Monday, 12 January 2026

ചിത്രമെഴുത്ത് കെ. എം. വറുഗീസ്

 



മലയാള സാഹിത്യനഭോമണ്ഡലത്തിലെ ഉജ്ജ്വലതാരവും ചിത്രകലാവിദ്യയില്‍ അതിപ്രഗത്ഭനും ചരിത്രവിശാരദനുമായിരുന്ന ചിത്രമെഴുത്തു കെ. എം. വറുഗീസ് 1888-ല്‍ മാവേലിക്കരയില്‍ ജനിച്ചു. പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം 16-ാമത്തെ വയസ്സില്‍ കൊട്ടാരം ആര്‍ട്ടിസ്റ്റ് മുകുന്ദന്‍ തമ്പിയുടെ കീഴില്‍ ചിത്രമെഴുത്ത് അഭ്യസിച്ച് ആ കലയില്‍ പ്രാവീണ്യം നേടി. സാഹിത്യ വിഷയകമായ പരിശ്രമങ്ങള്‍ അക്കാലത്താണ് ആരംഭിച്ചത്. 1925-നു ശേഷം മലയാള മനോരമ പത്രത്തിലും പൗരപ്രഭയിലും മറ്റും പ്രസിദ്ധപ്പെടുത്തിയ ക്രൈസ്തവേതിവൃത്തപ്രധാനങ്ങളായ ചരിത്രകഥകളും ഗദ്യകവിതകളും ലേഖനങ്ങളും മറ്റും ചിത്രമെഴുത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു.

അനുകരിക്കാന്‍ പ്രയാസമായ ഒരു സുന്ദര ഗദ്യശൈലിയുടെ ഉടമയായ അദ്ദേഹമാണ് മലയാളത്തിലെ ഗദ്യകവിതാപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. ചില സാഹിത്യചരിത്രങ്ങളിലും ജി. ശങ്കരക്കുറുപ്പിന്‍റെ 'നിമിഷം' എന്ന കാവ്യസമാഹാരത്തിന് കേസരി ബാലകൃഷ്ണപിള്ള എഴുതിയിട്ടുള്ള അവതാരികയിലും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുണ്ട്.

സഹൃദയനും മഗ്ദലനമറിയം എന്ന മനോഹര കാവ്യനിര്‍മാണത്തിനു മഹാകവി വള്ളത്തോളിനു പ്രേരണ നല്‍കിയ ദേഹവുമായ പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാശന്‍ നടത്തിയിരുന്ന ആത്മപോഷിണി, കഥാമാലിക എന്നീ മാസികകളുടെ പത്രാധിപരായും ചിത്രമെഴുത്തു കുറെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ പ്രകാശിതമായ മഗ്ദലനമറിയത്തിനും അവതാരികയും ടിപ്പണിയും എഴുതുന്നതിന് ചിത്രമെഴുത്തിനു ഭാഗ്യം ലഭിച്ചത് ആ ബന്ധം മൂലമായിരുന്നു.

സാഹിത്യരചനയിലും ചിത്രമെഴുത്തിലും മാത്രമല്ല, നാട്ടുകാര്യങ്ങളിലും അദ്ദേഹം തല്‍പ്പരനായിരുന്നു. 1115 കന്നി 5-ാം തീയതി മുതല്‍ രണ്ടു വര്‍ഷക്കാലം അദ്ദേഹം മാവേലിക്കര പഞ്ചായത്ത് പ്രസിഡണ്ടായും രണ്ടാം ക്ലാസ് മജിസ്ട്രേട്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1962-ല്‍ 74-ാം വയസ്സില്‍ അന്തരിച്ചു.

ഗ്രന്ഥങ്ങള്‍: സുറിയാനി ക്രിസ്ത്യാനികളുടെ രാജ്യരക്ഷാ പുരുഷത്വം (1936), കേരളീയ നസ്രാണികളുടെ രാഷ്ട്രീയ സേവനം (1935, 1962), തച്ചില്‍ മാത്തുതരകന്‍റെ തങ്കക്കൊമ്പന്‍ (1929, 1987), മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ പഞ്ചകല്യാണി (1987), വലിയ മാര്‍ ദീവന്നാസ്യോസും തരണനല്ലൂര്‍ നമ്പൂതിരിപ്പാടും (1929, 1987), വേണാടിന്‍റെ നടുത്തൂണ്‍ അഥവാ പുണ്യവാനായ ശൗരിയാര്‍ (1955), അഞ്ചാം മാര്‍ത്തോമ്മായുടെ പീഡനങ്ങള്‍ അഥവാ ഡച്ചുകാരുടെ പന്തീരായിരം (1946, 1987), നെല്ലിമൂട്ടിലമ്മച്ചി (1927, .....), ചിട്ടിത്തലയാള്‍ (1946), സുചരിതമുകുരം (1950), ചെങ്കോലും മുരളിയും (1941) ചിത്രമെഴുത്തിന്‍റെ ഗദ്യകവിതകള്‍, എന്‍റെ ജീവിതയാത്ര (ആത്മകഥ, 2002).

No comments:

Post a Comment

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...