ് പ്രായം. നല്ല ആരോഗദൃഢഗാത്രന്‍. കറയറ്റ കനകകോമളന്‍. കാപട്യമറ്റ കരുണാശീതളന്‍. പരിശുദ്ധതയില്‍ ദേവദൂതന്‍. പരമാര്‍ത്ഥതയില്‍ പിഞ്ചു ശിശു.



ആ സുവര്‍ണ്ണ തേജസ്വിയായ സുകുമാരന്‍ സമീപത്തുണ്ടായിരുന്ന ഒരു വെണ്ണക്കല്‍ മേശയോടു ചേര്‍ന്നിരുന്ന് കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനുകരണം (കാശമേശേീി ീള ഇവൃശെേ) എന്ന വിശിഷ്ട ഗ്രന്ഥം അടയാളനാട കണ്ട് വിടര്‍ത്തി അത്യന്തം പ്രശാന്തചിത്തനായി തന്നോടും, ജഗദീശ്വരനോടും, മൗനസംഭാഷണത്തിനായി മുതിര്‍ന്നു. ഇടയ്ക്കിടയ്ക്ക് സ്വാന്തരംഗപരിശോധനത്തിനെന്നതിന്മണ്ണം ആ യുവാവിന്‍റെ നേത്രമണികള്‍ തെക്കുവശത്തുള്ള ജനാലയില്‍ നിരപ്പെ തൂങ്ങുന്ന രസപ്പളുങ്കുഞാത്തുകളുടെ ഇടയിലൂടെ പൂന്തോട്ടത്തിലേക്ക് ഉദാസീനമായി വീക്ഷിക്കുന്നുണ്ടായിരുന്നു. അടുത്ത മുറിയില്‍ നിന്ന് മാതാവ് അപ്പോള്‍ അവിടേക്കു വന്നു. ദയാവത്സലയായ ആ സ്വാധി, സ്നേഹമസൃണമായ സ്വരത്തില്‍ ചോദിച്ചു:-

"ബൂബിലിക്ക് എന്താണ് ഇന്നൊരു വല്ലായ്മ. രാത്രിയില്‍ ഉറക്കം ശരിയായില്ലെന്നുണ്ടോ."

"ഒന്നുമില്ലമ്മാ; ഞാന്‍ ക്രിസ്താനുകരണം വായിച്ച് ചിന്തിക്കയായിരുന്നു." അല്പനിമിഷം കഴിഞ്ഞ് വിചാരവീഥിയില്‍ നിന്നു വിരമിച്ചിട്ടെന്നവണ്ണം ബൂബിലി തുടര്‍ന്നു പറഞ്ഞു:- "ലോകം ഒന്നുപോലെ വെറുത്തു തള്ളുന്ന അധര്‍മ്മികളേയും, പാതകികളേയും, വിശുദ്ധീകരിച്ച് ഒരു ഉറ്റ മാതാവിനൊപ്പം തിരുമാറിലണച്ച് ആശ്വസിപ്പിപ്പാന്‍ പരമദയാസമ്പന്നനായ യേശുക്രിസ്തു സദാ കാത്തിരിക്കുന്നുവെന്ന് തോമസ്സ് ഏ. കേമ്പിസ്സ്, ഗ്രന്ഥത്തിന്‍റെ ഈ ഭാഗത്ത് എത്രയും ഹൃദയാകര്‍ഷകമാംവണ്ണം വിവരിച്ചിരിക്കുന്നമ്മാ."

"അതേ. ഒറ്റിക്കൊടുപ്പാനടുത്ത യഹൂദാസ്ക്കറിയോത്തിനു പോലും ചുംബിപ്പാനായി സ്വന്തം കവിള്‍ത്തളിര്‍ ചായിച്ച് കൊടുത്ത ആ അന്‍പുടയ തമ്പുരാനല്ലാതെ അങ്ങനെയുള്ള കൊടുംപാതകികള്‍ക്ക് മറ്റാരാണ് ആശ്രയം." മാതാവ് മൃദുവായ സ്വരത്തില്‍ മറുപടി പറഞ്ഞു.

ഏതോ കാര്യവശാലെന്നതിന്മണ്ണം ജയില്‍ മുറ്റത്ത് അപ്പോള്‍ പോലീസു സൈന്യങ്ങളുടെ ഒരു തിരക്കുണ്ടായി. വീഥികളില്‍ അവിടവിടെ നിന്ന് കാണികളായി പലര്‍ ജയില്‍ ഗേറ്റിങ്കല്‍ ഓടിക്കൂടുന്നുണ്ടായിരുന്നു. പോലീസുകാരില്‍ ചിലര്‍ വാളുകള്‍ ഏന്തി തെയ്യാര്‍ നില്‍ക്കുന്നതും മറ്റു ചിലര്‍ കാര്യമുറയ്ക്ക് ജയിലിനുള്ളിലേക്ക് പോകുന്നതും ബൂബിലി കണ്ടു. അത് ഒരു അസാധാരണ സംഭവമായിരുന്നു.

അല്പസമയം കഴിഞ്ഞ് ഏകദേശം നാല്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഏതോ ഭീമകായനായ ഒരു കരിംകൂറ്റനെ ഒരു ഡസന്‍ പോലീസുകാര്‍ കൂടി വട്ടമിട്ട് അത്യന്തം സൂക്ഷ്മതയോടെ ഗേറ്റിങ്കലേക്ക് നയിച്ചു. ബലിഷ്ഠഗാത്രന്മാരായ അവരുടെ ചുമതലയുടെ ഗൗരവത്തെക്കാള്‍ അധികം ആ കുറ്റക്കാരന്‍റെ അപരാധവൈപുല്യത്തെ പേടിയാവുംവണ്ണം വെളിപ്പെടുത്തുമാറ് ഊരിപ്പിടിച്ച പന്ത്രണ്ട് വാളുകള്‍ അവരുടെ കൈകളില്‍ രാജാധികാര ചൈതന്യത്തോടു കൂടി മിന്നിത്തിളങ്ങി. ഗേറ്റിനോട് സമീപിച്ചു നിന്നിരുന്ന ജനക്കൂട്ടം അപ്പോഴേയ്ക്ക് ഭയചകിതരായി നിരത്തുവക്കത്തേക്ക് ഓടിഒഴിഞ്ഞു. മറ്റു പലര്‍ ആ അപൂര്‍വ്വ കാഴ്ച കാണ്മാന്‍ അങ്ങിങ്ങായി അടുത്തു കൂടി. ജനത്തിരക്ക് മൂലം റിക്ഷാവണ്ടികളുടെ സ്വച്ഛന്ദഗതിക്ക് തന്നെയും തടസ്സം നേരിട്ടു.

"എന്താണമ്മാ, അവിടെ ഒരു വലിയ ബഹളം. ഒരു ജയില്‍പ്പുള്ളിയെയല്ലെ കൊണ്ടുപോകുന്നത്." ഗേറ്റിങ്കലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ബൂബിലി ഉല്‍ക്കണ്ഠാപൂര്‍വ്വം ചോദിച്ചു.

"അതാണ് അറുകൊലത്താര്." മാതാവ് ആ ഭാഗത്തേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കി മറുപടി തുടര്‍ന്നു:- "ഇവനെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചതായി പത്രത്തില്‍ വായിച്ചത്. അതിലേക്കായി അവനെ തൃശൂര്‍ക്ക് കൊണ്ടുപോകുകയാണ്. ഇന്നലെ വൈകിട്ട് ജയില്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ ബാപ്പു (ഡാക്ടര്‍) ഇവന്‍റെ കാര്യമാണു പറഞ്ഞത്."

"അറുകൊലത്താരുവോ. ഇവനാണോ ദേവജി മൂണ്‍ജിയുടെ മകനെ കഴുത്തൊടിച്ച് കൊന്നത്?"

"മൂണ്‍ജിയുടെ മകനെ മാത്രമോ; അതുപോലെ വേറെ ആറോ ഏഴോ കൊലപാതകം കൂടി ഇവന്‍റെ പേരില്‍ തെളിഞ്ഞിട്ടുണ്ട്. ഈ അടുത്ത കാലത്തെങ്ങും ഇങ്ങനെയൊരു മനുഷ്യരാക്ഷസന്‍ ഉണ്ടായിട്ടില്ലെന്നാണ് ബാപ്പു പറഞ്ഞ് കേട്ടത്."

"എന്നിട്ട് ഇത്രയും കാലം ഇവനെ ബന്ധിപ്പാന്‍ കൊച്ചി പോലീസിന് കഴിഞ്ഞില്ലെന്നോ."

"ബന്ധിക്കയോ. സമീപിക്കുന്നതിനു തന്നെയും ആര്‍ക്കാണ് ധൈര്യമുള്ളത്. തിരുവിതാംകൂറിലേയും കൊച്ചിയിലേയും ജയിലുകളുടെ ഇരുമ്പഴികളെല്ലാം ഇവന് ചുള്ളിക്കമ്പുകളാണെന്നാണ് പറയുന്നത്. കൈവിലങ്ങുകള്‍കൊണ്ടു ഇവനെ ഒരിക്കലും അമര്‍ത്തുവാന്‍ സാധിക്കയില്ലെന്ന് കണ്ടിട്ടാണ്, അരയ്ക്കും കാലിനും കൂടി ചങ്ങല വച്ചിരിക്കുന്നത്. കണ്ടാല്‍ത്തന്നെ എന്തൊരു ഉഗ്രമൂര്‍ത്തിയാണ്."

അത്യന്തം ദാരുണമായ ആറേഴ് കൊലപാതകങ്ങള്‍ നടത്തി അനേകം പ്രാവശ്യം ജയില്‍ ചാടി അടുത്തു മുട്ടുന്ന ആരെയും ഒരൊറ്റ കുതിക്ക് അന്തകപുരിയ്ക്കയയ്ക്കത്തക്ക തീവ്രസന്നദ്ധതയോടു കൂടി ആര്‍ക്കുമാര്‍ക്കും പിടി കൊടുക്കാതെ ദുസ്സഞ്ചരമായ പറമ്പിക്കുളം മലയിടുക്കുകളില്‍ ഒളിച്ച് കളിച്ച് നടന്ന ഒല്ലൂര്‍ക്കാരന്‍ അറുകൊലത്താരുവിന്‍റെ അവസാനത്തെ ആസുരകര്‍മ്മങ്ങളില്‍ ഒന്നായിരുന്നു, മട്ടാഞ്ചേരിയിലെ സുപ്രസിദ്ധ വര്‍ത്തകപ്രഭുവായ ദേവജി മൂണ്‍ജിയുടെ ഏഴു വയസ്സായ ഏക സന്താനത്തിന്‍റെ രത്നാഭരണങ്ങള്‍ അപഹരിക്കുന്നതിനായി ആ ഓമനക്കുട്ടിയെ കഴുത്തു പിരിച്ചൊടിച്ച് കടല്‍പ്പുറം മണലില്‍ പൂഴ്ത്തിയത്. രാത്രി പന്ത്രണ്ടു മണിക്കു സര്‍ക്കസ്സ് കൂടാരത്തില്‍ നിന്ന് റിക്ഷാവണ്ടിയില്‍ ബംഗ്ലാവിലേക്കു മടങ്ങിപ്പോകുന്ന മൂണ്‍ജിയെ ഒരൊറ്റ അടിക്ക് വണ്ടിയോടു കൂടി നിലത്തു വീഴ്ത്തിയിട്ടാണ് താരു ഈ ഘോരകൃത്യം നടത്തിയത്. കൊച്ചീരാജ്യവാസികളുടെയെന്നല്ല, കഥ ഗ്രഹിച്ചിട്ടുള്ള അനേകായിരങ്ങളുടെ ഗാഢശ്രദ്ധയെ അനുനിമിഷം ആകര്‍ഷിച്ചിരുന്നതായ ഈ കേസ് തെളിവില്‍ വരുത്തുന്നതിലേക്ക് കൊച്ചീപോലീസ്സിന് സുമാര്‍ രണ്ടു വര്‍ഷത്തെ കഠിനയത്നം തന്നെ വേണ്ടി വന്നു. കാരിരുമ്പുണ്ട നടുവെ പിളര്‍ത്തി കമഴ്ത്തിയതിനു തുല്യം വ്യായാമവീര്യത്താല്‍ സംസിദ്ധമായ ആരോഗ്യവിജൃംഭിതയെ തികച്ചും പ്രകാശിപ്പിക്കുന്ന ബലിഷ്ഠതരമായ മാംസപേശികളോടു കൂടിയ ആ ഭീമ വിഗ്രഹത്തെ അത്യന്തം ബലശാലികളും ധീരന്മാരുമായ മൂന്നു ഡസന്‍ നിയുക്ത സൈന്യങ്ങള്‍ ഒന്നുചേര്‍ന്ന് ഉറക്കത്തില്‍ മാത്രമാണ്, ബന്ധിച്ചെന്ന് വരുത്തിയത്. അറസ്റ്റിനുശേഷം ഏതാനും ദിവസം കഴിഞ്ഞ് തൊണ്ടി എടുപ്പിക്കുന്നതിനായി ഒരു സംഘം പോലീസുകാര്‍ കൂടി താരുവിനെ ചങ്ങല വെച്ച് സ്വഗൃഹത്തിലെത്തിച്ചപ്പോള്‍, ബുദ്ധിഹീനമായി സംസാരിച്ച് തന്‍റെ ഒളിവിടം വെളിപ്പെടുത്തിയെന്ന കാരണത്താല്‍ ഒരൊറ്റ പ്രഹരത്തിന് പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയുടെ ഉടലും ഉയിരും വേറാക്കുകയാണ് ആ കൊടുംക്രൂരന്‍ ചെയ്തത്.

താരുവിന്‍റെ ക്രൂരകൃത്യങ്ങള്‍ക്ക് അറുതിവന്നവിധം താന്‍ ചെയ്തിട്ടുള്ള കൊലക്കുറ്റങ്ങളെല്ലാം അവന്‍ കോടതിയില്‍ തുറന്ന് സമ്മതിച്ചു. ഈ നിഷ്ഠൂര കര്‍മ്മങ്ങള്‍ക്കെല്ലാം കൂടി നിയതിയുടെ അന്തിമ ശിക്ഷയ്ക്ക് പുറമെ രണ്ടു മാസത്തെ ഏകാന്തത്തടവും അനന്തരം വധശിക്ഷയുമായിരുന്നു ചീഫ് കോടതിയില്‍ നിന്ന് നല്‍കിയത്. താരു ഒരു തൂക്കുപുള്ളിയായി രണ്ടു മാസത്തെ ജീവിതവും കൈയിലേന്തിക്കൊണ്ട് ജയില്‍ഗേറ്റ് കടന്ന് രാജപാതയില്‍ പ്രവേശിച്ചതോടെ തന്‍റെ തലയ്ക്കുമേല്‍ ആടുന്നതായ കഴുകുമരക്കയറിന്‍റെ ഭയങ്കരതയെ ഓര്‍ത്ത് നെടുതായൊന്ന് നിശ്വസിച്ചു. ചുറ്റും പരന്നുകാണുന്ന ജനബാഹുല്യത്തില്‍ നിന്ന് തന്‍റെ മേല്‍ നിര്‍ദ്ദയം പായുന്നതായ വീക്ഷണാസ്ത്ര സഹസ്രങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനായിട്ടോ, അഥവാ ബാഹ്യലോകവുമായിട്ടുള്ള തന്‍റെ സര്‍വ്വബന്ധങ്ങളും അവസാനിച്ചിരിക്കുന്നതിന്‍റെ ലക്ഷ്യമായിട്ടോ, താരു ചങ്ങല കിലുങ്ങുന്നതായ കൈകള്‍ ഉയര്‍ത്തി തന്‍റെ ചെറിയ തോര്‍ത്തുമുണ്ട് വലിച്ചിട്ട് തല മൂടി.

അരുകൊലത്താരുവിനെ തൂക്കിലിടാന്‍ ഇറക്കി കൊണ്ടുപോകുന്നുവെന്നുള്ള വര്‍ത്തമാനം വിദ്യുച്ഛക്തി വേഗത്തില്‍ രാജവീഥി മുഴുവന്‍ പരന്നു. കേട്ടവര്‍, കേട്ടവര്‍, ആ കൊലയാളിയെ ഒരു നോക്ക് കാണുന്നതിനായി നിരത്തുവക്കത്തേക്കും, തീവണ്ടിസ്റ്റേഷനിലേക്കും ഓട്ടമായി.

II

ബൂബുലിക്ക് ആള്‍പ്പെരുപ്പം കൊണ്ട് അറുകൊലത്താരുവിന്‍റെ മുഖം ശരിയായി കാണ്മാന്‍ കഴിഞ്ഞില്ല. നീതിയും നിയമവും എന്നേക്കുമായി കെട്ടറുത്ത് തള്ളിയ ആ മനുഷ്യജീവിയെ ശരിക്ക് ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് യുവാവിന് താല്പര്യമുണ്ടായി. മാതാവ് ആ മുറിയില്‍ നിന്ന് പോയശേഷം ബൂബിലി അതിനെ സംബന്ധിച്ച് ഗാഢമായി ആലോചിച്ചു. ന്യായാധീശ സ്ഥാനത്തുനിന്ന് നല്‍കപ്പെട്ട ശിക്ഷയായിരുന്നുവെങ്കിലും, ജീവിതത്തിന്‍റെ മദ്ധ്യഘട്ടത്തില്‍ തൂക്കുമരക്കുടുക്കില്‍ കഴുത്ത് കടത്താന്‍ ദുര്യോഗം സിദ്ധിച്ച ആ കുറ്റവാളിയുടെ നേരെ ആ യുവാവിന് സഹതാപം ഉദിച്ചു. താരു തീവണ്ടിസ്റ്റേഷന്‍റെ ഗേറ്റ് കടന്നതോടെ, ബൂബിലി ആ കൊലപാതകപ്പുള്ളിയുടെ പിമ്പിലായി എത്തിക്കൂടി.

ബൂബിലിക്ക് ആയുസ്സിലെ ഒന്നാമത്തേതും, ഒടുക്കത്തേതുമായ ഒരു ഭീകരദര്‍ശനമായിരുന്നു അത്. ഭൂമുഖത്ത് ഇതേവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ള സര്‍വവിധ നിഷ്ഠൂരകര്‍മ്മങ്ങളും, ആസുരവൃത്തികളും, കിരാതഭാവനകളും, ഒന്നാകെ കെട്ടിപ്പിണഞ്ഞ് ഉടമ്പെടുത്ത്, സമീപസ്ഥമായ സര്‍വപ്രകൃതി വസ്തുക്കളേയും രൂക്ഷോഛ്വാസ വിഷജ്വാലയാല്‍ വരട്ടിക്കളയുന്നതായ ഒരു ഭൈരവ രക്ഷസ്സിനെയാണ് താന്‍ സമീപിച്ചിരിക്കുന്നതെന്ന് അപ്പോള്‍ മാത്രമേ യുവാവിന് മനസ്സിലായുള്ളു. ജീവചൈതന്യത്തെ ഒരൊറ്റ നിമിഷത്തില്‍ സ്തംഭിപ്പിച്ചു കളയുന്നതായ സര്‍പ്പവിഷത്തിന്‍റെയും, ശവത്തിനുമേല്‍ ശവത്തെ കുന്നുകൂട്ടുന്നതായ മഹാമാരിയുടേയും, വെന്തതും വേകാത്തതുമായ ശവശരീരങ്ങളും അസ്ഥികോലങ്ങളും അങ്ങിങ്ങായി ചിന്നിച്ചിതറിയ ചുടലക്കാടിന്‍റെയും, പാതാളത്തോളം ഭൂമി രണ്ടായിപ്പിളര്‍ന്ന്, നോക്കുന്ന ആര്‍ക്കുംതന്നെ തലച്ചുറ്റല്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതായ അവസാനമില്ലാത്ത ഇരുള്‍ക്കുണ്ഡത്തിന്‍റെയും, അര്‍ദ്ധരാത്രിയില്‍ ഏതോ ഒരു ഇടവഴിയുടെ കോണില്‍ എരിപന്തങ്ങളുടെ ഇടയിലായി കടുനിണത്തില്‍ മുങ്ങിക്കിടക്കുന്ന ഗുരുതിപ്പോളകളുടെയും, ഒരു പൈശാചിക നര്‍ത്തനം, ഒരു ബീഭത്സ സമ്മേളനം, ആ കൊലയാളിയുടെ ക്രൂരമുഖത്ത് നിഴലടിക്കുന്നതായിക്കണ്ട് ബൂബിലി വല്ലാതെ ഭയപ്പെട്ടു.

തീവണ്ടിസ്റ്റേഷനില്‍ യാത്രക്കാരായി കൂടിയിരുന്നവരില്‍ ഒട്ടുവളരെപ്പേര്‍ ആ തൂക്കുപുള്ളിയെ കാണുന്നതിന് പ്ളാറ്റുഫോറത്തിന്‍റെ ഒരു ഭാഗത്തായി ചുറ്റും നിരന്നു. ഊര്‍ജ്വസ്വലന്മാരായ പോലീസുകാരുടെ മേല്‍നോട്ടത്തില്‍ അരയ്ക്കും, കൈകാലുകള്‍ക്കും ചങ്ങലയും വിലങ്ങും വയ്ക്കപ്പെട്ടിരുന്ന ആ കൊലപാതകനെപ്പറ്റി ആര്‍ക്കും അത്ര തന്നെ ഭയമുണ്ടായിരുന്നില്ല. എന്നാല്‍ അറുകൊലത്താരുവിനെ പരിചയമുണ്ടായിരുന്ന ചിലര്‍ അത്യന്തം ഹാസ്യസ്വരത്തില്‍ അവന്‍റെ പൂര്‍വകഥകളെപ്പറ്റി ഓരോന്ന് പറവാന്‍ തുടങ്ങിയതോടെ ആ തൂക്കുപുള്ളിയുടെ ഭാവം മാറി. ആ ലോഹകായന്‍ കോപരസപ്രചുരമായ മുഖം ഉയര്‍ത്തി ചുറ്റും നോക്കി സംഹാരരുദ്രനെപ്പോലെ ഗര്‍ജ്ജിച്ചു:-

"ദൂരെ പൊയ്ക്കൊള്ളണം. അടുക്കരുത്. ഞാന്‍ ഉഗ്രസര്‍പ്പമാണ്. ഞാന്‍ തീത്തൈലമാണ്. ഞാന്‍ ഗുരുതിക്കത്തിയാണ്. എന്നെ അറിയാമോ? ഞാന്‍ ആനമറുതായാണ്." പാപ്പാനെ ചവുട്ടിച്ചതച്ച് കൊമ്പില്‍ കോരി കൊലവിളി ക്കുന്ന മദയാനകണക്ക് താരു അത്യുച്ചത്തില്‍ അലറി:- "ഞാന്‍ ഭീമരക്ഷസ്സാണ്. ഈ ചങ്ങലയെല്ലാം എനിക്കു പുല്ലാണ്. അറുകൊലത്താരുവിന് ഇത് ഒരൊറ്റ മൂച്ചിന് പര്‍പ്പടകമാണെന്ന് ഓര്‍ത്തുകൊള്ളണം. തൂക്കിനുമേല്‍ തൂക്കില്ലെന്നറിയാമോ?"

താരുവിന്‍റെ തുറുകണ്ണുകള്‍ പട്ടടയ്ക്കിടയിലൂടെ ശവം കരിച്ച് കാളുന്നതായ ചുടലത്തീജ്വാലപോലെ രൗദ്രരക്തതയാല്‍ ഭയങ്കരങ്ങളായി ചമഞ്ഞു. ആറ്റു തടിയില്‍ വെട്ടിയ വക്കത്തുളപോലെ ഇരുള്‍ക്കുഴിയാര്‍ന്നതായ ആ ഘാതകന്‍റെ പൊന്തന്‍ മൂക്ക് ക്രോധരൂക്ഷതയാല്‍ വിജ്രംഭിച്ച് വിടര്‍ന്നു. വക്ത്രയന്ത്രച്ചുറയിലെ വജ്ര ചക്രങ്ങള്‍ ആസകലം പൈശാചരൗദ്രതയാല്‍ ഇടമുറിയാതെ ഞറുഞറുമ്മിത്തേറി. പേടി തോന്നിപ്പിക്കുന്നതായ ഇരുമ്പുതുടലുകളുടെ കിലുകിലാരവത്തോടിടകലര്‍ന്നു മുഴങ്ങിയതായ ആ ഭയങ്കര ഗര്‍ജ്ജനം ഒരു ഭൂതാവേശത്താലെന്നവണ്ണം പരിസരങ്ങളെ അത്യന്തം ഭയാനകമാക്കിത്തീര്‍ത്തു.

ക്രോധതാമ്രാക്ഷനായ ആ ഘോരമൂര്‍ത്തി ഉച്ചത്തില്‍ മുരണ്ടു:- "പറിക്കും ചങ്ങല ഞാന്‍. എന്നെ പരിഹസിക്കുകയോ! അധിക്ഷേപിക്കുകയോ! പുണ്ണില്‍ കൊള്ളിവയ്ക്കയോ! അത്രയ്ക്ക് മുഷ്ക്കോ! ഞാന്‍ വിലങ്ങ് ഒടിക്കും. ഞാന്‍ കൊന്നുകളയും. ഞാന്‍ ശ്വാസം മുട്ടിക്കും. കഴുത്തു പിരിച്ചൊടിക്കും. ചങ്ക് പിളര്‍ക്കും. ഞാന്‍ ചുടുചോര കുടിക്കും. ഞാന്‍ കുടര്‍മാല തിന്നും."

ഇടിമിന്നലേറ്റ മാതിരി ജീവനില്‍ കൊതിയോടു കൂടി ജനക്കൂട്ടം പാടെ കിടുങ്ങി തല്‍ക്ഷണം പിന്നാക്കം വാങ്ങി. ജനക്കൂട്ടത്തെ അകറ്റി നിറുത്താന്‍ ഉദ്യമിച്ച പോലീസുകാര്‍ തന്നെയും അവര്‍ അറിയാതെ തന്നെ ഖഡ്ഗമുഷ്ടികളില്‍ കൈ ചേര്‍ത്തു. വിശ്രമമുറിയില്‍ ഇരുന്ന് മറ്റാരുമായോ നര്‍മ്മസംഭാഷണം ചെയ്തിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ മി. മേനവന്‍ പെട്ടെന്ന് അവിടെ എത്തി അധികാരസ്വരത്തില്‍ ആജ്ഞാപിച്ചു:-

"ആരും അടുത്തു വരരുത്. തൂക്കുപുള്ളിയാണെന്ന് ഓര്‍മ്മിക്കണം. എല്ലാവരും അകന്നുനില്‍ക്കട്ടെ, ഉം...."

ജനക്കൂട്ടം പിന്നാക്കം തള്ളി മാറുന്ന ബഹളത്തില്‍ കല്ലോലപല്ലവങ്ങള്‍ക്കിടയില്‍ ചെന്താമരപ്പുഷ്പം പോലെ ഈശ്വരചൈതന്യം വിളങ്ങുന്നതായ ഒരു ദൈവദൂതന്‍റെ മനോഹര മുഖം മിന്നിമറയുന്നതായി താരുവിനു തോന്നി. എന്നല്ല, അദ്ദേഹത്തിന്‍റെ കയ്യില്‍നിന്ന് ഒരു ചെറിയ പുസ്തകം താഴത്തു വീണതായും ആ കുറ്റവാളിയുടെ ദൃഷ്ടിയില്‍പെട്ടു. താരു ഇരുന്ന ഇരിപ്പില്‍തന്നെ മുമ്പോട്ട് ആഞ്ഞ് ചങ്ങല നീട്ടി കുടുക്കിയതായ കാല്‍കൊണ്ട് ആ ചെറു ഗ്രന്ഥം വലിച്ചെടുത്തു. പിന്‍വശത്ത് മറഞ്ഞ് നിന്നിരുന്ന ബൂബിലിയാകട്ടെ, ആ ഗ്രന്ഥം തന്‍റെ വകയാണെന്നും മടക്കി വാങ്ങിത്തന്നാല്‍ കൊള്ളാമെന്നും സമീപത്ത് നിന്നിരുന്ന പരിചിതനായ പോലീസുകാരന്‍റെ ചെകിട്ടില്‍ ഗൂഢമായി പറഞ്ഞു.

കാണ്‍സ്റ്റബിള്‍ താരുവിനോടു സമീപിച്ച് ശാന്തസ്വരത്തില്‍ പറഞ്ഞു:- "പുസ്തകം താരുവിനെന്തിനാണ്? ഇങ്ങു തന്നേക്കണം. ഇതാ അതിന്‍റെ ഉടമസ്ഥന്‍ ആവശ്യപ്പെടുന്നു."

"ഉടമസ്ഥനോ. എവിടെ. അദ്ദേഹത്തെ ഞാന്‍ കൂടി ഒന്നു കണ്ടുകൊള്ളട്ടെ."

താരുവിന്‍റെ കണ്ണുകള്‍ ആ ദേവദൂതനെ കാണ്മാനായി ജിജ്ഞാസാഭാരത്താല്‍ ജനക്കൂട്ടത്തില്‍ അങ്ങിങ്ങായി മുട്ടിയുഴറി. അനന്തരം ആ കൊലപ്പുള്ളി ഗ്രന്ഥത്തിന്‍റെ ചര്‍മ്മാവരണത്തില്‍ മുഖബിംബരൂപമായി തങ്കമഷിക്ക് മുദ്രണം ചെയ്തിരുന്ന ഒരു ചെറിയ കുരിശില്‍ നിര്‍ന്നിമേഷനായി നോക്കി. അതിന്‍റെ സമീപത്തായി അടിച്ചിരുന്ന ഗ്രന്ഥനാമവും താരു സാവധാനം വായിപ്പാന്‍ ശ്രമിച്ചു.

കാണ്‍:- ഉടമസ്ഥന്‍ ഇവിടെയുണ്ട്. ഞാന്‍ കൊടുത്തേക്കാം. തന്നേക്കണം.

അറു-താരു:- എനിക്ക് പുസ്തകത്തിന് ആവശ്യമില്ല. തന്നേക്കാം. എങ്കിലും അദ്ദേഹത്തെ ഒന്ന് കാണണമെന്ന് അതിയായ താല്പര്യമുണ്ട്. ആ കരുണ നിറഞ്ഞ മുഖം ഒരു നോക്കു കണ്ടാല്‍ മാത്രം മതി. അതൊരു ദൈവദൂതന്‍റെ മുഖമാണ്.

ആരോ ചിലരുടെ പിന്‍വശത്തായി മറഞ്ഞ് നിന്നിരുന്ന ബൂബിലിയുടെ സമീപത്തേക്കായി പോലീസു കാണ്‍സ്റ്റബിള്‍ പിന്നാക്കം തിരിയുന്നതിനു മുമ്പ് സുകുമാരകളേബരനായ ആ യുവാവ് അല്പം മുമ്പോട്ട് നീങ്ങി കൃപാര്‍ദ്രശീതളമായ ഒരു മധുര മന്ദഹാസത്തോടു കൂടി അത്യുഗ്രമൂര്‍ത്തിയായ ആ മനുഷ്യവ്യാഘ്രത്തിന്‍റെ ക്രൂരമുഖത്തേക്ക് നോക്കി. ശരല്‍ക്കാലത്ത് സര്‍വത്ര നറുംപാല്‍ക്കതിര്‍ ചിതറുന്ന പൂനിലാവുപോലെ സുശാന്തസുന്ദരമായ ആ പരിശുദ്ധ വീക്ഷണത്തില്‍ ദൈവികമായ കരള്‍ക്കനിവും, സ്നേഹമസൃണമായ സഹതാപവും, തള്ളി ഒലിക്കുന്നതായി ആ ഹൃദയമില്ലാത്ത നിഷ്ക്കണ്ടകന്‍ കണ്ടു. കഞ്ചുകാഞ്ചലത്തില്‍ തൊട്ട കഠിനരോഗിണിയില്‍ കരളൂറും മുമ്പായി കന്യകാനന്ദനനില്‍ നിന്ന് പുറപ്പെട്ട സത്വവൈദ്യുതിക്കൊപ്പം വാചാമഗോചരമായ ഒരു ശക്തിദ്യുതി ആ വഹ്നിമൂര്‍ത്തിയുടെ തലച്ചോറില്‍ കടന്നു. അന്ധകാരത്തില്‍ മിന്നിയ വിദ്യുത്ശലാകപോലെ അഭൗമികമായ ഏതോ ഒരു പ്രകാശനാളം ആ കൊടുംപാതകിയുടെ ഹൃദയത്തിലൂടെ പാഞ്ഞ് അവിടെ ദീര്‍ഘകാലമായി കട്ടകെട്ടിപ്പിടിച്ചിരുന്ന തമോഭിത്തി വലയങ്ങളെ ഒന്നാകെ തെളിച്ചുകാട്ടി:- അഹൊ! അടിതൊട്ട് മുടിയോളവും എല്ലാം ബീഭത്സതയും കറുപ്പും കണ്ടകത്തവും മ്ലേച്ഛതയും ദുര്‍ഗ്ഗന്ധവും മാത്രം.

താരുവിന്‍റെ ഹൃദയം ഞെട്ടിപ്പിടഞ്ഞു. അതികഠിനമായ ഒരു ഉഷ്ണസഞ്ചാരത്താല്‍ ശരീരം ആസകലം തളര്‍ന്നു. അത്യഗാധമായ പാതാളഗര്‍ത്തത്തിന്‍റെ വക്കത്ത് കാലടികള്‍ കുതറിപ്പോകുന്നതായിത്തോന്നി. ഓര്‍മ്മവച്ച ഒരു ചെറിയ കുട്ടിയായി ഓടിച്ചാടി നടന്ന ബാല്യകാലത്ത് ആ സൗഭാഗ്യദശയോടൊപ്പം കൈവിടപ്പെട്ടുപോയ സ്വന്തം ജീവിതതന്തുവിന്‍റെ പിരിയഴിഞ്ഞ് ചിന്നിയതായ ഒരു ചെറിയ തുമ്പില്‍ കാലപരമ്പരകളെ കടന്ന് പിടിപ്പാന്‍ ആ കുറ്റക്കാരന്‍റെ കൈകള്‍ മുന്നോട്ടാഞ്ഞു.

അറുകൊലത്താരു ബന്ധിതമായ തന്‍റെ കൈകള്‍ രണ്ടും നെഞ്ചോട് ചേര്‍ത്ത് കൂപ്പി ശിരസ്സ് ആ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആവരണ പാര്‍ശ്വത്തിലുണ്ടായിരുന്ന കുരിശില്‍ പതിച്ചുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു:-

"യേശുമിശിഹായുടെ കുരിശുംകൊണ്ട് കൊച്ചേമാന്‍ ഈ മഹാപാപിയുടെ അടുക്കല്‍ വന്നിരിക്കുന്നു."

അല്പനിമിഷം കഴിഞ്ഞ് താരു തല ഉയര്‍ത്തിയപ്പോള്‍ ആ ഗ്രന്ഥത്തില്‍ നിന്ന് ഒരു ചിത്രകാര്‍ഡ് താഴത്ത് വീണു കിടക്കുന്നതായി കണ്ടു. കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടതായ തിരുഹൃദയത്തെ രേഖപ്പെടുത്തിയിരുന്ന ശ്രീയേശുക്രിസ്തുവിന്‍റെ ഒരു മനോഹര ചിത്രമായിരുന്നു അത്. ആ പരമകൃപാനിധിയുടെ കോമള പ്രതിഛായയെ ആ കൊടുംപാപി വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി. തന്‍റെയും മനുഷ്യസഞ്ചയത്തിന്‍റെ ഒട്ടുക്കും പാപശാന്തിക്കായി ബലി നല്‍കപ്പെട്ട പാപമില്ലാത്ത പാവനമൂര്‍ത്തിയുടെ തിരുഹൃദയമാണ് അതെന്ന് ആരോ തന്‍റെ ഹൃദയകേന്ദ്രത്തില്‍ വിളിച്ചു പറയുന്നതായി താരുവിന് തോന്നി. ആ ഘാതകന്‍ ആ ചെറു ചിത്രത്തെ തന്‍റെ കണ്ണുകളോട് ചേര്‍ത്തണച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ണുനീര്‍ എന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത ആ കാരിരുമ്പു ഹൃദയന്‍ - ആ കൊടുംക്രൂരന്‍ - തന്‍റെ കണ്ണുകളില്‍ നിന്ന് അതിനെ വീടര്‍ത്തിയപ്പോള്‍ അനുപമരുചിരമായ ആ പ്രതിഛായ തികച്ചും നനഞ്ഞുപോയിരുന്നു.

അനേക ശതവര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീയേശുക്രിസ്തുവിന്‍റെ തൃപ്പൂങ്കുഴലിണയെ ഒരു മഹാവേശ്യ തന്‍റെ കണ്ണുനീര്‍ പ്രവാഹത്താല്‍ കഴുകി. ഇന്നാവട്ടെ, ആ നരപരമേളിതന്‍റെ തിരുഹൃദയ മുകുളത്തെ ഘോരാപരാധിയായ അറുകൊലത്താരുവിന്‍റെ ചുടുകണ്ണീര്‍ത്തുള്ളികള്‍ തികച്ചും കുളിര്‍പ്പിച്ചു.

ലോകോദ്ധാരകനായ സനാതന വിഗ്രഹന്‍റെ കുത്തിത്തുറക്കപ്പെട്ടതായ പാവന ഹൃദയം അത് മഹാപാപിനിയായ മഗ്ദലനമറിയയുടെ ഭീമാപരാധങ്ങളെ മാര്‍ജനം ചെയ്തതത്രെ. കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിക്കപ്പെട്ട വ്യഭിചാരിണിപ്പെണ്ണില്‍ കാരുണ്യവര്‍ഷം പൊഴിച്ചതത്രെ. സ്വന്തം കന്നത്തടിച്ച കഠിനകണ്ഠന്‍റെയും, പാണിതലത്തില്‍ ആണി വീക്കിയ പാഷണ്ഡിയുടെയും പാതകകര്‍മ്മത്തില്‍ തിരുമനമലിഞ്ഞതത്രെ. പാപശാന്തിക്കായി പിളര്‍ത്തപ്പെട്ട ആ കാരുണ്യഹൃദയത്തിന്‍റെ സാഗരവിശാലത ഒരു വശത്ത്. ആ തഴമ്പിച്ച കൊലപാതകപ്പുള്ളിയുടെ കൊടുംക്രൂര കര്‍മ്മങ്ങള്‍ മറുവശത്ത്. അകം ചുട്ട് അരികത്തണയുന്ന ഘോരദുഷ്ക്കര്‍മ്മികളെ ആശ്ലേഷിപ്പാന്‍ നീട്ടപ്പെട്ടതായ വാത്സല്യ ഹസ്തങ്ങള്‍ ഒരു ഭാഗം. ചോരപ്പുഴയില്‍ ആറാടിയ നിഷ്ഠൂര ഹസ്തങ്ങള്‍ മറുഭാഗം. ദയാപൂരം ഒരെടത്ത്. ശിലാഹൃദയം മറ്റൊരെടത്ത്. ഏകത്ര മരണം. അന്യത്ര ജീവന്‍.

താരു തല ഉയര്‍ത്തി ബൂബിലിയുടെ മുഖത്തേക്ക് ആശാപൂര്‍വ്വം നോക്കി. ഹൃദയഗഹ്വരത്തിന്‍റെ അഗാധഹ്രദത്തില്‍ പൊന്തിക്കിടക്കുന്ന ഭീമഭീകരമായ ഭൂതകാല സംഭവങ്ങളുടെ ഓരോ കോണുകളിലേക്കും ആ കുറ്റവാളിയുടെ അന്തര്‍നേത്രങ്ങള്‍ അതിനിശിതമാംവണ്ണം തുളച്ചുകയറി. ഹൃദയമഥനത്തിന്‍റെ വലിയൊരു ഭൂകമ്പമായിരുന്നു അത്. ശിലാകഠിനമായ അന്തഃകരണത്തിന്‍റെ അന്ധകാരച്ചുഴിയിലേക്കുള്ള ഒരു കണ്‍മിഴിപ്പ്; ഉണങ്ങിവരണ്ടതായ അന്തരാത്മാവിന്‍റെ സ്വാതന്ത്ര്യലബ്ധിക്കായുള്ള ചിറകടി; സ്വര്‍ഗ്ഗത്തിന്‍റെയും നരകത്തിന്‍റെയും പരസ്പരമാല്‍സര്യത്തോടു കൂടിയ ഒരു അവകാശത്തര്‍ക്കം; ബലാല്‍ക്കാരമായ ഒരു അതിര്‍ത്തി നീക്കല്‍; അന്തരീക്ഷമണ്ഡലത്തിലേക്കുള്ള ഒരു അഭ്യുത്ഥാനം; ഒരു സമൂല പരിവര്‍ത്തനം തന്നെ.

III

താരുവിന്‍റെ തല താണു. തൊണ്ടയില്‍ എന്തൊ ഒന്ന് തടഞ്ഞു. അന്തര്‍ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നരകവാതിലോളം പൊന്തിപ്പടര്‍ന്ന് നില്‍ക്കുന്ന മഹാപാപപാദപത്തിന്‍റെ കട പറിക്കാന്‍ ചുഴന്നടിക്കുന്ന പ്രചണ്ഡവാതത്തിന്‍റെ ഭയങ്കരചീറ്റംപോലെ അന്തഃകരണത്തിന്‍റെ അഗാധഗഹനതയില്‍ നിന്ന് വലിച്ചെടുക്കപ്പെട്ടതായ ഒരു നീണ്ട നെടുവീര്‍പ്പ് ആ പാതകിയുടെ മുഖത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ടു.

പോലീസ് കാണ്‍സ്റ്റബിളിന്‍റെ പാര്‍ശ്വഭാഗം ചേര്‍ന്നുനിന്നിരുന്ന ബൂബിലിയുടെ മുമ്പിലേക്ക് താരു ആ ചെറു ഗ്രന്ഥം അത്യന്തം വിനീതനായി നീട്ടിക്കൊണ്ട് അര്‍ദ്ധനിമീലിതാക്ഷനായി പറഞ്ഞു:-

"അയ്യോ! ഏമാനെ, ഈ മഹാപാപിയെ യേശുമിശിഹാ കൈക്കൊള്ളുമോ. ഈ പഞ്ചമാപാതകനെ കഴുകി വെടിപ്പാക്കാന്‍ എന്‍റെ തമ്പുരാന്‍ തീരുമാനം കനിയുമോ?"

ഒടുവിലത്തെ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അറുകൊലത്താരുവെന്ന് പ്രസിദ്ധനായ ആ മഹാപാതകിയുടെ തൊണ്ടയിടറിപ്പോയി.

ബൂബിലിക്ക് അല്പനിമിഷത്തേക്ക് മറുപടി പറയുവാന്‍ ശക്തിയുണ്ടായില്ല. യുവാവ് അശ്രുസങ്കലിതമായ നേത്രങ്ങളോടു കൂടി തല താഴ്ത്തി പറഞ്ഞു:-

"പുസ്തകവും ചിത്രവും നിങ്ങള്‍ക്കായിട്ടിരിക്കട്ടെ." ആ സ്നേഹശീലന്‍ അലിവോലുമാറ് തുടര്‍ന്നുച്ചരിച്ചു:- "സഹോദരാ, യേശുക്രിസ്തു നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആ അന്‍പുറ്റ തമ്പുരാന്‍റെ തിരുമാറിടം നിങ്ങള്‍ക്കായി തുറക്കപ്പെട്ടതാണ്. നിങ്ങളെ വിശുദ്ധീകരിപ്പാന്‍ തിരുമേനിക്കല്ലാതെ മറ്റൊരുവനാലും കഴിയുന്നതല്ല. സോദരന്‍റെ ഒരു ദീര്‍ഘശ്വാസം മാത്രം മതി."

"തമ്പുരാന്‍റെ തിരുമുമ്പില്‍ ഒരു ദീര്‍ഘശ്വാസം മാത്രമോ? അത്രമാത്രമോ?"

"അതേ. ഹൃദയം തകര്‍ന്നതായ ഒരു ദീര്‍ഘശ്വാസം മാത്രം അതു മാത്രം."

താരുവിന്‍റെ കണ്ണുകളില്‍ ആശയുടെയും വിശ്വാസത്തിന്‍റെയും മൃദുലരശ്മികള്‍ മിന്നി. ഉള്ളംകൈകള്‍ താനെ മലര്‍ന്നു. ദൃഷ്ടികള്‍, ഉന്നതമായ വെണ്‍മേഘ ശൈലത്തിനപ്പുറത്തായി അഗ്നിത്തേര്‍ മഞ്ചത്തില്‍ പെരുന്നിലയരുളി അന്ധകാരച്ചെളിയില്‍ നിന്ന് ആദിത്യദേവനെ നിത്യം കഴുകി വെണ്മയാക്കുന്ന പരമദയാലുവായ ജഗല്‍പിതാവിന്‍റെ ദിവ്യസന്നിധിയിലേക്കുയര്‍ന്നു.

ആ ആസന്നമരണന്‍ പശ്ചാത്താപ പരിപൂര്‍ണ്ണമായ ഹൃദയവേദനയോടെ കേണു:- "അപ്പാ, പൊന്നുടയവനെ, തള്ളിക്കളയാത്ത തമ്പുരാനെ, താരുവിനോടെല്ലാം പൊറുക്കണെ. എല്ലാറ്റിനും പൊറുതി തരണെ."

പറുദീസാ*യിലെ നവരത്നഗോപുരത്തില്‍ നീണ്ട് മുഴങ്ങിയതായ ഒരു മണിനാദ പരമ്പര-സ്വര്‍ഗ്ഗീയ ദേവദൂതഗണങ്ങളുടെ സ്വര്‍ണ്ണവീണത്തണ്ടുകളില്‍ നിന്ന് ഉല്‍ഗളിതമായ ഒരു ആനന്ദ സങ്കീര്‍ത്തന ഗാനപ്രവാഹം അനഭിഷിക്താചാര്യനായ ബൂബിലിയുടെ അന്തര്‍ ശ്രോത്രത്തില്‍ അനുസ്യൂതമായി പ്രതിദ്ധ്വനിച്ചു.

ചേങ്ങലയടിച്ചു. വണ്ടി പുറപ്പെടാന്‍ സമയമായി. താരുവിന്‍റെ മുഴങ്കാലുകള്‍ സ്വര്‍ഗ്ഗസദനത്തിന്‍റെ അദൃശ്യകനകസോപാന പരമ്പരകളില്‍ ഇഴയുകയായിരുന്നു. ആ കുറ്റക്കാരന്‍ ബൂബിലിയുടെ സന്നിധിയില്‍ തല നിലത്തോളം താഴ്ത്തി അപേക്ഷിച്ചു:-

"ഏമാന്‍ എന്‍റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചാല്‍ തമ്പുരാന്‍ എല്ലാ കുറ്റവും പൊറുത്തരുളും. അവിടുന്ന് തമ്പുരാന്‍ അയച്ച ദൂതാണ്. അവിടുന്ന് എന്നെ അനുഗ്രഹിച്ച് ഒരു വാക്ക് മാത്രം പറഞ്ഞാല്‍ മതി. ഒരു വാക്ക് മാത്രം."

ബൂബിലിയേയും അദ്ദേഹത്തിന്‍റെ പൂജ്യനായ പിതാവിനേയും പരിചയമുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ മേനവന്‍ തടഞ്ഞ് പറഞ്ഞു:-

"വേണ്ടാ. വേണ്ടാ. താരു വെറുതെ ഇരിക്കണം. മിണ്ടാതിരിക്കണം. ആളുകളെ വെറുതെ ഉപദ്രവിക്കരുത്."

പ്ലാറ്റുഫോറത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരായ ശ്രോതാക്കളെ ഈ വാക്കുകള്‍ വല്ലാതെ ഇച്ഛാഭംഗപ്പെടുത്തി. അവര്‍ ആ കൊലപാതകപ്പുള്ളിയുടെ നേരെ ഒന്നാകെ അനുകമ്പ പ്രദര്‍ശിപ്പിച്ചു.

പോലീസ് ഇന്‍സ്പെക്ടരുടെ ആജ്ഞാനുസരണം പുള്ളിയെ കയറ്റുവാനുള്ള തീവണ്ടി മുറിയുടെ സമീപത്തേക്ക് പോലീസുകാര്‍ താരുവിനെ കൊണ്ടുപോയി. ജീവിതത്തില്‍ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത വിധം ആ കൊലപാതകിയുടെ ഹൃദയം ശക്തിമത്തായി അടിച്ചു. നെഞ്ച് വിങ്ങി. ശരീരം വേകുന്നതായും മര്‍മ്മസന്ധികള്‍ പിളരുന്നതായും തോന്നി. കണ്ഠം പൊട്ടുമെന്നുള്ള മട്ടായി. താരു മിസ്റ്റര്‍ മേനവന്‍റെ സന്നിധിയില്‍ ഗല്‍ഗദ ശബ്ദത്തോടെ കേണു:-

"പൊന്നേമാനെ, എന്‍റെ അവസാനത്തെ അപേക്ഷയാണെ. ഈ തൂക്കുപുള്ളിക്ക് ഇനി യാതൊരു അപേക്ഷയുമില്ല. യാതൊരു ആഗ്രഹവുമില്ല. ഈ കൊച്ചേമാന്‍ എന്‍റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചാല്‍ താരുവിന്‍റെ എല്ലാ പാതകങ്ങള്‍ക്കും പൊറുതി കിട്ടും. അല്ലെങ്കില്‍ അതിവേദന കൊണ്ട് ഇപ്പോള്‍ത്തന്നെ ഞാന്‍ നെഞ്ചുപൊട്ടി മരിച്ചുപോകും."

വണ്ടിയോട് ഏറെക്കുറെ സമീപിച്ച് നിന്നിരുന്ന ബൂബിലിയുടെ കണ്ണുകളില്‍ നിന്ന് ബാഷ്പകണങ്ങള്‍ ധാരധാരയായി വര്‍ഷിച്ച് തുടങ്ങി. സ്നേഹമാത്ര സ്വരൂപനായ ശ്രീയേശുക്രിസ്തു സാദരം സ്വീകരിച്ച ഒരു പശ്ചാത്താപിയുടെ - ഒരു പ്രിയ സഹോദരന്‍റെ - അന്തിമാപേക്ഷയെ അവിടുത്തെ വിനീത ഭക്തന്‍ അനാദരിക്കയെന്നുള്ളത് ആ യുവാവിന് സ്മരിക്കാന്‍ പോലും കഴിവില്ലായിരുന്നു. പക്ഷേ, ഒരൊറ്റ നിമിഷം മുമ്പ് അത്യന്തം ഭയങ്കര മൂര്‍ത്തിയായി, അധൃഷ്യനായി, അതിക്രോധനനായി, പ്രത്യക്ഷപ്പെട്ട ഒരു ഘോരസത്വത്തെ സമീപിക്കുക - അതിലും വിശേഷിച്ച് ശിശുഹൃത്യ ചെയ്വാന്‍പോലും അറപ്പില്ലാത്ത ഒരു ഭീമരക്ഷസ്സിനെ സ്പര്‍ശിക്കുക എന്നുള്ള കഥ ചിന്തിച്ചപ്പോള്‍ ആ മൃദുലഹൃദയന്‍റെ ഉള്ളില്‍ ഒരു കിടുകിടുപ്പുണ്ടായി. എന്നാല്‍ മുമ്പിലത്തെ വിലക്ഷണ കീടം ഇപ്പോഴാവട്ടെ, നന്ദനോദ്യാനത്തിലേക്ക് പറന്നുയരുന്ന സുവര്‍ണ്ണരൂപിയായ ഒരു ചിത്രശലഭമായി ഒരു നവീന ജന്മം പ്രാപിച്ചിരിക്കുന്നു.

വേപഥുഗാത്രനായ ബൂബിലിയുടെ ഹൃദയത്തെ അദൃശ്യമായ ഒരു ദിവ്യശക്തി വലയം ചെയ്തു. അമാനുഷികമായ ഒരു ധീരതയും അഭൗമികമായ ഒരു സഹതാപവും ആ യുവാവിന്‍റെ മുഖത്ത് പരന്നു. തന്‍റെ ഏകപുത്രന്‍റെ മൃതദേഹത്തോടൊരുമിച്ച് ശ്മശാനഭൂവിലേക്ക് ദുഃഖാര്‍ത്തയായി കേണലച്ച് പോകുന്ന നിരാശ്രയിനിയായ നയിനിലെ വിധവയുടെ സമീപത്തേക്ക് വിശ്വവിശുദ്ധികരനായ യേശുക്രിസ്തുവിന്‍റെ പുണ്യതൃപ്പാദങ്ങള്‍ എന്നപോലെ ആ ക്രിസ്തുദാസന്‍റെ കാലടികള്‍ മുന്നോട്ട് ത്വരിച്ചു.

എന്‍ജിന്‍വണ്ടി കൊളുത്തി. "കൈകാട്ടി" താണു. പോലീസുകാര്‍ താരുവിനെ തീവണ്ടി മുറിയില്‍ കയറ്റി. വണ്ടി പുറപ്പെടാന്‍ അല്പനിമിഷം മാത്രം. താരു തന്‍റെ അവസാനത്തെ അപേക്ഷ അനുവദിച്ച് കിട്ടാന്‍ അത്യന്തം ദയനീയമായവിധം ഉച്ചത്തില്‍ നിലവിളിച്ചു. നെഞ്ചത്തടിച്ച് കേണു. ധര്‍മ്മബുദ്ധിയായ മിസ്റ്റര്‍ മേനവന്‍ ബൂബിലിയുടെ സമീപത്തേക്ക് ചെന്ന് "വിരോധമില്ലെങ്കില്‍ അവന്‍റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാം. പക്ഷേ എനിക്ക് അങ്ങനെ അപേക്ഷയില്ല" എന്ന് ഇംഗ്ലീഷില്‍ പറഞ്ഞു.

കാല്‍ തെറ്റി വഴുക്കലില്‍ മറിഞ്ഞ പിഞ്ചിളംകുഞ്ഞിനെ പിടിപ്പാന്‍ മുന്നോട്ടാഞ്ഞ സ്നേഹാകൃഷ്ടയായ മാതാവിനെപ്പോലെ മറുപടി പറയാന്‍പോലും താമസിക്കാതെ ബൂബിലി തല്‍ക്ഷണം തീവണ്ടി മുറിയുടെ വാതില്‍പ്പടിയില്‍ എത്തി. ഇന്‍സ്പെക്ടറുടെ ആജ്ഞാനുസരണം പോലീസുകാര്‍ ഒന്നാകെ ആ കൊലപാതകപ്പുള്ളിയുടെ ചുറ്റും വളരെ കരുതലോടു കൂടി നിലകൊണ്ടു.



അത് ഈശ്വരസന്നിധിയായിരുന്നു. താരു - ആയുസ്സില്‍ അതേവരെയ്ക്ക് തല കുനിച്ചിട്ടില്ലാത്ത ആ ഭീമകായന്‍ - കുടുകുടെ കണ്ണുനീര്‍ ചാടുന്നതായ തന്‍റെ കവിള്‍ത്തടം ചങ്ങല കിലുങ്ങുന്ന കൈത്തണ്ടുകളില്‍ പതിച്ച് ബൂബിലിയുടെ മാറിടത്തിലേക്ക് തലചായിച്ചു. ആ കളങ്കമില്ലാത്ത യുവാവ് തന്‍റെ ഉള്ളം കൈത്തളിരുകള്‍ രണ്ടും ആ സഹോദരജീവിയുടെ ശിരസ്സില്‍ ശാന്തമായി അണച്ചു. ഭക്തിപാരവശ്യത്താല്‍ അദ്ദേഹത്തിന്‍റെ മുഖം മേല്പോട്ടുയര്‍ന്നു. കണ്ണുകള്‍ ലാസറിന്‍റെ ശവക്കല്ലറവാതില്‍ക്കല്‍ കണ്ണീര്‍ക്കണം തൂകിയ കരുണാപയോധിയുടെ തൃക്കഴലിണകളില്‍ ഏകാഗ്രമായി പതിഞ്ഞു. എല്ലാ ശിരസ്സും ജഗദീശ്വര സ്മരണയാല്‍ നിശ്ശബ്ദമായി താണു.

ആ സ്വര്‍ഗ്ഗീയ പുരോഹിതന്‍ അത്യുഷ്മള ഭക്തിയോടെ ശാന്തമായി അര്‍ത്ഥിച്ചു:- "മഗ്ദലനമറിയക്ക് കണ്ണുനീരൊഴുക്കാന്‍ തൃക്കാല്‍ നല്‍കിയ തമ്പുരാനെ, അങ്ങേ വലത്തുഭാഗത്തെ കുരിശില്‍ തറയ്ക്കപ്പെട്ട കള്ളന്, പാപമോചനം നല്‍കിയപ്രകാരം ഈ അപരാധിയായ മകനും പാപശാന്തി നല്‍കേണമേ. ആണി തറപ്പാന്‍ അനുവദിച്ചതായ തൃക്കൈകള്‍ നീട്ടി ഈ എളിയ ദാസനെ എന്നേക്കുമായി സ്വീകരിച്ച് വിശുദ്ധീകരിച്ചാലും."

രണ്ടാം മണിയടിച്ചു. പച്ചവര്‍ണ്ണക്കൊടി വീശി. പ്രാണപ്രിയനായ ആത്മനാഥനെ മണിയറമഞ്ചത്തിലേക്ക് എതിരേല്പാന്‍ പൂമുഖവാതില്‍ക്കലേക്ക് ചെന്ന സര്‍വാഭരണ വിഭൂഷിതയായ നവോഢയെപ്പോലെ താരുവിന്‍റെ ഹൃദയം സന്തോഷാധിക്യത്താല്‍ തുടിച്ചു. മുഖത്ത് ആനന്ദശാന്തി പരന്നു. ബൂബിലി വാതില്‍പ്പടിയില്‍ നിന്നു പ്ലാറ്റുഫോറത്തിലേക്ക് മന്ദമായി കാല്‍വച്ചുകൊണ്ട് സുസ്മേരവദനനായി ഉച്ചരിച്ചു:-

"നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. ഒരു പുതിയ ശരീരവും ഒരു പുതിയ മനസ്സും ഒരു പുതിയ ആത്മാവുമായി നിങ്ങള്‍ യേശുമിശിഹായില്‍ ഒരു പുതിയ ജീവിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഭയപ്പെടരുത്. മരണത്തെ നിങ്ങള്‍ എന്നേക്കുമായി ജയിച്ചിരിക്കുന്നു. ഇനി അന്ത്യശ്വാസത്തോളവും യേശുക്രിസ്തുവിന്‍റെ തൃപ്പാദങ്ങളെ മുറുകെ പിടിച്ചുകൊള്‍ക."

"മരണമോ."

ഗാഢവിശ്വാസസൂചകമായ ഒരു മന്ദസ്മിതത്തോടു കൂടി താരു പ്രതിവചിച്ചു:-

"അത് ഒരു വലിയ ലാഭമായി. ഇനി ഞാന്‍ എന്‍റെ അരുമ രക്ഷിതാവിന്‍റെ സ്വന്തമത്രെ. അവിടത്തെ മാറിടത്തില്‍ ഞാന്‍ വിശ്രമിക്കും. എന്‍റെ അന്ത്യശ്വാസവും ഞാന്‍ എന്‍റെ തമ്പുരാന്‍റെ തൃക്കൈകകളില്‍ത്തന്നെ...."

എന്‍ജിന്‍വണ്ടി ഇരമ്പിത്തേങ്ങി. ഉരുള്‍ വരികള്‍ ചലിച്ചു. കുഴല്‍ച്ചൂളം മുഴങ്ങി. തീവണ്ടി വാതില്‍ അടഞ്ഞു. സ്വര്‍ഗ്ഗവാതില്‍ തുറന്നു.

No comments:

Post a Comment

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...